Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കമ്മട്ടിപ്പാടത്തിന്റെ ഡിവിഡി നാലു മണിക്കൂർ

rajeev-dulquer രാജീവ് രവി ദുൽഖറിനൊപ്പം

ചുറ്റും വൻകെട്ടിടങ്ങൾ വരുമ്പോൾ ആലോചിച്ചിട്ടുണ്ട്, ഇവിടെയുണ്ടായിരുന്ന പരിചയക്കാരും അയൽക്കാരുമെല്ലാം എവിടെപ്പോയെന്ന്. ഈ നഗരത്തിനു ചുററും പാടങ്ങൾ എന്റെ കുട്ടിക്കാലത്തു കണ്ടിട്ടുണ്ട്. അവിടെ പലയിടത്തും ഞാനും ചേട്ടനും കൂടി പശുവിനെ പുല്ലു തീറ്റിക്കാൻ കൊണ്ടുപോയിട്ടുണ്ട്. പിന്നീടു പതുക്കെ പതുക്കെ പലരും ഭൂമി വിൽക്കുന്നതായി കേട്ടു. പാടങ്ങളുടെ ചുറ്റും കമ്പിവേലികൾ വന്നു തുടങ്ങി. പുണെയിൽ നിന്ന് ഓരോ തവണ ഞാൻ വരുമ്പോഴും കൊച്ചി മാറുകയായിരുന്നു.

പിന്നീടു മുംബൈയിൽ ജോലി ചെയ്തുകൊണ്ടിരിക്കെ നാട്ടിലേക്കു വരുമ്പോൾ മാസങ്ങളുടെ ഇടവേളയിൽപ്പോലും കൊച്ചിയിലെ ചതുപ്പിൽ വൻ കെട്ടിടങ്ങൾ ഉയരുന്നതു ഞാൻ കണ്ടു. പത്തുവർഷംകൊണ്ടു കൊച്ചിക്കുണ്ടായ മാറ്റം അമ്പരപ്പിക്കുന്നതാണ്. – രാജീവ് രവി ഇതു പറയുമ്പോൾ താഴെ വെളിച്ചത്തിന്റെ അഴകിൽ കുളിച്ചു കൊച്ചി കിടക്കുകയായിരുന്നു. വാഹനങ്ങൾ എറുമ്പുകളെപ്പോലെ പോകുന്ന നീണ്ട വെളിച്ച വഴികൾ, നിയോൺ വിളക്കുകൾ, കണ്ണെത്താ ദൂരത്തോളം വെളിച്ചത്തിന്റെ പാടം പൂത്തുനിൽക്കുന്നു. കമ്മട്ടിപ്പാടമെന്ന സിനിമയുടെ സംവിധാകനായ രാജീവ് രവി സംസാരിക്കുന്നത് സ്വന്തം കുട്ടിക്കാലത്തെക്കുറിച്ചാണ്. രവി ഈ കഥയുടെ ഗൃഹപാഠം ചെയ്യുമ്പോൾ ദുൽഖർ സൽമാൻ അഭിനയം തുടങ്ങിയിട്ടില്ല; ദുബായിൽ കംപ്യൂട്ടർ സ്ഥാപനത്തിൽ ജോലി നോക്കുകയാണ്.

പത്തു വർഷം മുൻപെങ്കിലും ചർച്ച തുടങ്ങിയൊരു സിനിമയാണു കമ്മട്ടിപ്പാടം. എന്തേ വൈകി?.

ബാലേട്ടനുമായി (തിരക്കഥാകൃത്ത് പി.ബാലചന്ദ്രൻ) പത്തു വർഷം മുൻപാണ് ഇതേക്കുറിച്ച് ആദ്യമായി സംസാരിച്ചത്. അന്നുതന്നെ ബാലേട്ടൻ കുറിപ്പുകൾ എഴുതിത്തുടങ്ങി. ഞാൻ പിന്നീടു മുംബൈയിലേക്കു ക്യാമറ ചെയ്യാൻ പലവട്ടം പോയി. ഈ കഥ പറഞ്ഞപ്പോൾ പലർക്കും വേണ്ടത്ര മനസ്സിലായില്ല. ചെയ്യാൻ പലരും മടിച്ചു. അങ്ങനെ അതൊരു സ്വപ്നംപോലെ ബാക്കിയായി. ഒരു വിധത്തിൽ നന്നായി. അന്നായിരുന്നെങ്കിൽ ദുൽഖർ സൽമാനെപ്പോലെ ഒരാൾ ഇതു ചെയ്യാൻ ഉണ്ടാവില്ലായിരുന്നു.

അന്നയും റസൂലുമെന്ന ചിത്രം മലയാള റിയലിസ്റ്റിക് സിനിമയിലെ ശ്രദ്ധേയ ചുവടുവയ്പ്പായിരുന്നു. അതുണ്ടായത് ...

എന്റെ സുഹൃദ് വലയത്തിൽപ്പെട്ടവരുമായി ഫഹദ് ഫാസിലിനു നല്ല ബന്ധമുണ്ടായിരുന്നു. പല തവണ ഫഹദ് എന്നെ സിനിമ ചെയ്യാൻ വിളിച്ചു. കുറെ വിളിച്ചപ്പോൾ തോന്നി ചെയ്യാമെന്ന്. അങ്ങനെ പറഞ്ഞ കഥയാണ് അന്നയും റസൂലും. കൊച്ചിയും വൈപ്പിനും മട്ടാഞ്ചേരിയും തമ്മിലുള്ള ബന്ധത്തിന്റെ കഥയാണിത്. അതു കണ്ട പലരും പറഞ്ഞു, അതവരുടെ കഥയാണെന്ന്. സത്യത്തിൽ അതു ജീവിക്കുന്നവരുടെ കഥ തന്നെയായിരുന്നു. റോമിയോ, ജൂലിയറ്റ് ഷേക്സ്പിയർ കഥ തന്നെയാണിത്. എനിക്കു പരിചയമുള്ള പ്രദേശത്തേക്ക് അതു പറിച്ചു നട്ടു എന്നു മാത്രം.

നടക്കുന്നത് അതുപോലെ കാണിക്കുന്ന സിനിമകളോടു പ്രത്യേകിച്ചു സ്നേഹമുണ്ടോ. രാജീവ് ആദ്യം ക്യാമറ ചെയ്ത ചാന്ദ്നീബാർ അടക്കം ഹിന്ദിയിലെ പല സിനിമകളും ഇങ്ങനെയായിരുന്നു.

നമുക്കു ചുറ്റുമുള്ളതു അതുപോലെ പറയുന്നതിൽ പ്രത്യേക സന്തോഷം തോന്നിയിട്ടുണ്ട്. സാധാരണ സിനിമകളിൽ ഇതു പ്രയാസമാണ്. കാരണം അതിലെ കഥ മെനഞ്ഞെടുക്കുന്നതാണ്. അതുകൊണ്ടുതന്നെ അത്തരം അന്തരീക്ഷവും അതിന് ആവശ്യമാണ്. എന്നാൽ ഞാൻ ഇതുവരെ ചെയ്ത സിനിമകളെല്ലാം ചുറ്റുപാടിനെ അതുപോലെ കാണിക്കാവുന്ന കഥകളുള്ള സിനിമയാണ്. അതേ ചെയ്യൂ എന്നില്ല.

ഹിന്ദിയിൽ എത്രയോ സിനിമകളുടെ ക്യാമറ ചെയ്തുവെങ്കിലും ദേശീയ അവാർഡ് കിട്ടുന്നതു ഭാര്യ ഗീതു മോഹൻദാസിന്റെ ലയേഴ്സ് ഡെയ്സ് എന്ന സിനിമയിലൂടെയാണ്.

ആ സിനിമയെക്കുറിച്ചു സംസാരിക്കുന്ന സമയത്തുതന്നെ എനിക്കു വലിയ താൽപര്യം തോന്നിയിരുന്നു. ഹിമാചൽ പ്രദേശിലെ ഒരു കുഗ്രാമത്തിൽ നിന്നു ഡൽഹിയിലേക്ക് 28 ദിവസംകൊണ്ടു യാത്ര ചെയ്തു ചിത്രീകരിച്ച സിനിമയാണത്. അതൊരു അനുഭവം തന്നെയാണ്. അടുത്തറിയാവുന്നതുകൊണ്ടു കൂടിയാകാം ആ സിനിമയിൽ നന്നായി ഇഴുകി ചേർന്നു ജോലി ചെയ്യാനായി. അനുരാഗ് കശ്യപിനെപ്പോലുള്ള സംവിധായകരുമായി ജോലി ചെയ്യുമ്പോഴും ഞാനീ സന്തോഷം അനുഭവിച്ചിട്ടുണ്ട്. സംവിധായകനും ക്യാമറാമാനുമായുള്ള യോജിപ്പിന്റെ ഏറ്റവും മനോഹരമായ നിമിഷങ്ങളാണത്. ഗീതുവിനൊടൊപ്പം ജോലി ചെയ്തപ്പോഴും ആ സന്തോഷം അനുഭവിച്ചിട്ടുണ്ട്.

അന്നയും റസൂലും വിജയിച്ച ശേഷവും സിനിമയ്ക്കുവേണ്ടി കാത്തിരിക്കേണ്ടി വന്നുവല്ലോ?

സിനിമ സംവിധാനം ചെയ്യുന്നതു സന്തോഷമാണ്. അതേ സന്തോഷം ക്യാമറാമാൻ എന്ന നിലയിൽ ജോലി ചെയ്യുമ്പോഴും എനിക്കുണ്ട്. മുഴുവൻ സമയ സംവിധായകനാകാൻ താൽപര്യമില്ല. ക്യാമറാമാന്റെ തന്നെയാണ് എന്റെ ജോലി. മുബൈയിൽ ഇപ്പോഴും എനിക്കു ക്യാമറാമാനായി ധാരാളം ജോലിയുണ്ട്. ഞാൻ അതിന്റെ തിരക്കിലായിരുന്നു. നടന്മാർ എന്നെ വിളിച്ചുകൊണ്ടിരുന്നുവെങ്കിലും നിർമാതാക്കൾ എന്നെ പുറകെ അന്വേഷിച്ചു വന്നിരുന്നില്ല. എന്റെ രീതി അറിയാവുന്നതുകൊണ്ടാകാം. അവിടെ കിട്ടുന്ന പ്രതിഫലം പലപ്പോഴും ഇവിടെ സംവിധാനം ചെയ്താൽ നഷ്ടമാകും. എട്ടു മാസമാണു കമ്മട്ടിപ്പാടം ഷൂട്ട് ചെയ്തത്. പ്രതിഫലം മാത്രമല്ലല്ലോ നോക്കേണ്ടത്. വർഷത്തിൽ ഒരു സിനിമ എന്നതാണ് എന്റെ പ്രതീക്ഷ.

പി.ബാലചന്ദ്രൻ പുതു തലമുറക്കാരനല്ല. എന്നിട്ടും തിരക്കഥ എഴുതാൻ ഏൽപ്പിച്ചതു ബാലചന്ദ്രനെയാണല്ലോ?

ബാലേട്ടൻ മലയാളത്തിലെ ഏറ്റവും പ്രതിഭാസമ്പന്നായ തിരക്കഥാകൃത്തുക്കളിൽ ഒരാളാണ്. കഥാപാത്രങ്ങൾ, സീനുകൾ എന്നിവ എഴുതിയുണ്ടാക്കുന്നതിൽ അദ്ദേഹത്തിനുള്ള കഴിവ് അപാരമാണ്. കമ്മട്ടിപ്പാടത്തിലെ കഥാപാത്രങ്ങളെക്കുറിച്ചു പലരും ചർച്ച ചെയ്യാൻ കാരണം ബാലേട്ടൻ അവരെ കൃത്യമായ സ്ഥലത്തു കൊണ്ടുവന്നു നിർത്തി എന്നതുകൊണ്ടാണ്. അതുകൊണ്ടാണ് അവരെ എല്ലാവരും കണ്ടത്. അതൊരു ക്രാഫ്റ്റ്തന്നെയാണ്.

കഥാപാത്രമായി തിരഞ്ഞെടുക്കപ്പെട്ടവരും നന്നായിരുന്നു.

നാലു മാസംകൊണ്ടു നാടക പ്രവർത്തകർക്കിടയിൽനിന്നാണു പലരെയും കണ്ടെത്തിയത്. അതിനുവേണ്ടി അധ്വാനിച്ച ഒട്ടേറെപ്പേരുണ്ട്. നടന്മാരെ കണ്ടെത്തുക എന്നത് എളുപ്പമല്ല.

സിനിമയ്ക്കു നീളം കൂടിപ്പോയോ.

എഡിറ്റ് ചെയ്തപ്പോൾ നാലു മണിക്കൂർ നീണ്ടതായിരുന്നു ഈ സിനിമ. പിന്നീടു കുറച്ചതാണ്. രണ്ടര മണിക്കൂറെ സിനിമയുടെ സമയം പാടുള്ളു എന്നു തീരുമാനിച്ചത് ആരാണെന്നറിയില്ല. ചിലപ്പോൾ അതിലും കൂടൂതൽ സമയം വേണ്ടിവരും. കമ്മട്ടിപ്പാടം അത്തരമൊരു സിനിമയാണ്.

കമ്മട്ടിപ്പാടത്തിന്റെ ഡിവിഡി നാലു മണിക്കൂറായിരിക്കും. എഡിറ്റ് ചെയ്തപ്പോൾ ഒഴിവാക്കേണ്ടിവന്ന കഥാപാത്രങ്ങൾ, ഉപകഥകൾ, സന്ദർഭങ്ങൾ എന്നിവയെല്ലാം ഇതിൽ കാണാം. വീട്ടിലിരുന്നു സ്വതന്ത്രമായി കാണുന്നവർക്ക് അതെല്ലാം ആസ്വദിക്കാനുള്ള സ്വാതന്ത്ര്യമുണ്ടല്ലോ.

എ സർട്ടിഫിക്കറ്റാണ് ഈ സിനിമയ്ക്കു സെൻസർ വിഭാഗം നൽകിയത്. വിഷമം തോന്നിയില്ലേ?.

അന്നു വിഷമം തോന്നിയില്ല. എന്നാൽ ഇന്നു വിഷമമുണ്ട്. കുത്തുന്നതു പോലുള്ള വയലൻസ് നിറഞ്ഞ രംഗങ്ങൾ കാണിക്കുന്നു എന്നാണ് അവർ പറഞ്ഞത്. പഴശ്ശിരാജ ഇതിലും വയലൻസ് നിറഞ്ഞ സിനിമയാണ്. എന്നിട്ടും എ സർട്ടിഫിക്കറ്റ് നൽകിയില്ല. എല്ലാവർക്കും കാണാവുന്ന യു സർട്ടിഫിക്കറ്റാണു നൽകിയത്. പഴശ്ശിരാജയിൽ അമ്പും വാളും കുത്തിക്കയറുന്നതും വെട്ടുന്നതും വെടി കൊള്ളുന്നതുമെല്ലാമുണ്ടല്ലോ. സെൻസർ ഉദ്യോഗസ്ഥരെ കുറ്റം പറയാനാകില്ല. അവർക്കു കൃത്യമായ മാർഗനിർദേശമുണ്ട്. അവർക്കതനുസരിച്ചു മാത്രമേ ജോലി ചെയ്യാനാകൂ. എ സർട്ടിഫിക്കറ്റ് കിട്ടിയതോടെ പല കുടുംബങ്ങളും ഇതു കാണേണ്ടെന്നു തീരുമാനിച്ചു. അതോർക്കുമ്പോൾ വിഷമമുണ്ട്. ഇതിൽ കുട്ടികൾക്കു കാണാൻ പാടില്ലാത്ത വയലൻസോ, രംഗങ്ങളോ ഉണ്ടെന്നു ഞാനിപ്പോഴും കരുതുന്നില്ല. ഒരാളും പരാതി പറഞ്ഞിട്ടുമില്ല.