Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘പാസഞ്ചർ’ ഇന്നും പ്രസക്തിയുള്ള ചിത്രം

renjith sankar

ഏറ്റവും ചർച്ച ചെയ്യപ്പെടുമ്പോൾ അതു കഥയാക്കുന്നതിലല്ല പുതുമ. സുദീർഘമായ ചലനങ്ങൾക്കിടവരുത്തുന്ന സംഭവങ്ങൾ, ദൃശ്യങ്ങൾ, വിഷയങ്ങൾ... അതിനെ ചർച്ച ചെയ്യാനിടവരുത്തുന്ന വിധം പുതുമയോടെ അവതിരിപ്പിക്കുന്നതിനാലാണു കാര്യം. സംവിധായകൻ രഞ്ജിത്ത് ശങ്കർ ഇതുപറയുമ്പോൾ ചാനലിൽ ‘ പാസഞ്ചർ എന്ന ചിത്രം അതിന്റെ ക്ലൈമാക്സിലേക്കു കുതിക്കുകയാണ്.

ഇന്നും പ്രസക്തമായ ചിത്രം. മലയാള സിനിമയിൽ നവതരംഗത്തിന്റെ മിന്നലൊളി പടർത്തിയ പാസഞ്ചറിന്റെ സംവിധായകൻ വീണ്ടും ചെയ്ത സിനിമകളെല്ലാം അത്രമേൽ തന്നെ ചർച്ച ചെയ്യപ്പെടുന്ന വിഷയങ്ങളായിരുന്നു. എന്നും എപ്പോഴും പ്രസക്തമായ വിഷയങ്ങൾ...

∙ നോക്കൂ, പാസഞ്ചർ ചർച്ച ചെയ്തതു കരിമണൽ ഖനനവും റിയൽ എസ്റ്റേറ്റ് ചിന്തകളും ഭരണം നിലനിർത്താൻ നടത്തുന്ന രാഷ്ട്രീയ നാടകങ്ങളുമെല്ലാം ആയിരുന്നില്ലേ. ഞാൻ എഴുതി അവതരിപ്പിച്ച കഥാപാത്രങ്ങളൊന്നും ആ സിനിമയിൽ കാണിച്ച അത്രയും തീവ്രഭാവത്തോടെ നമുക്കിടയിൽ അന്നില്ലായിരുന്നു. പക്ഷേ, ഇന്നവരെല്ലാം നമുക്കിടയിലുണ്ട്. പത്രങ്ങളിലും ടിവിയിലും നമ്മുടെ രാഷ്ട്രീയ വർത്തമാനങ്ങളിലുമെല്ലാം അവരിന്നു സജീവമാണ്. ഒരു മന്ത്രിക്കെതിരെ സ്ത്രീ നടത്തുന്ന ലൈംഗികാരോപണം ‘ പാസഞ്ചർ എന്ന ചിത്രം ഹൈലൈറ്റ് ചെയ്തിരുന്നു. ഇന്നത്തെ രാഷ്ട്രീയ ചർച്ചകൾ ചേർത്തു വായിക്കുമ്പോൾ ‘ പാസഞ്ചർ ഇന്നും പ്രസക്തിയുള്ള ചിത്രമാണ്.

∙ അർജുനൻ സാക്ഷി കൊച്ചി മെട്രോയുടെ ആലോചനകൾക്കിടയിലായിരുന്നു അർജുനൻ സാക്ഷിയുടെ എഴുത്ത്. എതിർപ്പുകളൊന്നും അത്രമേൽ കൊടുമ്പിരിക്കൊണ്ടിട്ടില്ലാത്ത അക്കാലത്തു കൊച്ചി മെട്രോയെ ബാധിച്ചേക്കാവുന്ന പ്രതിസന്ധികളായിരുന്നു അർജുനൻ സാക്ഷി ചർച്ച ചെയ്തത്. ഇന്നു പത്രങ്ങളിൽ വരുന്നതെന്താണ്. കൊച്ചി മെട്രോയ്ക്കു സ്ഥലം വിട്ടു നൽകാതെ കടുംപിടിത്തം കാട്ടുന്ന ബിസിനസുകാരെയും മറ്റും നമ്മൾ ഇവിടെ കണ്ടു. ഇതുതന്നെയാണു ചിത്രത്തിൽ പറഞ്ഞിരുന്നതും.

∙ പുണ്യാളൻ മാലിന്യം ഇന്നുയർത്തുന്ന തലവേദന ചെറുതല്ല. മാലിന്യം കൊണ്ടുള്ള ഉൽപന്നത്തെ എങ്ങനെ വിപണനം ചെയ്യാമെന്ന വലിയ ചിന്തയാണ് ആ ചെറിയ ചിത്രം പറഞ്ഞത്. ആനപ്പിണ്ടത്തിൽ നിന്നു ചന്ദനത്തിരിയുണ്ടാക്കുന്ന ചെറുകിട ബിസിനസുകാരൻ നേരിടുന്ന പ്രതിസന്ധികൾ ഇന്നു കേരളത്തിലെ ചെറുകിട ബിസിനസുകാരെല്ലാം അനുഭവിക്കുന്നതാണ്. മാലിന്യത്തിൽ നിന്നുള്ള ഉപോൽപന്നങ്ങളെ കുറിച്ചു പിന്നീടു കേരളത്തിൽ കാര്യമായ ചർച്ചകൾ നടന്നു. പലരും പലതും ചെയ്തു. ഇന്നും അതിന്റെ തിരയടങ്ങിയിട്ടില്ല.

∙ അടുത്തതും സാമൂഹിക പ്രസക്തമായ സബ്ജക്റ്റ് ആയിരിക്കുമോ? പുതുമയുള്ളതെഴുതുക എന്നതാണു ലക്ഷ്യം. എഴുതുന്നതു സമൂഹവുമായി ഇഴയടുപ്പമുള്ളതാവണം. അങ്ങനെയുള്ള ചിന്തകളിൽ നിന്നു കോർത്തെടുക്കുന്ന കഥകൾ നമുക്കു ചുറ്റുമുണ്ട്. അങ്ങനെയൊന്നു തന്നെയാണടുത്തതും. പൃഥ്വിരാജിനൊപ്പവും ജയസൂര്യയ്ക്കൊപ്പവും ആലോചനകൾ നടക്കുന്നു. ഒന്നും തീരുമാനമായിട്ടില്ല.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.