Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പൊന്നേച്ചി, പിന്നെ പൊന്നു മഞ്ജുചേച്ചി

manju-sanoop1

സ്കൂളിൽ കുട്ടികളെല്ലാം പരീക്ഷാച്ചൂടിൽ. അവസാന പരീക്ഷ കഴിയുന്നതോടെ ക്രിസ്മസ് അവധിയായി. അടിച്ചു പൊളിച്ച്, കളിച്ചു തകർത്ത് കൂട്ടുകാരെല്ലാം ക്രിസ്മസ് ആഘോഷിക്കാൻ പോകുന്നു. എന്നാൽ സനൂപിന്റെ മനസിൽ പരീക്ഷാ ടെൻഷനോ ക്രിസ്മസ് അവധികളോ ഇല്ല. മനസ്സു നിറയെ ജോ ആൻഡ് ദ് ബോയ് മാത്രം. ആ വിശേഷങ്ങൾ സനൂപ് തന്നെ പറയട്ടെ....

സനൂപിന്റെ മനസിൽ ഇപ്പോൾ എന്താണ്?

ശോ...ഇതെന്നെ കുഴപ്പിക്കുന്ന ചോദ്യമായി പോയല്ലോ? എന്റെ മനസു മുഴുവൻ ജോ ആൻഡ് ദ് ബോയി എന്ന ചിത്രം മാത്രമേ ഉള്ളൂ. ക്രിസ്മസിന്റെ തലേന്നു വരെയും എനിക്കു ചിന്തിക്കാൻ ഇതു മാത്രമേ കാണൂ. കുറച്ച് ടെൻഷനുണ്ട്. എങ്ങനെയാകും ആളുകളുടെ പ്രതികരണം എന്നറിയാനുള്ള ഒരു ആകാംക്ഷ. നന്നായിട്ട് വരണേ എന്ന പ്രാർഥനയും, വരും എന്ന വിശ്വാസവും.

നല്ല ഒരുത്തരം കൈയിലുള്ളപ്പോൾ ഇതെങ്ങനെ കുഴപ്പിക്കുന്ന ചോദ്യമായി?

സ്കൂളിൽ എല്ലാവരും പരീക്ഷയൊക്കെ എഴുതിക്കൊണ്ടിരിക്കുന്നു. ഞാനാകട്ടെ ഒരു പരീക്ഷയും എഴുതാതെ ഇവിടെ കൊച്ചിയിൽ. ടീച്ചർമാരെങ്ങാനും ഇതു കാണുകയാണെങ്കിൽ വിചാരിക്കില്ലേ, ആ സനൂപിന് പരീക്ഷ മിസ് ആയതിനെക്കുറിച്ച് യാതൊരു വിഷമവും ഇല്ലല്ലോ എന്ന്. അതാ അങ്ങനെ പറഞ്ഞേ. (സനൂപ് ചിരിക്കുന്നു)

manju-sanoop

അപ്പോൾ ക്രിസ്മസ് പരീക്ഷ മുഴുവൻ ജോയിൽ മുങ്ങിപ്പോയോ?

അതേ. ഷൂട്ടിങ്ങിന്റെ തിരക്കു കാരണം ഒരുപാട് ക്ലാസുകളും നഷ്ടപ്പെട്ടു. ഒന്നോർത്താൽ പരീക്ഷ എഴുതാൻ കഴിയാതിരുന്നത് നന്നായി. എനിക്ക് ഒന്നും അറിയില്ലായിരുന്നു. സ്കൂളിൽ പോകാത്തതു കൊണ്ട് ഒന്നും മനസിലായതുമില്ല. പിന്നെ ട്യൂഷൻ ടീച്ചർ ലത മിസ് ആണ് പഠിപ്പിച്ചു തന്നത്. അപ്പോഴാണ് ചെറുങ്ങനെയെങ്കിലും (ചെറുതായെങ്കിലും) മനസിലായത്. ഞാൻ പോയി പരീക്ഷ എഴുതിയിരുന്നെങ്കിൽ ഉത്തരങ്ങളെല്ലാം തല തിരിഞ്ഞു വന്നേനേ.

പിന്നെ സ്കൂളിൽ പ്രിൻസിപ്പലും ടീച്ചർമാരുമെല്ലാം നല്ല സപ്പോർട്ടാണ്. അതുകൊണ്ടു മാത്രമാണ് ഇങ്ങനെ സിനിമ ചെയ്യാൻ സാധിക്കുന്നതും. അതിന് അവരോടും വലിയൊരു നന്ദി പറയുന്നു. എന്നു വിചാരിച്ച് ഞാൻ പഠിത്തത്തിൽ ഉഴപ്പുകയൊന്നുമില്ല. ഇതെല്ലാം കഴിയുമ്പോൾ ഞാൻ വീണ്ടും മിടുക്കനാകും.

എങ്ങനെയുണ്ടായിരുന്നു ജോയുമൊത്തുള്ള നിമിഷങ്ങൾ?

സൂപ്പർ ആയിരുന്നു. ജോ എന്നത് മഞ്ജു ചേച്ചിയുടെ പേരാണ്. എല്ലാവർക്കും കാണാൻ പറ്റുന്ന ഒരു ചിത്രമാണിത്. മങ്കിപെന്നിന്റെ അതേ ടീം തന്നെ ആയതിനാൽ ടെൻഷനാകേണ്ടി വന്നില്ല. പിന്നെ കുറേ പുതിയ ചേട്ടൻമാരെ പരിചയപ്പെടാൻ സാധിച്ചു. മഞ്ജു ചേച്ചിയോടൊപ്പം എന്റെ ആദ്യ സിനിമയാണ്.

എന്റെ നല്ലൊരു ഫ്രണ്ട് ആണ് കേട്ടോ മഞ്ജു ചേച്ചി. നല്ല കെയറിങ്, ഷൂട്ടിങ്ങിനിടയിൽ എവിടെയെങ്കിലുമൊക്കെ കുറച്ചു കൂടി നന്നായി ചെയ്യാൻ പറ്റുമെങ്കിൽ അതൊക്കെ പറഞ്ഞു തരും. ചേച്ചിയുടെ കൂടെ നല്ല കംഫർട്ടബിളായി അഭിനയിക്കാൻ കഴിഞ്ഞു. പിന്നെ ലാലു അലക്സ് അങ്കിൾ, കല ആന്റി, പേളി ചേച്ചി, കിരൺ ചേട്ടൻ എല്ലാവരും നല്ല സപ്പോർട്ട് ആയിരുന്നു.

manju-sanoop2

നല്ല തണുപ്പുള്ള സ്ഥലമായിരുന്നു ലൊക്കേഷൻ. ഞാനും മഞ്ജു ചേച്ചിയും ഷൂട്ട് കഴിയുമ്പോൾ ഓടിപ്പോയി ബ്ലാങ്കറ്റ് എടുത്ത് പുതയ്ക്കുമായിരുന്നു. പിന്നെ അവിടുത്തെ കോടയും നമുക്ക് പണി തന്നു. ഷൂട്ട് ചെയ്യാനൊരുങ്ങുമ്പോൾ കോട വരും. കോടയുടെ പശ്ചാത്തലത്തിൽ ഷൂട്ട ചെയ്യാനുള്ള സീനിലാണെങ്കിൽ കോട ഒട്ട് വരികയുമില്ല. ഇങ്ങനെ വളരെ രസകരമായ ഒത്തിരി സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്.

മഞ്ജു വാര്യർ സനൂപിനെ കുറിച്ച് ഫെയ്സ് ബുക്കിൽ ഇട്ട പോസ്റ്റ് കണ്ടിരുന്നോ?

(ചിരിക്കുന്നു) ഞാൻ കണ്ടായിരുന്നു. അതു വായിച്ചപ്പോൾ അത്രയ്ക്കും സന്തോഷം തോന്നി. ഒരു മകനെപ്പോലെ എന്നെ കരുതിയതിന് എന്നെ സപ്പോർട്ട് ചെയ്തതിന് എല്ലാത്തിനും മഞ്ജു ചേച്ചിക്ക് താങ്ക്സ്.

സനുഷയാണോ മഞ്ജു വാര്യരാണോ നല്ല അഭിനേത്രി?

ഇതു കൊള്ളാമല്ലോ? രണ്ടു പേരും നല്ലതാണ്. പൊന്നേച്ചി(സനുഷ) എന്റെ സ്വന്തം ചേച്ചി, മഞ്ജു ചേച്ചി എന്റെ ബെസ്റ്റ് ഫ്രണ്ട്. രണ്ടു പേർക്കും എന്നോട് ഒരു പോലെ സ്നേഹമാണ്.

jo-the-boy-poster

മങ്കിപെൻ ലൊക്കേഷനിൽ നിറയെ കുട്ടികളുണ്ടായിരുന്നു. എന്നാൽ ഇവിടെ കുട്ടി സനൂപ് മാത്രമല്ലായിരുന്നോ? അപ്പോൾ ബോറടിച്ചില്ലേ?

ആരു പറഞ്ഞു. റോജിൻ ചേട്ടനും രാഹുൽ ചേട്ടനും എല്ലാം അവിടെ കുട്ടികളായിരുന്നു. എന്നോട് കൂട്ടുകാരെപ്പോലെയാണ് സംസാരിച്ചതും ഇടപെട്ടതുമെല്ലാം. മാത്രമല്ല എല്ലാവരും നല്ല പരിചയമുള്ളവരും സുഹൃത്തുക്കളുമൊക്കെ അല്ലേ. അതുകൊണ്ട് അങ്ങനെ ഒരു സംഭവമേ ഫീൽ ചെയ്തിട്ടില്ല. എല്ലാവരും നല്ല ഫ്രീ ആയിരുന്നു. എല്ലാവരിൽ നിന്നും ഏറ്റവുമധികം കെയറിങ് കിട്ടിയതും എനിക്കാണ്.

മഞ്ജുവിനൊപ്പം പാടുകയും ചെയ്തല്ലോ?

ആദ്യം നല്ല പേടിയായിരുന്നു. ഞാനാണെങ്കിൽ കാറിലൊക്കെ പോകുമ്പോൾ വെറുതേ ഇരുന്ന് പാടുമായിരുന്നു. മഞ്ജു ചേച്ചിക്കൊപ്പം പാടാൻ ആരാണ് എന്റെ പേര് നിർദേശിച്ചതെന്നൊന്നും അറിയില്ല. പക്ഷേ പാടാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. അതിനു ദൈവത്തിനോടു നന്ദി പറയുന്നു.

അടുത്തയാഴ്ച ചിത്രം റിലീസു ചെയ്യുന്നു. എന്താണ് ചിത്രത്തെക്കുറിച്ച് സനൂപിന്റെ പ്രതീക്ഷകൾ?

എനിക്ക് നിറയെ പ്രതീക്ഷകളാണ്. വിഷ്വലി നല്ല ട്രീറ്റായിരിക്കും ഇതു പ്രേക്ഷകർക്കു സമ്മാനിക്കുക. മങ്കി പെൻ പോലെ തന്നെ എല്ലാവരും സ്വീകരിക്കുമെന്ന വിശ്വാസത്തിലാണ് ഞാൻ.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.