Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദാസനും വിജയനും യഥാർഥത്തിൽ ആരായിരുന്നു?

dasan-sathyan

നാടോടികാറ്റിലെ ദാസനും വിജയനും മലയാളികളുടെ മുന്നിലെത്തിയിട്ട് മുപ്പതുവർഷമാകുന്നു. ഇന്നും ദാസന്റെയും വിജയന്റെയും തമ്മിലുള്ള സംസാരങ്ങളും തമാശകളും വഴക്കുകളും മലയാളിമനസ്സിലെ ഗൃഹാതുരത്വമുണർത്തുന്ന ഓർമകളായി അവശേഷിക്കുന്നുണ്ട്. അവരുടെ സംഭാഷങ്ങൾ മലയാളികളുടെ നിത്യജീവിതത്തിന്റെ ഭാഗം കൂടിയാണ്. എല്ലാത്തിനും അതിന്റേതായ സമയമുണ്ട് ദാസാ, എത്ര മനോഹരമായ സ്വപ്നം, ഐശ്വര്യത്തിന്റെ സൈറൺ മുഴങ്ങുന്നതുപോലെയുണ്ട് ഇവയെല്ലാം പലകുറി മലയാളിയുടെ സംസാരഭാഷയിൽ അലിഞ്ഞുചേർന്നിട്ടുണ്ട്. നമ്മളെ ഇത്രയധികം സ്വാധീനിച്ച ഈ ദാസനും വിജയനും യഥാർഥത്തിൽ ആരായിരുന്നു. സംവിധായകൻ സത്യൻ അന്തിക്കാട് മനസ്സുതുറക്കുന്നു.

എല്ലാത്തിനും അതിന്റേതായ സമയമുണ്ട് ദാസാ- ഇന്നും മലയാളി നിത്യജീവിതത്തിൽ ഉപയോഗിക്കുന്ന വാചകമാണിത്. ഈ ഹിറ്റ് ഡയലോഗ് പിറന്നതെങ്ങനെയാണ്?

ഇത് പൂർണ്ണമായും ശ്രീനിവാസന്റെ സൃഷ്ടിയാണ്. സാധാരണ ഷൂട്ടിങ്ങ് തുടങ്ങുന്നതിന്റെ തലേദിവസമാണ് ശ്രീനി അടുത്ത ദിവസത്തേക്കുള്ള സീനുകൾ എഴുതുന്നത് എന്നാൽ നാടോടികാറ്റിൽ പതിവിനു വിപരീതമായി ദാസനും വിജയനും ഗൾഫിൽ പോകുന്നതു വരെയുള്ള രംഗം ശ്രീനി എഴുതി ഒരു കെട്ടു പേപ്പറുകൾ എന്റെ കൈയ്യിൽ തന്നു. അക്കൂട്ടത്തിൽപെട്ടതായിരുന്നു ഈ ഡയലോഗും. ഡയലോഗിന്റെ പ്രത്യേകത കൊണ്ട് സിനിമയിൽ പലയിടത്തും ബോധപൂർവ്വം ഇത് ആവർത്തിച്ചിട്ടുണ്ട്. ആ സമയത്ത് ഇത് അത്ര ക്ലിക്ക് ആകുമെന്ന് വിചാരിച്ചിരുന്നതല്ല. വി.എസ്. സുനിൽകുമാർ മന്ത്രിയായപ്പോൾ അന്തിക്കാട് ഒരു സ്വീകരണം കൊടുത്തു . ശ്രീനിവാസനായിരുന്നു സ്വാഗതപ്രസംഗം നടത്തിയത്.

ശ്രീനി അന്ന് അന്തിക്കാട് ഇടവഴിയിലൂടെ എന്റെയൊപ്പം നടന്നകാര്യങ്ങളൊക്കെ പറഞ്ഞു കൂട്ടത്തിൽ ഇപ്പോൾ അതിനൊന്നും സാധിക്കുന്നില്ല കുറേനാളിനു ശേഷമാണ് വീണ്ടും അന്തിക്കാട് വരുന്നതെന്നു പറഞ്ഞു. ശ്രീനിയുടെ പ്രസംഗം കഴിഞ്ഞ് എന്റെ അവസരമായപ്പോൾ ഞാൻ പ്രസംഗം തുടങ്ങിയത് എല്ലാത്തിനും അതിന്റേതായ സമയമുണ്ട് ദാസാ എന്നു പറഞ്ഞുകൊണ്ടാണ്. വലിയ കരഘോഷത്തോടെയാണ് പ്രേക്ഷകർ അത് സ്വീകരിച്ചത്. ചിലസമയം നമ്മൾ എഴുതിയ ഈ വാചകം ചിലർ നമ്മളോടു തന്നെ പറയുന്ന സന്ദർഭങ്ങളും ഉണ്ടായിട്ടുണ്ട്. അതൊക്കെ വലിയ സന്തോഷമാണ്.

ദാസൻ- വിജയൻ കോംബിനേഷന്റെ വിജയം കൂടിയാണോ ഡയലോഗിനെ ഇത്ര ശ്രദ്ധേയമാക്കിയത്?

അതെ. ആ ഡയലോഗിൽ ഇവരുടെ കുറച്ച് വിഡ്ഢിതങ്ങളും തമാശകളും കലർന്നിട്ടുണ്ട്. ഇവരുടെ സമയം ഒരിക്കലും നന്നായിട്ടേയില്ല. എങ്കിലും അവരുടെ ഒരു ശുഭാപ്തി വിശ്വാസവും അതിലെ ഹ്യൂമറുമാണ് ഇത്രയും വർഷങ്ങൾ കഴിഞ്ഞിട്ടും എല്ലാത്തിനും അതിന്റേതായ സമയമുണ്ട് ദാസാ എന്ന ഡയലോഗിനെ നിത്യഹരിതമാക്കുന്നത്. പശുവിനെ വാങ്ങിയ സമയത്ത് ദാസനും വിജയനും പരസ്പരം പറയുന്ന ഈ ഡയലോഗ് ശ്രീനി എഴുതിയ ഒരുപാട് രംഗങ്ങളുടെ കൂട്ടത്തിൽപ്പെട്ട ഒന്നുമാത്രമായിരുന്നു. സിനിമയിൽ പറയുന്നതു പോലെ എല്ലാത്തിനും അതിന്റേതായ സമയമുണ്ട് അതുകൊണ്ടാണ് ഈ ഡയലോഗും ഇത്രമാത്രം ഹിറ്റായത്. പോളണ്ടിനെക്കുറിച്ച് ഒരക്ഷരം പറയരുത് എന്ന വാചകവും ഇതുപോലെ തന്നെ ശ്രദ്ധനേടിയ ഒന്നാണ്. ഭാവിയിൽ അതൊരു ആഗോള ഡയലോഗായി മാറുമെന്ന് ആരും വിചാരിച്ചതല്ല.

സത്യൻഅന്തിക്കാട്- ശ്രീനിവാസൻ സൗഹൃദം ഡയലോഗുകളെ ഹിറ്റാക്കുന്നതിൽ എത്രമാത്രം സ്വാധീനിച്ചിട്ടുണ്ട്?

ശ്രീനിയും ഞാനും തമ്മിലുള്ള സംഭാഷങ്ങളിലും ഇത്തരം വാചകങ്ങൾ കടന്നുവരാറുണ്ട്. വർഷങ്ങൾക്കുമുമ്പ് ഒരു ദിവസം ഞാനും ശ്രീനീയും ടിവിയിൽ കളികണ്ടുകൊണ്ടിരിക്കുകയായിരുന്നു. ആ സമയത്ത് ഒരു പെൺകുട്ടി എന്നെ ഫോൺചെയ്തു. എന്റെ ഫോൺസംഭാഷണം ശ്രീനിയ്ക്ക് ബുദ്ധിമുട്ടാകേണ്ട എന്നുകരുതി മാറിപ്പോയി സംസാരിച്ച് തിരികെ വന്നിട്ട് ശ്രീനിയോട് എങ്ങനെയുണ്ടായിരുന്നു കളി എന്ന് ചോദിച്ചു. കേട്ടപാടെ ശ്രീനി മറുചോദ്യം ചോദിച്ചു എങ്ങനെയുണ്ടായിരുന്നു വിളി എന്ന്. ഞങ്ങളുെട സൗഹൃദസംഭാഷങ്ങൾക്കിടയിൽ കടന്നുവരുന്ന നിമിഷങ്ങൾ സിനിമയേയും സ്വാധീനിച്ചിട്ടുണ്ട്.

ഒരിക്കൽ ഞാനും ശ്രീനിയും തിരുവനന്തപുരത്തു നിന്നും ട്രെയിനിൽ യാത്രചെയ്തുവരികെയായിരുന്നു. ഞങ്ങളുടെ സംസാരം ആ കാലത്തെ ഒരു യുവനടിയെക്കുറിച്ചായിരുന്നു. സംഭാഷണമെല്ലാം കഴിഞ്ഞ് ഇരുവരും മയക്കത്തിലായി. ഉണർന്നു കഴിഞ്ഞ് ഞാൻ ശ്രീനിയോട് ചോദിച്ചു താൻ മയങ്ങിയോ എന്ന് അപ്പോൾ ശ്രീനി പറഞ്ഞു ഇല്ല ഞാൻ ഒരു മധുരസ്മരണയിലായിരുന്നുവെന്ന്. തിരിച്ച് എന്നോട് ഞാൻ ഉറങ്ങിയോ എന്ന് ചോദിച്ചപ്പോൾ എന്റെ മറുപടി ഇതായിരുന്നു; ഇല്ല ഞാനും അതേ മധുരസ്മരണയിൽ തന്നെയായിരുന്നുവെന്ന്.

നിത്യജീവിതത്തിൽ ചിലനേരം സിനിമയേക്കാൾ രസകരമായ ഡയലോഗുകൾ ഞങ്ങളുടെ ഇടയിൽ ഉണ്ടാകാറുണ്ട്. ഒരു സംവിധായകനും എഴുത്തുകാരനും എന്നതിലുപരി ഞങ്ങൾ തമ്മിലുള്ള സൗഹൃദം തന്നെയാണ് ഇത്തരം ഹിറ്റ് ഡയലോഗുകൾ ഉണ്ടാകാനുള്ള ഒരു കാരണം. ശരിക്കും പറഞ്ഞാൽ ദാസനിലും വിജയനിലുമുള്ളത് ഞങ്ങളുടെ രണ്ടുപേരുടെയും അംശമാണ്.  

Your Rating: