Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സുന്ദരിമാർ നയൻസും കാവ്യയും: ഷീല

nayans-sheela-kavya

ചുവന്ന പൂക്കൾ വിതറിയിട്ട ചന്ദനനിറമുള്ള സാരി, മുടിക്കെട്ടിനോരത്തായി വിടർന്ന പനിനീർപ്പൂവ്, കുഞ്ഞു സൂര്യനെപ്പോലെ ചുവന്ന പൊട്ട്, വെള്ളിത്തിരയിൽ കാലങ്ങളോളം മിന്നിത്തെളിഞ്ഞ പൂവിടരുംപോലെയുള്ള അതേ ചിരി.... വസന്തം പോലെയാണ് ഇപ്പോഴും ഷീല. ദൃശ്യഭാഷ നിറമില്ലായ്മയിൽനിന്നു നിറങ്ങളിലേക്കു കടന്ന കാലത്തിനു സാക്ഷിയായ നിത്യഹരിത നായിക അക്കാലങ്ങളെക്കുറിച്ച് ഓർത്തു നിറഞ്ഞു ചിരിച്ചു. അതേസമയം തന്നെ, മാലിന്യക്കടലായ ഇന്നത്തെ നഗരങ്ങളെക്കുറിച്ചു ചുണ്ടുകൾ കൂർപ്പിച്ചു രോഷം കൊണ്ടു. ആയുർവേദ ചികിൽസയ്ക്കും പൊതുപരിപാടികൾക്കുമായി കൊല്ലത്തെത്തിയ ഷീലയ്ക്കു പഴയ കൊല്ലം ഓർമകളിൽപ്പോലും ശുദ്ധമാണ്.

ഹോട്ടൽ വെൽകം ദ് റാവിസിലെ കൊല്ലം സ്യൂട്ടിന്റെ വിശാലമായ ജനാലയിലൂടെ അഷ്ടമുടിയെ നോക്കി ഷീല പറഞ്ഞു; പണ്ടു കൊല്ലം ഇങ്ങനെയായിരുന്നില്ല, അഷ്ടമുടിയും. കായലിൽ ഇറച്ചിമാലിന്യങ്ങൾ പോലുമുണ്ടെന്നു കേട്ടു. എന്താണ് അധികൃതർ ഒന്നും ചെയ്യാതിരിക്കുന്നത്...? കേരളത്തിൽ ഏറ്റവും കൂടുതൽ മാലിന്യമുള്ളിടത്തെ അധികാരികൾക്ക് അവാർഡ് കൊടുക്കണം. മാലിന്യരഹിത കേരളത്തിനായി പ്രവർത്തിക്കുന്ന സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് കൂടിയായ ഷീലയ്ക്ക് ഇക്കാര്യത്തിൽ അധികൃതർ ശ്രദ്ധ കാട്ടുന്നതേയില്ലെന്നാണു പരാതി. ജർമൻ പ്ലാന്റുകൾ വാങ്ങി പ്ലാസ്റ്റിക് അടക്കമുള്ളവ കത്തിച്ചു വൈദ്യുതി ഉണ്ടാക്കാമെന്ന സാധ്യതയും അവർ ഓർമിപ്പിക്കുന്നു.

ചിത്രങ്ങൾ ഇന്നും...

എണ്ണിത്തീരാത്തത്ര ചലച്ചിത്രങ്ങൾ.... തിരക്കുകളൊഴിയാത്ത കാലം.... ലോകത്തെങ്ങും ഒറ്റയ്ക്കു പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥ – അങ്ങനെയൊരു സിനിമായാത്രയിൽനിന്നു ഷീല ഒഴിഞ്ഞുമാറിയിട്ടു കാലം ഒരുപാടായി. പക്ഷേ, 13–ാം വയസ്സിൽ നടിയായപ്പോഴേ കൂടെയുണ്ടായിരുന്ന ചിത്രകലയെ ഇന്നും അവർ ഒപ്പം നിർത്തുന്നു. ഏതു മീഡിയത്തിലും വരയ്ക്കാനിഷ്ടം. വരകളിലേറെയും സ്ത്രീഭാവങ്ങളാണ്. ഏകാന്തയായ സ്ത്രീ, അമ്മയും കുഞ്ഞും, പൂക്കാലം പോലെ സ്ത്രീകളുടെ കൂട്ടം..... അങ്ങനെ. എന്തേ ചിത്രങ്ങളിലൊക്കെയും സ്ത്രീകൾ എന്ന ചോദ്യത്തെ ‘അല്ലെങ്കിലും പുരുഷൻമാരെപ്പറ്റി എന്തു വരയ്ക്കാനാണ്...’ എന്ന് നിസ്സാരമാക്കി അവർ. ഹോട്ടലിൽ പ്രദർശനത്തിനുവച്ച 69 ചിത്രങ്ങളും വിറ്റുപോയി. നഷ്ടമായ യാത്രകളൊക്കെ തിരിച്ചുപിടിച്ചെന്നും അവർ ആഹ്ളാദത്തോടെ പറയുന്നു. ലോകത്ത് ഇഷ്ടമുള്ളയിടത്തെല്ലാം ഇപ്പോൾ പോകുന്നു എന്നു സ്വാതന്ത്ര്യത്തിന്റെ സ്വരം.

സിനിമ, അപ്പവും പീസയും പോലെ

പഴയതും പുതിയതുമായ സിനിമകളെക്കുറിച്ചു ഷീല രസകരമായൊരു ഉപമ പറഞ്ഞു: പണ്ട്, അരി വെള്ളത്തിലിട്ടു കുതിർത്ത്, തേങ്ങാപ്പാലൊഴിച്ച്, അരച്ചാണ് അപ്പമുണ്ടാക്കിയിരുന്നത്. ഇന്നു നഗരങ്ങളിൽ കാണുന്നതു പീസയും ബർഗറും ഓർഡർ ചെയ്തു വരുത്തിക്കഴിക്കുന്നതാണ്. അതുപോലെയാണു പണ്ടത്തെയും ഇപ്പോഴത്തെയും സിനിമകൾ. വളരെ സമയമെടുത്തു തയാറാക്കുന്നതായിരുന്നു പഴയ സിനിമകൾ. നിർമാതാവ് ആയിരുന്നു സംവിധായകനെ പോലും തീരുമാനിക്കുന്നത്. ഇന്നു നിർമാതാവിന്റെ സ്ഥാനം പോയി. അതാണു പ്രധാന മാറ്റം

നിറമില്ലാക്കാലം

എപ്പോഴും തുടുത്ത നിറങ്ങളുള്ള വസ്ത്രമണിഞ്ഞു പൊതുവേദിയിൽ എത്താറുള്ള ഷീലയ്ക്കു പ്രിയപ്പെട്ട നിറങ്ങൾ പിങ്കും മഞ്ഞയുമാണ്. കറുപ്പും വെളുപ്പും മാത്രമുണ്ടായിരുന്ന സിനിമകളി‍ൽ ധരിക്കാനായി വലിയ ഡിസൈനുകളുള്ള തുണികളാണു തിരഞ്ഞെടുത്തിരുന്നത്. സിനിമ നിറങ്ങളിലേക്കു മാറിയപ്പോൾ വലിയ സന്തോഷമായിരുന്നെന്ന് അവർ ചിരിയോടെ ഓർത്തു. ചെമ്മീനിൽ അഭിനയിക്കാനായി അതുകൊണ്ട്, നിറയെ മേക്കപ്പിട്ടാണു ചെന്നത്. അവിടെ ചെന്നപ്പോഴാണ് മേക്കപ്പേ വേണ്ട എന്നറിയുന്നത്. പെണ്ണാളേ... എന്ന പാട്ടാണ് ആദ്യം ഷൂട്ട് ചെയ്തത്. മേക്കപ്പ് തുടച്ചുകളഞ്ഞ സങ്കടത്തിലാണ് ആ പാട്ടിൽ അഭിനയിച്ചതെന്നു പറഞ്ഞ് അവർ പൊട്ടിച്ചിരിച്ചു.

കൊല്ലത്തിന്റെ ജയൻ

ഒരുപാടു സിനിമകളുടെ ചിത്രീകരണത്തിനെത്തി എന്നതു മാത്രമല്ല; ഷീലയ്ക്കു കൊല്ലത്തോടുള്ള ബന്ധം. അടുത്ത സുഹൃത്തായിരുന്ന ജയന്റെ നാട് ....താൻ നായികവേഷങ്ങളിൽ അഭിനയിക്കുമ്പോഴാണു ജയൻ ചെറുവേഷങ്ങളിൽ തുടക്കമിട്ടതെന്ന് അവർ ഓർത്തു. പിന്നീട് ഒട്ടേറെ ചിത്രങ്ങളിൽ ഒന്നിച്ചഭിനയിച്ചു. വളരെ കെയറിങ് ആയിരുന്നു ജയൻ എന്നു പറഞ്ഞപ്പോൾ അവരുടെ വിടർന്ന കണ്ണുകൾ കലങ്ങിച്ചുവന്നു. ജയനും മറ്റു മൂന്നുപേർക്കുമൊപ്പം ഫൈവ് ഫിംഗേഴ്സ് എന്ന നിർമാണക്കമ്പനി തുടങ്ങാനിരുന്നതാണ്. അതിനായി എല്ലാവരും പണവും മുടക്കി. ആയിടയ്ക്കാണ് അപ്രതീക്ഷിത ദുരന്തവും മരണവും. വിമാനത്തിൽ ജയന്റെ മൃതദേഹം എത്തിക്കുമ്പോഴും ഒപ്പമുണ്ടായിരുന്നു. പിന്നീടു പ്രിയസുഹൃത്തില്ലാതെ നിർമാണ കമ്പനി വേണ്ടെന്ന് എല്ലാവരും തീരുമാനിച്ചു. അങ്ങനെ സുഹൃത്തുക്കൾ നാലുപേരും ചേർന്നു കൊല്ലത്തെത്തി ജയൻ മുടക്കിയ പണം അമ്മയ്ക്കു നൽകി മടങ്ങിയെന്നും അവർ പറയുന്നു.

കയ്യടിക്കാനല്ല, ഫാൻസ് അസോസിയേഷൻ

കൊച്ചി കേന്ദ്രമായ ഷീല അമ്മവീട് ഫാൻസ് അസോസിയേഷൻ നടത്തുന്ന രക്തദാനം, അവയവദാനം തുടങ്ങിയ സന്നദ്ധ പ്രവർത്തനങ്ങളെക്കുറിച്ചു പറഞ്ഞപ്പോൾ അവർ അഭിമാനം കൊണ്ടു. തിയറ്ററിൽ പോയി കയ്യടിക്കാനും കൂവാനും ഉള്ളതല്ല ഫാൻസ് അസോസിയേഷൻ എന്നുകൂടി ഓർമിപ്പിച്ചു.

മധുരം മധുരതരം

മകനുവേണ്ടി വിശേഷപ്പെട്ട വിഭവങ്ങളുണ്ടാക്കുമെങ്കിലും ഷീലയ്ക്കു മധുരത്തോടു മാത്രമാണ് ഇഷ്ടം. അതും ലഡു, അതിരസം, കൊഴുക്കട്ട..... നെയ്യിൽ ഉണ്ടാക്കിയതൊന്നും തൊടില്ല. തേങ്ങാ ചേർത്തതും വറുത്തതുമെല്ലാം പേരിനുമാത്രം. ഇറച്ചി പഥ്യമല്ല. മീനാണ് ഇഷ്ടം. ദിവസവും ചീരകൊണ്ട് ഏതെങ്കിലും വിഭവമുണ്ടാക്കി കഴിക്കും. ഊണിനു തോരൻ നിർബന്ധം.

സുന്ദരി...

കൂടെ അഭിനയിച്ചവരിൽ ആരായിരുന്നു ഏറ്റവും സുന്ദരി എന്ന ചോദ്യത്തിന് അവർ ഒട്ടും ആലോചിച്ചില്ല; എല്ലാവരും എന്നു മറുപടി. പെർഫെക്ട് സുന്ദരി എന്നു തോന്നിയതു ജയലളിതയെ ആയിരുന്നുവെന്നും ഓർത്തുപറഞ്ഞു. ഇന്നത്തെ നായികമാരിൽ നയൻ താരയും കാവ്യാ മാധവനും.

‘ഞാൻ വളരെ ഹാപ്പിയാണ്....’

ഈ നിമിഷവും കടന്നുപോകും എന്ന ചിന്തയോടെ ഏതു പ്രതിസന്ധിയെയും മറികടക്കും എന്നു പറഞ്ഞപ്പോൾ ഷീലയുടെ സ്വരത്തിൽ ആത്മവിശ്വാസം തുളുമ്പി. അതുകൊണ്ടുതന്നെ സന്തോഷവതിയാണെന്നും ചിരിയോടെ ഉത്തരം. ചെന്നൈയിൽ പോയസ് ഗാർഡനിലെ വീട്ടിൽ മകൻ ജോർജിനും മരുമകൾ സ്മിതയ്ക്കും ചെറുമക്കൾ അഡ്രീനയ്ക്കും അഥീനയ്ക്കുമൊപ്പമാണു താമസം. ഫൈവ് സ്റ്റാ‍ർ ഹോസ്പിറ്റൽ എന്ന ചിത്രത്തിലൂടെ മലയാളികൾക്കു പരിചിതനായ, വിഷ്ണു എന്ന ജോർജ് റിയൽ എസ്റ്റേറ്റ് ബിസിനസും നടത്തുന്നു.

Your Rating: