Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘തെറി’യിലെ വില്ലൻ; തോപ്പുംപടിക്കാരൻ ബിനീഷ്

vijay-bineesh വിജയ്‌യ്ക്കൊപ്പം ബിനീഷ്

രാജൻ പി ദേവിൽ തുടങ്ങി നിവിൻ പോളിയും എന്തിന് തമിഴകത്തിന്റെ സ്വന്തം ഇളയദളപതിയുടെ കൂടെ വരെ അഭിനയിക്കാൻ ഭാഗ്യം ലഭിച്ച കലാകാരനാണ് കൊച്ചി തോപ്പുംപടിക്കാരനായ ബിനീഷ് ബാസ്റ്റിൻ. ആക്ഷൻ ഹീറോ ബിജുവിലെ മട്ടാഞ്ചേരി മാർട്ടിനു ശേഷം ബിനീഷ് ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ഒരു വിഷു റിലീസ് ചിത്രത്തിനായി. ഏറെ പ്രതീക്ഷയുള്ള കഥാപാത്രം, ബ്രഹ്മാണ്ഡചിത്രം. ഈ ചിത്രം റിലീസ് ആയിക്കഴിഞ്ഞാൽ വ്യത്യസ്തമായ കഥാപാത്രങ്ങൾ തന്നെ തേടിവരുമെന്ന പ്രതീക്ഷയിലാണ് താരം. പറഞ്ഞു വരുന്നത് വിജയ്‌യുടെ ബിഗ് ബഡ്ജറ്റ് ചിത്രം ‘തെറി’യെക്കുറിച്ചാണ്. തനിക്കു ലഭിച്ച ആ വലിയ ഭാഗ്യത്തെക്കുറിച്ചും വിജയ്‌യോടൊപ്പമുള്ള അനുഭവവും ബിനീഷ് മനോരമ ഓൺലൈനോടു പങ്കുവയ്ക്കുന്നു...

ഇപ്പോഴത്തെ ചർച്ചാവിഷയം വിജയിന്റെ ‘തെറി’യാണല്ലോ. ബിനീഷ് പ്രധാനപ്പെട്ട ഒരു കാരക്ടറാണല്ലോ ‘തെറി’യിൽ ചെയ്തിരിക്കുന്നത്? എങ്ങനെയാണ് ‘തെറി’യുടെ ഭാഗമായത്?

ഞാൻ തീരെ പ്രതീക്ഷിക്കാതെ കിട്ടിയ ഒരു വേഷമാണ് തെറിയിലെ പ്രേം എന്ന കാരക്ടർ. ആക്ഷൻ ബീറോ ബിജുവിലെ വേഷത്തിനു ശേഷം എനിക്കു ലഭിച്ച വേഷമാണിത്. ‘തെറി’യിലേക്ക് അറ്റ്ലീ കേരളത്തിൽ നിന്നുള്ള ഒരു വില്ലനു വേണ്ടി കാത്തിരിക്കുകയായിരുന്നു. അങ്ങനെയാണ് ആ ഭാഗ്യം എനിക്കു ലഭിച്ചത്. ആദ്യം അവർ എന്റെ ഫോട്ടോ കണ്ട് ഇഷ്ടപ്പെട്ടിട്ടാണ് എന്നെ വിളിക്കുന്നത്. ഏതെങ്കിലും രണ്ടു വിഡിയോസ് അയച്ചു കൊടുക്കാനും ആവശ്യപ്പെട്ടു. മോഹൻലാലിന്റെ കൂടെ ഉള്ള എയ്ഞ്ചൽ ജോണിന്റെ ഒരു വിഡിയോയും കാട്ടു മാക്കാനിലെ പ്രമോസോങ്ങിനു വേണ്ടി ചെയ്ത വിഡിയോയുമാണ് അയച്ചു കൊടുത്തത്. ഇതു കണ്ട് ഇഷ്ടപ്പെട്ട അറ്റ്ലീ എന്നോടു വണ്ടികയറിക്കൊള്ളാൻ ആവശ്യപ്പെടുകയായിരുന്നു. ചിത്രത്തിന്റെ ഷൂട്ട് തുടങ്ങിയ ശേഷമാണ് എനിക്കു വില്ലനാകാനുള്ള ഭാഗ്യം കൈവന്നത്.

Theri Official Trailer | 2K | Vijay, Samantha, Amy Jackson | Atlee | G.V.Prakash Kumar

വിജയ്‌യോടൊപ്പമുള്ള അനുഭവം?

എന്റെ കൂടുതൽ സീനും വിജയ്‌യോടൊപ്പമുള്ളതായിരുന്നു. ആരാധിക്കുന്ന ഒരു വലിയ നടൻ. കുറേ ധാരണകൾ എന്നിൽ ഉണ്ടായിരുന്നു. എന്നാൽ അവിടെ ചെന്നപ്പോഴാകട്ടെ, അദ്ദേഹം എന്നെ സ്വീകരിച്ചത് വലിയൊരു സംഭവമായാണ്. ഇവിടെ ലാലേട്ടന്റെയും മമ്മൂക്കയുടെയുമൊക്കെ പടങ്ങളിൽ അഭിനയിച്ച ആൾ എന്ന രീതിയിലുള്ള ബഹുമാനമൊക്കെയായിരുന്നു എനിക്ക് ലഭിച്ചത്. ഇതൊക്കെ കണ്ടപ്പോൾ ഞാൻ തന്നെ അത്ഭുതപ്പെട്ടു പോയി. അത്രയും എളിമയുള്ള ഒരാൾ. അവരോടൊക്കെ സംസാരിക്കുകയും അവരുടെ പെരുമാറ്റവുമൊക്കെ കാണുമ്പോൾ നമ്മളൊക്കെ ഒന്നുമല്ലാതായിപ്പോകും. ഷൂട്ടിങിനിടയിൽ എന്തെങ്കിലും തെറ്റു പറ്റിയാൽ അത് ശരിയാക്കാൻ ഹെൽപ് ചെയ്യുകയും നന്നായിട്ട് ചെയ്യുമ്പോൾ അഭിനന്ദിക്കാനും പിശുക്കു കാട്ടാത്ത ഒരാളാണ് അദ്ദേഹം. അവരുടെ വർക് ഒരു കൂട്ടായ്മയാണ്.

വിജയ് ഫാൻസൊക്കെ വലിയ ഹെൽപാണ്. ഇവിടെ മമ്മൂക്കയെ ഒക്കെ കാണുന്നതു പോലയാ അവിടെ അവരൊക്കെ എന്നെ കണ്ടത്. സാർ എന്നൊക്കയാ എന്നെ വിളിച്ചത്. സാർ എന്നൊന്നും വിളിക്കേണ്ട, പേരു വിളിച്ചാൽ മതിയെന്ന് അവരോട് പറഞ്ഞു. അത്രയും ആരാധനയാണ് അവർക്കൊക്കെ. കേരളത്തിലെ വിജയ് ഫാൻസുകാരും ഇപ്പോൾ എന്നെ വിളിക്കാറുണ്ട്.

pavada-movie

*കേരളത്തിലും ഏറെ വിജയ് ആരാധകരാണ്. ആ നിലയ്ക്ക് വിജയ്‌യുടെ വില്ലനാകാൻ ടെൻഷനുണ്ടായിരുന്നോ? *

കുറച്ച് ടെൻഷനൊക്കെ ഉണ്ടായിരുന്നു. ആദ്യം വിജയ്‌യുടെ കൂടെയുള്ള ഡയലോഗ് പറഞ്ഞപ്പോൾ കറക്ട് ആയതുമില്ല. അപ്പോൾ വിജയ് വന്നിട്ടു പറഞ്ഞു ഇതു മാറ്റി ചെയ്യണം. അരികിൽ ഞാൻ ആണെന്നു വിചാരിക്കേണ്ട, നിങ്ങളെ പോല തന്നെയുള്ള ഒരു നടൻ എന്നു വിചാരിച്ച് പറഞ്ഞാൽ മതിയെന്ന്. അടുത്ത ടേക്ക് ഓകെ ആകുകയും ചെയ്തു. പിന്നെ ഞങ്ങൾ സുഹൃത്തുക്കളായി കഴിഞ്ഞപ്പോൾ ടെൻഷനേ തോന്നിയില്ല. വിജയ് ലാലേട്ടനെ പോലെ നല്ല ടൈമിങ് ഉള്ള ആക്ടർ ആണ്. ഡാൻസായാലും ഫൈറ്റായാലും ഡയലോഗായുമൊക്കെ നല്ല ടൈമിങ്ങാണ്.

ഈ വില്ലൻ ലുക്കാണോ തെറിയിലേക്കുള്ള വാതിലും തുറന്നത്?

എന്റെ ഈ ഹെയർ സ്റ്റൈലും താടിയുമൊക്കെയാണ് അവർക്ക് ഇഷ്ടപ്പെട്ടത്. തെറിയിൽ ആറു വയസുള്ള ഒരു കുഞ്ഞുമൊത്തുള്ള സീനുണ്ട്. ഈ കുഞ്ഞ് എന്നോട് ഒരു ഡയലോഗു പറയുന്ന സീൻ. ഷൂട്ടിങ് തുടങ്ങിയപ്പോൾ കുഞ്ഞാകട്ടെ എന്നെക്കണ്ട് പേടിച്ച് ഡയലോഗ് പറയുന്നില്ല. ആകെ പേടിച്ചു നിൽപ്പാണ്. ഞാൻ സമാധാനിപ്പിക്കാൻ ചെല്ലുമ്പോൾ കുഞ്ഞ് വീണ്ടും പേടിച്ചു കരച്ചിലാണ്. ഈ കാണുന്ന താടിയും മുടിയും തടിയുമൊക്കെയേ ഉള്ളൂ, ആള് പാവമാണെന്നൊക്കെ പറഞ്ഞു നോക്കി. കുഞ്ഞാകട്ടെ നോ രക്ഷ. പിന്നെ അവസാനം കുഞ്ഞിനെ ടൂ വീലറിൽ ഒന്നു കറക്കിയൊക്കെ കഴിഞ്ഞപ്പോഴാണ് കുഞ്ഞ് ഓകെ ആയതും ഷൂട്ട് ചെയ്തതും. യഥാർഥത്തിൽ കുഞ്ഞ് എന്നെ പേടിപ്പിക്കുന്ന സീനാണത്. എന്നിട്ടാണ് കുഞ്ഞ് എന്നെക്കണ്ട് പേടിച്ചത്.

അടുത്തത് ലോറൻസ് സാറിന്റെ കാലവൈരഭൻ എന്ന ചിത്രത്തിലേക്ക് കാസ്റ്റ് ചെയ്തിട്ടുണ്ട്. അതിലും ഈ ലുക്ക് മാറ്റേണ്ട എന്നാണ് ഇപ്പോൾ പറഞ്ഞിരിക്കുന്നത്. ഞാൻ പണ്ട് സ്വപ്നം കാണുമായിരുന്നു രജനീകാന്ത് സറിന്റെയും വിജയിന്റെ കൂടെയുമൊക്കെ അഭിനയിക്കുന്നതായിട്ട്. അതിൽ ഒരു സ്വപ്നമാണ് ഇപ്പോൾ സഫലമായിരിക്കുന്നത്.

atlee-bineesh ബിനീഷ് സംവിധായകൻ അറ്റ്ലിക്കൊപ്പം

മലയാളത്തിൽ നിരവധി വില്ലൻ വേഷങ്ങൾ ചെയ്തു കഴിഞ്ഞു. ഈ വില്ലൻ വേഷങ്ങളോടാണോ താൽപര്യം?

സിനിമയിൽ അഭിനയിക്കണമെന്ന മോഹം സ്കൂളിൽ പഠിച്ചിരുന്ന കാലം മുതലേ ഉണ്ടായിരുന്നു. അതിന്റെ ഭാഗമായാണ് മോഡലിങ്ങും ബോഡി ബിൽഡിങും ഒക്കെ തിരഞ്ഞെടുത്തത്. ഏതെങ്കിലും ഒരു സിനിമയുടെയയെങ്കിലും ഭാഗമാകാൻ ആഗ്രഹിച്ചു നിന്നപ്പോഴാണ് പാണ്ടിപ്പടയിലേക്ക് രാജൻ പി ദേവിന്റെ ഗുണ്ടയുടെ സഹായിയായുള്ള വേഷം ലഭിച്ചത്. കിട്ടിയ ഉടനേ ഇരുകൈയും നീട്ടി അങ്ങ് സ്വീകരിച്ചു. പിന്നെ ലഭിച്ചതെല്ലാം തന്നെ ഈ തരത്തിലുള്ള വേഷങ്ങളായിരുന്നു. ഒന്നും വേണ്ടെന്നു വച്ചില്ല. കാരണം ഞാൻ സിനിമയെ അത്രത്തോളം സ്നേഹിക്കുന്നുണ്ടായിരുന്നു. പിന്നെ ഡയലോഗു പറയണമെന്ന ആഗ്രഹമായി. പിന്നെ വലിയ പടങ്ങളിൽ വില്ലനാകണമെന്ന ആഗ്രഹമായി. അങ്ങനെ ലാലേട്ടൻ, മമ്മൂക്ക, പൃഥ്വിരാജ്, നിവിൻ പോളി തുടങ്ങിയവരുടെയൊക്കെ ചിത്രങ്ങളിൽ വേഷങ്ങൾ ലഭിച്ചു. രാജൻ പി ദേവൊക്കെ ഒരുപാട് സഹായിച്ചിട്ടുണ്ട്. അദ്ദേഹം അഭിനയിക്കുന്ന ചിത്രങ്ങളിലൊക്കെ റെക്കമൻഡ് ചെയ്തിട്ടുമുണ്ട്. അതുപോലെ മമ്മൂക്കയും ഒരുപാട് ഹെൽപ് ചെയ്തിട്ടുണ്ട്.

പാവാടയിൽ മാർത്താണ്ഡൻ ചേട്ടനും നല്ലൊരു വേഷം തന്നു സഹായിച്ചു. അസിസ്റ്റന്റായി നിൽക്കുന്നകാലം മുതലേ അദ്ദേഹത്തെ പരിചയമുണ്ട്. അന്നു മതലേ അദ്ദേഹം സഹായിക്കുമായിരുന്നു. അസോസിയേറ്റായപ്പോഴും വേഷങ്ങൾ വരുമ്പോൾ വിളിക്കുമായിരുന്നു. അടുത്ത പടത്തിലും അദ്ദേഹം എനിക്കൊരു വേഷം പറഞ്ഞിട്ടുണ്ട്.

വില്ലൻ വേഷത്തിൽ നിന്ന് മാറി ചിന്തിക്കണമെന്നു തോന്നിയിട്ടില്ലേ?

ആഗ്രഹമുണ്ട്. നല്ലൊരു കാരക്ടർ വേഷം ചെയ്തുകൊണ്ട് താടിയൊക്കെ മാറ്റണമെന്നും ആഗ്രമുണ്ട്. ശരിക്കും പറഞ്ഞാൽ ഈ വില്ലൻ വേഷങ്ങളോട് എനിക്കും ഒരു മടുപ്പ് ഫീൽ ചെയ്തു തുടങ്ങിയോ എന്നൊരു സംശയം. കോമഡി ഏറെ ഇഷട്പ്പെടുന്ന ഒരാളാണ് ഞാൻ. ജീവിതത്തിൽ ഒരുപാട് കോമഡികൾ പറയുകയും ചെയ്യും. കോമഡി വേഷം ചെയ്യാൻ വലിയ ആഗ്രഹവുമുണ്ട്. ഒന്നുരണ്ട് മലയാള ചിത്രങ്ങളെക്കുറിച്ച് പറഞഞിട്ടുണ്ട്. അതിലേക്കൊക്കെ കോമഡി വേഷമാണ് ഇപ്പോൾ പറഞ്ഞിരിക്കുന്നതും. ഈ വർഷം ദുൽഖർ സൽമാനെ പോലുള്ളവരുടെ ചിത്രങ്ങളിൽ അഭിനയിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷ. അതിലൊക്കെ കോമഡി റോളാണ് പറഞ്ഞിരിക്കുന്നത്. ഓടിയും ചാടിയുമൊക്കെ മടുത്തെന്നേ...

ther-scene

ഈ വില്ലൻ വേഷത്തിന് വീട്ടിൽ നിന്നുള്ള സപ്പോർട്ട് എത്രത്തോളമുണ്ട്?

അച്ഛനും അമ്മയ്ക്കും ഞങ്ങൾ നാലു മക്കളാണ്. രണ്ടു ചേട്ടൻമാരും ഒരു ചേച്ചിയും. അച്ഛൻ മരിച്ചു പോയി. ഇപ്പോൾ വീട്ടിൽ അമ്മയും ഞാനും മാത്രമേയുള്ളു. ബാക്കി എല്ലാവരും ഫാമിലിയായി വേറേയാണ് താമസം. ആദ്യമൊക്കെ വലിയ എതിർപ്പായിരുന്നു വീട്ടിൻ നിന്ന്. ലഭിച്ചതൊക്കെ ചെറിയ വേഷങ്ങളായിരുന്നതിനാൽ ഒരു തൊഴിലായി ഇതു കാണാൻ പറ്റില്ല, വല്ല വരുമാനവും കിട്ടുന്ന ജോലി ചെയ്ത് ജീവിക്കാനൊക്കെ ഉപദേശിക്കുമായിരുന്നു. ഇപ്പോൾ വലിയ കുഴപ്പമില്ല. ഇനി പറഞ്ഞിട്ടും കാര്യമില്ലെന്നു മനസിലായതു കൊണ്ടാണോ എന്നറിയില്ല, ഇപ്പോൾ എതിർപ്പായി ഒന്നും പറയുന്നില്ല.

Your Rating: