Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മണിക്കു പകരം ടിനി

tini-mani ടിനി ടോം, കലാഭവൻ മണി

പച്ച മനുഷ്യന്റെ ദയനീയതകളെ ആവാഹിക്കുന്നൊരു തനി നാടൻ വേഷത്തിലേക്കു ശക്തമായ മടങ്ങിവരവ് ആഗ്രഹിച്ചിരുന്നു കലാഭവൻ മണി. ചാലക്കുടിയിലെ മിമിക്രിക്കാരനായ മണിയെ വലിയ താരമാക്കി വളർത്തിയ വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും, കരുമാടികുട്ടൻ എന്നീ സിനിമകളുടെ കഥയെഴുതിയ ജോൺസൺ എസ്തപ്പാനോടു മണി തന്നെ ആ ആഗ്രഹം പങ്കുവച്ചു. അങ്ങനെ പുതിയൊരു സിനിമ ജോൺസൺ മെനഞ്ഞെടുത്തു; ‘ഡഫേദാർ’.

കലക്ടർമാരുടെ കാവലാൾ സ്ഥാനത്തു ബ്രിട്ടിഷ് വാഴ്ചക്കാലത്തു സൃഷ്ടിച്ച തസ്തികയാണു പ്രത്യേക വേഷവിധാനവും കയ്യിൽ നീളൻ കോലുമുള്ള ഡഫേദാർ. 65 വയസുള്ള ആ നായക കഥാപാത്രമാവാനുള്ള ആവേശത്തിൽ സൂര്യയുടെ തമിഴ്സിനിമയിലെ വില്ലൻ വേഷമടക്കം മറ്റു സിനിമകൾ മണി വേണ്ടെന്നു വച്ചു. ഫോട്ടോഷൂട്ടും പൂർത്തിയാക്കി. ചാലക്കുടിയിൽ ഷൂട്ടിങ്ങും ആരംഭിക്കാനിരിക്കെയായിരുന്നു മണിയുടെ ആകസ്മിക വിയോഗം.

tini

മണിയെ മുന്നിൽ കണ്ടു സൃഷ്ടിച്ച സിനിമ അതോടെ പ്രതിസന്ധിയിലായി. ആലോചനയ്ക്കൊടുവിൽ മണിക്കു പകരക്കാരനെ കണ്ടെത്തിയതു ടിനി ടോമിനെയായിരുന്നു.‘അദ്ദേഹം ആ നിർദേശം പറയുമ്പോൾ എനിക്ക് ആത്മവിശ്വാസം ഉണ്ടായിരുന്നില്ല. എന്റെ പ്രായത്തിൽ കവിഞ്ഞൊരു കഥാപാത്രം. ശരീരഭാഷ അടക്കം എല്ലാം മാറേണ്ടിയിരിക്കുന്നു. പക്ഷേ മിമിക്രി ആർട്ടിസ്റ്റായ എനിക്ക് ആ കഥാപാത്രത്തെ ഉൾക്കൊള്ളാനാവുമെന്നു ജോൺസൺ പറഞ്ഞു. എന്നാൽ അതൊരു മിമിക്രി ആകാനും പാടില്ലല്ലോ. അതായിരുന്നു വെല്ലുവിളി. കഥാപാത്രത്തിനായി ശരീരഭാരം 10 കിലോ കുറച്ചു. ഷൂട്ടിങ് തുടങ്ങുമ്പോൾ ആശങ്ക ഉണ്ടായിരുന്നു. ആദ്യ ദിവസം ഷൂട്ട് ചെയ്തതു തന്നെ ഏറെ വൈകാരികമായ ക്ലൈമാക്സ്. പക്ഷേ ഷൂട്ടിങ് കഴിഞ്ഞതും സംവിധായകൻ കെട്ടിപ്പിടിച്ച് അഭിനന്ദിച്ചു. ഇതുവരെയുള്ള എന്റെ സിനിമ ജീവിതത്തിൽ ഏറ്റവും വെല്ലുവിളിയുള്ള കഥാപാത്രമാണിത്’-ടിനി പറയുന്നു.

റിട്ടയർ ചെയ്ത ശേഷവും ഡഫേദാർ ജോലിയോടുള്ള വൈകാരിക അടുപ്പം മൂലം അതേ വേഷത്തിൽ സ്ഥിരമായി കലക്ടറേറ്റിൽ എത്തുന്ന റവന്യു നിയമങ്ങൾ മനഃപാഠമായ അയ്യപ്പൻ എന്ന കഥാപാത്രത്തെയാണു ടിനി അവതരിപ്പിക്കുന്നത്. ഭാര്യ ഉപേക്ഷിച്ചു പോയ അദ്ദേഹം തന്റെ മക്കളും സാമൂഹിക സേവകരാകണം എന്നാഗ്രഹിക്കുന്നു. ആഗ്രഹം പോലെ മക്കളെ പഠിപ്പിച്ച് പബ്ലിക് പ്രോസിക്യൂട്ടറും അസി.കമ്മിഷണറുമാക്കിയെങ്കിലും അവർ അഴിമതിയുടെ കൂട്ടുകാരായി മാറുന്നു. ജോൺസൺ എസ്തപ്പാൻ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണിത്. പൊൻമുടി പുഴയോരത്ത് ആയിരുന്നു ആദ്യ സിനിമ.

സുധീർ കരമന, ജയകൃഷ്ണൻ, മാളവിക നായർ തുടങ്ങിയവരാണു മറ്റ് അഭിനേതാക്കൾ. ഇടവേളയ്ക്കു ശേഷം ഇളയരാജ മലയാളത്തിൽ പാട്ടൊരുക്കുന്നു. വിജയ് യേശുദാസിനും ശ്രേയാ ഘോഷാലിനുമൊപ്പം ഇളയരാജ പാടുന്നുമുണ്ട്. അദ്ദേഹം തന്നെയാണു പശ്ചാത്തല സംഗീതം.

മണിക്കായി ഒരുക്കിയ സിനിമയായതുകൊണ്ടു തന്നെ ചാലക്കുടിയിൽ ആരംഭിച്ച ഷൂട്ടിങ്ങിൽ അണിയറയിൽ സഹകരിക്കുന്നതു മുഴുവൻ മണിയുടെ സുഹൃത്തുക്കളാണ്. നിർമാതാക്കളായ ജിക്സൺ, ജിനു എന്നിവരും മണിയുടെ സുഹൃത്തുക്കൾ.  

related stories
Your Rating: