Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഉണ്ണി മുതിർന്നു

unni-mukundhan

പേരിൽ മാത്രമാണ് ഉണ്ണി. കാഴ്ചയിലും സംസാരത്തിലും ഉണ്ണി മുകുന്ദൻ അങ്ങനെയല്ല. ആളുകളെ കാണിക്കാൻ പെരുപ്പിച്ചതല്ല ഉണ്ണിയുടെ മസിൽ. പതിനാലാം വയസ്സിൽ തുടങ്ങിയ കഠിനാധ്വാനത്തിന്റെ ഫലമാണ് ഈ സിക്സ് പായ്ക്ക് ബോഡിയും ലുക്കും.

സിനിമയിൽ സജീവമായതോടെ രണ്ടു വർഷം മുൻപ് ഇടപ്പള്ളിയിലെ വീട്ടിൽ ഒരു മിനി ജിംനേഷ്യം തന്നെ സെറ്റ് ചെയ്തു. പ്രാഥമിക വർക്ക് ഔട്ടുകൾക്കു വേണ്ട എല്ലാ ഉപകരണങ്ങളും വീട്ടിലുണ്ട്. സമയം കിട്ടുമ്പോഴൊക്കെ ചേരാനല്ലൂരിലെ ജിംനേഷ്യത്തിലും പോകും. ഷൂട്ടിങ് തിരക്കായതിനാൽ കഴിഞ്ഞ മൂന്നു മാസമായി കാര്യമായി വർക്ക് ഔട്ട് ചെയ്യുന്നില്ല. പത്തു പതിനാലു വർഷം തുടർച്ചയായി വർക്കൗട്ട് ചെയ്തുണ്ടാക്കിയ ബോഡി ആയതിനാൽ ഇടയ്ക്കു റെസ്റ്റ് കൊടുത്താലും കുഴപ്പമില്ലെന്ന് ഉണ്ണി പറയുന്നു.

unni-mukundhan

സിക്സ് പായ്ക്ക്

ഒരു നടന് ഏറ്റവും അത്യാവശ്യമുള്ള ടൂൾ അവന്റെ ശരീരമാണ്. ആരോഗ്യമുള്ള ശരീരത്തിലാണല്ലോ ആരോഗ്യമുള്ള മനസ്സുണ്ടാവുക. സിനിമയിലെ ‘അതിഭയങ്കര’ വില്ലന്മാരിൽ മിക്കവരും ജീവിതത്തിൽ മാന്യൻമാരായിരിക്കുന്നതിനു കാരണം അവരുടെ ശാരീരികാരോഗ്യമാണ്.

എന്തെങ്കിലുമൊരു അസുഖം വന്നിട്ട് ആശുപത്രിയിൽ പോയി കുത്തിവയ്പ് എടുക്കുന്ന കാര്യം ഓർക്കുന്നതേ പേടിയാണ്. സൂചികുത്തുമ്പോഴുള്ള നീറ്റലിനെക്കാൾ ജിംനേഷ്യത്തിൽ‍ പോയി വെയ്റ്റ് എടുക്കുമ്പോഴുള്ള വേദനയാണ് എനിക്കിഷ്ടം.

unni

നായകനും വില്ലനും

ഹീറോ വേഷങ്ങളാണു കൂടുതൽ ഫോക്കസ് ചെയ്യുന്നതെങ്കിലും നല്ല വില്ലൻ വേഷങ്ങൾ കിട്ടിയാലും ചെയ്യാൻ റെഡിയാണ്. നോ പറയാൻ പറ്റില്ലെന്നു തോന്നുന്ന ഏതു കഥാപാത്രം വന്നാലും ചെയ്യും.

ഇപ്പോൾ ‘ഒരു മുറൈ വന്തു പാർത്തായാ’ എന്ന ചിത്രത്തിലാണ് അഭിനയിക്കുന്നത്. അതു കഴിഞ്ഞാൽ മോഹൻലാലിന്റെ വില്ലനായി ജനതാ ഗരേജ് എന്ന തെലുങ്കു സിനിമ. ജനതാ ഗരേജിന്റെ മൊഴിമാറ്റച്ചിത്രം മലയാളത്തിലും ഇറങ്ങും.

ഫിറ്റ്നസ്

നോ ഗൈയ്ൻ വിത്തൗട്ട് പെയ്ൻ എന്നാണല്ലോ! വെറുതെ ഭക്ഷണം കുറച്ചാലൊന്നും സിക്സ് പാക്ക് വരില്ല. നന്നായി ഭക്ഷണം കഴിക്കുക, നന്നായി വ്യായാമം ചെയ്യുക– നോ അദർ ഷോട് കട്സ്! എന്റെ അമ്മ അൻപതാമത്തെ വയസ്സിൽ എക്സർസൈസ് ചെയ്തു തുടങ്ങി ഒറ്റയടിക്കു 12 കിലോ കുറച്ചയാളാണ്.

ഭക്ഷണം

വരുമാനത്തിൽ അധികം തുക ചെലവിടേണ്ടി വരുന്നത് നല്ല ഭക്ഷണം കഴിക്കാനാണ്. വിക്രമാദിത്യനിൽ അഭിനയിക്കുന്ന കാലത്തു ശരീരഭാരം കൂട്ടാനായി ദിവസം എട്ടുനേരം വരെ ആഹാരം കഴിക്കുമായിരുന്നു. ജിമ്മിൽ പോകുന്നതിനു മുൻപ് ഒരു ആപ്പിൾ, വർക്ക് ഔട്ട് ചെയ്യുന്ന സമയത്തും ആപ്പിൾ, ഇടയ്ക്കു ക്ഷീണം തോന്നുമ്പോൾ ഓട്സ് കുറുക്കിയത്, വീട്ടിലെത്തിയാൽ ജ്യൂസ്, അതുകഴിഞ്ഞ് ഡ്രൈഫ്രൂട്സ്, ഡേറ്റ്സ്, സ്ട്രോബറി, പാൽ ഇതെല്ലാം ഒരുമിച്ച് അടിച്ച് കുടിക്കും. 11 മണിക്കു മുൻപു ചപ്പാത്തിയും വെജിറ്റബിൾ കറിയും അങ്ങുന്ന ബ്രേക്ക്ഫാസ്റ്റ്. ഉച്ചയ്ക്കു മുൻപ് ഒരു വട്ടം കൂടി ജ്യൂസ് കഴിക്കും. ഉച്ചയ്ക്ക് ചോറും മീൻകറിയും. ഇടയ്ക്കൊക്കെ ആപ്പിളും കഴിക്കും. അങ്ങനെ നന്നായി ഭക്ഷണം കഴിച്ചു നന്നായി വ്യായാമം ചെയ്തു ജീവിച്ചാൽ മരുന്നു കുടിക്കാതെയും ഇൻജക‌്‌ഷനെ പേടിക്കാതെയും ആയുഷ്കാലം മുഴുവൻ ആരോഗ്യവാനായി ഇരിക്കാം. – ഉണ്ണിയുടെ ഫിറ്റ്നസ് മന്ത്ര

unni-mohanlal

വേഷങ്ങൾ

കെഎൽ10 ൽ നായകനായി അഭിനയിച്ച ശേഷമാണ് ഫയർമാനിലെ ക്യാരക്ടർ റോൾ ചെയ്തത്. മമ്മൂട്ടിയോടൊപ്പം ഏറെ അഭിനയസാധ്യതയുള്ള വേഷമായിരുന്നു അത്. അതു കഴിഞ്ഞു സ്റ്റൈലിൽ വീണ്ടും നായകനായി. കഴിഞ്ഞ സിനിമകളെല്ലാം എനിക്ക് ഏറെ സംതൃപ്തി നൽകിയിട്ടുണ്ട്.. എല്ലാ സിനിമകളിലും ഒന്നിനൊന്നു വ്യത്യസ്തമായ കഥാപാത്രങ്ങൾ.

സംസാരഭാഷയിലും ശരീരഭാഷയിലും വ്യത്യസ്തർ. കെഎൽ10 ലെ അഭിനയം കണ്ട് അഭിനന്ദിക്കാൻ നടൻ അനൂപ് മേനോൻ ഈയിടെ വിളിച്ചിരുന്നു. മോഹൻലാലിനൊപ്പം വില്ലനായി അഭിനയിക്കാനിരിക്കുന്നതിന്റെ എക്സൈറ്റ്മെന്റിലാണ് ഞാനിപ്പോൾ.