Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദേ ദിതാണ് വാഴൂർ ജോസ്...

vazhoor-jose വാഴൂർ ജോസ്

സിനിമ ഏത് ജനറേഷനായാലും പി.ആർ.ഒ വാഴൂർ ജോസ് തന്നെ. ചുക്കില്ലാത്ത കാപ്പിയില്ല എന്ന് പറയുംമ്പോലെ വാഴൂർ ജോസ് പിആർഒ അല്ലാത്ത സിനിമകൾ ചുരുക്കം. 30 വർഷമായി മാധ്യമങ്ങളുടെ മുന്നിലൊന്നുപെടാതെ സ്ക്രീനിലെ പേരിലൂടെ മാത്രം കണ്ടുപരിചയിച്ച വാഴൂർ ജോസിന്റെ ആദ്യത്തെ അഭിമുഖം.

വാഴൂർക്കാരന് ജോസ് എങ്ങനെയാണ് സിനിമാക്കാരന് ജോസ് ആകുന്നത്?

പഠിക്കുന്ന കാലത്തു തന്നെ എനിക്ക് സിനിമയോട് താൽപ്പര്യമുണ്ടായിരുന്നു. ദീപികയുടെ വാരാന്ത്യപതിപ്പിൽ സിനിമാലൊക്കേഷനുകളിലൊക്കെ പോയി വിവരങ്ങൾ ശേഖരിച്ച് എഴുതുമായിരുന്നു. അതുകഴിഞ്ഞ് കോട്ടയത്ത് നിന്നുള്ള ഒരു മാഗസീനിനു വേണ്ടിയും എഴുതി. അതിലെ എഴുത്താണ് സിനിമ ഗൗരവമായി കാണാൻ പ്രേരിപ്പിച്ചത്. അതിനുശേഷം തിരുവനന്തപുരത്തു നിന്നും പ്രസിദ്ധീകരിച്ച ഒരു സിനിമാ മാഗസീനിനുവേണ്ടി എട്ടുവർഷക്കാലം പ്രവർത്തിച്ചു. ഈ എട്ടുവർഷത്തിനിടയിലാണ് സിനിമയുമായി അടുത്ത ബന്ധം ഉണ്ടാവുന്നത്. പക്ഷെ മാഗസീൻ എട്ടുവർഷം കഴിഞ്ഞതോടെ നിലച്ചു. ഇതോടെ എന്റെ ജീവിതവും വഴിമുട്ടി. സിനിമയുമായുള്ള ബന്ധം തുടങ്ങുന്നത് ദീപികയിലൂടെയാണ്.

പിന്നീട് പി.ആർ.ഒ ആകുന്നത് എങ്ങനെയാണ് ?

ശരിക്കും പി.ആർ.ഒ ആയതല്ല. ആക്കിയതാണ്. സംവിധായകൻ ഫാസിലാണ് പി.ആർ.ഒ എന്ന സ്ഥാനം നൽകുന്നത്. മാഗസീൻ അടച്ചുപൂട്ടി എന്തു ചെയ്യണമെന്ന് അറിയാതെ നിൽക്കുമ്പോഴാണ് 1986ൽ ഇറങ്ങിയ പൂവിന് പുതിയ പൂന്തെന്നൽ എന്ന സിനിമയുടെ എഴുത്ത് ജോലിക്കായി ഫാസിൽ വിളിക്കുന്നത്. ആ സിനിമ കഴിഞ്ഞ് മണിവത്തൂരിലെ ആയിരം ശിവരാത്രികൾ എന്ന സിനിമയിലൂടെയാണ് ഒൗദ്യോഗികമായി പി.ആർ.ഒ ആക്കുന്നത്. പിന്നീടിങ്ങോട്ട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.

എത്ര സിനിമകളുടെ പി.ആർ.ഒ ആയിട്ടുണ്ട് ?

സത്യമായിട്ടും എണ്ണിയിട്ടില്ല. കുറേയുണ്ട്

പി.ആർ.ഒയുടെ ജോലി എന്താണ്?

ഒരു തരത്തിൽ മാധ്യമപ്രവർത്തനം തന്നെയാണ്. സിനിമയെക്കുറിച്ച് പ്രസിദ്ധീകരണങ്ങൾക്ക് വിവരങ്ങൾ എഴുതി നൽകുകയാണ് ജോലി. പ്രധാനമായും അച്ചടിമാധ്യമങ്ങൾക്ക് സിനിമാ സംബന്ധമായ വാർത്തകൾ നൽകുന്നതാണ് ജോലി.

വാഴൂർ ജോസിന്റെ ഒരു ഫോട്ടോ പോലും ഈ 30 വർഷത്തിനടിയ്ക്ക് അധികമാരും കണ്ടിട്ടില്ലല്ലോ?

എനിക്ക് എന്നും സിനിമയ്ക്ക് പിന്നിൽ നിൽക്കാനാണ് ഇഷ്ടം. ഏതെങ്കിലും ചടങ്ങിൽ ചെല്ലുമ്പോൾ ആരെങ്കിലും ഫോട്ടോ എടുത്താൽ ആയി. അല്ലാതെ ഫോട്ടോ എടുക്കാനായി നിൽക്കാറുപോലുമില്ല.

ജനറേഷനേതായാലും പി.ആർ.ഒ വാഴൂർ ജോസ് തന്നെ എന്നൊരു പറച്ചിലുണ്ടല്ലോ?

ഓ ഞാൻ ഈ ഓൾഡ് ജനറേഷൻ ന്യൂജനറേഷൻ എന്നൊന്നും നോക്കാറേയില്ല. പഴയ സംവിധായകരും പുതിയ സംവിധായകരുമെല്ലാം എന്നെ സമീപിക്കും അവർക്ക് വേണ്ട ജോലികൾ ചെയ്യും അതിനപ്പുറത്തേക്ക് കാലഘട്ടത്തെക്കുറിച്ച് ചിന്തിച്ചിട്ടേയില്ല.

സൂപ്പർസ്റ്റാറുകളുമായി സൗഹൃദമുണ്ടോ?

സൂപ്പർസ്റ്റാറുകളാണെന്ന ഒരു തോന്നൽ എനിക്ക് ഈ സൂപ്പർസ്റ്റാറുകളോട് തോന്നിയിട്ടേ ഇല്ല. എത്രയോകാലത്തെ പരിചയമാണ്. നമ്മുടെ കൺമുമ്പിൽ വളർന്ന് സ്റ്റാറുകളായവരാണവരെല്ലാം. അതുകൊണ്ട് അവരും അത്തരം ജാടകളൊന്നും കാണിക്കാറേയില്ല. പിന്നെ അവരുടെ സിനിമകൾ വരുമ്പോൾ മാധ്യമങ്ങൾ അൽപ്പം കൂടുതൽ പ്രാധാന്യം നൽകുമ്പോൾ മാത്രമാണ് സൂപ്പർസ്റ്റാർ സിനിമയാണല്ലോ എന്നുപോലും ചിന്തിക്കുന്നത്.

കുടുംബം

എന്റെ യഥാർഥ സ്ഥലം കോട്ടയത്തിനടുത്ത് വാഴൂരാണ്. വർഷങ്ങളായി തിരുവനന്തപുരത്താണ് താമസം. ഭാര്യയും മകനും മരുമരളും കുഞ്ഞും അടങ്ങുന്നതാണ് കുടുംബം.