Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തളര്‍ന്നുപോയ ഘട്ടങ്ങളില്‍ കൂടെനിന്നത് പൃഥ്വിരാജ്: വിമല്‍

r-s-vimal-interview

‘നാളെ രാവിലെ എനിക്ക് ഭ്രാന്തുപിടിക്കും, അങ്ങനെ ഭ്രാന്തുപിടിച്ചാലുണ്ടാകുന്ന അവസ്ഥ എന്തായിരിക്കും...?

ഈ ചിന്തയുമായി ഉറങ്ങാൻ കിടന്ന ഏകാന്ത രാത്രികൾ. ഇന്ന് ആത്മഹത്യ ചെയ്യുന്നതാണു നല്ലതെന്നു ചിന്തിച്ച് ഉറക്കമുണർന്ന പകലുകൾ. ഇങ്ങനെ മുന്നോട്ടുപോകാൻ കഴിയാതെ പകച്ചുപോയ ദിനരാത്രങ്ങൾ. എല്ലാറ്റിനും കാരണം ഒരൊറ്റ സിനിമ. എന്നോ എവിടെയോ നിന്നു പോകുമെന്ന് എല്ലാവരും കരുതിയ ഒരു സിനിമ. പക്ഷേ, പ്രതിബന്ധങ്ങളുടെ ഒട്ടേറെ പടവുകളിൽ തട്ടിത്തട്ടി നിന്നിട്ടും ഇരുവഴിഞ്ഞിപ്പുഴ കടലിലേക്കൊഴുകിയെത്തിയതുപോലെ ആ സിനിമയും പ്രേക്ഷകമനസ്സുകളിലേക്ക് ഓളംതല്ലിയെത്തി. ഒപ്പം മുക്കത്തെ മൊയ്തീന്റെയും കാഞ്ചനയുടെയും അനശ്വരപ്രണയവും... പ്രിയപ്പെട്ടവന്റെ മരണത്തിനുമപ്പുറത്തേക്കും നീണ്ട ആ പ്രണയത്തിന്റെ കഥ ‘എന്നു നിന്റെ മൊയ്തീ’നിലൂടെ തിരശീലയിലെത്തിക്കാൻ സംവിധായകൻ ആർ.എസ്. വിമലിനു വേണ്ടിവന്നത് നീണ്ട ആറുവർഷങ്ങളാണ്. തന്റെ ആദ്യചിത്രത്തിന്റെ വിശേഷങ്ങൾ കോട്ടയം അഭിലാഷ് തിയറ്ററിന്റെ പടിക്കെട്ടിലിരുന്ന് പറയുമ്പോൾ പുറത്ത് നേർത്ത ചാറ്റൽ മഴ. മൊയ്തീന്റെയും കാഞ്ചനയുടെയും പ്രണയത്തിലുടനീളം പെയ്ത അതേ ചാറ്റൽ മഴ...

സ്വന്തമായ മൊയ്തീനും കാഞ്ചനയും

വളരെ യാദൃച്‌ഛികമായാണ് മൊയ്തീനും കാഞ്ചനമാലയും വിമലിന്റെ ജീവിതത്തിലേക്കു കടന്നുവരുന്നത്. ജീവിതത്തിൽ മഹാത്യാഗം ചെയ്ത വ്യക്തികളെ കോർത്തിണക്കി വിമൽ ചെയ്ത ‘സുപ്രീം സാക്രിഫൈസ്’ എന്ന ഡോക്യുമെന്ററി പരമ്പരയാണ് അതിനു വഴിമരുന്നായത്. മൊയ്തീന്റെ സഹോദരൻ വി.പി. റഷീദ് തന്റെ ജ്യേഷ്ഠന്റെ അപൂർവ പ്രണയകാവ്യം വിമലിന്റെ ശ്രദ്ധയിൽപ്പെടുത്തുകയായിരുന്നു. 1982ൽ മരണമടഞ്ഞ മൊയ്തീനായി ഇപ്പോഴും മനസ്സൊരുക്കി കാത്തിരിക്കുന്ന കാഞ്ചനമാല വിമലിന്റെ മനസ്സിലുടക്കി. ഡോക്യുമെന്ററി ചിത്രീകരിക്കുന്നതിനായി കോഴിക്കോട്ടെ മുക്കത്ത് എത്തിയപ്പോഴാണ് ആ അനശ്വരപ്രണയത്തിന്റെ ആഴവും പരപ്പും അടുത്തറിഞ്ഞത്. ഇപ്പോഴും മൊയ്തീനെ പ്രതീക്ഷിച്ച് മുക്കത്തെ ഇരുവഴഞ്ഞിപ്പുഴക്കരയിൽ പോയിരിക്കുന്ന, തെയ്യത്തുംകടവിലെ മഴ നനയുന്ന കാഞ്ചനമാല വിമലിന്റെ ഹൃദയത്തിൽ കൂടുകൂട്ടി. ‘ജലം കൊണ്ടു മുറിവേറ്റവൾ’ എന്ന ഡോക്യുമെന്ററി പൂർത്തിയാക്കിയപ്പൊഴേക്കും അവരിൽനിന്നറിഞ്ഞ സ്നേഹത്തിന്റെയും ത്യാഗത്തിന്റെയും കഥകൾ മൊയ്തീന്റെയും കാഞ്ചനമാലയുടെയും കഠിനപാതകൾ താണ്ടിയുള്ള പ്രണയം സിനിമയാക്കണമെന്ന മോഹത്തിലാണു വിമലിനെ കൊണ്ടെത്തിച്ചത്.

prithviraj-vimal

ആഗ്രഹം അഭ്രപാളിയിലേക്ക് 2007 മുതൽ 2009 വരെ പത്രപ്രവർത്തനത്തിനൊപ്പം മൊയ്തീൻ–കാഞ്ചനമാല സിനിമയ്ക്കായുള്ള ഗൃഹപാഠങ്ങളിൽ വിമൽ മുഴുകി. യാത്രകൾചെയ്തും കുറിപ്പുകൾ തയാറാക്കിയും മുക്കത്തിന്റെ ചരിത്രമറിഞ്ഞുമൊക്കെയുള്ള ദിവസങ്ങൾ. ഇതിനിടെ ഇടയ്ക്കിടെ സിനിമയെന്തായി എന്നറിയാനുള്ള കാഞ്ചനമാലയെന്ന കാഞ്ചനേടത്തിയുടെ ആകാംക്ഷ നിറഞ്ഞ ഫോൺകോളുകളും. നല്ലസമയം വരട്ടെ അപ്പോൾ തുടങ്ങാം എന്നു മറുപടി കൊടുത്തെങ്കിലും, ആ സമയം എന്നുവരുമെന്ന ആശങ്കയിൽ ഉറങ്ങുകയും ഉണരുകയും ചെയ്ത ദിവസങ്ങളായിരുന്നു വിമലിന് ആ നാളുകൾ. ഏക വരുമാനമാർഗമായിരുന്ന പത്രപ്രവർത്തനം ഉപേക്ഷിച്ച് 2009ൽ സിനിമയ്ക്കുവേണ്ടി ഇറങ്ങിത്തിരിച്ചു. പിന്നീടങ്ങോട്ട് 2014 വരെ ആറുവർഷം ഈ സിനിമയ്ക്കുവേണ്ടി മാത്രമാണു വിമൽ ജീവിച്ചത്. നാലു തടിച്ച പുസ്തകങ്ങളിലായി വിശദമായ തിരക്കഥ പൂർത്തിയാക്കിയ ശേഷവും പ്രതിസന്ധികൾ തുടർന്നു. നിർമാതാക്കൾക്കായുള്ള കാത്തിരിപ്പ്. ഒടുവിൽ ഡോക്യുമെന്ററി കണ്ട മൂന്നു നിർമാതാക്കൾ ഈ സിനിമ ചെയ്യണമെന്ന ആഗ്രഹവുമായി വന്നപ്പോളാണ് ആശ്വാസമായത്. ഡോക്യുമെന്ററി കണ്ടിഷ്ടപ്പെട്ട നടൻ പൃഥിരാജ് പക്ഷേ, ഇതു സിനിമയാക്കാൻ കഴിയുമോ എന്ന ആശങ്കയാണു ആദ്യം പങ്കുവച്ചത്. എന്നാൽ തിരക്കഥ വായിച്ചശേഷം മറ്റൊന്നും ചിന്തിക്കാതെ പൃഥ്വി, മൊയ്തീനാകാൻ സമ്മതിച്ചു.

മുക്കത്തെ മുന്നൊരുക്കങ്ങൾ 2007 മുതലുള്ള മുക്കം അനുഭവങ്ങളാണു വിമലിനെ ഏറെ സഹായിച്ചത്. കാഞ്ചനമാല, മൊയ്തീന്റെ ആത്മസുഹൃത്ത് മുക്കം ഭാസി (സിനിമയിൽ സുധീർ കരമന), ബി.പി. റഷീദ് എന്നിവർ നൽകിയ അറിവുകൾ മൊയ്തീൻ–കാഞ്ചനമാല പ്രണയത്തിനൊപ്പം മുക്കത്തിന്റെ ചരിത്രവും രാഷ്ട്രീയവും വെള്ളിവെളിച്ചത്തിൽ എത്തിക്കുന്നതിൽ പ്രധാനപങ്കുവഹിച്ചു. മുക്കത്തിനു സമീപം ബി.പി. റഷീദിന്റെ വീട് സിനിമാ ചർച്ചകൾക്കും എഴുത്തിനുമൊക്കയുള്ള പർണശാലയായി. ആദ്യമായി സിനിമ ചെയ്യുന്ന സംവിധായകനൊപ്പം സഹായികളായി ഉണ്ടായിരുന്നതും ആദ്യമായി സിനിമയിലേക്കുവരുന്ന പത്ത് സഹ സംവിധായകരായിരുന്നു. നീണ്ടവർഷത്തെ തയാറെടുപ്പുകളുടെ ഭാഗമായി ഒരോ ഷോട്ടും വ്യക്തമായി കാണിക്കുന്ന ഡിജിറ്റൽ സ്റ്റോറി ബോർഡും തയാറാക്കി. ഇതു ചിത്രീകരണം എളുപ്പമാക്കി. വരച്ചെടുത്ത ആ അതിസുന്ദരമായ ചിത്രങ്ങൾപ്പോലെ ഫ്രെയിമുകൾ ഒപ്പിയെടുക്കുന്നതിൽ ക്യാമറാമാൻ ജോമോൻ ടി. ജോൺ വിജയിച്ചെന്നു വിമൽ സാക്ഷ്യപ്പെടുത്തുന്നു. പശ്ചാത്തല സംഗീതത്തിന് ഏറെ പ്രധാന്യം നൽകിയായിരുന്നു സ്ക്രിപ്റ്റ് തയാറാക്കിയത്. എന്നാൽ അതിനെല്ലാം അപ്പുറം കണ്ണുനിറയിക്കുന്നതും ചങ്കിടിപ്പുകൂട്ടുന്നതുമായ പശ്ചാത്തല സംഗീതം നിർവഹിച്ച് ഗോപീസുന്ദറിന്റെ വിരലുകൾ മാജിക് കാട്ടി. ജൂനിയർ ആർടിസ്റ്റുകളുടെ ശബ്ദംപോലും വിമൽ ഒപ്പമിരുന്ന് വളരെ സൂക്ഷ്മതയോടെയാണു ഡബ് ചെയ്തത്. കടിഞ്ഞൂൽ സിനിമയുടെ തിരക്കിന്റെ ഈ ആറുവർഷത്തിനിടെ മറ്റൊരു സിനിമപോലും കാണാൻ സാധിച്ചില്ലെന്നു വിമൽ പറയുന്നു. സിനിമയുടെ ചിത്രീകരണത്തിനിടെ ഒട്ടേറെപ്പേർ തന്റെ ശത്രുക്കളാകുന്നതും കണ്ടു. പക്ഷേ, വേദനയും വിരഹവും എഴുത്തുമഷിയിലെ ഊർജമാകുന്ന പഴയ പഠനകാലം ഓർത്ത് അതെല്ലാം പോസിറ്റീവായി എടുക്കുകയായിരുന്നു.

parvathy-prithvi-vimal

കൂടെ നിന്നവർ, കൂട്ടായവർ പലവിധ പ്രതിസന്ധികൾവന്ന് ചിത്രീകരണംനിന്നു പോയേക്കാവുന്ന ഒട്ടേറെനിമിഷങ്ങൾ പിന്നിട്ടാണ് ‘എന്നു നിന്റെ മൊയ്തീൻ’ തിയറ്ററിലെത്തിയത്. തളർന്നുപോയ പലഘട്ടങ്ങളിലും ആശ്വാസവാക്കുകളിലൂടെ അത്മവിശ്വസം നൽകി കൂടെനിന്നയാളാണ് പൃഥ്വിരാജ്. മൊയ്തീന്റെ സഹോദരൻ ബി.പി. റഷീദിന്റെ പിന്തുണയില്ലായിരുന്നെങ്കിൽ ഈ സിനിമ ഉണ്ടാകില്ലായിരുന്നു. ചിത്രീകരണം ഏറെ നീണ്ടുപോയിട്ടും, പലതവണ ഷെഡ്യൂൾ ബ്രേക്ക് ഉണ്ടായിട്ടും കൂടെനിന്ന നിർമാതാക്കളായ ബിനോയ് ശങ്കരത്ത്, സുരേഷ് രാജ്, രാജീവ് തോമസ്, കാഞ്ചനമാലയെ അനശ്വരമാക്കിയ പാർവതി, കഥാപാത്രങ്ങളായി ജീവിച്ച താരങ്ങൾ, സ്നേഹനിശ്വാസങ്ങൾക്കൊണ്ട് കരുതലേകിയ അധ്യാപികയായ ഭാര്യ നിജു, മകൾ അദ്വൈത ഇവരെല്ലാം നൽകിയ സഹായ സഹകരണങ്ങൾ വിമൽ പറയുമ്പോൾ കണ്ഠമിടറുന്നു, കണ്ണീർ ചാറുന്നു. പ്രേക്ഷകരുടെ പ്രതികരണമാണ് ഏറെ ഞെട്ടിച്ചത്. മൊയ്തീന്റെയും കാഞ്ചനമാലയുടെയും അനശ്വരപ്രണയം നല്ലൊരു സിനിമയാക്കാമെന്നു മാത്രമായിരുന്നു വിമലിന്റെ ഉറപ്പ്. അതിനെ പ്രേക്ഷകർ ഇതുപോലെ ഇരുകയ്യുംനീട്ടി സ്വീകരിക്കുമെന്ന് സ്വപ്നത്തിൽപ്പോലും വിചാരിച്ചില്ല. മഴയോടൊപ്പമേ മൊയ്തീന്റെയും കാഞ്ചനമാലയുടെയും പ്രണയം പറനാനാകൂ എന്നു വിമലിന് നല്ല ബോധ്യമുണ്ടായിരുന്നു. മൊയ്തീനും കാഞ്ചനമാലയും പ്രണയിക്കുമ്പോഴുള്ള ചാറ്റൽമഴ, വിരഹത്തിനു കൂട്ടായി നിൽക്കുന്ന മഴ തോർന്ന പകൽ, ബാപ്പ ഉണ്ണിമൊയ്തീൻ സാഹിബുമായുള്ള സംഘർഷങ്ങൾക്കൊപ്പമുള്ള പെരുമഴ, അശുഭമായ സന്ദർഭങ്ങളിൽ അങ്ങകലെ ഇടിവെട്ടിപ്പെയ്യുന്ന മഴ... വിമലിന്റെ മനസ്സിൽ മഴ ഇപ്പോഴും ആർത്തലച്ചു പെയ്യുകയാണ്. അതൊന്നു തോർന്ന് മൊയ്തീനെ എവിടെങ്കിലും ഭദ്രമായി കുടിയിരുത്തിയശേഷം മാത്രം അടുത്ത സിനിമ.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.