Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജെറി അല്ലായിരുന്നു നിവിന് കരുതിയ വേഷം: വിനീത് വെളിപ്പെടുത്തുന്നു

Vineeth Sreenivasan

വിനീത് ശ്രീനിവാസൻ ആദ്യം സംവിധാനം ചെയ്ത സിനിമയിൽ എല്ലാവരും പുതുമുഖങ്ങൾ ആയിരുന്നെങ്കിൽ ആദ്യമായി നിർമിക്കുന്ന ചിത്രത്തിൽ സംവിധായകനും അണിയറ പ്രവർത്തകരും താരങ്ങളും പുതുമുഖങ്ങളാണ്. ഗണേഷ് രാജ് സംവിധാനം ചെയ്യുന്ന ആനന്ദമാണ് വിനീത് നിർമിക്കുന്നത്. വിനീതിന്റെ അസിസ്റ്റന്റ് സംവിധായകനായിരുന്ന ഗണേഷ് രാജിന്റെ കന്നി സംരംഭമാണ് ആനന്ദം. ഹാബിറ്റ് ഓഫ് ലൈഫെന്നാണു വിനീതിന്റെ നിർമാണ കമ്പനിയുടെ പേര്. ചിത്രത്തിൽ 16 പുതുമുഖ നടൻമാരും 16 പുതുമുഖ നടിമാരും അരങ്ങേറ്റം കുറിക്കുന്നു. വിനീത് സംസാരിക്കുന്നു.

∙ഒഴുക്കിനെതിരെ നീന്തുന്ന സ്വഭാവം ചിത്രങ്ങളിൽ പ്രകടമാണല്ലോ ?

തിര ചെയ്യുന്നതിനു മുൻപു തന്നെ അറിയാമായിരുന്നു അതു സെയ്ഫ് സോണിൽ ഉള്ള ഒരു പടമല്ലെന്ന്. തിയറ്ററിൽ തരക്കേടില്ലാത ഒരു ഓട്ടമുണ്ടായെന്നു മാത്രം. ജേക്കബ് ചെയ്യുമ്പോളും എനിക്കു ടെൻഷനുണ്ടായിരുന്നു. ഉള്ളിൽ നിന്ന് ഏറെ ആഗ്രഹിച്ച് എടുത്തിട്ടുള്ളവയാണ് ഇതുവരെയുള്ള സിനിമകൾ. മലർവാടി ചെയ്യുമ്പോളും തിര ചെയ്യുമ്പോളും ആ കഥകൾ സിനിമയായി കാണണമെന്ന എന്റെ ആഗ്രഹമാണു മുന്നോട്ടു നയിച്ചിരുന്നത്. ജേക്കബിൽ എന്റെ കൂട്ടുകാരന്റെ കഥയാണെന്നതാണ് എന്നെ മോട്ടിവേറ്റ് ചെയ്തിരുന്നത്. സംവിധാനം ചെയ്യുന്ന സിനിമകളെ ഞാൻ ഒരിക്കലും പ്രോജക്ടായി കാണാറില്ല. ഒരാളുടെ ജീവിതത്തിൽ അയാളുടെ ഇഷ്ടത്തിന് 20 സിനിമയാണു ശരാശരി എടുക്കാൻ കഴിയുക.

ആ സിനിമകളിൽ നമ്മൾ റിസ്ക് എടുത്തില്ലെങ്കിൽ ഏതിലാണ് എടുക്കുക. റിസ്ക് ഉണ്ടായാലും ഇല്ലെങ്കിലും മനസ്സിനിഷ്ടപ്പെട്ട സിനിമകൾ ചെയ്യണമെന്നാണു വിചാരിക്കുന്നത്. ഫാമിലി ഓഡിയൻസായിരിക്കും ജേക്കബിനു വരികയെന്നാണു കരുതിയത്. എന്നാൽ യുവാക്കൾ സ്വീകരിച്ചുവെന്നതാണു വലിയ സന്തോഷം, അച്ഛനോടു സ്നേഹം ഉണ്ടെങ്കിലും ഒരു പ്രായം കഴിഞ്ഞാൽ ജോലിത്തിരക്കും മറ്റുമായി അവരെ സ്നേഹിക്കാനോ ശ്രദ്ധിക്കാനോ കഴിയാതെ വന്ന ഒട്ടേറെപ്പേർ എന്നെ വിളിച്ചിരുന്നു. ആദ്യമായിട്ടാണ് ഇത്രയും വ്യക്തിപരമായ ഫോൺ കോളുകൾ എന്നെ തേടിയെത്തുന്നത്.

∙പ്രതീക്ഷിച്ച ക്ലൈമാക്സാണു സിനിമയ്ക്കുണ്ടായിരുന്നത് ?

വടക്കൻ സെൽഫിയൊഴിച്ചുള്ള എല്ലാ സിനിമകളിലും പ്രതീക്ഷിക്കുന്ന ക്ലൈമാക്സാണ്. അതിൽ തെറ്റില്ല. പ്രേക്ഷകർ ആഗ്രഹിക്കുന്ന ക്ലൈമാക്സ് ഓരോ സിനിമയ്ക്കുമുണ്ട്. ആ പ്രതീക്ഷ അവർക്കിഷ്ടമാണ്. മകൻ നടത്തിയ പോരാട്ടത്തിന്റെ കഥയേക്കാളുപരി എന്നെ ആകർഷിച്ചത് ഒരു ബുദ്ധിമുട്ട് ഉണ്ടാകുമ്പോൾ ഒരു കുടുംബത്തിൽ എന്തു സംഭവിക്കുന്നുവെന്നാണ്. അച്ഛന്റെ അഭാവത്തിൽ ആ സ്ഥാനത്തേക്കു മകൻ ഉയരേണ്ടതുണ്ട്. പലരും പല റോളിലേക്കു മാറപ്പെടുന്നു. അതൊക്കെ കാണിക്കാനാണു ശ്രമിച്ചത്. ഈ വിഷയങ്ങളുള്ള സിനിമകൾ ഞാൻ‍ കണ്ടിട്ടില്ല.

nivin-aima

∙ട്രെൻഡിൽ നിന്നു മാറി നടക്കുന്നതു ബോധപൂർവമാണോ?

അങ്ങനെ മാറി ചെയ്യുന്നത് ആലോചിക്കാറുണ്ട്. മിക്കപ്പോഴും പോസിറ്റീവായിട്ടാണു വന്നിട്ടുള്ളത്. തട്ടത്തിൻ മറയത്ത് ആലോചിക്കുമ്പോൾ ഒരു നല്ല പ്രണയകഥ മലയാളത്തിൽ വന്നിട്ട് എത്ര നാളായെന്നായിരുന്നു ചിന്ത. ആ സമയത്ത് അങ്ങനെ ഒരു കഥ വന്നാൽ നന്നായിരിക്കുമെന്നു തോന്നി. പുറത്തു കാണിക്കില്ലെങ്കിലും മലയാളികൾ ഉള്ളിന്റെയുള്ളിൽ വളരെ റൊമാന്റിക്കാണ്. ഒരു വർഷത്തെ ഹിറ്റ് പാട്ടുകൾ എടുത്താൽ തമിഴിൽ അടിപൊളി പാട്ടുകളാണു ഹിറ്റുകളെങ്കിൽ മലയാളത്തിൽ മെലഡികളാണ്. എന്നാൽ, പ്രണയചിത്രങ്ങളിൽ ലേശം പൈങ്കിളി കൂടിയാൽ നമ്മുടെ ആളുകൾ കൂവും. പൈങ്കിളിയുടെ അളവു നിയന്ത്രിച്ചു സിനിമ എടുത്താൽ മാത്രമേ സ്വീകരിക്കൂ.

ജേക്കബിന്റെ സ്വർഗരാജ്യം വന്നതു ചെറുപ്പക്കാരുടെ സിനിമകളുടെ നടുവിലാണ്. ഇടിച്ചു കയറി സിനിമ കാണുന്നവർ ഇതിനു വരില്ല. ഫാമിലിയാണു സിനിമ കാണാനെത്തുകയെന്ന് ആദ്യമേ കണക്കു കൂട്ടിയിരുന്നു. കുടുംബത്തോടു സ്നേഹമുള്ളവരാണു മലയാളികൾ. മക്കളുടെ കല്യാണത്തിനു വേണ്ടിയാണു ജീവിതത്തിലെ ഏറിയ പങ്കും അധ്വാനിക്കുന്നത്. കുടുംബത്തോടുള്ള മലയാളികളുടെ സ്നേഹമാണു സിനിമയുമായി മുന്നോട്ടു പോകാൻ പ്രേരിപ്പിച്ചത്. ആ പ്രതീക്ഷ തെറ്റിയില്ല.

nivin-pauly

∙സ്വന്തം സിനിമയിൽ നായകനാകാത്ത സംവിധായകൻ, അതേ സമയം നിർണായകമായ ചെറിയ വേഷങ്ങളിൽ പ്രത്യക്ഷപ്പെടുന്നു?

ജേക്കബിന്റെ സ്വർഗരാജ്യത്തിൽ ഞാൻ പ്രധാനവേഷം ചെയ്യാൻ വിചാരിച്ചിരുന്നതാണ്. ചെറിയ ബജറ്റിൽ എടുക്കുന്നതിനാലാണു ഞാൻ തന്നെ നായകനാകാൻ തീരുമാനിച്ചത്. ചില സിനിമകളിലെ കഥാപാത്രങ്ങൾ നമ്മൾക്കു നല്ല പോലെ റിലേറ്റ് ചെയ്യാൻ പറ്റും. വടക്കുനോക്കിയന്ത്രവും ചിന്താവിഷ്ടയായ ശ്യാമളയും അച്ഛൻ ചെയ്തത് ആ സിനിമയിൽ അച്ഛന് അച്ഛനെ കാണാൻ പറ്റുന്നതു കൊണ്ടാണ്. ആ അപകർഷതാ ബോധവും മറ്റും അച്ഛനു കറക്റ്റാണെന്നു തോന്നിയതിനാലാകണം. ഞാൻ ചെയ്യണമെന്നു വിചാരിച്ച വേഷം ചിത്രത്തിന്റെ കഥ കേട്ട നിവിൻ ചെയ്യാൻ തയാറാകുകയായിരുന്നു. ഞാൻ നായകനായിരുന്നെങ്കിൽ നിവിൻ ചെയ്യേണ്ടിയിരുന്ന വേഷമാണു യൂസഫ് ഷായുടേത്. അവസാനം ഞാനതു ചെയ്തു. 

Your Rating: