Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കുഞ്ഞിശ്രീനിവാസം

Vineeth_Dhyan

വമ്പൻമാർക്കിടയിൽ ഒരു കുഞ്ഞി ചിത്രവുമായാണു വിനീത് ശ്രീനിവാസൻ - ധ്യാൻ ശ്രീനിവാസൻ സഹോദരങ്ങൾ ഇത്തവണ ഓണമാഘോഷിക്കാൻ എത്തുന്നത്. സാങ്കൽപിക ഗ്രാമത്തിന്റെ കഥ പറയുന്ന കുഞ്ഞിരാമായണം അണിയിച്ചൊരുക്കുന്നതു നവാഗതനായ ബേസിൽ ജോസഫാണ്. ആദ്യമായി ഇരുവരും ഒരുമിച്ചഭിനയിക്കുന്ന ചിത്രത്തിന്റെ വിശേഷങ്ങളുമായി വിനീതും ധ്യാനും.

കുഞ്ഞിരാമായണം

ബേസിൽ ജോസഫിനെ നേരത്തെയറിയാം. തിരയിൽ ഞങ്ങളെല്ലാവരും ഒരുമിച്ചു വർക്ക് ചെയ്തിട്ടുണ്ട്. ഹ്യൂമർ സെൻസ് നല്ലപോലെയുള്ള ഒരാളാണു േബസിൽ. മുൻപു ബേസിലിന്റെ ഷോർട്ട് ഫിലിമുകൾ കണ്ടു മെസേജ് അയച്ചിട്ടുണ്ട്. അതിനു ശേഷമാണു തിരയിൽ അസിസ്റ്റന്റ് ഡയറക്ടറാകണമെന്ന ആഗ്രഹവുമായി ബേസിലെത്തുന്നത്. ഓർമയുണ്ടോ ഈ മുഖത്തിന്റെ ഷൂട്ടിങ് നടക്കുമ്പോളാണു ബേസിലും കഥാകൃത്ത് ദീപുവും വന്നു കാണുന്നത്. കഥയുടെ ഐഡിയ കേട്ടപ്പോൾ രസമുള്ളതായി തോന്നി. നമ്മൾ കണ്ടിഷ്ടപ്പെട്ട എൺപതുകളിലെയും തൊണ്ണൂറുകളിലെയും പഴയ സിനിമകളുടെ ഫ്ലേവർ ഓർമിപ്പിക്കുന്ന സിനിമ.

പാടുപെട്ടാണു ചിത്രത്തിൽ ഡാൻസ് ചെയ്തതെന്നു ധ്യാൻ ഫെയ്സ്ബുക്കിൽ എഴുതിക്കണ്ടു?

നീരജ് മാധാവാണു സൽസ എന്ന പാട്ടിന്റെ കോറിയോഗ്രഫി ചെയ്തത്. ഒന്നോ രണ്ടോ സ്റ്റെപ്പേയുള്ളു. കൂടെയുള്ള ആർക്കും ഡാൻസ് അറിയാത്തതു കൊണ്ടു ഞാനും പിടിച്ചു നിന്നുവെന്നതു സത്യമാണ്. ഞാൻ പാടുപെട്ടാണ് അത് ഒപ്പിച്ചിരിക്കുന്നത്.

Salsa Song

വിനീത് അഭിനയത്തിലാണ് ഈയിടെ കൂടുതൽ ശ്രദ്ധ പതിപ്പിക്കുന്നത്, സംവിധാനം വിടുമോ?

അടുത്ത പടം സംവിധാനം ചെയ്യാനുള്ള തയാറെടുപ്പിലാണ്. റിലീസായ പല സിനിമകളും നേരത്തെ കഥ കേട്ടു കമ്മിറ്റ് ചെയ്തതാണ്. സെക്കൻഡ് ക്ലാസ് യാത്ര 2012–ൽ കഥ കേട്ട ചിത്രമാണ്. ഓർമയുണ്ടോ ഈ മുഖവും അങ്ങനെ വന്നതാണ്. നേരത്തെ ഉറപ്പിച്ച സിനിമകൾ തുടങ്ങിയപ്പോൾ വൈകിയതാണ്.

സിനിമ തിരഞ്ഞെടുക്കാനുള്ള മാനദണ്ഡം?

കഥ കേൾക്കുമ്പോൾ പടം ഹിറ്റാകുമോ ഇല്ലയോ എന്ന ഉറപ്പൊന്നും പറയാൻ കഴിയില്ല. അങ്ങനെ ഊഹം തോന്നാറുമില്ല. സ്ക്രിപ്റ്റിൽ ചില കാര്യങ്ങൾ കൊള്ളാമെന്നു തോന്നിക്കഴിഞ്ഞാൽ അതാണ് ഒരു തിരക്കഥ തിരഞ്ഞെടുക്കാൻ പ്രേരിപ്പിക്കുന്നത്. ചെയ്യുന്ന ആളോടും ഒരു വിശ്വാസം തോന്നണം. കഥ പറയാൻ വരുന്നവർക്കു സ്വന്തം സ്ക്രിപ്റ്റിൽ ആത്മവിശ്വാസമുണ്ടോയെന്നും ഉറപ്പാക്കും.

സംവിധായകനെന്ന നിലയിൽ അഭിനയിക്കുന്ന ചിത്രങ്ങളിൽ ഇടപെടാറുണ്ടോ?

തിരക്കഥ ചർച്ച ചെയ്യുമ്പോൾ അഭിപ്രായം ചോദിച്ചാൽ തീർച്ചയായും പറയാറുണ്ട്. സുഹൃത്തുക്കളാണെങ്കിൽ നമ്മൾ പരസ്പരം അഭിപ്രായങ്ങൾ പറയുമല്ലോ. എന്നാൽ സെറ്റിൽ വന്നു കഴിഞ്ഞാൽ ഒന്നിലും ഇടപെടാറില്ല.

Dhyan

അന്യഭാഷകളിൽ യുവനിര വന്നതു പെട്ടെന്നാണ്. മലയാളത്തിൽ മാറ്റത്തിനു സമയമെടുത്തില്ലേ?

2010–നു ശേഷമാണു നമ്മുടെ സിനിമകൾക്കു ശരിക്കും മാറ്റം സംഭവിച്ചത്. സിനിമാട്ടോഗ്രഫിയിലും പിന്നെ മൊത്തത്തിലുള്ള ലുക്കിലുമൊക്കെ മാറ്റം വന്നു. കഥാ ദാരിദ്ര്യം എന്നു പറഞ്ഞു കൊണ്ടിരുന്നെങ്കിലും പുതിയ രീതിയിലുള്ള കഥകൾ വന്നു. ട്രാഫിക്, സാൾട്ട് ആൻഡ് പെപ്പർ പോലെയുള്ള പുതിയ കഥകളിലാണു പുതിയ ആളുകൾക്കു സ്പെയിസ് കിട്ടിത്തുടങ്ങിയത്.

പല ന്യൂജനറേഷൻ ചിത്രങ്ങളിലും കഥാപാത്രങ്ങൾക്ക് അമ്മയും അച്ഛനും ബന്ധുക്കളൊന്നുമില്ലെന്ന പരാതിയുണ്ടല്ലോ?

നമ്മുടെ പടങ്ങളിലൊക്കെയുണ്ട്. പക്ഷേ, പ്രാധാന്യം ചെറുപ്പക്കാർക്കാണെന്നേയുള്ളു. പരീക്ഷണ സിനിമകൾ ‍ഞാൻ ചെയ്തിട്ടില്ല. അടുത്ത സിനിമ പക്കാ ഫാമിലി സിനിമയാണ്. ധ്യാൻ- അച്ഛനും അമ്മയും അപ്പൂപ്പനും മക്കളുമെല്ലാമുള്ള ഒരു ചിത്രമാണ് അടുത്തത്.

തമിഴിലുള്ള പോലെ പല തലമുറകളിലുള്ള അഭിനേതാക്കളുടെ വലിയ നിര മലയാളത്തിൽ ഇല്ലെന്ന ഒരു പ്രശ്നമില്ലേ?

അതാണു നമ്മൾ നേരിടുന്ന പ്രശ്നം. ആവശ്യത്തിനു വ്യത്യസ്ത അഭിനേതാക്കളില്ല. മലയാളത്തിൽ അടുത്തതായി വരേണ്ടതു താരങ്ങളാണ്. 20 വയസുള്ള ഒരു ആർട്ടിസ്റ്റ് എന്നു പറഞ്ഞാൽ എല്ലാവർക്കും ഇഷ്ടമാകുന്ന രണ്ടു മൂന്നു പേരെങ്കിലും വേണം. എല്ലാ ഏജ് ഗ്രൂപ്പിലും തമിഴിൽ അങ്ങനെ താരങ്ങളുണ്ട്.

അച്ഛന്റെ കൃഷിയോടുള്ള താൽപര്യം നിങ്ങൾക്ക് ആർക്കാണു കിട്ടിയത്?

വിനീത് - അത് ഒരു മൂവ്മെന്റ് ആയി മാറിക്കഴിഞ്ഞു. ഞാൻ അതിലോട്ട് അങ്ങനെ വന്നിട്ടില്ല, ധ്യാനിന്റെ കാര്യം എനിക്കറിയില്ല (ധ്യാനിനെ നോക്കുന്നു)
ധ്യാൻ - ഈ പ്രായത്തിൽ കൃഷിയെക്കുറിച്ച് ആലോചിച്ചിട്ടില്ല, സമയമുണ്ടല്ലോ. അച്ഛനു പണ്ടു മുതലുള്ള താൽപര്യമാണ്.

Vineeth_Dhyan1

അച്ഛൻ വീണ്ടും സംവിധാനം ചെയ്യുന്ന ഒരു സിനിമ എന്നാണ്?

വിനീത് – കൃഷിയിൽ സജീവമായതിനാൽ അച്ഛനു സമയക്കുറവ് ഒരു പ്രശ്നമാണ്. പുതിയ തിരക്കഥ ആലോചിക്കുന്നുണ്ടെന്നാണു ഞാനറിഞ്ഞത്.

ധ്യാൻ രോഷാകുലനായ ചെറുപ്പക്കാരനാണ് തിരയിൽ, കുഞ്ഞിരാമായണത്തിൽ സ്ത്രൈണതയാണു കഥാപാത്രത്തിന്റെ മുഖമുദ്ര?

ഒരേ പോലുള്ള റോൾ ചെയ്താലല്ലേ പ്രശ്നം. ഇവന് ഇതു മാത്രമേ അറിയൂന്നു ആളുകൾ പറയും. ഷൂട്ടിങ് സമയത്തു സ്ത്രൈണത കൂടുതലായിരുന്നു. ഡബ്ബ് ചെയ്തപ്പോൾ കുറച്ചു കൊണ്ടുവന്നിട്ടുണ്ട്. എന്റെയൊപ്പം കോമ്പിനേഷൻ സീനുകളിൽ അജു വർഗീസാണുള്ളത്. തുടക്കം മുതൽ ഞങ്ങൾ ഒരുമിച്ചാണ് ഈ കഥ കേൾക്കുന്നത്. കുട്ടനും ലാലുവെന്നുമാണു ഞങ്ങളുടെ കഥാപാത്രങ്ങളുടെ പേര്. നേരത്തെ പരിചയമുണ്ടായതിനാൽ നല്ല പോലെ ചെയ്യാൻ കഴിഞ്ഞുവെന്നാണ് വിശ്വാസം. മറ്റാരെങ്കിലുമായിരുന്നെങ്കിൽ ചിലപ്പോൾ ബുദ്ധിമുട്ടായേനെ.

ഇല്ലാത്ത ഒരു ഗ്രാമം ഉണ്ടെന്നു വിശ്വസിപ്പിക്കാൻ ബുദ്ധിമുട്ടല്ലേ?

ആ ഗ്രാമത്തിൽ പ്രേക്ഷകരെ എത്തിക്കാൻ കഴിഞ്ഞാൽ അവർക്കു ബാക്കിയെല്ലാം ഇഷ്ടമാകും. അതിനു റിലീസ് വരെയുള്ള കാത്തിരിപ്പിലായിരുന്നു ഞങ്ങൾ. മുത്തശ്ശിക്കഥ പോലെ പറഞ്ഞു പോകുന്ന കഥയാണ്.