Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നിവിൻ വന്നാൽ എന്റെ ജോലി എളുപ്പമാകും: വിനീത്

nivin-vineeth നിവിൻ പോളി, വിനീത് ശ്രീനിവാസൻ

ജേക്കബിന്റെ സ്വർഗ രാജ്യത്തിലൂടെ മലയാളി പ്രേക്ഷകരുടെ മനസു കീഴടക്കാനൊരുങ്ങുകയാണ് വിനീത് ശ്രീനിവാസനും കൂട്ടുകാരും. ഒരു വർഷത്തെ ഇടവേളയ്ക്കു ശേഷം വിനീത് നിവിൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രമാണ് ജേക്കബിന്റെ സ്വർഗരാജ്യം. സിനിമയുടെ വിശേഷങ്ങൾ വിനീത് പറയുന്നു.

എന്തുകൊണ്ട് വീണ്ടും നിവിൻ പോളിയെ നായകനാക്കുന്നു?

വടക്കൻ സെൽഫി ചെയ്യുന്ന സമയത്ത് ഇങ്ങനെയൊരു സിനിമ മനസിലുണ്ടെന്ന് നിവിനോട് പറഞ്ഞിരുന്നു. അപ്പോൾ ഇത് എഴുതിയിട്ടൊന്നുമില്ല. എങ്കിലും ഒന്നു രണ്ടു സീനുകളെക്കുറിച്ചു പറഞ്ഞു. ചെറിയ ബഡജറ്റ് പടമാണ്. കൂട്ടുകാരൻ നോബിളാണ് ചിത്രം നിർമിക്കുന്നതെന്നും പറഞ്ഞിരുന്നു. ചിലപ്പോൾ ഞാൻ തന്നെ അഭിനയിക്കും എന്നും പറഞ്ഞിരുന്നു. അപ്പോൾ വലിയ ബഹളങ്ങളൊന്നുമില്ലാതെ ചിത്രം നടക്കുമല്ലോ എന്നും നിവിനോട് പറഞ്ഞിരുന്നു. പിന്നീടൊരിക്കൽ നിവിൻ വിളിച്ച് എന്നോട് ചോദിച്ചു, നീ അഭിനയിക്കുന്നില്ലെങ്കിൽ ആ സിനിമയിൽ ഞാൻ അഭിനയിച്ചോട്ടെ എന്ന്? അങ്ങനെ നിവിനെ തീരുമാനിക്കുകയായിരുന്നു.

nivin-jacobinte

നിവിന്റെ പ്രേമം സിനിമ കഴിഞ്ഞു നിൽക്കുന്ന സമയമായതിനാൽ ഇൗ ചിത്രത്തിലെ ജെറി എന്ന സാധാരണക്കാരനായ ചെറുപ്പക്കാരനെ ‍ജനങ്ങൾ സ്വീകരിക്കുമോ എന്ന് ഭയമുണ്ടായിരുന്നു. എങ്കിലും ഞങ്ങളുടെ ടീമിലുള്ളവരെല്ലാം നിവിൻ മതി എന്നു തീരുമാനിക്കുകയായിരുന്നു. പിന്നെ നിവിൻ അഭിനയിച്ചാൽ എന്റെ ജോലികൾ എളുപ്പമാകും.

രഞ്ജി പണിക്കർ ജേക്കബാകാൻ കാരണം?

ഒരു കുടുംബത്തിന്റെ ഏറ്റവും പ്രധാന ഘടകം ഗൃഹനാഥനാണ്. ജേക്കബിന്റെ കുടുംബത്തിന്റെ കഥയാണ് ഇൗ ചിത്രം പറയുന്നത്. ജേക്കബും നാലുമക്കളുമാണ് കഥയുടെ കേന്ദ്രബിന്ദു. ജേക്കബായി രഞ്ജി അങ്കിളിനെ മാത്രമേ മനസിൽ കാണാൻ കഴിഞ്ഞുള്ളൂ. അദ്ദേഹം പൂർണമായും ഞങ്ങളോട് സഹകരിച്ചു. തീപ്പൊരി ഡയലോഗുകളൊക്കെ എഴുതുമെങ്കിലും മാടപ്രാവിന്റെ മനസാണ് അദ്ദേഹത്തിന്. ഏറ്റവും ആദ്യം സെറ്റിലെത്തുന്നത് അദ്ദേഹമായിരിക്കും. മാടപ്രാവിന്റെ മനസും വീരപ്പന്റെ ഡയലോഗുകളുമാണ് അദ്ദേഹത്തിന്റേത്.

jacobinte-swargarajyam

അജുവിന്റെ സഹസംവിധാനം എങ്ങനെയുണ്ട്?

അജു വളരെ നന്നായി തന്നെ ഏൽപ്പിച്ച ജോലി ചെയ്തു. അവന്റെ വലിയൊരു ആഗ്രഹമായിരുന്നു സിനിമയുടെ ടെക്നിക്കൽ സൈഡ് പഠിക്കുക എന്നത്, സിനിമയുടെ ദിവസങ്ങളിൽ അവൻ മൂന്നു മണിക്കൂറിൽ കൂടുതൽ ഉറങ്ങിയിട്ടില്ല. ഷാർജയിലൊക്കെ ഷൂട്ട് നടക്കുമ്പോൾ ഒരു പാട് മലയാളികൾ ഇതു കാണാനെത്തും. അവരെയൊക്കെ സ്ക്രീനിൽ നിന്ന് മാറ്റുക എന്നത് സഹസംവിധയകനെന്ന നിലയിൽ അജുവിന്റെ ജോലിയാണ്. അവരെ മാറ്റാനായി അജു ചെല്ലുമ്പോൾ അവർ അജുവിനെ ഒപ്പം നിർത്തി സെൽഫിയെടുക്കുന്ന കാഴചകളൊക്കെ വളരെ രസകരമായിരുന്നു. അജുവിന്റെ മക്കളും ഇൗ സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. സിനിമയുടെ ട്രെയിലറിൽ നിവിനെടുത്തിരിക്കുന്ന കുട്ടികൾ അജുവിന്റെ മക്കളാണ്.

സിനിമ മുഴുവൻ ദുബായിൽ ചിത്രീകരിക്കാൻ കാരണം?

ഇതൊരു യഥാർഥ ജീവിത കഥയാണ്. എന്റെ കൂട്ടുകാരന്റെ ജീവിതത്തിൽ സംഭവിച്ച കഥയാണ്. അവന്റെ കുടുംബം ദുബായിൽ സ്ഥിരതാമസമാണ്. യാഥാർഥ്യത്തോട് നീതി പുലർത്താനാണ് ദുബായിൽ ചിത്രീകരിച്ചത്.

jacobinte-swargarajyam

നായികയായി പുതുമുഖം വേണമെന്ന തീരുമാനത്തിനു പിന്നിൽ?

കഥാപാത്രത്തിന് പറ്റിയ മുഖം തേടി പോയതാണ്. ബാംഗ്ലൂരിലുള്ള റീബജോണാണ് നായിക ചിപ്പിയെ അവതരിപ്പിക്കുന്നത്. ദുബായിലാണ് താമസമെങ്കിലും ജാഡയൊന്നുമില്ലാത്ത പള്ളിയിലൊക്കൊ പോയി വരുന്ന ഒരു സാധാരണ പെൺകുട്ടിയെയായിരുന്നു വേണ്ടത.്

jacobinte-swargarajyam-1

എന്തുകൊണ്ട് കൂട്ടുകെട്ടിൽ മാത്രം ചിത്രങ്ങൾ ഉണ്ടാകുന്നു.?

അത് സംഭവിച്ചു പോകുന്നതാണ്. എല്ലാതാരങ്ങളോടുമൊപ്പം ജോലിചെയ്യണമെന്ന് എനിക്ക് ഒരുപാട് ആഗ്രഹമുണ്ട് . പക്ഷേ, തിരക്കഥ പൂർത്തിയായി വരുമ്പോൾ അങ്ങനെ സംഭവിച്ചു പോകുന്നു. ഭാവിയിൽ എല്ലാവരോടുമൊപ്പമുള്ള സിനിമകൾ പ്രതീക്ഷിക്കാം. കൂട്ടുകാരോടൊപ്പം സിനിമ ചെയ്യുന്നത് എനിക്ക് ഏറ്റവും കംഫർട്ടബിളാണ്..

ജേക്കബിന്റെ സ്വർഗരാജ്യത്തെക്കുറിച്ച് പറയാനുള്ളത്?

ഞാൻ ആദ്യമായി ചെയ്യുന്ന കുടുംബ ചിത്രമാണ്. ഇത്തരം കുടുംബങ്ങൾ നമ്മുടെ ചുറ്റുമുണ്ട്. ഒരു വീട്ടിലെ നാലുമക്കൾ. അവരുടെ കളിചിരികൾ ഒക്കെയാണ് ചിത്രത്തിൽ. ഒരു വെക്കേഷന് കാണാൻ പറ്റിയ മികച്ച ചിത്രമായിരിക്കും ജേക്കബിന്റെ സ്വർഗരാജ്യം.

jacobinte-swargarajyam

ചിത്രീകരണത്തിനു പോയപ്പോൾ എല്ലാവരും കുടുംബത്തെ ഒപ്പം കൂട്ടിയതിനു പിന്നിൽ?

നവംബർ ആദ്യം തുടങ്ങി ഡിസംബർ അവസാനമാണ് ഷൂട്ട് ഷെഡ്യൂൾ ചെയ്തത്. ഡിസംബറിന് മുമ്പ് ചിത്രീകരണം പൂർത്തിയായാൽ ന്യൂയർ ദുബായിൽ ആഘോഷിച്ചു വരാം എന്ന പ്ലാനിലാണ് കുടുംബത്തെ കൊണ്ടുപോയത്. ഇത് എപ്പോഴും സാധിക്കുന്ന കാര്യമല്ലല്ലോ?

family-vineeth

അടുത്ത ചിത്രം ?

ഒന്നും തീരുമാനിച്ചിട്ടില്ല