Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിനയന്റെ മകൻ വിഷ്ണു വിനയ് സിനിമയിലേക്ക്

vishnu-vinay വിഷ്ണു വിനയ്

സിനിമാലോകത്തേക്ക് ഒരു പുത്തൻ താരോദയം കൂടി. മറ്റാരുമല്ല സവിധായകൻ വിനയന്റെ മകൻ വിഷ്ണു വിനയ്. വിഷ്ണു എസ് ഗോവിന്ദ് എന്ന നവാഗത സംവിധാകന്റെ സിനിമയിലൂടെ വെള്ളിത്തിരയിലേക്ക് കാലെടുത്തു വയ്ക്കുകയാണ് വിഷ്ണു. സംവിധായകന്റെ മകൻ എങ്ങനെ നായകനായി എന്ന കഥ വിഷ്ണു തന്നെ പറയട്ടെ...

സംവിധായകന്റെ മകൻ നായകനായി സിനിമയിലേക്ക്?

സിനിമ എന്ന മോഹം മനസിൽ കയറിപ്പറ്റുന്നത് യുഎസിൽ ബാച്ചിലേഴ്സ് ചെയ്യുന്ന സമയത്താണ്. അതു കഴിഞ്ഞ് സിനിമയുമായി ബന്ധപ്പെട്ട് എഴുത്തോ സംവിധാനമോ ഒക്കെ പഠിക്കണമെന്നു കരുതിയപ്പോഴാണ് സ്കോളർഷിപ്പ് കിട്ടിയതും അങ്ങനെ മാസ്റ്റേഴ്സ് ചെയ്തതും. അതു കഴിഞ്ഞ് നാട്ടിലെത്തിയിട്ട് ഒന്നര വർഷമായി. അപ്പോഴും മനസിലെ അഭിനയമോഹം മാറിയിട്ടില്ലായിരുന്നു. ഈ സമയത്ത് അമച്വർ നാടകവേദിയിലെ സുഹൃത്തുക്കളോടൊപ്പം അഭിനയക്കളരിയിലും വർക്ഷോപ്പിലുമൊക്കെ പങ്കെടുക്കുമായിരുന്നു.

vishnu

തികച്ചും യാദൃശ്ചികമായാണ് വിഷ്ണു എസ് ഗോവിന്ദ് അദ്ദേഹത്തിന്റെ ആദ്യ സിനിമയായ നല്ല നടപ്പ് എന്ന ചിത്രത്തിലേക്ക് എന്നെ ക്ഷണിക്കുന്നത്. അഭിനയമോഹം ഉള്ളിലുണ്ടെങ്കിലും കേട്ട ഉടേന സമ്മതം മൂളിയില്ല. കുറച്ച് സമയം എടുത്ത് ആലോചിച്ച ശേഷമാണ് ഇതിലെ നായക കഥാപാത്രം ഞാൻ സ്വീകരിച്ചത്. ഞാൻ സംവിധാനം ചെയ്യുമ്പോൾ മറ്റുള്ളവർ എങ്ങനെ ആഭിനയിക്കും എന്നേ ഞാൻ ചിന്തിച്ചിട്ടുണ്ടായിരുന്നുള്ളു. ഇപ്പോൾ ഞാൻ തന്നെ അഭിനയിക്കാൻ പോകുകയാണ്. ഇവരുടെ കൂടെ നാടകത്തിൽ വർക് ചെയ്തിട്ടുള്ളതിന്റെ ഒരു കോൺഫിഡൻസുമുണ്ട്.

ശിവപാർവതി ഫിലിംസിനു വേണ്ടി ടി.എസ് ശശിധരൻപിള്ളയാണ് ചിത്രം നിർമിക്കുന്നത്. ഡിസംബർ ഏഴിനാണ് ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങുന്നത്. എന്നെകൂടാതെ വിനയ്ഫോർട്ട് മറ്റൊരു പ്രധാന വേഷം ചെയ്യുന്നുണ്ട്. ദിവ്യയാണ് നായിക. അവരുടെയും ആദ്യത്തെ മലയാള ചിത്രമാണ്. സായികുമാർ, രഞ്ജി പണിക്കർ, സുനിൽ സുഖദ, പി. ബാലചന്ദ്രൻ, നോബി തുടങ്ങിയവരും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. കാമറാമാന്‍ ഷാജിയുടെ അസ്സോസിയേറ്റ് രതീഷാണ് ക്യാമറ ചലിപ്പിക്കുന്നത്. കൊച്ചിയിലും വാഗമണ്ണിലുമായി ചിത്രീകരണം പൂര്‍ത്തിയാക്കുന്ന ചിത്രം 2016 ഏപ്രിലില്‍ തീയറ്ററുകളില്‍ എത്തും.  

അപ്പോൾ എഴുത്തും സംവിധാനവും വഴിയിൽ ഉപേക്ഷിച്ചോ?

ഏയ് ഒരിക്കലുമില്ല. ഞാൻ ആദ്യം കൈവച്ചത് എഴുത്തിന്റെ മേഖലയിൽ തന്നെയാണ്. സഞ്ജയ് ലീലാ ബൻസാലിയുടെ അസോസിയേറ്റ് ആയ രഞ്ജിത് ഗോവിന്ദനു വേണ്ടി സ്ക്രിപ്റ്റ് എഴുതിക്കൊണ്ടിരുന്ന അവസരത്തിലാണ് നായകനാകാനുള്ള അവസരം വന്നത്. സ്ക്രിപ്റ്റ് എഴുതിക്കഴിഞ്ഞു. അതിന്റെ അനൗൺസ്മെന്റ് അടുത്ത വർഷമേ ഉണ്ടാകൂ. അതുകൊണ്ട് ഇപ്പോൾ കൂടുതൽ വിവരങ്ങൾ പറയാൻ സാധിക്കില്ല.

vinayan-family

സംവിധായകന്റെ കുപ്പായം അണിയുന്നത് എന്നായിരിക്കും?

അതും ഉറപ്പായും ഉണ്ടാകും. ഒരു ഇൻഡിപെൻഡന്റ് ഡയറക്ടറായി ഇന്ന വർഷം ഈ പ്രോജക്ട് ചെയ്യും എന്നൊന്നും പറയാൻ സാധിക്കില്ല. എന്തായാലും അധികം താമസിക്കാതെ ഉണ്ടാകും. അതിന്റെ പ്രോസസിങ്ങും നടക്കുന്നുണ്ട്. എഴുതി സംവിധാനം ചെയ്യുക എന്നത് എന്റെ സ്വപ്നമാണ്.

പഠിച്ചത് യുഎസിൽ അതും സ്കോളർഷിപ്പോടെ എയ്റോ സ്പേസ് എഞ്ചിനീയറിങ്ങിൽ ബിരുദാനന്തര ബിരുദം ചെയ്ത മകൻ അഭിനയമോഹം പറഞ്ഞപ്പോൾ അച്ഛനിൽ നിന്നുണ്ടായ പ്രതികരണം?

വിദേശത്തൊക്കെ പഠിച്ചിട്ട് ഞാൻ അതൊക്കെ കളഞ്ഞ് നാട്ടിലേക്കു വരുമെന്നു തന്നെ അവർ പ്രതീക്ഷിച്ചിരുന്നില്ല. കിട്ടിയ ജോലി വേണ്ടെന്നു വച്ച് തിരികെ വന്നപ്പോൾ തന്നെ അവർക്ക് ശോക്കായി. നാടകത്തിന്റെ വർക്്ഷോപ്പിനൊക്കെ പോകുമ്പോൾ ആദ്യമൊക്കെ എൻകറേജ് ചെയ്യുമായിരുന്നു. പിന്നീട് അവരും എന്റെ ആഗ്രഹത്തിനൊത്തു നിന്നു. ഓഫർ വന്ന ശേഷം അച്ഛനോടു പറഞ്ഞപ്പോൾ നീ കോൺഫിഡന്റ് ആണെങ്കിൽ ധൈര്യമായി ചെയ്തോളാൻ പറഞ്ഞു. സ്ക്രിപ്റ്റ് പൂർത്തിയായി കഴിഞ്ഞപ്പോൾ ഞാനും ‍ഡയറക്ടറും കൂടി കഥ മുഴുവൻ അച്ഛനോടു പറഞ്ഞു. അതു കേട്ടപ്പോൾ അച്ഛനും സന്തോഷമായി. ഇതുവരെയും കാമറയ്ക്കു മുന്നിൽ നിന്നുള്ള ഒരു എക്സ്പീരിയൻസ് എനിക്ക് കിട്ടിയിട്ടില്ല. അച്ഛൻ കൂടെഉണ്ടാകും എന്ന വിശ്വാസമുണ്ട്. അതു തന്നെയാണ് എന്റെ ശക്തിയും പ്രചേദനവുമെല്ലാം.

ചലച്ചിത്ര ലോകത്തേക്ക് കാൽ എടുത്തു വയ്ക്കുന്ന മകന് അനുഭവസമ്പത്തുള്ള സംവിധായകൻ എന്ന നിലയിൽ അച്ഛൻ നൽകിയ ഉപദേശം?

അങ്ങനെയൊന്നുമില്ല. സിനിമയെക്കുറിച്ച് പൊതുവയ കാര്യങ്ങളൊക്കെയേ പറഞ്ഞിട്ടുള്ളു. വലിയ ട്യൂഷനൊന്നും തന്നിട്ടില്ല. അച്ഛന്റെ സിനിമകൾ കണ്ടു വളർന്ന എക്സ്പീരിയൻസ് തന്നെയാണ് എന്റെ ഏറ്റവും വിലയേറിയ സ്വത്ത്.

സ്വാഭാവികമായും സിനിമാലോകത്തു നിന്നും കൂട്ടുകാർ ഒരുപാട് ഉണ്ടാകുമല്ലോ, പ്രത്യേകിച്ചും ന്യൂജെൻ താരങ്ങൾ? അതിൽ ആരുടെ അഭിനയമാണ് കൂടുതൽ ആകർഷിച്ചിട്ടുള്ളത്?

അയ്യോ, അങ്ങനെ സിനിമാസുഹൃത്തുക്കളൊന്നുമില്ല. ഞാൻ 17–18 വയസുള്ളപ്പോൾ വിദേശത്ത് പോയതാണ്. അതുകൊണ്ടു തന്നെ അവിടെയുള്ള സുഹൃത്തുക്കളൊക്കെയേ ഉള്ളു. പിന്നെ ഇവിടെ എന്റെ കൂടെ പഠിച്ചിരുന്നതിൽ സിനിമാമേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരുണ്ട്.

സിനിമകൾ കാണാറുണ്ട്. അത് ഒരു എക്സർസൈസ് തന്നെയാണ്. ഇപ്പോൾ ഇറങ്ങിയതിൽ അനാർക്കലി ഒഴികെയുള്ള എല്ലാ ചിത്രങ്ങളും കണ്ടു. ഇഷ്ടപ്പെട്ട നടൻ എന്നു പറഞ്ഞ് ഒരാളെ മാത്രം എടുത്ത് പറയാൻ സാധിക്കില്ല. ജയസൂര്യ എന്റെ അച്ഛന്റെ സിനിമയിൽ കൂടിയാണ് വരുന്നത്. അതുകൊണ്ടു തന്നെ ജയേട്ടന്റെ ഗ്രാഫ് കൃത്യമായി നിരീക്ഷിക്കാറുണ്ട്. പിന്നെ പൃഥ്വിരാജ് അച്ഛന്റെ മൂന്നു നാല് പടങ്ങളിൽ അഭിനയിച്ചുണ്ട്. അതുകൊണ്ടു തന്നെ പൃഥ്വിയെയും ക്വോസ് ആയി വാച്ച് ചെയ്യാറുണ്ട്. പിന്നെ അതുപോലെ നിരീക്ഷിക്കുന്ന മറ്റൊരു നടൻ ഫഹദ് ഫാസിൽ ആണ്. സിനിമക്കാർക്കിടയിൽ ബന്ധം പറയണമെങ്കിൽ ഇവർ മൂന്നു പേരുമായിട്ടേ ഉള്ളൂ.

അധികം താമസിക്കാതെ തന്നെ വിഷ്ണു വിനയൻ എന്ന നല്ലൊരു നടനേയും ഒപ്പം ഒരു തിരക്കഥാകൃത്തിനേയും സംവിധായകനേയും ഒക്കെ മലയാള സിനിമാലോകത്തിനു പ്രതീക്ഷിക്കാം.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.