‘കാസ്റ്റിങ് കൗച്ച് സത്യമാണ്, എനിക്കുമുണ്ടായിട്ടുണ്ട് മോശം അനുഭവങ്ങൾ’ തുറന്നു പറ‍ഞ്ഞ് സമീര റെഡ്ഡി

sameera-reddy
SHARE

കാസ്റ്റിങ് കൗച്ച് എന്നത് യാഥാർഥ്യമാണെന്നും സിനിമയിലെ സഹപ്രവർത്തകരിൽ നിന്ന് തനിക്ക് മോശം അനുഭവം ഉണ്ടായിട്ടുണ്ടെന്നും നടി സമീര റെഡ്ഡി. വാരണം ആയിരം എന്ന ഹിറ്റ് ചിത്രത്തിലൂടെ തെന്നിന്ത്യയിൽ സുപരിചിതയായ നടിയാണ് വിവാദമായേക്കാവുന്ന പുതിയ വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്. 

‘സിനിമയിലെ സ്ത്രീകൾ ഒരുപാട് പ്രശ്നങ്ങൾ അനുഭവിക്കുന്നുണ്ട്. അതൊക്കെ അടിയന്തരമായി പരിഹരിക്കേണ്ടവയാണ്. കാസ്റ്റിങ് കൗച്ച് ഒരു യാഥാർഥ്യമാണ്. ഒരുപാട് തവണ എനിക്ക് മോശം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. എന്റെ പല സഹപ്രവർത്തകരും എന്നോട് മോശമായി പെരുമാറിയിട്ടുണ്ട്. സ്ത്രീ ഒരു ഉപഭോഗ വസ്തുവല്ല എന്ന പുരുഷന്മാർ മനസ്സിലാക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.’ സമീര പറയുന്നു. 

‘സമൂഹത്തിന്റെ പ്രതിഫലനമാണ് സിനിമയിലും ഉളളത്. സമൂഹത്തിൽ സ്ത്രീക്കും പുരുഷനും തുല്യതയില്ല. അതു തന്നെ സിനിമയിലും സംഭവിക്കുന്നു.’ സമീര കൂട്ടിച്ചേർത്തു. നിരവധി ബോളിവുഡ് സിനിമകളിൽ അഭിനയിച്ചിട്ടുള്ള താരം മലയാളത്തിൽ മോഹൻലാലിനൊപ്പം ഒരുനാൾ വരും എന്ന സിനിമയിൽ വേഷമിട്ടിട്ടുണ്ട്. നേരത്തെ ബോഡി ഷെയ്മിങ് അടക്കമുള്ള വിഷയങ്ങളിൽ ശക്തമായ നിലപാടുകളുമായി മുന്നോട്ടു വന്നിട്ടുള്ള സമീരയുടെ പുതിയ വെളിപ്പെടുത്തൽ എന്ത് പ്രത്യാഘാതമാണ് ഉണ്ടാക്കുകയെന്ന ആകാംക്ഷയിലാണ് പ്രേക്ഷകർ. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
FROM ONMANORAMA