മലൈ അരോറയ്ക്കു പിന്നാലെ പ്രണയവാർത്തയ്ക്കു സ്ഥിരീകരണവുമായി അര്‍ജുൻ കപൂറും. ഇൻസ്റ്റഗ്രാമിലൂടെയായിരുന്നു അർജുൻ ഇക്കാര്യം പ്രേക്ഷകരുമായി പങ്കുവച്ചത്. തന്റെ ഹൃദയം മല്ലികയുടെ പക്കലാണെന്ന് നടൻ എഴുതി. ലൗ ചിഹ്നത്തിന്റെ ആകൃതിയുള്ള ചുവന്ന നിറത്തിലുള്ള ഒരു ബാഗ് കൊണ്ട് മുഖം മറച്ചിരിക്കുന്ന മലൈകയുടെ ചിത്രവും കുറിപ്പിനൊപ്പം അർജുൻ പങ്കുവച്ചു.
അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ടുകൊണ്ട് അര്‍ജുന്‍ കപൂറുമായി താന്‍ പ്രണയത്തിലാണെന്ന് മലൈക അറോറ വെളിപ്പെടുത്തിയിരുന്നു. അര്‍ജുന്റെ പിറന്നാള്‍ ദിനത്തിലായിരുന്നു മലൈക പ്രണയവിവരം അറിയിച്ചത്. പിറന്നാൾ ആഘോഷത്തിന്റെ ഭാഗമായി ന്യൂയോർക്കിലാണ് ഇരുവരും. യാത്രയുടെ വിശേഷങ്ങള്‍ ഇരുവരും ഇന്‍സ്റ്റാഗ്രാമിലൂടെ ആരാധകരുമായി പങ്കുവയ്ക്കുന്നുമുണ്ട്.
അർജുന്‍ കപൂറും മലൈക അറോറയും തമ്മില്‍ പ്രണയത്തിലാണെന്ന ഗോസിപ്പ് പരക്കാൻ തുടങ്ങിയിട്ട് കുറച്ചുനാളുകളായി. ഉൗഹാപോഹങ്ങളെ ശരിവയ്ക്കുന്ന വിധം ഇരുവരെയും പലസ്ഥലത്തും വച്ച് കണ്ടുമുട്ടാറുണ്ടായിരുന്നു. വിവാഹമോചിതയായ ശേഷം മലൈക അർജുനൊപ്പം ഒന്നിച്ചാണ് യാത്രകളെങ്കിലും പ്രണയം ഇരുവരും ഔദ്യോഗികമായി സ്ഥിരീകരിച്ചിരുന്നില്ല.

45 കാരിയായ മലൈക 2016ൽ അർബാസ് ഖാനിൽ നിന്നു വിവാഹമോചനം നേടിയിരുന്നു. ഇതിനുപിന്നാലെ മലൈക മുപ്പത്തിനാലുകാരനായ അർജുനുമായി ലിവിങ് റിലേഷനിലാണെന്ന തരത്തിൽ വാർത്തകൾ പ്രചരിക്കാനും തുടങ്ങി. അർബാസ് ഖാനും മലൈക അരോറയും വിവാഹമോചിതരാകാൻ പ്രധാനകാരണം നടിക്ക് അർജുൻ കപൂറുമായുള്ള ബന്ധമാണെന്ന് റിപ്പോർട്ട് ഉണ്ടായിരുന്നു. ഈ വിഷയത്തിൽ പ്രതികരണവുമായി ആരും രംഗത്തെത്തിയതുമില്ല. ഇരുവരുടെയും പ്രായവ്യത്യാസത്തെ ചൊല്ലിയും ഏറെ വിമർശനം ഉണ്ടായിരുന്നു.