നയൻതാരയെയും വിഘ്നേഷ് ശിവനെയും കണ്ട സന്തോഷം പങ്കുവച്ച് ബോളിവുഡ് നടി മലൈക അരോറ. ഷാരൂഖ്- അറ്റ്ലീ ചിത്രം ജവാന്റെ ഷൂട്ടിങ്ങിനായി മുംബൈയിലുള്ള നയൻതാരയെയും വിഘ്നേഷിനെയും ഹോട്ടലിൽ വച്ചാണ് മലൈക കണ്ടുമുട്ടിയത്. കറുത്ത ടാങ്ക് ടോപ്പും ഒലിവ് ഗ്രീൻ പാൻസുമണിഞ്ഞു നയൻസും സാറ്റിൻ തുണിയിലുള്ള ക്യാമോഫ്‌ളാഷ് വസ്ത്രത്തിൽ മലൈകയും പ്രത്യക്ഷപ്പെടുന്നു. ഷർട്ടും ഡെനിം ജീൻസുമായിരുന്നു വിഘ്‌നേഷിന്റെ വേഷം.
വിവാഹ ശേഷം നയൻതാരയും വിഘ്‌നേഷും ഒന്നിച്ചുള്ള ചിത്രങ്ങൾക്ക് വലിയ സ്വീകാര്യത ആണ് സോഷ്യൽ മീഡിയയിൽ ലഭിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ തായ്‌ലൻഡിൽ നിന്നുള്ള ഹണിമൂൺ ചിത്രങ്ങൾ ഇരുവരും ആരാധകർക്കായി പങ്കുവച്ചിരുന്നു. വിവാഹശേഷം നയൻതാര അഭിനയിക്കുന്ന ചിത്രം കൂടിയാണ് ജവാൻ.
ചെന്നൈ മഹാബലിപുരത്തുവച്ച നടന്ന വിവാഹച്ചടങ്ങിൽ ഷാരൂഖ് ഖാനും പങ്കെടുത്തിരുന്നു. അതിഥികളായി എത്തിയ ഷാറുഖ് ഖാൻ, രജനീകാന്ത്, മണിരത്നം എന്നിവർക്കൊപ്പമുള്ള ചിത്രങ്ങൾ വിഘ്നേഷും കഴിഞ്ഞ ദിവസം പങ്കുവയ്ക്കുകയുണ്ടായി. ജൂൺ ഒൻപതിനായിരുന്നു ഇരുവരുടെയും വിവാഹം.
നടന്മാരായ ദിലീപ്, സൂര്യ, വിജയ് സേതുപതി, കാർത്തി, ശരത് കുമാർ, സംവിധായകരായ മണിരത്നം, കെ.എസ്.രവികുമാർ, നിർമാതാവ് ബോണി കപൂർ തുടങ്ങിയവർ പങ്കെടുത്തിരുന്നു.