ADVERTISEMENT

ബോളിവുഡ് ചിത്രം ബ്രഹ്മാസ്ത്രയ്ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി നടി കങ്കണ റണൗട്ട്. സിനിമയുടെ ബോക്‌സ് ഓഫിസ് കണക്കുകള്‍ കള്ളമാണെന്നും സിനിമയുടെ വിജയം പൊലിപ്പിച്ച് കാണിക്കുകയാണെന്നും കങ്കണ ആരോപിച്ചു. വെള്ളിയാഴ്ച തിയറ്ററുകളില്‍ എത്തിയ ചിത്രം ഇതിനോടകം 250 കോടിയുടെ ലാഭമുണ്ടാക്കിയെന്ന് പറയുന്നത് കള്ളമാണെന്നും ഗണിതശാസ്ത്രജ്ഞനായ കരണ്‍ ജോഹറിന്റെ ഈ കണക്ക് തനിക്കും പഠിക്കണമെന്നും കങ്കണ പരിസഹിച്ചു. ബോക്സ്ഓഫിസ് ഇന്ത്യ എന്ന ട്വിറ്റർ പേജിൽ വന്ന കലക്‌ഷന്‍ റിപ്പോര്‍ട്ട് ഇന്‍സ്റ്റാഗ്രാം സ്‌റ്റോറിയായി പങ്കുവച്ചായിരുന്നു നടിയുടെ പ്രതികരണം. 

 

‘‘ഈ ബോക്‌സ്ഓഫിസ് ഇന്ത്യ എന്നെയും എന്നെപ്പോലുള്ള പലരെയും ഉപദ്രവിക്കുന്നു, കാരണം ഇവര്‍ മാഫിയയുടെ ശമ്പളക്കാരാണ്. ഒരു ദിവസംകൊണ്ട് ബ്രഹ്മാസ്ത്ര വലിയ ഹിറ്റ് ആയെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ ഇതുവരെ നേടിയത് 65 കോടി മാത്രമാണ്. 'മണികര്‍ണിക'യ്‌ക്കെതിരെ അദ്ദേഹം വലിയ അപവാദ പ്രചരണം നടത്തി. സിനിമയുടെ ചെലവ് 75 കോടിയും വരുമാനം 150 കോടിയുമായിരുന്നു. അയാള്‍ അതിനെ പരാജയമായി പ്രഖ്യാപിച്ചു. മഹാമാരി കാലത്ത് റിലീസ് ചെയ്ത 'തലൈവി' 100 കോടി നേടി. അതൊരു ദുരന്തമാണെന്ന് അയാള്‍ പ്രഖ്യാപിച്ചു. 'ധാക്കഡി'ന്റെ പരാജയത്തിലും ടിക്കറ്റ് വില്‍പ്പനയിലും അവര്‍ പീഡിപ്പിച്ചു. നിങ്ങള്‍ വിതയ്ക്കുന്നത് നിങ്ങള്‍ കൊയ്യുന്നു. ഈ കണക്ക് മനസ്സിലാക്കാന്‍ ഞാന്‍ ഇപ്പോള്‍ ഇവിടെയുണ്ട്. ഞാന്‍ ഗൂഢാലോചനകള്‍ നടത്തുന്നില്ല, പിന്നില്‍ നിന്ന് കുത്താറില്ല. ഞാന്‍ പരസ്യമായും ന്യായമായും വെല്ലുവിളിക്കുന്നു.

 

എനിക്ക് കരൺ ജോഹറിന്റെ അഭിമുഖം നടത്തണം. എന്തുകൊണ്ടാണ് ബ്രഹ്മാസ്ത്രയുടെ ഗ്രോസ് കലക്‌ഷൻ മാത്രം പുറത്തുവിട്ട് നെറ്റ് കലക്‌ഷനെക്കുറിച്ച് ഒന്നും മിണ്ടാതിരിക്കുന്നത്. അറുപത് കോടി കലക്‌ഷൻ കിട്ടി, ചിത്രം വമ്പൻ ഹിറ്റ് എന്നൊക്കെയാണ് ഇവർ പറയുന്നത്. 650 കോടി മുടക്കിയ ചിത്രത്തിന് ഈ കിട്ടിയ കലക്‌ഷൻ മതിയാകുമോ? കരൺ ജോഹർ ജി ഇക്കാര്യം ഞങ്ങൾക്കൊന്ന് വിശദീകരിച്ചുതരണം.’’–കങ്കണ പറഞ്ഞു.

 

നേരത്തേയും ബ്രഹ്മാസ്ത്രയ്‌ക്കെതിരേ കങ്കണ രംഗത്ത് വന്നിരുന്നു. സംവിധായകന്‍ അയാൻ മുഖർ 600 കോടി രൂപ ചാരമാക്കിയെന്നാണ് കങ്കണ പറഞ്ഞത്.  കരണ്‍ ജോഹറിനെപ്പോലുള്ളവർ കാരണം ഫോക്സ് സ്റ്റുഡിയോ ഇന്ത്യ പണയം വയ്ക്കേണ്ടി വന്നെന്നും ആലിയയെയും രൺബീറിനെയും പോലെയുള്ള കോമാളികൾ കാരണം ഇനിയും എത്ര സ്റ്റുഡിയോകൾ പൂട്ടേണ്ടി വരുമെന്നുമായിരുന്നു നടിയുടെ വിമര്‍ശനം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com