അനുവാദമില്ലാതെ ശരീരത്തിൽ സ്പർശിച്ച ആരാധകനോടു പ്രതികരിച്ച് നടി ആഹാന കുമ്ര. മുംബൈയിൽ സീ ഫൈവ് ചാനൽ സംഘടിപ്പിച്ച ഒരു പരിപാടിയിൽ പങ്കെടുക്കുന്നതിനിടയിൽ ഫോട്ടോയ്ക്ക് പോസ് ചെയ്യവെയാണ് താരത്തിന് അസുഖകരമായ അനുഭവമുണ്ടായത്. ആഹാനയ്‌ക്കൊപ്പം പോസ് ചെയ്യാനെത്തിയ ഒരാൾ താരത്തിന്റെ ഇടുപ്പിൽ കൈ ചുറ്റിപ്പിടിച്ചു. അയാളുടെ അപ്രതീക്ഷിതമായ പെരുമാറ്റത്തിൽ അമ്പരന്ന താരം ‘ശരീരത്ത് തൊടരുത്’ എന്നു കർശനമായി പറയുന്നത് വിഡിയോയിൽ കാണാം.
ആരാധകന്റെ പ്രവൃത്തി അഹാനയ്ക്ക് ബുദ്ധിമുട്ടുണ്ടാക്കി എന്ന് താരത്തിന്റെ പെരുമാറ്റത്തിൽനിന്നു വ്യക്തമായിരുന്നു. സംഭവത്തിൽ പ്രതികരിച്ച് ആഹാനയുടെ ആരാധകരും രംഗത്തെത്തിയിട്ടുണ്ട്. ഒരു പെൺകുട്ടി നോ പറഞ്ഞാൽ അത് ചെയ്യരുത് എന്നാണ് അർഥമെന്നും അനുവാദമില്ലാതെ താരത്തെ സ്പർശിച്ചത് മോശമായിപ്പോയി എന്നുമാണ് ആരാധകരുടെ കമന്റുകൾ.
ഏറെ വിവാദങ്ങൾ സൃഷ്ടിച്ച ‘ലിപ്സ്റ്റിക് അണ്ടർ മൈ ബുർഖ’ എന്ന സിനിമയിൽ അഭിനയിച്ച താരമാണ് ആഹാന കുമ്ര. അമിതാഭ് ബച്ചനൊപ്പം സോണി എന്റർടെയ്ൻമെന്റ് ടെലിവിഷന്റെ ‘യുദ്ധം’ എന്ന സീരീസിലൂടെ അഭിനയരംഗത്തെത്തിയ ആഹാന, ശരദ് കേൽക്കറിനൊപ്പം ഏജന്റ് രാഘവ് ക്രൈം പരമ്പരയിലെ പ്രധാന വേഷത്തിലൂടെ ശ്രദ്ധ നേടിയിരുന്നു. രേവതി സംവിധാനം ചെയ്ത് കജോൾ പ്രധാന വേഷത്തിൽ എത്തി നിരൂപക പ്രശംസ നേടിയ 'സലാം വെങ്കി' എന്ന ചിത്രത്തിലാണ് ആഹാന കുമ്ര അടുത്തിടെ അഭിനയിച്ചത്.