ജവാനിൽ ഒതുക്കി, അറ്റ്ലീയുമായി വഴക്ക്: പ്രതികരണവുമായി നയൻതാര

Mail This Article
‘ജവാൻ’ സിനിമയിൽ അറ്റ്ലി തന്നെ ഒതുക്കുകയായിരുന്നുവെന്ന വാർത്തകളിൽ പ്രതികരണവുമായി ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താര. ‘ജവാൻ’ സിനിമയുടെ സംവിധായകൻ അറ്റ്ലീയുടെ പിറന്നാൾ ദിനമായ ഇന്നലെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ പിറന്നാൾ ആശംസ പങ്കുവച്ചാണ് നയൻതാര പ്രതികരണം അറിയിച്ചത്. ‘‘പിറന്നാൾ ആശംസകൾ അറ്റ്ലീ, നിന്നിൽ ഞാൻ അഭിമാനിക്കുന്നു.’’ ജവാൻ സിനിമയുടെ ഷൂട്ടിങ്ങിനിടയിൽ അറ്റ്ലീയോടൊപ്പം നിൽക്കുന്ന ചിത്രങ്ങളും നയൻതാര പങ്കുവച്ചിട്ടുണ്ട്.
ബോളിവുഡ് അരങ്ങേറ്റം ഗംഭീരമാക്കിയെങ്കിലും നയന്‍താരയ്ക്ക് സംവിധായകന്‍ അറ്റ്ലിയോട് അതൃപ്തിയുണ്ടെന്നാണ് ദേശീയ മാധ്യമങ്ങളിൽ റിപ്പോര്‍ട്ടുകള്‍ വന്നത്. ജവാനിൽ നയൻതാരയെക്കാൾ പ്രാധാന്യം ദീപികാ പദുക്കോണിനാണെന്നും ചിത്രം ഇറങ്ങിയതിനുശേഷമുള്ള പ്രതികരണങ്ങളിൽ നയൻതാര സന്തോഷവതിയല്ലെന്നുമായിരുന്നു ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. ജവാന്റെ പ്രമോഷനും നയന്‍താര പ്രത്യക്ഷപ്പെട്ടിരുന്നില്ല. എന്നാൽ ഇതെല്ലാം തള്ളിക്കളയുന്ന തരത്തിലായിരുന്നു നയൻതാരയുടെ പ്രതികരണം.
തെന്നിന്ത്യൻ സിനിമകളിൽ വെന്നിക്കൊടി പാറിച്ച സൂപ്പർ താരം നയൻതാരയുടെ ബോളിവുഡ് അരങ്ങേറ്റചിത്രമായിരുന്നു ഷാറുഖ് ഖാൻ നായകനായെത്തിയ ജവാൻ. അറ്റ്ലീ സംവിധാനം ചെയ്ത ചിത്രത്തിൽ നയൻതാരയെ കൂടാതെ ബോളിവുഡ് സൂപ്പർ താരം ദീപികാ പദുക്കോണും അതിഥി വേഷത്തിലെത്തിയിരുന്നു. എന്നാൽ ഒരു അതിഥി വേഷത്തിലുപരി ഷാറുഖ് ഖാന്റെ ഭാര്യാവേഷത്തിലെത്തിയ ദീപികയ്ക്ക് കൂടുതൽ ശ്രദ്ധ ലഭിച്ചിരുന്നു.
മുൻപ് നയൻതാരയുടെ കരിയറിന്റെ രണ്ടാം വരവില്‍ ഏറ്റവും ശ്രദ്ധേയമായ ചിത്രം ‘രാജാറാണി’ സംവിധാനം ചെയ്തത് അറ്റ്ലിയായിരുന്നു. പിന്നീട് ബിഗിൽ എന്ന അറ്റ്ലി ചിത്രത്തിലും നയൻതാര നായികയായി എത്തിയിരുന്നു.