Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മനസ്സും ശരീരവുമാണു ബലപ്പെടേണ്ടത്; ജഗതിയെക്കുറിച്ച് മകൾ പാർവതി പറയുന്നു

jagathy

മലയാളത്തിന്റെ ചിരിത്തമ്പുരാൻ ജഗതി ശ്രീകുമാർ സിനിമയിലെ ചിരിക്കു താൽക്കാലിക അവധി നൽകിയിട്ട് അഞ്ചുവർഷവും രണ്ടുമാസവും പൂർത്തിയായി. തിരിച്ചുവരവിനായി പതിയെ പതിയെ പിച്ചവച്ചു തുടങ്ങിയിട്ടുണ്ട് അദ്ദേഹം. എങ്കിലും അൽപസമയം കൂടി വേണം... പ്രിയപ്പെട്ട പപ്പയുടെ ഓരോ മാറ്റവും കണ്ടറിഞ്ഞ് മകൾ പാർവതിയുണ്ട് എപ്പോഴും കൂടെ...

അറിയാം എല്ലാം...

പഴയതു പോലെ സംസാരിക്കാൻ തുടങ്ങിയിട്ടില്ല ജഗതി; പക്ഷേ, എല്ലാം മനസ്സിലാകും, പ്രതികരിക്കും.അപകടത്തിനു ശേഷം തിരുവനന്തപുരത്തെ വീട്ടിൽ വിശ്രമത്തിലായിരുന്ന ജഗതിയെ പിടിച്ചുലച്ച സംഭവം നടി കൽപനയുടെ മരണമായിരുന്നു. ടിവിയിൽ വാർത്ത കണ്ടുകൊണ്ടിരിക്കെ അദ്ദേഹം അസ്വസ്ഥനായി. ടിവി നിർത്താൻ ആവശ്യപ്പെട്ടു. രണ്ടുദിവസത്തോളം അച്ഛന്റെ ഉള്ളിൽ വിഷാദം കെട്ടി നിന്നെന്നു പാർവതി പറയുന്നു.പുസ്തങ്ങളും വായനയുമാണ് ഇപ്പോൾ ജഗതി ശ്രീകുമാറിന്റെ പ്രധാന കൂട്ട്. മുൻപും വായനയോട് ഏറെ താൽപര്യമുണ്ടായിരുന്നു. 

കടുകട്ടിയുള്ള ഫിലോസഫി പുസ്തകങ്ങളോടാണു പപ്പയ്ക്കു താൽപര്യമേറെയെന്നു പാർവതി. പലപ്പോഴും സ്വാമി വിവേകാനന്ദന്റെ പുസ്തകങ്ങൾ കാണാം കയ്യിൽ. ഒരു പുസ്തകമെടുത്താൽ അതു തീരാതെ മറ്റൊന്നിലേക്കു പോകില്ല. തുടർച്ച പ്രധാനമാണ്.  ഒരിക്കൽ ഇക്കാര്യം പാർവതി പരീക്ഷിച്ചു നോക്കിയിട്ടുമുണ്ട്. പത്രം വായിച്ചുകൊണ്ടിരിക്കെ ജഗതിയെ മറ്റൊരു വാർത്ത വായിച്ചു കേൾപ്പിച്ച പാർവതി ആ വാർത്ത എവിടെയെന്നു കാണിച്ചു തരാൻ ആവശ്യപ്പെട്ടു. അദ്ദേഹം കൃത്യമായി അതു കാണിച്ചു കൊടുത്തു. ഇതൊക്കെ അദ്ദേഹം സാധാരണ ജീവിതത്തിലേക്കു മടങ്ങിവരുന്നതിന്റെ സൂചനയായി കാണാനാണു പാർവതിക്കിഷ്ടം.

പഴയതുപോലെ സംസാരിക്കാൻ കഴിയാത്തതു കൊണ്ട് സ്വയം ഉൾവലിയാനൊരു താൽപര്യമുണ്ട് ജഗതിക്ക് ഇപ്പോൾ. അത് അങ്ങനെയങ്ങു സമ്മതിച്ചു കൊടുക്കാറില്ല വീട്ടുകാർ. സിനിമ കാണുന്നത് മുടക്കാറില്ല. അഭിനയിച്ച രംഗങ്ങൾ ജഗതി തന്നെ കണ്ടിരിക്കും. തോവാളപ്പൂക്കൾ, അവിട്ടംതിരുനാൾ ആരോഗ്യ ശ്രീമാൻ, അപൂർവം ചിലർ തുടങ്ങിയ അൽപം സീരിയസ് കഥാപാത്രങ്ങളെ കാണാനാണു കൂടുതൽ ഇഷ്ടം. ഗസൽ സംഗീതവും കേൾക്കും. 

വീട്ടിൽ കോമഡിയല്ല

അന്നും ഇന്നും വീട്ടിൽ കോമഡി പറയുന്ന ആളല്ല ജഗതി. വളരെ ഗൗരവക്കാരനാണ്... എന്തെങ്കിലും ടെൻഷനിലാണെങ്കിൽ അടുത്തേക്ക് അധികം പോകാതിരിക്കുന്നതാണു നല്ലതെന്ന് അനുഭവത്തിൽ നിന്നു പാർവതി പറയുന്നു. വെട്ടിത്തുറന്നു പറയുന്ന സ്വഭാവത്തിന് ഇപ്പോഴും മാറ്റമില്ല. ഇഷ്ടപ്പെടാത്തതു കണ്ടാൽ പ്രതികരിക്കും. ഈ സ്വഭാവ സവിശേഷതകൾ കൊണ്ടു തന്നെ സിനിമയിലും പുറത്തും നല്ല സുഹൃത്തുക്കൾ വളരെക്കുറച്ചേയുള്ളൂ. നല്ലസമയത്ത് ഇഷ്ടം പോലെയുണ്ടായിരുന്നു സുഹൃത്തുക്കൾ; കഷ്ടകാലം വന്നപ്പോൾ എണ്ണം കുറഞ്ഞു. അപകടത്തിനു ശേഷം തിരിഞ്ഞുപോലും നോക്കാത്തവരുമുണ്ട്; ഒരുപക്ഷേ, പപ്പ ഇങ്ങനെ ഒരു അവസ്ഥയിലായതു കാണാൻ ഇഷ്ടമില്ലാത്തതു കൊണ്ടാകാം അവർ വരാത്തതെന്നു വിചാരിക്കുകയാണു പാർവതി.

വീട്ടിൽ ആരെങ്കിലും വന്നാൽ, അവർ അദ്ദേഹത്തിന് ഇഷ്ടമുള്ളവരാണെങ്കിൽ കൈകൊടുക്കും ചിരിക്കും. ആരുടെയും സഹതാപം കേൾക്കാൻ പണ്ടേ താൽപര്യമില്ല. ഇപ്പോൾ അതൊട്ടുമില്ല.  വീട്ടിലെത്തുന്ന അതിഥികൾക്കൊപ്പം പരമാവധി 10 മുതൽ 15 മിനിറ്റു വരെ മാത്രം. കൊച്ചുമക്കളായ ജഗൻ രാജ്, പി.സി. ജോർജ് ജൂനിയർ, ആരാധന എന്നിവരുടെ കുറുമ്പുകൾ കാണുന്നതാണു മറ്റൊരിഷ്ടം. അദ്ദേഹം പലയിടത്തുനിന്നായി വാങ്ങിയ വിലപിടിപ്പുള്ള കൗതുക വസ്തുക്കളിലെങ്ങാനും പിള്ളേർ തൊട്ടാൽ മുഖം മാറും. ഇഷ്ടപ്പെട്ട പരിപാടി ടിവിയിൽ കാണുന്നതിനിടെ ആരെങ്കിലും ചാനൽ മാറ്റിയാൽ അതിരൂക്ഷമായി പ്രതികരിക്കും.  

ശോഭയും അമ്പിളിയും

അപകടത്തിനു മുൻപു കുടുംബസമേതം സിനിമാ കാണാൻ പോകൽ ഒരുൽസവമായിരുന്നു ജഗതിയുടെ കുടുംബത്തിന്. എന്നാൽ അപകടത്തിനു ശേഷം ജഗതിയുടെ ഭാര്യ ശോഭ തിയറ്ററിൽ പോയി സിനിമ കണ്ടിട്ടില്ല. വിവാഹം അടക്കമുള്ള ചടങ്ങുകളിൽ നിന്നും വിട്ടു നിൽക്കുകയാണു ശോഭ; മനഃപൂർവം. 

ജഗതിയുടെ അപകടത്തിനു ശേഷം ഏറ്റവും കൂടുതൽ മാറ്റമുണ്ടായതു ശോഭയ്ക്കാണ്.  എവിടെയെത്തിയാലും ആളുകൾക്കറിയേണ്ടത് ജഗതിയുടെ ആരോഗ്യനിലയെക്കുറിച്ചാണ്. ചിലർ സഹതപിക്കുമ്പോൾ ചിലർ തമാശപറഞ്ഞു രസിക്കും. ഇതൊന്നും കാണാനും കേൾക്കാനും താൽപര്യമില്ലാത്തതു കൊണ്ടാണ് അമ്മ ഉൾവലിഞ്ഞതെന്നാണു പാർവതിയുടെ നിരീക്ഷണം.

പണ്ട് ക്രിസ്മസ്, ഓണം തുടങ്ങിയ ആഘോഷപരിപാടികൾക്കു ശോഭയും ജഗതിയും ഒരുമിച്ച് അടുക്കളയിൽ കയറുമായിരുന്നു. മൽസരിച്ചായിരുന്നു പാചകം. 

ജഗതിയെ പഴയ മിടുക്കിലേക്കു തിരിച്ചു കൊണ്ടുവരാൻ ചില നമ്പരുകൾ പ്രയോഗിക്കാറുണ്ട് അതിലൊന്നാണു ശോഭയുടെ കരച്ചിൽ. പെട്ടെന്ന് ജഗതിയുടെ മുന്നിൽ ചെന്നിരുന്നു പൊട്ടിക്കരയാൻ തുടങ്ങും ശോഭ. രണ്ടു കണ്ണിൽ നിന്നും കണ്ണീർ ഒഴുകിയിറങ്ങും. ഇതു കാണുമ്പോൾ അമ്പിളിച്ചേട്ടന്റെ മുഖം മങ്ങും. പതിയെ ശോഭയുടെ കയ്യിൽ പിടിച്ച് എന്തിനാണു കരയുന്നതെന്നു ചോദിക്കാതെ ചോദിക്കും. 

മറ്റൊരു നമ്പർ മക്കളുടെ വകയാണ്... പാർവതിയും രാജ്കുമാറും പരസ്പരം ചെറുപ്പത്തിലെപ്പോലെ വഴക്കടിക്കും. വെറുതേ, ഒരു കാരണവുമില്ലാതെ... അതോടെ അസ്വസ്ഥനാകുന്ന ജഗതി രൂക്ഷമായി ഇരുവരെയും നോക്കും. ‘നാണമില്ലേ നിനക്കൊക്കെ, ഇത്രയും വലുതായിട്ടും വഴക്കുണ്ടാക്കാൻ. നിനക്കൊക്കെ രണ്ടും മൂന്നും പിള്ളേരായപ്പോഴാണോ ഈ കുട്ടിക്കളി’ എന്നാണ്  ചോദിക്കുന്നതെന്നു മുഖഭാവത്തിൽ നിന്നു മനസ്സിലാക്കിയെടുക്കാം. 

കൃത്യം കിറുകൃത്യം

രാവിലെ അഞ്ചരയ്ക്കും ആറിനും ഇടയ്ക്കാണ് ജഗതി ഉണരുന്നത്. എട്ടുമണിയോടെ വീടിന്റെ മുന്നിലെത്തും. സഹായിയുണ്ട് കൂടെ. പത്രം വായന. അൽപനേരം മിണ്ടാതെയും മിണ്ടിയും കുടുംബാംഗങ്ങളോടു സംസാരിക്കും. സ്പീച്ച് തെറപ്പി ഇതിനിടയിൽ നടക്കും.  പ്രഭാതഭക്ഷണം. അൽപനേരം ടിവി കാണുകയോ പാട്ടുകേൾക്കുകയോ ചെയ്തിട്ട് 11 മണിക്ക് ചെറിയൊരു മയക്കം. ഉണരുമ്പോൾ വായിക്കും, അല്ലെങ്കിൽ ടിവി കാണും. ഒരുമണിക്ക് ഉച്ചഭക്ഷണം. ഇതുകഴിഞ്ഞാൽ പുറത്തിറങ്ങി ഇരിക്കുകയോ വായിക്കുകയോ ആണു പതിവ്. ഫിസിയോ തെറപ്പിയുടെ സമയവും വൈകിട്ടാണ്. വ്യായാമം ചെയ്യാൻ മടിയാണു പപ്പയ്ക്കെന്നു പാർവതി.

ആറുമണിയോടെ ധ്യാനത്തിനും പ്രാർഥനയ്ക്കുമുള്ള സമയമാണ്. ‘ഓം നമഃശിവായ’  മന്ത്രം ചെറിയ ശബ്ദത്തിൽ കേൾപ്പിക്കും. അൽപ നേരം ടിവി കാണും. വളരെ ലഘുവായ ഭക്ഷണത്തിനു ശേഷം ഒൻപതരയോടെ ഉറക്കം. ഉറക്കം തടസ്സപ്പെടുത്തുന്ന ഒരു കാര്യങ്ങളും ഉണ്ടാകരുതെന്ന കർശനനിർബന്ധം കുടുംബാംഗങ്ങൾക്കുണ്ട്

ജഗതിയുടെ വലതുകൈ പഴയതുപോലെ ആകാത്തതു കൊണ്ട് സ്പൂൺ ഉപയോഗിച്ച് ഇടതു കൈ കൊണ്ടാണു ഭക്ഷണം കഴിക്കാറുള്ളത്. ചില സമയങ്ങളിൽ മടി തോന്നുമ്പോ‍ൾ പാർവതിയോ ഭാര്യ ശോഭയോ ജഗതിയെ ഊട്ടും. ഇഷ്ടഭക്ഷണം ദോശ. ഉച്ചയ്ക്ക് ചോറും മീൻകറിയും... പക്ഷേ, മീൻ കറി വയ്ക്കുമ്പോൾ നല്ല തിരുവനന്തപുരം സ്റ്റൈൽ തലക്കറി തന്നെ വേണമെന്നു മാത്രം. ഇറച്ചി ഉപയോഗം അപൂർവം. അപകടത്തിനുശേഷം പ്രോട്ടീൻ കൂടുതൽ ലഭിക്കുന്ന തരത്തിലുള്ള ചില ഭക്ഷണം കൂടി ഡോക്ടറുടെ നിർദേശപ്രകാരം ഉൾപ്പെടുത്തിയിട്ടുണ്ടെന്നു മാത്രം. 

ഇനിയെന്ന് തെളിയും അമ്പിളി? 

ഇപ്പോൾ ഒരാളുടെ സഹായത്തോടെ നടക്കാം എന്ന സ്ഥിതിയിലാണു ജഗതി. ആശയവിനിമയ ശേഷി മെച്ചപ്പെട്ടിട്ടുണ്ട്. എല്ലാം സാധാരണക്കാരെപ്പോലെ കേൾക്കുന്നുണ്ട് കാണുന്നുണ്ട്. ഫാനിന്റെ വേഗം കൂടിയാൽ പോലും അദ്ദേഹം അതു ചൂണ്ടിക്കാട്ടും. ഇനി തനിയെ എഴുന്നേറ്റു നടക്കുന്നതിനു വേണ്ടിയും സംസാരം മെച്ചപ്പെടുന്നതിനു വേണ്ടിയുമാണു കാത്തിരിപ്പ്. മരുന്നുകൾക്ക് കാര്യമായൊന്നും ചെയ്യാനില്ല. പകരം മനസ്സും ശരീരവുമാണു ബലപ്പെടേണ്ടത്. അതിനു വേണ്ടിയുള്ള തീവ്ര ശ്രമത്തിലാണു കുടുംബാംഗങ്ങളും അദ്ദേഹത്തെ സ്നേഹിക്കുന്നവരും. ബാക്കിയെല്ലാം ദൈവത്തിന്റെ ഇഷ്ടം പോലെ നടക്കട്ടെയെന്നു പാർവതി.