Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഉറച്ച തീരുമാനങ്ങളും മാറ്റങ്ങളുമായി മലയാളസിനിമാ വനിതാ സംഘടന

manju-rima-anjaly

ചലച്ചിത്ര മേഖലയില്‍ ജോലി ചെയ്യുന്ന സ്ത്രീകളുടെ പ്രശ്നങ്ങള്‍ പഠിക്കാന്‍ കമിറ്റിയെ നിയോഗിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ സിനിമയിലെ പെണ്‍കൂട്ടായ്മ പ്രതിനിധികള്‍ക്ക് ഉറപ്പുനല്‍കി. കമ്മിറ്റിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ ഈ രംഗത്തെ ലൈംഗികാതിക്രമവും ലൈംഗിക ചൂഷണവും തടയാന്‍ സര്‍ക്കാര്‍ നടപടിയെടുക്കും.

manju-rima-anjaly-1

പുതുതായി രൂപീകരിച്ച പെണ്‍കൂട്ടായ്മക്കുവേണ്ടി ബീനാപോള്‍, മഞ്ജുവാര്യര്‍, റീമ കല്ലിങ്കല്‍, പാര്‍വതി, വിധു വിന്‍സെന്‍റ്, സജിത മഠത്തില്‍, ദീദി ദാമോദരന്‍, ഫൗസിയ ഫാത്തിമ, രമ്യ നമ്പീശന്‍, സയനോര ഫിലിപ്പ്, അഞ്ജലി മേനോന്‍, ആശ ആച്ചി ജോസഫ്, ഇന്ദു നമ്പൂതിരി തുടങ്ങിയവരാണ് മുഖ്യമന്ത്രിയെ കണ്ടത്.

ചലച്ചിത്ര മേഖലയില്‍ അടിസ്ഥാന മനുഷ്യാവകാശങ്ങള്‍ പോലും സ്ത്രീകള്‍ക്ക് നിഷേധിക്കപ്പെടുകയാണെന്ന് അവര്‍ പറഞ്ഞു. കൊച്ചിയില്‍ അഭിനേത്രിക്കുണ്ടായ അനുഭവം ആദ്യത്തേതല്ല. സിനിമ ഷൂട്ടിങ്ങ് നടക്കുന്ന സെറ്റുകള്‍ കൂടി ലൈംഗിക പീഡന നിരോധന നിയമത്തിന്‍റെ പരിധിയില്‍ കൊണ്ടുവരണം. സെറ്റുകളില്‍ ലൈംഗികപീഡന പരാതി പരിഹാരസെല്‍ രൂപീകരിക്കണം.

സിനിമയുടെ സാങ്കേതിക മേഖലകളില്‍ സ്ത്രീകളുടെ പങ്കാളിത്തം വര്‍ധിക്കണമെങ്കില്‍ സുരക്ഷിതത്വം ഉറപ്പുവരണം. പിന്നണി പ്രവര്‍ത്തനങ്ങളില്‍ മുപ്പതു ശതമാനമെങ്കിലും സ്ത്രീ പ്രാതിനിധ്യം ഉറപ്പാക്കുന്ന സിനിമകള്‍ക്ക് പ്രോത്സാഹനമായി സബ്സിഡി നല്‍കുക തുടങ്ങിയ ആവശ്യങ്ങളും അവര്‍ ഉന്നയിച്ചു. പല സെറ്റുകളിലും സ്ത്രീകള്‍ക്ക് മൂത്രമൊഴിക്കാന്‍ പോലും സൗകര്യമില്ലെന്ന് അവര്‍ പരാതിപ്പെട്ടു. കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ടപ്പോള്‍ പൊലീസ് എടുത്ത സത്വര നടപടികളില്‍ അവര്‍ മതിപ്പ് പ്രകടിപ്പിക്കുകയും മുഖ്യമന്ത്രിയെ അഭിനന്ദിക്കുകയും ചെയ്തു.

സിനിമ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ജോലിക്കാര്‍ ഏതു തരക്കാരാണെന്നും അവരുടെ പൂര്‍വ ചരിത്രം എന്താണെന്നും പരിശോധിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. അതിന് പൊലീസ് സഹായം ഉണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.

manju-rima-anjaly-4

മുഖ്യമന്ത്രിക്കായി സമർപ്പിച്ച നിവേദനത്തിന്റെ വിവരങ്ങൾ താഴെ.....

ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ മുമ്പാകെ സമർപ്പിക്കുന്ന നിവേദനം

മലയാള സിനിമയിൽ പുതുതായി രൂപീകരിക്കപ്പെട്ട ഒരു പെൺ കൂട്ടായ്മയെ പ്രതിനിധീകരിച്ചാണ് ഈ നിവേദനം.മറ്റേത് രംഗവുമെന്ന പോലെ ലിംഗനീതി ഇനിയും പുലരാത്ത ഒരിടമാണ് ഞങ്ങൾ പണിയെടുക്കുകയും ജീവിയ്ക്കുകയും ചെയ്യുന്ന ചലച്ചിത്രമേഖല. എന്നാൽ മറ്റു രംഗങ്ങളിൽ നിന്നും വ്യത്യസ്തമായി ഇവിടെ അടിസ്ഥാനപരമായ മനുഷ്യാവകാശങ്ങളോ സേവന വേതന വ്യവസ്ഥകളോ ചർച്ച ചെയ്യാവുന്ന നിലയിൽ പോലുമെത്തിയിട്ടില്ല കാര്യങ്ങൾ. തുല്യ നീതിയെന്നത് അതുകൊണ്ട് തന്നെ പൊരുതി നേടേണ്ട ഒന്നാണിവിടെയും, അതിന് ഭരണഘടന വിഭാവനം ചെയ്യുന്ന അവകാശങ്ങൾ നടപ്പിലാക്കാൻ ഉത്തരവാദിത്വമുള്ള സർക്കാരിന്റെ പിന്തുണ ഞങ്ങൾ അഭ്യർഥിക്കുന്നു.

ഈ രംഗത്ത് നിലനിൽക്കുന്ന നീതികേടിന്റെ ഭാഗം തന്നെയാണ് അടുത്തിടെ ഞങ്ങളുടെ സഹപ്രവർത്തകയായ ഒരു അഭിനേത്രിക്ക് നേരിടേണ്ടിവന്ന ദുരനുഭവം. അത് ഇവിടെ നടന്ന ആദ്യ സംഭവമല്ല. സിനിമയിലെ ഇത്തരം ചൂഷണങ്ങൾ അതിനിരയായവരുടെ പക്ഷത്ത് നിന്ന് കാണുകയെന്നത് പ്രധാനമാണ്. നിലവിൽ അത് ഇൻഡസ്ട്രിയുടെ ഈ അവസ്ഥയ്ക്ക് മാറ്റം വരണമെങ്കിൽ ഇപ്പോൾ പുറത്തു പറയപ്പെട്ട കേസിൽ നീതി മാതൃകാപരമായി നടപ്പിലാക്കേണ്ടതുണ്ട്. ഇതിനായി താഴെപ്പറയുന്ന നിർദേശങ്ങൾ സർക്കാരിന്റെ പരിഗണയിലേക്ക് വയ്ക്കുന്നു.

1. ഈ തൊഴിൽ മേഖലയെ കൂടി തൊഴിൽ സ്ഥലത്തെ ലൈംഗിക പീഡന നിരോധന നിയമം 2013 ന്റെ പരിധിയിൽ കൊണ്ടുവരാൻ ഓരോ സിനിമാ നിർമാണ വേളയിലും മറ്റ് തൊഴിലിടങ്ങളിൽ ഉള്ളപോലെ ലൈംഗിക പീഡന പരാതി പരിഹാര സെൽ രൂപീകരിക്കുക. ഈ സെൽ രൂപീകരിച്ചതിന്റെ സാക്ഷ്യപത്രം കൂടാതെ ഒരു സിനിമയും റജിസ്റ്റർ ചെയ്യപ്പെടുക ഇല്ലാ എന്ന് സർക്കാർ സംവിധാനങ്ങൾ ഉപയോഗിച്ച് ഉറപ്പു വരുത്തേണ്ടതുണ്ട്.

2. സിനിമാ മേഖലയിലെ ലിംഗപരമായ പ്രശ്നങ്ങളെയും തൊഴിൽ സാഹചര്യങ്ങളെയും കുറിച്ച് പഠിക്കാൻ വിദഗ്ധ സമിതിയെ ചുമതലപ്പെടുത്തുക. ഈ മേഖലയിലുള്ള സേവന വേതന വ്യവസ്ഥകൾ നിരീക്ഷിക്കാനും അപര്യാപ്തതകൾ പരിഹരിക്കാനുമുള്ള കാര്യക്ഷമമായ ഇടപെടൽ സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകണം. ഞങ്ങളുടെ കൂട്ടായ്മയുടെ എല്ലാ പിന്തുണയും സഹകരണവും ഇതിനുണ്ടാകും.

3. സ്ത്രീ പങ്കാളിത്തം നാമമാത്രമായ സിനിമയുടെ സാങ്കേതിക മേഖലകളിൽ സ്ത്രീകളുടെ പങ്കാളിത്തം വർധിപ്പിക്കുന്നതിനായി സർക്കാർ ഉടമസ്ഥതയിലുള്ള സിനിമാ നിർമ്മാണ സ്ഥാപനങ്ങളിൽ എങ്കിലും ചിത്രാഞ്ജലി പോലെയുള്ള ഒരു തുടക്കമെന്ന നിലയിൽ സ്ത്രീകൾക്ക് സംവരണം ഏർപ്പെടുത്തുക.

4. പരമ്പരാഗതമല്ലാത്ത പുതിയ തൊഴിൽ മേഖലകളിലേക്ക് സ്ത്രീകളെ എത്തിക്കുക എന്നത് ഈ സർക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങളിൽ ഒന്നാണല്ലോ. സിനിമയുടെ സാങ്കേതിക വശങ്ങൾ പഠിക്കുന്നതിനായി സ്ത്രീകൾക്ക് പ്രത്യേക പഠനാനൂകൂല്യങ്ങൾ സ്കോളർഷിപ്പുകൾ എന്നിവ ഏർപ്പെടുത്തുക.

5. പ്രസവം, ശിശുപരിചരണം, ശാരീരിക അവശതകൾ തുടങ്ങിയവ മൂലം തൊഴിലിൽ നിന്ന് വിട്ടു നിൽക്കേണ്ട സാഹചര്യങ്ങളിലുള്ള സ്ത്രീകളെ സഹായിക്കുന്നതിനായി ക്ഷേമനിധി, ഇൻഷുറൻസ് ഇപിഎഫ് തുടങ്ങിയവ ഏർപ്പെടുത്തുക.

6. സിനിമയുടെ ഉള്ളടക്കത്തിൽ ലിംഗനീതി പാലിക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതിനായി അത്തരം സിനിമകൾക്കായി പ്രത്യേക അവാർ‍ഡ് ഏർപ്പെടുത്തുക.

7. പിന്നണി പ്രവർത്തനങ്ങളിൽ മുപ്പതു ശതമാനമെങ്കിലും സ്ത്രീ പ്രാതിനിധ്യം ഉറപ്പാക്കാൻ കഴിയുന്ന സിനിമകൾക്ക് സബ്സിഡി അല്ലെങ്കിൽ ഇൻസന്റീവ് ഏർപ്പെടുത്തുക.

8. സിനിമാമേഖലയുമായി ബന്ധപ്പെട്ട് സർക്കാർ നടത്തുന്ന എല്ലാ കൂടിയാലോചനകളഴിലും സ്ത്രീകളുടെ പ്രാതിനിധ്യം ഉറപ്പാക്കുക

സ്ത്രീകൾക്ക് പ്രാഥമികാവശ്യങ്ങൾ നിർവഹിക്കാനുള്ള സംവിധാനങ്ങൾ എല്ലാ സിനിമാ നിർമാണ സെറ്റിലും നിർബന്ധമാക്കുന്നത് മുതൽ സിനിമയിലെ സ്ത്രീ സുരക്ഷയും സ്ത്രീ നീതിയുമായി ബന്ധപ്പെട്ട അടിസ്ഥാന വിഷയങ്ങളും ഇതുമായി ബന്ധപ്പെട്ട സിനിമയിലെ സ്ത്രീകളുടെ ആശങ്കകളും പരിഹരിക്കാൻ മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നും ക്രിയാത്മകായ ഒരിടപെടൽ ഞങ്ങൾ പ്രതീക്ഷിയ്ക്കുന്നു.ഇക്കാര്യത്തിൽ അനുകൂല തീരുമാനമുണ്ടാകുമെന്ന് പ്രത്യാശിച്ചുകൊണ്ട് സ്നേഹ ബഹുമാന പുരസരം.