Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എന്തിനാണു സിനിമയിൽ പുതിയൊരു കൂട്ടായ്മ? അഞ്ജലി മേനോൻ പറയുന്നു

anjali-manju-1 ചിത്രം : റിങ്കുരാജ് മട്ടാഞ്ചേരിയിൽ

സിനിമയുടെ വിവിധ മേഖലകളുമായി ബന്ധപ്പെട്ട് ഒട്ടേറെ സംഘടനകൾ നിലവിലുള്ളപ്പോൾ എന്തിനാണു വനിതകൾക്കായി പുതിയൊരു കൂട്ടായ്മ? ഞങ്ങൾ, മലയാള സിനിമയിലെ എല്ലാ രംഗത്തും പ്രവർത്തിക്കുന്ന വനിതകൾ ഒത്തുചേർന്നുള്ള ‘വിമൻ ഇൻ സിനിമ കലക്ടീവ്’ എന്ന കൂട്ടായ്മയെക്കുറിച്ചു സ്വാഭാവികമായും ഉയരുന്ന ചോദ്യമാണത്. ഒരു കാര്യം ആദ്യമേ വ്യക്തമാക്കട്ടെ: നിലവിലുള്ള ഒരു സിനിമാ സംഘടനയ്ക്കും ബദലായോ സമാന്തരമായോ അല്ല ഈ കൂട്ടായ്മ. ആ സംഘടനകളിൽ പലതിലും ഞാനുൾപ്പെടെ അംഗങ്ങളാണ്. ഞങ്ങളുടെ തൊഴിൽപരമായ പല കാര്യങ്ങളിലും സഹായകമായുള്ളത് ആ സംഘടനകളുമാണ്. 

anjali-manju-4 ചിത്രം : റിങ്കുരാജ് മട്ടാഞ്ചേരിയിൽ

കഴിഞ്ഞ ദിവസം ഈ സംഘടനയുടെ പ്രതിനിധികളായി മുഖ്യമന്ത്രിയെ സന്ദർശിച്ചവരുടെയെല്ലാം മനസ്സിൽ കുറെ കാലമായി ഉള്ള ചിന്തയാണ് ഇത്തരം ഒരു വനിതാ കൂട്ടായ്മയുടെ ആവശ്യം. ഞങ്ങളിൽ പലരും പല ഘട്ടങ്ങളിൽ അനുഭവിക്കുകയോ അറിയുകയോ കാണുകയോ ചെയ്തിട്ടുള്ള അനുഭവങ്ങളിൽനിന്നാണ് അത്തരമൊരു ചിന്ത രൂപപ്പെട്ടത്. കൊച്ചിയിൽ ഞങ്ങളുടെ സഹപ്രവർത്തകയ്ക്കുണ്ടായ ദുരനുഭവം ആ ചിന്തകൾക്കു പെട്ടെന്നൊരു സംഘടിതരൂപം നൽകാൻ പ്രേരകമായി എന്നു മാത്രം.

anjali-manju-3 ചിത്രം : റിങ്കുരാജ് മട്ടാഞ്ചേരിയിൽ

അഭിനയരംഗം ഒഴിച്ചാൽ സാങ്കേതികരംഗത്തു വളരെ കുറച്ചു സ്ത്രീകൾ മാത്രം പ്രവർത്തിക്കുന്ന മേഖലയാണു സിനിമ. അതിന്റേതായ ചില പ്രശ്നങ്ങളുണ്ട്. ഏതു തൊഴിൽ മേഖലയിലും സ്ത്രീകൾക്കു പ്രാഥമികമായ ചില അവകാശങ്ങൾ നിയമപരമായിത്തന്നെ ഉറപ്പാക്കേണ്ടതുണ്ട്. പക്ഷേ, സിനിമയിൽ അത്തരം പ്രാഥമിക അവകാശങ്ങൾപോലും സംരക്ഷിക്കപ്പെടുന്നില്ല. സ്ത്രീകൾക്കായുള്ള ശുചിമുറി സംവിധാനംപോലുമില്ലാത്ത ഷൂട്ടിങ് സെറ്റുകൾ ഏറെയാണ്. ഗർഭകാലത്തു ജോലിചെയ്യുന്ന സ്ത്രീകൾക്കുള്ള തൊഴിലിടങ്ങളിലെ അവകാശങ്ങളുടെ കാര്യവും ഇങ്ങനെതന്നെ. രാത്രിയെന്നും പകലെന്നുമില്ലാതെ ജോലിചെയ്യുന്ന സിനിമയിൽ അത്തരം അവകാശങ്ങൾ പാലിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കേണ്ടത് അത്യാവശ്യവുമാണ്. 

anjali-manju-2 ചിത്രം : റിങ്കുരാജ് മട്ടാഞ്ചേരിയിൽ

സ്ത്രീകളോടു മോശമായി പെരുമാറുന്ന അനുഭവങ്ങൾ സിനിമയിൽ ഒറ്റപ്പെട്ടതല്ല. സുരക്ഷിതമായ അന്തരീക്ഷത്തിൽ ജോലിചെയ്യാനാവണം. സിനിമയുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്നവരുടെ പശ്ചാത്തലം അന്വേഷിച്ച് ഉറപ്പുവരുത്താൻ സർക്കാർ സഹായിക്കാമെന്ന മുഖ്യമന്ത്രിയുടെ ഉറപ്പ് ഈ കൂട്ടായ്മയുടെ ആദ്യനേട്ടമായിത്തന്നെ കാണുന്നു. യാത്രയിലുൾപ്പെടെ സ്ത്രീസുരക്ഷിതത്വം ഉറപ്പാക്കാനാവണം. 

anjali-manju-5 ചിത്രം : റിങ്കുരാജ് മട്ടാഞ്ചേരിയിൽ

ഈ രംഗത്തു സ്ത്രീകൾ ചൂഷണത്തിനു വിധേയരാവാനുള്ള സാധ്യത ഏറെയാണ്. അത്തരം സാഹചര്യങ്ങൾ ഇല്ലാതാവണമെങ്കിൽ നിയമത്തിന്റെ ശക്തമായ പരിരക്ഷ ആവശ്യമാണ്. ഷൂട്ടിങ് സെറ്റുകൾ ലൈംഗിക പീഡന നിരോധന നിയമത്തിന്റെ പരിധിയിലുള്ള ഇടമാണെങ്കിലും അതു നടപ്പാക്കുന്നുവെന്ന് ഉറപ്പാക്കണം. ഒപ്പം ലൈംഗിക പീഡന പരാതി പരിഹാര സെൽ രൂപീകരിക്കേണ്ടതുമുണ്ട്.

ഈ മേഖലയിലേക്കു കടന്നുവരുന്ന സ്ത്രീകളെക്കുറിച്ചു പൊതുവേയുള്ള മുൻവിധിയാണു മറ്റൊരു കാര്യം. സിനിമയിലേക്കു കടന്നുവരാൻ ഏറെ പെൺകുട്ടികൾ ആഗ്രഹിക്കുന്നുണ്ട്. എന്നാൽ, അവരുടെ വീട്ടുകാർക്കുൾപ്പെടെ ആശങ്കകളാണ്. സിനിമയിലേക്ക്, പ്രത്യേകിച്ചു സാങ്കേതിക മേഖലയിലേക്ക് കൂടുതൽ പെൺകുട്ടികൾ കടന്നുവരണം. അതിന് അവർക്കൊരു വഴി കാട്ടാനുള്ള പദ്ധതികളും ഞങ്ങൾ ആലോചിക്കുന്നുണ്ട്. ബീന പോളിനെപ്പോലെ സിനിമയിലെ ഓരോ മേഖലയിലും ആദ്യമായി വഴിതെളിച്ചവരുടെ അനുഭവസമ്പത്ത് ഇക്കാര്യത്തിൽ പ്രധാനമാണ്. സമൂഹത്തിന്റെ മുൻവിധികളെയും ഇത്തരം ബോധവൽക്കരണത്തിലൂടെ മാറ്റാനാവും. 

anjali-manju-6 ചിത്രം : റിങ്കുരാജ് മട്ടാഞ്ചേരിയിൽ

പിന്നണി പ്രവർത്തനങ്ങളിൽ സ്ത്രീപ്രാതിനിധ്യം ഏറെയുള്ള സിനിമകൾക്കു സബ്സിഡി നൽകണമെന്ന നിർദേശം ഈ ലക്ഷ്യം മുൻനിർത്തിയുള്ളതാണ്. സിനിമയിൽ പല മേഖലകളിലും സ്ത്രീകൾ വിവേചനം നേരിടുന്നുണ്ടെന്നതും യാഥാർഥ്യം. ഒരേ ജോലി ചെയ്യുന്ന ആണിനും പെണ്ണിനും തുല്യപരിഗണനയും അവസരവും കിട്ടണം.

സ്ത്രീകൾ സിനിമയുടെ വിവിധ മേഖലകളിൽ നേതൃത്വപരമായ നിലയിലെത്തുമ്പോൾ അതിനെ ഉൾക്കൊള്ളാൻ പ്രയാസമുള്ള ചിലരെങ്കിലുമുണ്ട്. കണ്ടു ശീലിച്ച രീതിയിൽനിന്നുള്ള മാറ്റത്തെ ഉൾക്കൊള്ളാനാവാത്തതാണു പ്രശ്നം. അത് അറിവില്ലായ്മയായാണു പലപ്പോഴും തെറ്റിദ്ധരിക്കപ്പെടുന്നത്. സ്ത്രീകൾക്കു കാര്യങ്ങൾ ചെയ്യാൻ വ്യത്യസ്തമായ രീതിയുണ്ടാവാം. അതു പുരുഷനെപ്പോലെയായിരിക്കണമെന്നു നിർബന്ധിക്കുന്നതിൽ അർഥമില്ല. അത് ഉൾക്കൊള്ളുകയാണു വേണ്ടത്. സാങ്കേതികരംഗത്തുള്ള സ്ത്രീകൾ മികവു തെളിയിക്കുന്നതും പുരസ്കാരങ്ങൾ സ്വന്തമാക്കുന്നതും ആഘോഷിക്കപ്പെടേണ്ടതാണ്. 

ഒരു രാജ്യം എങ്ങനെയാണു സ്ത്രീകളെ കരുതുന്നത് എന്നതിൽനിന്ന് ആ രാജ്യത്തിന്റെ സംസ്കാരം വ്യക്തമാവും എന്നു പറഞ്ഞതു മുൻ യുഎസ് പ്രസിഡന്റ് ബറാക് ഒബാമയാണ്. അതു കുടുംബത്തിലും തൊഴിൽ മേഖലയിലുമെല്ലാം ബാധകമാണ്. സുരക്ഷിതമായ, വിവേചനമില്ലാത്ത, പ്രഫഷനലായ സിനിമാ അന്തരീക്ഷത്തിലേക്കു കൂടുതൽ സ്ത്രീകൾ ധൈര്യസമേതം കടന്നുവരും. അതിനുള്ള വഴിയും പ്രോൽസാഹനവും ഒരുക്കുകയാണ് ഈ കൂട്ടായ്മ ലക്ഷ്യമിടുന്ന