Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മോഹന്‍ലാലിന്റെ ‘മഹാഭാരതം’; കർണൻ ആര്?

mohanlal-bheeman

1000 കോടി മുതൽ മുടക്കിൽ ഇന്ത്യയിലെ ഏറ്റവും ചെലവേറിയ സിനിമയായാണ് ‘മഹാഭാരതം’ ഒരുങ്ങുന്നത്. ഭീമന്റെ കാഴ്ചപ്പാടിലാകും ചിത്രമൊരുങ്ങുക. മോഹൻലാൽ ഭീമനായി എത്തുന്ന ചിത്രം എംടി വാസുദേവൻ നായരുടെ രണ്ടാമൂഴത്തെ ആസ്പദമാക്കി എടുക്കുന്ന ചിത്രമാണ്. എം.ടി.യുടെ തന്നെ തിരക്കഥയില്‍ പ്രശസ്ത പരസ്യചിത്ര സംവിധായകന്‍ വി.എ.ശ്രീകുമാര്‍ മേനോൻ ആണ് സംവിധാനം.

മോഹൻലാൽ ഭീമനാകുമെന്ന് പ്രഖ്യാപിച്ചെങ്കിലും ചിത്രത്തിലെ മറ്റുതാരങ്ങളെക്കുറിച്ച് അണിയറപ്രവർത്തകർ വെളിപ്പെടുത്തിയിരുന്നില്ല. ഐശ്വര്യ റായിയുടെയും അമിതാഭ് ബച്ചന്റെയും പ്രഭാസിന്റെയും പേരുകൾ ഇതിനിടയിൽ ഉയർന്നു കേട്ടു.

ഇപ്പോഴിതാ സിനിമയിലെ കർണൻ ആരെന്ന ചോദ്യത്തിന് ഉത്തരം ലഭിച്ചിരിക്കുന്നു. റിപ്പോർട്ടുകൾ ശരിയാണെങ്കിൽ തെലുങ്ക് സൂപ്പർതാരം നാഗാർജുനായാകും സിനിമയിൽ കര്‍ണനായി എത്തുക.

രാരോണ്ടി വെഡുക ചുധം എന്ന ചിത്രത്തിന്റെ പ്രചരണ പരിപാടികള്‍ക്കിടെ മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായാണ് നാഗാർജുന മഹാഭാരതത്തെക്കുറിച്ച് മനസ്സ് തുറന്നത്.മകൻ നാഗചൈതന്യ നായകനാവുന്ന  രാരോണ്ടി വെഡുക ചുധത്തിന്റെ നിർമാതാവാണ് നാഗാർജുന.

‘മുമ്പൊരിക്കൽ കര്‍ണന്റെ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ സാധിക്കുമോ എന്ന് എംടി സാർ എന്നോട് ചോദിച്ചിരുന്നു. ഏകദേശം രണ്ടുവർഷം മുമ്പ്. മഹാഭാരതം എന്ന സിനിമ സാക്ഷാത്കരിക്കുന്നതിന് വേണ്ടി ശ്രീകുമാര്‍ കഴിഞ്ഞ നാലുവർഷമായി നടത്തുന്ന പരിശ്രമങ്ങളെക്കുറിച്ച് എനിക്ക് നന്നായി അറിയാം. ഈയിടെ എംടി സാർ വീണ്ടും ഈ സിനിമയെക്കുറിച്ച് സംസാരിച്ചു. എന്റെ കഥാപാത്രത്തിനും ചിത്രത്തില്‍ പ്രാധാന്യമുണ്ടെങ്കില്‍ ഞാന്‍ അത് അവതരിപ്പിക്കാം എന്ന് സമ്മതിച്ചിട്ടുണ്ട്. പ്രൊജക്ട് ഇപ്പോള്‍ പ്രാഥമിക ഘട്ടത്തിലാണ്. കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താറായിട്ടില്ല’-നാഗാര്‍ജുന വ്യക്തമാക്കി.

mohanlal-bheeman-1

എന്നാൽ തെലുങ്ക് മാധ്യമങ്ങൾ ഈ വാർത്ത സ്ഥിരീകരിച്ചു കഴിഞ്ഞു. ചിത്രത്തിൽ അഭിനയിക്കാൻ നാഗാർജുന കരാർ ഒപ്പിട്ടതായാണ് വിവരം. 

ലോകനിലവാരത്തിലൊരുങ്ങുന്ന ചിത്രം നിർമിക്കുന്നത് പ്രമുഖ പ്രവാസി വ്യവസായി ബി ആർ ഷെട്ടിയാണ്. ആയിരം കോടി മുടക്കിയാണ് ചിത്രം നിർമിക്കുന്നത്. ഇന്ത്യന്‍ സിനിമയിലെ ഏറ്റവും ചെലവേറിയ ചിത്രമാവും ഇത്. 

2018 സെപ്റ്റംബറിൽ സിനിമയുെട ചിത്രീകരണം ആരംഭിക്കും. രണ്ട് ഭാഗങ്ങളായാണ് ചിത്രം ഒരുങ്ങുന്നത്. ആദ്യഭാഗത്തിന്റെ ചിത്രീകരണം അബുദാബിയിൽ അടുത്തവര്‍ഷം സെപ്റ്റംബറില്‍ തുടങ്ങും. ശ്രീലങ്ക, മുംബൈ, രാജസ്ഥാൻ, കേരളം എന്നിവിടങ്ങളാണ് പ്രധാനലൊക്കേഷൻസ്.

2020ല്‍ ആണ് റിലീസ്. ആദ്യ ഭാഗം പുറത്തിറങ്ങി നാല് മാസത്തിന്ശേഷം രണ്ടാംഭാഗം പ്രേക്ഷകരിലെത്തും. മലയാളത്തിനു പുറമേ ഹിന്ദി, ഇംഗ്ലീഷ്, തമിഴ്, തെലുങ്ക് ഭാഷകളില്‍ സിനിമ ചിത്രീകരിക്കും.