Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നടിമാർക്ക് തടി കൂടിയാൽ ആർക്കു പ്രശ്നം !

actresses-weight

ജൂനിയർ ഐശ്വര്യ റായ് എന്നു പേരെടുത്ത ഒരു നടിയുണ്ട്. സ്നേഹ ഉള്ളാൽ. വർഷങ്ങൾക്കു ശേഷം അവര്‍ സിനിമയിലേക്കു മടങ്ങിയെത്തുകയാണ്. ഇന്ത്യയുടെ സ്വപ്ന സൗന്ദര്യം ഐശ്വര്യ റായ്‍യുമായുള്ള മുഖ സാദൃശ്യമാണ് സ്നേഹയെ ജനകീയമാക്കിയത്. പക്ഷേ ഇടയ്ക്കു കുറേ കാലം വീടിനു വെളിയിലിറങ്ങാൻ പോലും സ്നേഹയ്ക്കു മടിയായിരുന്നു. 

കാരണം ഒരു അസുഖം വന്ന് ശരീരത്തിൽ സംഭവിച്ച മാറ്റം സ്നേഹയെ അപ്പാടെ തകർത്തിരുന്നു. സിനിമ മേഖലയേയും അതിനേക്കാളുപരി പൊതുജനങ്ങളേയുമായിരുന്നുവത്രേ സ്നേഹയ്ക്കു ഭയം. രൂപഭംഗി പോയാൽ പിന്നെയാർക്കും വേണ്ടാതാകുമെന്ന ഭയം. സ്നേഹ മാത്രമല്ല, ഈ ഭയപ്പെടുത്തലിലും കളിയാക്കലുകളിലും വീണു ജീവിക്കുന്ന ഒരുപാട് നടിമാർ നമുക്ക് ചുറ്റുമുണ്ട്. 

smeha-ullal സ്നേഹ ഉള്ളാൽ

സ്നേഹയ്ക്ക് ഒരു അസുഖമായിരുന്നുവെങ്കിൽ ചില നടിമാർ ഒരു കുഞ്ഞിന്റെ അമ്മയായാൽ മതി. അതാണ് ചിലരുടെയൊക്കെ പ്രധാനപ്രശ്നം. തടി കൂടിയെന്നതിന്റെ പേരിലാകും ഇവരെ പരിഹസിക്കാൻ തുടങ്ങുക. മറ്റുള്ളവരെ കളിയാക്കാനും അധിക്ഷേപിക്കാനും വേണ്ടി മാത്രം സോഷ്യൽ മീഡിയ  ഉപയോഗിക്കുന്ന ചിലർക്ക് ഈ നടിമാർ ഒരു ആഘോഷ വസ്തുവാണ്. നടി ശരണ്യയാണ് ഇക്കൂട്ടരുടെ ഇപ്പോഴത്തെ ഇര. പ്രസവ ശേഷം തടി കൂടിയതിന് നടിയെ അധിക്ഷേപിച്ചവർക്ക് അവരുടെ ഭര്‍ത്താവ് ചുട്ട മറുപടി നൽകുകയും ചെയ്തു. 

anushka

എങ്കിലും ഒന്നു ചോദിക്കാതെ വയ്യ, നടിയ്ക്കു തടി കൂടിയാൽ എന്താണ് പ്രശ്നം? അവർക്കോ അവരെ വിവാഹം ചെയ്തയാളിനോ ഇല്ലാത്ത എന്തു പ്രശ്നമാണ് നമുക്കുണ്ടാകേണ്ടത്. ഒന്നുമില്ലെങ്കിലും അവര്‍ ഒരു കുഞ്ഞിന് ജന്മം നൽകിയതു കൊണ്ടല്ലേ അങ്ങനെ സംഭവിച്ചത്? എന്തുകൊണ്ടാണ് ഈ സാമാന്യ ബോധവും യുക്തിയുമെല്ലാം നമ്മൾ നടിമാരുടെ കാര്യത്തിൽ മറന്നുപോകുന്നത്. 

ഐശ്വര്യ റായിയും കരീന കപൂറും കരിഷ്മ കപൂറും കജോളും മാധുരി ദീക്ഷിതുമൊക്കെ പ്രസവ ശേഷം എങ്ങനെയായി എന്നറിയാൻ നെറ്റിൽ ഊളിയിട്ട ചരിത്രമാണ് നമുക്കുള്ളത്. എന്തിന് നമ്മുടെ നസ്രിയ നസീമും, ഗോപികയും, സംവൃതയുമൊക്കെ കല്യാണശേഷം തടി വച്ചോ ഇല്ലയോ എന്നറിയാൻ വല്ലാത്ത ആകാംഷയായിരുന്നു നമുക്ക്. ഇവരുടെയൊന്നും അനുമതി കൂടാതെ ഫോട്ടോയെടുത്ത് അത് ആഘോഷിച്ചിട്ടുമുണ്ട്. അവർക്കെന്തോ വലിയ ദുരന്തം സംഭവിച്ച മട്ടിലായിരുന്നു പലരും സോഷ്യൽ മീഡിയയിൽ എഴുതിയതു പോലും.

fahad-nazriya-latest

പ്രസവ ശേഷം തടി വച്ചതിന് ഐശ്വര്യ റായ് കേട്ട പഴി ചെറുതല്ല. ഇനി അവർക്കു സിനിമയിലേക്കു തിരിച്ചു വരവില്ലെന്നും മോഡലിങ് രംഗത്തു നിന്നു അവർ എന്നന്നേയ്ക്കുമായി പുറത്താക്കപ്പെട്ടെന്നും വരെ അന്താരാഷ്ട്ര മാധ്യമങ്ങളടക്കം എഴുതി പിടിപ്പിച്ചു. ഇതേ ഐശ്വര്യ റാംപിലെത്തുന്നതു കാണാൻ ഇപ്പോഴും കാമറക്കണ്ണുകൾ കാത്തിരിക്കാറുണ്ട്. 

ആരുമൊന്നും നോക്കിപ്പോകുന്ന അതുല്യ ഭംഗിയും കണ്ണുകളിലെ തിളക്കവും അവിടെ തന്നെയുണ്ട്. ഇക്കഴിഞ്ഞ കാൻ ചലച്ചിത്ര മേളയിൽ പങ്കെടുക്കാനെത്തിയ ഐശ്വര്യ റെഡ് കാർപ്പറ്റിലൂടെ പോകുന്ന കാഴ്ചയാണ് കാൻ സമ്മാനിച്ച മനോഹരമായ ദൃശ്യങ്ങളിലൊന്നു പോലും. തടി കൂടിയപ്പോഴും റാംപിലെത്താൻ ഐശ്വര്യ മടി കാണിച്ചിരുന്നില്ല. മകളേയും ഒക്കത്തിരുത്തി എവിടേയ്ക്കു പോകാനും അവർക്കു മടിയില്ലായിരുന്നു. തടി കൂടിയതിന് അധിക്ഷേപിച്ചവരോട് അങ്ങനെയാണു മറുപടി പറഞ്ഞത്. 

Aishwarya

സിനിമയിൽ അഭിനയിച്ചു പോയതുകൊണ്ട് തടി കൂടാൻ പാടില്ല, പ്രസവിക്കാൻ പാടില്ല, രോഗം വരാൻ പാടില്ല, എപ്പോഴും സീറോ സൈസ് ആയിരിക്കണം എന്നുണ്ടോ? അതിനേക്കാളുപരി അവരും സ്ത്രീകൾ തന്നെയല്ലേ. നമ്മുടെ ഭാര്യയോ സഹോദരിയോ ആണ് പ്രസവ ശേഷം വണ്ണം വച്ചതെങ്കിൽ നമ്മൾ ഇതുപോലെ അവരുടെ ഫോട്ടോയെടുത്ത് നാട്ടുകാരെല്ലാം കാണുന്ന വിധത്തിൽ സോഷ്യൽ മീഡിയയിലും മറ്റും പോസ്റ്റ് ചെയ്ത് കളിയാക്കുമോ? 

അല്ലെങ്കിൽ അവരുടെ അനുമതി കൂടാതെ അവരുടെ കൈവശമുള്ള ഫോട്ടോയെടുത്ത് ഉപയോഗിച്ച് തടിച്ചിയെന്ന് വിളിച്ചു കളിയാക്കുമോ? ഇല്ല. മനുഷ്യത്വമുള്ളവരും സാമാന്യമര്യാദയുള്ളവരുമൊന്നും ഒരിക്കലും അങ്ങനെ ചെയ്യില്ല. ശാരീരിക മാറ്റത്തിന്റെ പേരിൽ ഒരു വ്യക്തിയെ അധിക്ഷേപിക്കുന്നത് ക്രൂരതയാണെന്ന അടിസ്ഥാന ചിന്താഗതി പോലും നടിമാരുടെ കാര്യത്തിൽ നമ്മൾ മറന്നുപോകുന്നു. 

സൈസ് സീറോ എന്ന സിനിമയ്ക്ക് വേണ്ടി അനുഷ്ക തടിവച്ചപ്പോൾ അതും പരിഹാസമായി മാറി. പിന്നീട് ബാഹുബലി 2വിന് വേണ്ടി അവർ എടുത്ത കഷ്ടപ്പാടൊന്നും ആരും ചർച്ച ചെയ്തില്ല. അവിടെയും വിഷയം അനുഷ്കയുടെ വണ്ണം തന്നെ. പല ഘട്ടങ്ങളിലും ഷൂട്ടിങ് കഴിഞ്ഞ് വീട്ടിലെത്തി മുറി അടച്ച് കരയുമായിരുന്നെന്ന് അനുഷ്ക തന്നെ പറഞ്ഞിട്ടുണ്ട്. ഇതൊക്കെ ആര് കേൾക്കുന്നു. 

saranya

അഭിനേതാക്കാള്‍, പ്രത്യേകിച്ച് നടിമാര്‍ എന്നതൊരു പൊതുമുതൽ ആണെന്ന ധാരണ ഇനിയും തിരുത്തപ്പെട്ടിട്ടില്ലെന്നതാണ് വാസ്തവം. കാലം എത്ര പുരോഗമിച്ചാലും നമ്മൾ പറയുന്ന സാംസ്കാരിക മൂല്യത്തിൽ എത്ര തന്നെ വളർച്ച വന്നാലും ചില കാര്യങ്ങൾ അങ്ങനെ തന്നെ മനസിൽ കിടക്കും. ചിതലരിച്ചു പോകാതെ. നടിയായാലും ശാസ്ത്രജ്ഞയായാലും ബിസിനസുകാരിയായാലും ശരി തന്നെ പെണ്ണ് വെറും പെണ്ണ് എന്ന ചിന്താഗതി ഉള്ളിന്റെയുള്ളിൽ എവിടെയോ ഉള്ളതുകൊണ്ടാണത്. ഒന്നു പ്രസവിച്ച് എണീറ്റാൽ തീരാവുന്നതേയുള്ളൂ ഒരു പെണ്ണിന്റെ സൗന്ദര്യമെന്ന ചിന്ത ജീർണിക്കാതെ ഉള്ളിൽ കിടക്കുന്നതുകൊണ്ടാണത്. പിന്നെ കുറച്ചു കുശുമ്പും.