Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഈദിന് റിലീസ് ചെയ്യുന്നത് അഞ്ചു മലയാള ചിത്രങ്ങൾ

ramzan-release

ഇത്തവണ ഈദ് ആഘോഷമാക്കാൻ ഫഹദ് ഫാസിലിന്റെ രണ്ടു ചിത്രങ്ങളും പൃഥ്വിരാജ്, ആസിഫ് അലി, വിനീത് ശ്രീനിവാസൻ, നിഷാന്ത് എന്നിവരുടെ ഓരോ ചിത്രങ്ങളുമാണു തിയറ്ററുകളിലെത്തുക. സൂപ്പർതാര ചിത്രങ്ങളില്ലെങ്കിലും അവയുടെ വിടവു നികത്താൻ പാകത്തിനു  വ്യത്യസ്തമായ ചിത്രങ്ങളാണു റിലീസിനു തയാറെടുക്കുന്നത്. 

മഹേഷിന്റെ പ്രതികാരത്തിനു ശേഷം ദിലീഷ് പോത്തൻ സംവിധാനം ചെയ്യുന്ന തൊണ്ടിമുതലും ദൃക്സാക്ഷിയും  റാഫി സംവിധാനം ചെയ്യുന്ന റോൾ മോഡൽസുമാണു ഫഹദ് ചിത്രങ്ങൾ. രണ്ടു ഫഹദ് ചിത്രങ്ങൾ ഒരുമിച്ചു തിയറ്ററിൽ എത്തുന്നതു ഒഴിവാക്കാൻ രണ്ടാഴ്ചകളിലായിട്ടാവും ഇവ തിയറ്ററുകളിലെത്തുക. മുരളി ഗോപിയുടെ തിരക്കഥയിൽ നവാഗതനായ കൃഷ്ണകുമാർ ഒരുക്കുന്ന ടിയാനിൽ പൃഥ്വിരാജും ഇന്ദ്രജിത്തും പ്രധാനവേഷങ്ങൾ ചെയ്യുന്നു. എബിയുടെ വിജയത്തിനു ശേഷം വിനീത് ശ്രീനിവാസൻ നായകനാകുന്ന ചിത്രമാണ് ഒരു സിനിമാക്കാരൻ. ആസിഫ് അലി–ഉണ്ണി ടീമിന്റെ അവരുടെ രാവുകൾ. നിഷാന്തും രാഗിണി നന്ദ്‌വാനിയും മുഖ്യവേഷങ്ങളിലെത്തുന്ന ഹദിയ-എ ഗിഫ്റ്റ് ഓഫ് ലവ്, പ്രണയ- കുടുംബചിത്രമാണ്. 

അവരുടെ രാവുകൾ

മങ്കിപെൻ' എന്ന ചിത്രത്തിനു ശേഷം ഷാനിൽ മുഹമ്മദ്‌ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'അവരുടെ രാവുകൾ'. ഷാനിൽ മുഹമ്മദ്, റോജിൻ തോമസ് എന്നിവർ ഒരുമിച്ചാണ് മങ്കി പെൻ ചിത്രം സംവിധാനം ചെയ്തത്. ഷാനിൽ മുഹമ്മദ്‌ സ്വതന്ത്ര സംവിധായകനായി എത്തുന്ന ആദ്യചിത്രമാണിത്.  ആസിഫ് അലി, ഉണ്ണി മുകുന്ദൻ, വിനയ് ഫോർട്ട്, നെടുമുടി വേണു, ഹണി റോസ്, മിലാന പൗർണമി, അജു വർഗ്ഗീസ് എന്നിവരാണ് പ്രധാനതാരങ്ങൾ. ചിത്രം ജൂൺ 23ന് തിയറ്ററുകളിലെത്തും.

ഒരു സിനിമാക്കാരൻ 

വിനീത് ശ്രീനിവാസനും രജിഷ വിജയനും കേന്ദ്ര കഥാപാത്രങ്ങളെ  അവതരിപ്പിക്കുന്ന ഒരു സിനിമാക്കാരൻ സംവിധാനം ചെയ്യുന്നതു ലിയോ തദേവൂസാണ്. അസിസ്റ്റന്റ് ഡയറക്ടറായ ആൽബി മാത്യുവായാണു വിനീത് അഭിനയിക്കുന്നത്. ആൽബി, അപ്പന്റെ പ്രതീക്ഷകൾക്കു വിരുദ്ധമായി സിനിമയ്ക്കു പിന്നാലെ പോകുന്നതും തുടർന്നുണ്ടാകുന്ന സംഭവങ്ങളുമാണു സിനിമയുടെ പ്രമേയം. ആൽബിയുടെ അപ്പനായി രൺജി പണിക്കരാണു വേഷമിടുന്നത്. ലാൽ, വിജയ് ബാബു, സുരാജ് വെഞ്ഞാറമൂട്, ഗ്രിഗറി, ഹരീഷ് കണാരൻ, കോട്ടയം പ്രദീപ്, അനുശ്രീ, ചാലി പാല തുടങ്ങിയ വലിയ താരനിര ചിത്രത്തിലുണ്ട്. ചിത്രം ജൂൺ 24ന് തിയറ്ററുകളിലെത്തും.

റോൾ മോഡൽസ്

റിങ് മാസ്റ്ററിനു ശേഷം റാഫി സംവിധാനം ചെയ്യുന്ന റോൾ മോഡൽസിൽ ഫഹദ് ഫാസിൽ, വിനായകൻ, ഷറഫുദ്ദീൻ, വിനയ് ഫോർട്ട്, രൺജി പണിക്കർ, സ്രിന്റ എന്നിവരാണുള്ളത്. നമിത പ്രമോദാണു നായിക. സാഹസിക  സ്പോർട്സ് ട്രെയിനറുടെ വേഷത്തിലാണു നമിത. ഗോവയിലാണു സിനിമയുടെ ഏറിയ പങ്കും ചിത്രീകരിച്ചത്. ക്യാംപസിൽ നിന്നു പിരിഞ്ഞതിനു ശേഷവും സൗഹൃദം തുടരുന്ന നാലു പേർ അവരുടെ സുഹൃത്തിനെ തേടി ഗോവയിലേക്കു  നടത്തുന്ന യാത്രയാണു സിനിമ. തായ്‌ലൻഡ്, കൊച്ചി എന്നിവയായിരുന്നു മറ്റു ലൊക്കേഷനുകൾ. ഗോപി സുന്ദറാണു സംഗീതം. ചിത്രം ജൂൺ 24ന് തിയറ്ററുകളിലെത്തും.

ടിയാൻ

മുരളി ഗോപിയുടെ തിരക്കഥയിൽ പൃഥ്വിരാജും ഇന്ദ്രജിത്തും ഒരുമിക്കുന്ന സിനിമയാണു ടിയാൻ. ഇന്ദ്രജിത്തിനെ നായകനാക്കി കാഞ്ചിയൊരുക്കിയ സംവിധായകൻ കൃഷ്ണകുമാറാണു  ടിയാൻ ഒരുക്കുന്നത്. അസ്‌ലം മുഹമ്മദ് എന്ന കഥാപാത്രത്തേയാണു  പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. പട്ടാഭിരാമനായി ഇന്ദ്രജിത്തും എത്തുന്നു. ഹൈദരാബാദ്, പുണെ, ബദരീനാഥ്, നാസിക്  എന്നിവിടങ്ങളിലായാണു ചിത്രീകരണം. അമർ അക്ബർ ആന്റണിക്കു ശേഷം പൃഥ്വിരാജും ഇന്ദ്രജിത്തും വീണ്ടും ഒരുമിക്കുന്ന ചിത്രത്തിൽ മുരളി ഗോപി, അനന്യ, ഷൈൻ ടോം ചാക്കോ എന്നിവരുമുണ്ട്. ചിത്രം ജൂൺ 29ന് തിയറ്ററുകളിലെത്തും.

തൊണ്ടിമുതലും ദൃക്സാക്ഷിയും 

മഹേഷിന്റെ പ്രതികാരം, ടേക്ക് ഓഫ് എന്നി വിജയചിത്രങ്ങൾക്കു ശേഷം ഫഹദ് ഫാസിൽ നായകനാകുന്ന  ചിത്രമാണു തൊണ്ടിമുതലും ദൃക്സാക്ഷിയും. ദിലീഷ് പോത്തൻ സംവിധാനം െചയ്ത ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തതു  രാജീവ് രവി. ഒരിടവേളയ്ക്കു ശേഷമാണു മറ്റൊരു സംവിധായകനു വേണ്ടി  രാജീവ് രവി ക്യാമറയെടുക്കുന്നത്. സുരാജ് വെഞ്ഞാറമൂട്, നിമിഷ സജയൻ, അലൻസിയർ എന്നിവരും പ്രധാനവേഷങ്ങളിലുണ്ട്. നി കൊ ഞാ ചാ എന്ന സിനിമയ്ക്കു ശേഷം സന്ദീപ് സേനനും അനീഷ് എം. തോമസും ചേർന്നു നിർമിക്കുന്ന ചിത്രമാണു തൊണ്ടിമുതൽ. പുത്തൻപണത്തിനു ശേഷം കാസർകോട് പശ്ചാത്തലമായി വരുന്ന സിനിമ കൂടിയാണിത്. ചിത്രം ജൂൺ 29ന് തിയറ്ററുകളിലെത്തും.

ഹദിയ 

ഷാജി കൈലാസിന്റെ അസോഷ്യേറ്റായിരുന്ന  ഉണ്ണി പ്രണവം സംവിധാനം ചെയ്യുന്ന ഹദിയയിൽ നിഷാന്ത്, രാഗിണി നന്ദ്‌വാനി, ലിയോണ ലിഷോയ്, പി. ബാലചന്ദ്രൻ, അലൻസിയർ, ധർമജൻ, സുധീർ കരമന, സജിത മഠത്തിൽ, കെപിഎസ്‌സി ലളിത എന്നിവരാണു പ്രധാന താരങ്ങൾ. പെരുച്ചാഴിക്കു ശേഷം രാഗിണി നന്ദ്‌വാനി മലയാളത്തിൽ തിരികയെത്തുന്ന ചിത്രം കോഴിക്കോട് പശ്ചാത്തലമാക്കിയാണു കഥ പറയുന്നത്. സാറയെന്ന കഥാപാത്രത്തേയാണു രാഗിണി അവതരിപ്പിക്കുന്നത്. വിജയ് നായകനായ തലൈവയിലൂടെയാണു രാഗിണി ദക്ഷിണേന്ത്യൻ സിനിമകളിലെത്തുന്നത്.  ശരത്തിന്റെ സംഗീതം. ദീർഘകാലം ഷാജി കൈലാസിനൊപ്പം പ്രവർത്തിച്ച ഉണ്ണിയുടെ രണ്ടാമത്തെ ചിത്രമാണിത്. ബാല നായകനായ ശിവപുരമായിരുന്നു ആദ്യ ചിത്രം.