Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നടി ആക്രമിക്കപ്പെട്ട സംഭവം; പ്രതികരണവുമായി വനിതാസംഘടന

anjali-manju-1

കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട സംഭവുമായി ഉടലെടുത്ത വിവാദങ്ങളിൽ നിലപാട് വ്യക്തമാക്കി മലയാളസിനിമയിലെ വനിതാസംഘടനയായ ‘വിമൻ ഇൻ സിനിമ കലക്ടീവ്’. കോടതിയുടെ പരിഗണനയിലുള്ള കേസിലെ വാദിയായ വ്യക്തിയെ അപമാനിക്കുന്നതും അധിക്ഷേപിക്കുന്നതും ഇന്ത്യൻ നിയമ വ്യവസ്ഥയോടും ഭരണഘടനയോടുമുള്ള വെല്ലുവിളിയാണെന്നും ഇത്തരത്തിൽ ഉണ്ടായ അഭിപ്രായ പ്രകടനങ്ങൾ നിയമവിരുദ്ധവും അങ്ങേയറ്റം അപലപനീയവുമാണെന്നും ഇവർ പ്രതികരിച്ചു.

വിമൻ ഇൻ സിനിമ കലക്ടീവിന്റെ കുറിപ്പ് വായിക്കാം–

‘ഞങ്ങളുടെ സഹപ്രവർത്തകക്ക് നേരെയുണ്ടായ അതിക്രമവുമായി ബന്ധപ്പെട്ട കേസ് കോടതി നടപടികളുടെ പ്രാഥമിക ഘട്ടത്തിലാണുള്ളത്. ഈ സന്ദർഭത്തിൽ അതിക്രമത്തിനെ അതിജീവിച്ച ആളെ അപമാനിക്കുകയും തരം താഴ്ത്തുകയും ചെയ്യുന്ന തരത്തിൽ ഉണ്ടായ അഭിപ്രായ പ്രകടനങ്ങൾ നിയമവിരുദ്ധവും അങ്ങേയറ്റം അപലപനീയവുമാണ്. 

2013-ലെ വർമ്മ കമ്മിറ്റി റിപ്പോർട്ട് ഇന്ത്യൻ പാർലമെന്റ് അംഗീകരിച്ചതിനു ശേഷം ലൈംഗികാതിക്രമത്തിന് ഇരയാകുന്നവരെ പരസ്യമായി അധിക്ഷേപിക്കുന്നതോ അവരുടെ പേര് വെളിപ്പെടുത്തുന്നതോ അവരെ തരം താഴ്ത്തി സംസാരിക്കുന്നതോ അവർക്ക് നേരെയുണ്ടായ അതിക്രമത്തെ റദ്ദാക്കുന്ന തരത്തിൽ സംസാരിക്കുന്നതോ ലഘുവായതോ അവഗണിക്കാവുന്നതോ ആയ പ്രവൃത്തിയല്ല. 

കോടതിയുടെ പരിഗണനയിലുള്ള കേസിലെ വാദിയായ വ്യക്തിയെ അപമാനിക്കുന്നതും അധിക്ഷേപിക്കുന്നതും ഇന്ത്യൻ നിയമ വ്യവസ്ഥയോടും ഭരണഘടനയോടുമുള്ള വെല്ലുവിളിയാണ്. അതിക്രമത്തെ അതിജീവിച്ച വ്യക്തിയെ സംശയമുനയിൽ നിർത്തുന്നത് മാപ്പ് അർഹിക്കുന്ന പ്രവർത്തിയുമല്ല. 

ഇത്തരത്തിൽ സ്ത്രീകളെ അപമാനിക്കുന്ന തരത്തിലുള്ള എല്ലാ തരം പ്രസ്താവനകളെയും പ്രവൃത്തികളെയും വുമൺ ഇൻ സിനിമാ കലക്ടീവ് അപലപിക്കുന്നു. ഇത് നിയമവിരുദ്ധവും ഭരണഘടന ഉറപ്പു വരുത്തുന്ന മനുഷ്യാവകാശങ്ങളുടെ ലംഘനവുമാണെന്നിരിക്കെ പൊതുജനം പ്രത്യേകിച്ച് ചലച്ചിത്ര പ്രവർത്തകർ ഇത്തരത്തിലുള്ള അഭിപ്രായ പ്രകടനങ്ങൾ നടത്തുന്നതിൽ നിന്ന് ദയവായി വിട്ടു നിൽക്കണമെന്ന് ആവശ്യപ്പെടുന്നു.’

നേരത്തെ കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടിക്ക് നുണ പരിശോധന വേണമെന്ന പരാമര്‍ശം നടത്തിയ നടന്‍ സലിംകുമാറിനെതിരെയും സ്ത്രീകളുടെ സിനിമാ കൂട്ടായ്മയായ വുമണ്‍ കളക്റ്റീവിനുമെതിരെ നടിയും ഡബ്ബിങ് ആര്‍ട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി രംഗത്തെത്തിയിരുന്നു. സലിം കുമാറിന്റെ പ്രസ്താവനയ്ക്കെതിരെ എന്തുകൊണ്ടാണ് പ്രതികരിക്കാതിരുന്നതെന്നും തോന്നുന്ന കാര്യത്തിന് മാത്രമേ പ്രതികരിക്കൂ എന്നാണോ സംഘടനാ തീരുമാനമെന്നും ഭാഗ്യലക്ഷ്മി ചോദിച്ചിരുന്നു.