Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വലിയൊരു സർപ്രൈസിനായി കാത്തിരിക്കുന്നു: ശ്രീശാന്ത്

Bhuvaneswari, Sreesanth

ശ്രീ ശാന്തനാണ്. ദുർദിനങ്ങളുടെ കൊടുങ്കാറ്റ് കെട്ടടങ്ങി, ശുഭസൂചനകളുടെ ശീതകാറ്റ് ജീവിതത്തിൽ വീണ്ടും വീശി തുടങ്ങുന്നതിന്റെ സന്തോഷം നോക്കിലും വാക്കിലും നിറഞ്ഞു. ഹർഷാവരങ്ങൾ മുഴങ്ങുന്ന സ്റ്റേഡിയത്തിൽ കണക്കുകൾ പിഴയ്ക്കാതെ എറിയുന്ന ബോളിനോളം കൃത്യതയുണ്ടായിരുന്നു വാക്കുകൾക്ക്. ശ്രീശാന്ത് നായകനാകുന്ന സിനിമ ടീം 5 തീയറ്ററുകളിൽ എത്തുകയാണ്. സിനിമയെക്കുറിച്ചും സ്ഥാനാർഥിത്വത്തെക്കുറിച്ചും സ്റ്റേഡിയത്തിൽ വീണ്ടും പന്ത് എറിയാൻ കാത്തിരിക്കുന്ന കാലത്തെക്കുറിച്ചും ശ്രീ സംസാരിച്ചു തുടങ്ങി ശാന്തനായി.

ക്രീസിൽ നിന്നും ബിഗ് സ്ക്രീനിലേക്ക്

ഞാൻ വിചാരിച്ചത് സിനിമ എളുപ്പമായിരിക്കുമെന്നാണ്. വിചാരിച്ചതുപോലെ അത്ര എളുപ്പമല്ല. പക്ഷെ നല്ല അനുഭവമായിരുന്നു. ടീം 5ന് മുമ്പ് അക്സർ എന്ന ഹിന്ദിസിനിമയിൽ അഭിനയിച്ചിരുന്നു. സിനിമ ശരിക്കും ഒരു ലേണിങ്പ്രൊസസ് ആയിരുന്നു. ആദ്യ സിനിമയിൽ തന്നെ ബൈക്ക്സ്റ്റണ്ടർ ആയിട്ടാണ് അഭിനയിക്കുന്നത്. ക്രിക്കറ്റിൽ ആദ്യം തന്നെ മനസിലാകും നമ്മൾ ഫോമിൽ അല്ലെങ്കിൽ പുറത്താകുമെന്ന്. സിനിമ പക്ഷെ അങ്ങനെയല്ലല്ലോ. പിന്നെ കൂടെ അഭിനയിച്ചവർ നന്നായി പിന്തുണച്ചു. നിക്കിയും പേളിയുമൊക്കെ നല്ല സപ്പോർട്ട് ആയിരുന്നു. എന്റെ അളിയൻ (മധു ബാലകൃഷ്ണന്റെ) പാട്ടോടുകൂടിയാണ് സിനിമ തുടങ്ങുന്നത്.

ബൗളിങ്ങിൽ നിന്നും ബൈക്ക് റേസിങിലേക്ക്?

ക്രിക്കറ്റിൽ ഒരിക്കലും അടുപ്പിക്കാത്ത കാര്യമാണ് ബൈക്ക് റേസിങ്. സാഹസികത കാണിച്ച് എന്തെങ്കിലും പറ്റിയാൽ ഒന്നോ രണ്ടോ മാച്ച് നഷ്ടമായേക്കാം. രണ്ടുവർഷമൊക്കെ ഇതരത്തിൽ നഷ്ടമാകും. അതുകൊണ്ട് ബൈക്കുമായിട്ട് അധികം അടുപ്പം ഇല്ലായിരുന്നു. എങ്കിലും അച്ഛന്റെ റോയൽഎൻഫീൽഡ് എടുത്ത് ഓടിക്കുമായിരുന്നു. സിനിമയ്ക്ക് വേണ്ടി  ബൈക്ക് റേസിങിൽ പരിശീലനം നേടി. 

സ്വന്തമാക്കണമെന്ന് ആഗ്രഹിച്ച ബൈക്ക്?

അന്നും ഇന്നും എനിക്ക് ഏറ്റവും ഇഷ്ടം അച്ഛന്റെ പഴയ എൻഫീൽഡാണ്. സിനിമയുടെ ഷൂട്ടിങ്ങിന്റെ ഇടയ്ക്ക് എന്റെ ഒരു സുഹൃത്ത് ഡ്യൂകാർട്ടി (ആഡംബരബൈക്ക്) സമ്മാനിച്ചു. പക്ഷെ ബൈക്കിലുള്ള അഭ്യാസം അമ്മയ്ക്കും ഭാര്യയ്ക്കും ഒരുപോലെ പേടിയാണ്. രണ്ടുപേരും പരസ്യമായി വിലക്ക് ഇറക്കിയതോടെ ബൈക്ക് വന്നതുപോലെ തന്നെ തിരിച്ചയക്കേണ്ടി വന്നു. 

കൊച്ചിയിലൂടൊരു ബൈക്ക് യാത്ര ആഗ്രഹിച്ചിട്ടുണ്ടോ?

കൊച്ചിയിൽ ഇടയ്ക്ക്  ബൈക്ക് എടുത്ത് കറങ്ങാറുണ്ട്. ഹൈൽമറ്റും ജാക്കറ്റുമൊക്കെ ധരിച്ച് പുറത്തിറങ്ങിയാൽ ആരും പെട്ടന്ന് തിരിച്ചറിയില്ല. തിരിച്ചറിഞ്ഞാലും  അവിടെ നിറുത്തി അവരുടെ കൂടെ സംസാരിച്ചിട്ടൊക്കെ പോകാറുള്ളൂ. ആളുകളുടെ ഇടയിൽ നിൽക്കാനാണ് എന്നും ആഗ്രഹിക്കുന്നത് അകന്നു നിൽക്കാനല്ല.

sreesanth

പന്ത് എറിയുന്നതു പോലെ എളുപ്പമായിരുന്നോ പ്രണയം?

ഏയ് അല്ല. നിക്കിഗിൽറാണിയെ വർഷങ്ങൾക്ക് മുമ്പേ പരിചയമുണ്ട്. പതിനഞ്ച് വയസ്മുതൽ അറിയാം. ബാംഗ്ലൂരിൽ ഒരേ ഫ്രണ്ട്സ് സർക്കിൾ ആയിരുന്നു.  അനിയത്തിയെ പോലെയാണ് നിക്കിയെ കണ്ടിരുന്നത്. അതുകൊണ്ട് എനിക്ക് ചമ്മലുണ്ടായിരുന്നു പ്രണയം അഭിനയിക്കാൻ. 

ടീം 5ലെ കഥാപാത്രത്തെക്കുറിച്ച്?

അഖിൽ എന്നാണ് കഥാപാത്രത്തിന്റെ പേര്. അച്ഛനില്ലാതെ മക്കളെ വളർത്തുന്ന അമ്മയുടെ കഥ കൂടിയാണ് ടീം 5. എന്റെ സഹോദരിയായിട്ടാണ് പേളിമാണി അഭിനിയിച്ചിരിക്കുന്നത്. അമ്മയ്ക്ക് മകനും മകളുമാണ് ലോകം. മകന് പക്ഷെ ബൈക്കും കൂട്ടുകാരുമാണ് ലോകം. അതുമൂലമുണ്ടാകുന്ന പ്രശ്നങ്ങളും അതിൽ നിന്ന് കരകയറുന്നതുമാണ് സിനിമയുടെ പ്രമേയം.

ജീവിതത്തിലെ പ്രശ്നങ്ങളിൽ നിന്ന് കരകയറിയോ?

ഏതു പ്രതിസന്ധിയിലും ശുഭാപ്തിവിശ്വാസം കൈവിടാത്തയാളാണ് ഞാൻ. ജീവിതത്തിലെ എല്ലാപ്രശ്നങ്ങളും ഒരാഴ്ച്ചയ്ക്കുള്ളിൽ മാറുമെന്ന പ്രതീക്ഷയിലാണ്. എന്റെ കേസിന്റെ വിധി അടുത്ത ആഴ്ച്ച ഉണ്ടാകും. ജീവിതത്തിലെ വിസ്മയങ്ങളിൽ വിശ്വസിക്കുന്നു. 

ലോകകപ്പിൽ അവസാനത്തെ ആ പന്ത് അപ്രതീക്ഷിതമായി കൈയിൽ വന്ന് ഇന്ത്യ വിജയിച്ചുതു പോലെ ജീവിതത്തിലും പ്രതീക്ഷിക്കാതെ നല്ലവാർത്ത കേൾക്കാനാകുമെന്ന് കരുതുന്നു. വിലക്ക് മാറിയാൽ അടുത്ത രഞ്ജിട്രോഫിയിൽ കളിക്കാനാകുമെന്ന് കരുതുന്നു. വീണ്ടും സ്റ്റേഡിയത്തിൽ എത്താൻ സാധിക്കും. ആ സർപ്രൈസിനായി കാത്തിരിക്കുന്നു. 

sreesanth-nikki

സിനിമയുടെ ഇടയ്ക്ക് പരിശീലനത്തിൽ സമയം കണ്ടെത്താറുണ്ടോ?

എന്റെ വീട്ടിൽ തന്നെ ഒരു െചറിയ കളിസ്ഥലം ഒരുക്കിയിട്ടുണ്ട്. അവിടെ എല്ലാദിവസവും പ്രാക്ടീസ് ചെയ്യാറുണ്ട്. ഫിറ്റ്നസിൽ അന്നും ഇന്നും ശ്രദ്ധിക്കാറുണ്ട്.

സിനിമയും ക്രിക്കറ്റും ഒപ്പം രാഷ്ട്രീയവും. അതിനെക്കുറിച്ച്? 

തിരുവനന്തപുരത്തെ സ്ഥാനാർഥിത്വതവും ഒരു പഠനകളരിയായിരുന്നു. പ്രതീക്ഷച്ചതിലും കൂടുതൽ വോട്ട് കിട്ടിയത് ശുഭസൂചനയാണ്. രാഷ്ട്രീയം ഞാൻ അങ്ങനെ സംസാരിക്കാറില്ല, പക്ഷെ ജീവിതത്തിൽ ഒഴിച്ചുകൂടാനാവാത്ത വിഷയമാണ് രാഷ്ട്രീയം. തിരുവനന്തപുരത്ത് എനിക്ക് ഒരു സീറ്റ് തന്നപ്പോൾ ലോകകപ്പ് ജയിച്ചതുപോലെയുള്ള സന്തോഷം തോന്നി. ഒരുപാട് പ്രഗത്ഭരുള്ളയിടത്ത് എന്നേപോലെയൊരു തുടക്കക്കാരന് സംസ്ഥാന തലസ്ഥാനത്തെ സീറ്റ് പ്രതീക്ഷിക്കാവുന്നതിലും അപ്പുറത്തായിരുന്നു. വിചാരിച്ചതിലും കൂടുതൽ വോട്ട് ലഭിച്ചതും സന്തോഷം നൽകി. രാഷ്ട്രീയത്തിൽ തുടരാൻ തന്നെയാണ് തീരുമാനം. മോദി ജീ, അമിത്ഷാ ജീ അവരോടൊപ്പമൊക്കെ പ്രവർത്തിക്കാൻ സാധിച്ചതും ദൈവാനുഗ്രഹമായി കാണുന്നു.

ജീവിതത്തിൽ ക്ലീൻചിറ്റ് കിട്ടുന്നതിന് മുമ്പുള്ള കാലം എങ്ങനെ അതിജീവിച്ചു?

എല്ലാത്തിന്റെയും നല്ലവശങ്ങൾ മാത്രം ചിന്തിക്കുന്നയാളാണ് ഞാൻ. ജയിലിൽ കിടന്നത് പോലും നന്നായി എന്ന് തോന്നിയിട്ടുണ്ട്. ജയിൽവാസം ലഭിച്ചില്ലായിരുന്നെങ്കിൽ ജനങ്ങൾ ഒരുപക്ഷെ പറഞ്ഞേനേം, ശ്രീശാന്ത് പണവും പദവിയും ഉപയോഗിച്ച് പുറത്തുവന്നതാണെന്ന്. യാതൊരുവിധത്തിലുള്ള സ്വാധീനവും ഞാൻ ഉപയോഗിച്ചില്ല. നിയമവ്യവസ്ഥയിലൂടെ മാത്രമാണ് കടന്നുപോയത്. അതുകൊണ്ടാണ് ജയിൽമോചിതനായി തിരികെ എയർപോർട്ടിൽ എത്തിയപ്പോൾ എനിക്ക് പരിചയംപോലുമില്ലാത്ത ഒരുപാടുപേർ പിന്തുണയുമായി വന്നത്. ലോകകപ്പ് ജയിച്ചപ്പോൾ പോലും ഇത്രയധികം പിന്തുണലഭിച്ചിട്ടില്ല. ഞാൻ നിരപരാധിയാണെന്ന തോന്നാൽ ജനങ്ങൾക്ക് തനിയെ തോന്നിയിട്ടുണ്ടാകാം. ഇപ്പോൾ എവിടെപ്പോയാലും യുവതലമുറ ശ്രീയേട്ടാ നിങ്ങൾ തിരിച്ചുവരും വരണം എന്ന് പറയാറുണ്ട്. 

S-Sreesanth

കുറ്റാരോപിതനായപ്പോൾ തന്നെ കുറ്റവാളിയായ അവസ്ഥയായിരുന്നില്ലേ?

എന്റെ പേരിൽ ആരോപണം ഉണ്ടായപ്പോൾ തന്നെ ചിലരെല്ലാം ഞാൻ കുറ്റക്കാരനാണെന്ന് വിധിയെഴുതിയിരുന്നു. കുറ്റാരോപിതനായപ്പോൾ തന്നെ കുറ്റവാളിയെന്ന് മുദ്രകുത്തുന്നത് വിഷമിപ്പിക്കുന്ന അവസ്ഥയാണ്. ദിലീപേട്ടന്റെ കാര്യം തന്നെ ഉദാഹരണമായിട്ട് എടുക്കാം. ഞാൻ കടന്നുപോയ അതേ അവസ്ഥയിലൂടെയാണ് അദ്ദേഹവും കടന്നുപോകുന്നത്. രണ്ട് ലോകകപ്പ് കളിച്ചിട്ട് പോലും കാര്യമില്ല, ഇനി ജീവിക്കുന്നതിൽ അർഥമില്ല എന്നൊക്കെ തോന്നിപ്പോയ ദിനങ്ങളിലൂടെയാണ് ഞാൻ കടന്നുപോയത്. ഇത്രയും കാലം ചെയ്തത് എല്ലാംവെറുതെയാണെന്ന് തോന്നിപ്പോയി. കേട്ടാൽ അറയ്ക്കുന്ന ചോദ്യങ്ങൾ പോലും എന്നോട് ചിലർ ചോദിച്ചിട്ടുണ്ട്. അവർ പിന്നീട് ഞങ്ങൾ അങ്ങനെ പറഞ്ഞത് തെറ്റായിപ്പോയി എന്ന് തുറന്നുപറഞ്ഞിട്ടുണ്ട്. 

കുറ്റവാളിയാണെന്ന് തെളിയിക്കാൻ നീതിന്യായവ്യസ്ഥിതിയുണ്ട്. കോടതി കുറ്റവാളിയാണെന്ന് പറയുന്നത് വരെ അയാൾ കുറ്റവാളിയല്ല. കുറ്റാരോപിതൻ മാത്രമാണ്. നല്ലതാണെങ്കിലും ചീത്തയാണെങ്കിലും വിധിവരുന്നതുവരെ ക്രൂശിക്കാതെയിരിക്കുന്നതാണ് ശരി. മാധ്യമങ്ങളെ ഞാൻ പക്ഷെ കുറ്റം പറയില്ല. ജയിലിൽ ആയ സമയത്ത് എന്റെ അച്ഛനേയും അമ്മയേയും നിരന്തരം ടീവിയിൽ കാണിക്കാറുണ്ടായിരുന്നു. അവരെ കാണണമെന്ന് ഒരുപാട് ആഗ്രഹിച്ച സമയമായിരുന്നു. അവരുടെ അവസ്ഥ എന്താണെന്ന് കാണാൻ സാധിച്ചത് മാധ്യമങ്ങളിലൂടെയാണ്. ഞാൻ കാരണമാണല്ലോ എന്റെ അമ്മ കരയുന്നതെന്ന ചിന്ത തിരികെ വരാനുള്ള പ്രചോദനമായിരുന്നു. എന്നെങ്കിലും സമൂഹത്തിന്റെ മുമ്പിൽ വീണ്ടും തലഉയർത്തി നിൽക്കുന്ന കാലം ഉണ്ടാകണമെന്ന ആഗ്രഹമാണ് പ്രതിസന്ധികൾ തരണം ചെയ്യാൻ പ്രേരണയായത്. 

ഭാര്യ നൽകിയ പിന്തുണ?

ജയ്പൂർ രാജകുടുംബാംഗമാണ് ഭുവനേശ്വരി. ശരിക്കും രാജകുമാരിയെപ്പോലെ കഴിയേണ്ടവൾ. എന്നേപ്പോലെയൊരാളെ വിവാഹം കഴിക്കേണ്ട കാര്യം പോലും അവർക്ക് ഇല്ലായിരുന്നു. വിവാഹം കഴിക്കാൻ താൽപര്യമാണെന്ന് അറിയിച്ചിരുന്നു എന്നുള്ളത് അല്ലാതെ ഞങ്ങൾ പ്രണയിച്ച് നടന്നിട്ടൊന്നുമില്ല. വിവാഹത്തിന് മുമ്പ് ആകെ കണ്ടത് മൂന്ന് വട്ടമാണ്. മൂന്നാമത്തെ കൂടിക്കാഴ്ച്ച മോതിരംമാറ്റത്തിന്റെ അന്നായിരുന്നു. സുഖത്തിലും ദുഖത്തിലും ഒരുപോലെ നിന്ന വ്യക്തിയാണ് ഭുവനേശ്വരിയും കുടുംബവും. കുറ്റാരോപിതനായി വിചാരണയ്ക്ക് വിധേയനായിക്കൊണ്ടിരിക്കുന്ന ഒരാളെ മകൾക്ക് വിവാഹം ചെയ്തു നൽകാൻ അവർ കാണിച്ച വലിയ മനസ് മറക്കാനാവില്ല. ഞാൻ തെറ്റുകാരനല്ല എന്ന വിശ്വാസം ഒന്നു കൊണ്ടു മാത്രമാണ് വിവാഹം നടത്തിയത്. 

Sreesanth-Bhuvaseswari-kumari.jpg.image.784.410

സച്ചിൻ– എ ബില്യൺ ഡ്രീംസ്, എം.എസ് ധോണി– ദ അൺടോൾഡ് സ്റ്റോറി എന്നീ സിനിമകളിലെ ശ്രീശാന്തിനെക്കുറിച്ച്?

സച്ചിൻസാറിന്റെ സിനിമയിൽ എന്നെക്കുറിച്ച് കാണിക്കുമ്പോൾ ഒരുപാട് സന്തോഷം തോന്നി. ധോണിയുടെ സിനിമയേക്കാൾ എനിക്ക് ഇഷ്ടം സച്ചിന്റെ സിനിമയാണ്. യഥാർഥ്യത്തോട് അടുത്തുനിൽക്കുന്നത് അതാണ്. ധോണിയുടേത് കൊമേഷ്യൽ ചേരുവകൾ കൂടുതലാണ്. സച്ചിന്റെ സിനിമയാണ് കൂടുതൽ പ്രചോദിപ്പിച്ചത്. 

ഇന്ത്യൻക്രിക്കറ്റിന്റെ ഭാവിയെക്കുറിച്ച്?

2019ലെ ലോകകപ്പ് ഇന്ത്യ ജയിക്കുമെന്ന് തന്നെയാണ് പ്രതീക്ഷ. കേരളത്തിൽ നിന്നും സഞ്ജു സാംസൺ, ബേസിൽ തമ്പി എന്നിവർ നല്ല കളിക്കാരാണ്. ഒരുപാട് പുതിയ മിടുക്കരായ കളിക്കാർ മുന്നോട്ടുവരുന്നത് ടീമിന് പ്രത്യാശ നൽകുന്ന കാര്യമാണ്.

ശ്രീ ഇത്രമാത്രം ശാന്തനായത് എങ്ങനെയാണ്?

ജീവിതമാണല്ലോ നമ്മളെ ഒരുപാട് പാഠങ്ങൾ പഠിപ്പിക്കുന്നത്.   രണ്ട് കുട്ടികളുടെ അച്ഛനാണ് ഞാനിപ്പോൾ. അത് വലിയൊരു ഉത്തരവാദിത്വമാണ്. കുട്ടികൾ കണ്ടുവളരുന്നത് എന്നെയാണ്. അവർക്ക് മുന്നിൽ എനിക്ക് കാണിച്ചുകൊടുക്കാനുള്ളത് ഞാൻ ജീവിതത്തിൽ നിന്നും പഠിച്ച പാഠങ്ങളാണ്. അനുഭവങ്ങളാണ് എന്നെ കൂടുതൽ പക്വമാക്കിയത്.

ടീം ഫൈവ് സിനിമയുടെ റിലീസ് സമയത്ത് പ്രസിദ്ധീകരിച്ച അഭിമുഖം