Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘അനിതാ, അസഭ്യം പറയരുത്’ ; ചുട്ടമറുപടിയുമായി ഭാഗ്യലക്ഷ്മി

anitha-bhagyalakshmi

ടിവി അവതാരകനെ അസഭ്യം പറഞ്ഞ് ദിലീപിനെ പിന്തുണച്ചെത്തിയ നടി അനിത നായർക്ക് ചുട്ടമറുപടിയുമായി നടിയും ഡബ്ബിങ് ആർടിസ്റ്റുമായ ഭാഗ്യലക്ഷ്മി. വിഡിയോ സന്ദേശത്തിലൂടെയാണ് ഭാഗ്യലക്ഷ്മിയുടെ മറുപടി.

ഭാഗ്യലക്ഷ്മിയുടെ കുറിപ്പ് വായിക്കാം–

അനിതയുടെ ഫെയ്സ്ബുക്കിൽ വിഡിയോ കണ്ടിട്ടാണ് ഞാൻ സംസാരിക്കുന്നത്. ഞാൻ പറയുന്നത് അനിതയ്ക്ക് ഇഷ്ടപ്പെടുമോ ഇല്ലയോ എന്നെനിക്ക് അറിയില്ല. അവതാരകനെ വിമർശിച്ചുകൊണ്ടാണ് ആ വിഡിയോ ഇട്ടിരിക്കുന്നത്. യഥാർഥത്തിൽ ആ വിഡിയോ ഒരു വിമർശനമാണോ എന്ന് സ്വയം ചിന്തിക്കണം. അതിൽ അനിത പറഞ്ഞിരിക്കുന്നതിൽ ഒരുപാട് കാര്യങ്ങൾ ഉണ്ട്. ഒന്ന് ദിലീപ് എന്ന നടനോടുള്ള ഇഷ്ടം കൊണ്ടാണ് അങ്ങനെയൊരു വിഡിയോ പുറത്ത് വിട്ടത്.  

ആ ഇഷ്ടം യഥാർഥത്തിൽ ദിലീപിന് ഏറ്റവും ദ്രോഹമാണ് അനിത ചെയ്തിരിക്കുന്നത് അതിൽ പറയുന്ന ഒരുഭാഗം ഒരുപക്ഷേ ദിലീപേട്ടൻ തെറ്റു ചെയ്തിട്ടുണ്ടെങ്കിൽ അദ്ദേഹത്തിന് സമയം കൊടുക്കണം. പക്ഷേ ഞങ്ങൾ ആരും തന്നെ ദിലീപ് തെറ്റ് ചെയ്തെന്ന് വിശ്വസിക്കുന്നില്ല ഇതെല്ലാം അന്വേഷണം നേരിട്ടുകൊണ്ടിരിക്കുന്ന അവസ്ഥയാണ്. അനിത തന്നെ പറയുന്നു ദിലീപേട്ടൻ ഒരു തെറ്റു ചെയ്തു അദ്ദേഹത്തിന് കുറച്ച് സമയം കൊടുക്കൂ എന്ന്. അതിൽ അനിത പറയുന്ന ന്യായീകരണങ്ങൾ ഉണ്ടാവാം. 

ഒരാളെ ഇഷ്ടപ്പെടാത്ത രീതിയിൽ ഒരാൾ പ്രവർത്തിക്കുകയോ സംസാരിക്കുകയോ ചെയ്താൽ നമ്മൾ എങ്ങനെ വിമർശിക്കണം. നല്ലരീതിയിലും നല്ല വാക്കുകൾകൊണ്ടും വേണം വിമർശിക്കാൻ. ഇതിനു മുമ്പ് ഒരു വിഡിയോ കണ്ടിരുന്നു. ലക്ഷ്മി നായരെ വളരെ മോശമായ രീതിയിൽ അസഭ്യം പറയുന്ന ഒരു വിഡിയോ. യഥാർഥത്തിൽ അവിടെ എന്താണ് നടന്നതെന്ന് പൊതുജനങ്ങൾക്ക് അറിയില്ല. അത് അനിതയ്ക്ക് മാത്രമേ അറിയൂ. പൊതുജനം വിഡിയോ കാണുമ്പോൾ അനിത ലക്ഷ്മിയെ അസഭ്യം പറയുന്നതാണ് കാണുന്നത്. അവിടെ ആരാണ് ചീത്തയാകുന്നത്. അനിതയാണ് ചീത്തയാകുന്നത്. ലക്ഷ്മി വളരെ നിശബ്ദയായി അത് ആസ്വദിച്ച് ചിരിച്ച് കേട്ടു നിൽക്കുന്നു . ആ വീഡിയോയുടെ താഴെ ഓരോരുത്തർ ഇട്ടിരിക്കുന്ന കമന്റ് കണ്ടുനോക്കൂ. അനിത വിചാരിക്കും ആളുകൾ ഇത് കേട്ടിട്ട് ആസ്വദിക്കുന്നുണ്ടാവാം.  

പക്ഷേ നിങ്ങൾ അസഭ്യം പറയുന്ന ലക്ഷ്മിയെ ചീത്തവിളിക്കുന്നവർ ന്യൂനപക്ഷം മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ. ഭൂരിപക്ഷം ആളുകളേയും നിങ്ങളെയാണ് ചീത്തവിളിക്കുന്നത് നിങ്ങളുടെ സംസ്ക്കാരത്തെ അല്ലെങ്കിൽ നിങ്ങളുടെ ഭാഷയെ . എന്റെ അഭിപ്രായത്തിൽ നമ്മൾ ഒരാളെ വിമർശിക്കുമ്പോൾ ഭാഷ ഒരു പ്രാധാന വിഷയമാകാറില്ല . ദയവായി സ്ത്രീകളും പുരുഷന്മാരും അസഭ്യം പറയരുത് . പ്രത്യേകിച്ച് സ്ത്രീകൾ അമ്മയാണ് മകളാണ് സഹോദരിയാണ്.  

ഒരു വാർത്ത വായിക്കുന്ന വ്യക്തിയെ വിമർശിച്ചുകൊണ്ടാണ് അനിത ഇത്രയും മോശമായ ഭാഷ ഉപയോഗിച്ചിരിക്കുന്നത്. അദ്ദേഹത്തിന് ചാനലിൽ കൊടുത്തിരിക്കുന്ന ജോലിയാണ് വാർത്ത വായന. അതിനു ഉത്തരം പറയേണ്ടത് ചാനലിന്റെ മേധാവിയാണ്. അദ്ദേഹം പറയുന്നത് തെറ്റാണെങ്കിൽ അത് ഖണ്ഡിക്കേണ്ടത് ചാനലിന്റെ മേധാവിയാണ്. അതിൽ എങ്ങനെ അദ്ദേഹത്തെ കുറ്റം പറയാൻ സാധിക്കും. നമുക്ക് വിമർശിക്കാം അതിനുള്ള അധികാരം നമുക്കെല്ലാവർക്കും ഉണ്ട്. അദ്ദേഹം പരിധിവിട്ട് തന്നെയാണ് സംസാരിച്ചത് എന്ന് എല്ലാവരേയും പോലെ ഞാനും യോജിക്കുന്നു. 

അതിനൊന്നും പ്രതികരിക്കേണ്ട ഭാഷ ഇതല്ല. അവരുടെ ഭാര്യയെ പരാമർശിക്കുകയും, ഒരാണാണോ എന്ന് ചോദിക്കുകയും ചെയ്തിരിക്കുന്നു. നിങ്ങളുടെ ഭാര്യ വല്ലവന്റേയും കൂടെ പോകും എന്നൊക്കെ ഒരു സ്ത്രീ മറ്റൊരു സ്ത്രീയെ അവഹേളിക്കുകയാണ്. ഇന്ന് നമ്മുടെ മലയാള സിനിമ കേരള സമൂഹത്തിന്റെ മുമ്പിൽ വലിച്ചു കീറി പോസ്റ്റർ ഒട്ടിച്ചുകൊണ്ടിരിക്കുകയാണ്. നമ്മൾ ഇവിടെ ഒരു സ്ത്രീയെ എങ്ങനെ സംരക്ഷിക്കാം എന്ന് ഓരോരുത്തർ ആലോചിക്കുമ്പോഴാണ് ഒരു സ്ത്രീ തന്നെ എന്റെ സംസ്ക്കാരം ഇതാണ് എന്ന രീതിയിൽ വളരെ മോശമായ ഭാഷയിൽ സംസാരിക്കുന്നു. അനിതയുടെ വിഡിയോയിൽ ഓരോരുത്തർ നിങ്ങളെ പരാമർശിക്കുന്നത് കാണുമ്പോൾ ലജ്ജ എന്നതിലപ്പുറം സങ്കടം തോന്നുന്നു. സിനിമാ ലോകം എന്നുപറയുന്നത് ഒരു കുടുംബമാണ്.  

സിനിമാ കുടുംബത്തിൽ ഒരാളെ അപമാനിക്കുമ്പോൾ നമുക്കെല്ലാം വേദനയാണ്. അത് പെൺകുട്ടിയോ ദിലീപോ അനിതയോ ആരും ആകട്ടെ അതൊരു ശരിയായ പ്രവണതയല്ല. നമ്മുടെ പെൺകുട്ടി അപമാനിക്കപ്പെടുന്നു അവരെ സംരക്ഷിക്കാൻ നമ്മൾ ബാധ്യസ്ഥരാണ്. അവിടെ പുലഭ്യം പറഞ്ഞുകൊണ്ടോ അസഭ്യം പറഞ്ഞുകൊണ്ടോ അല്ല നമ്മൾ പ്രതിരോധിക്കേണ്ടത്. സഭ്യമായ ഭാഷയിൽ സംസ്ക്കാരത്തോടുകൂടി പ്രതിരോധിക്കൂ, വിമർശിക്കൂ അതിനൊരു അന്തസുണ്ട്. അതിനൊരു ഗൗരവമുണ്ട്.  

യഥാർഥത്തിൽ നല്ല ഭാഷയിൽ വിമർശിച്ചിരുന്നെങ്കിൽ ഞങ്ങളെല്ലാവരും നിങ്ങളോടൊപ്പം നിൽക്കുമായിരുന്നു. നമ്മുടെ സിനിമാ ലോകത്ത് ഇങ്ങനെ ഒരു സമൂഹത്തിന്റെ മുമ്പിൽ  പരിഹാസമായി നിൽക്കാൻ ഇനിയെങ്കിലും നിങ്ങളുടെ ഭാഷ നിങ്ങൾ സൂക്ഷിച്ച് കൈകാര്യം ചെയ്യണം എന്ന് എന്റെ ഒരു അഭ്യർഥനയാണ് . ഇങ്ങനെയൊരു വിഡിയോ ഇട്ടതിൽ എന്നെ ദയവുചെയ്ത് ചീത്ത വിളിക്കരുത് എനിക്ക് കേട്ടാൽ മനസിലാകും പക്ഷേ തിരിച്ചു പറയാൻ എനിക്ക് കഴിയില്ല. ആരോഗ്യപരമായ വിമർശനമായി അനിത കരുതണം. കരുതും എന്ന് ഞാൻ വിശ്വസിക്കുന്നു.