Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തൊണ്ടിമുതലിലെ കിടിലൻ ഡയലോഗ്; ഈ ചേട്ടന് കയ്യടി

srikanth-murali

"ഒരു പെണ്ണ് ധൈര്യം കാണിക്കാതെ ഈ  ലോകത്ത് ഇന്നേ വരെ ഒരു  പ്രേമവിവാഹവും നടന്നിട്ടില്ല..!!" തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന സൂപ്പർഹിറ്റ് ചിത്രത്തിലെ ഒരു കിടിലൻ ഡയലോഗ് ആണിത്. ദിലീഷ് പോത്തന്റെ തന്നെ ആദ്യ ചിത്രമായ മഹേഷിന്റെ പ്രതികാരത്തിലും ഒരു കലക്കൻ സംഭാഷണമുണ്ട്... നായിക നായകനോടു പറയുന്നത്. "ചേട്ടൻ സൂപ്പറാ...!!" എന്ന്. 

srikanth-murali-1

ഇതേ ഡയലോഗാണ് ദിലീഷിന്റെ രണ്ടാമത്തെ ചിത്രത്തില്‍ ചെറുതെങ്കിലും വലിയൊരു കഥാപാത്രമായ മുരളിയേട്ടനെ കുറിച്ച് പ്രേക്ഷകരും ഇപ്പോൾ പറയുന്നത്. നടൻ ശ്രീകാന്ത് മുരളിയാണ് മുരളിയേട്ടനെ ഗംഭീരമാക്കിയത്. ചിത്രത്തിൽ ശ്രീകാന്ത് പറഞ്ഞ ഒരു ഡയലോഗ് ആണ് സിനിമയുടെ നട്ടെല്ല് എന്നു തന്നെ പറയാം. പ്രേക്ഷകര്‍ ഏറ്റെടുത്ത സംഭാഷണം. 

srikanth-murali-3

ചെറിയ വേഷങ്ങളെ അവിസ്മരണീയമാക്കുന്ന നടൻ എന്നതുപോലെ ഒട്ടേറെ നല്ല പരസ്യ ചിത്രങ്ങളുടെ സംവിധായകൻ കൂടിയാണ് ശ്രീകാന്ത് എന്നത് അധികമാർക്കും അറിയാത്ത കാര്യം. വിനീത് ശ്രീനിവാസനെ നായകനാക്കി തീർത്തും വ്യത്യസ്തമായ പ്രമേയത്തിൽ എബി എന്ന ചിത്രമെടുത്തതും ഇതേ ആൾ തന്നെ. 

srikanth-murali-2

സംവിധായകൻ എബ്രിഡ് ഷൈനിന്റെ നിർദേശപ്രകാരം അവിചാരിതമായാണ് ആക്‌ഷൻ ഹീറോ ബിജുവിലെ വക്കീൽ വേഷം ചെയ്യാൻ ശ്രീകാന്ത് മുരളി തീരുമാനിക്കുന്നത്. പരസ്യ ചിത്ര  സംവിധായകനായ അദ്ദേഹം നടനായി മാറിയതിനുശേഷം,  ആദ്യ സംവിധാനസംരംഭവും അഭിനയിച്ച സിനിമകളും ഹിറ്റായതോടെ ശ്രീകാന്ത് മലയാളസിനിമയുടെ ഭാഗ്യനക്ഷത്രമായി മാറിക്കഴിഞ്ഞു. വേഷം, അത് ചെറുതാണെങ്കിലും തന്മയത്വത്തോടെ അഭിനയിച്ച് ഫലിപ്പിക്കുന്നതിലൂടെയാണ് അദ്ദേഹം പ്രേക്ഷകർക്ക് പ്രിയങ്കരനാകുന്നത്.

srikanth-murali-4

‘എബി സിനിമയുടെ സെറ്റിൽ വച്ചാണ് സുരാജ് വെഞ്ഞാറമൂടിനോട് ഈ സിനിമയുടെ കഥ ദിലീഷ് പോത്തൻ പറയുന്നത്. കഥ കേട്ട സുരാജ് ഓടിയെത്തിയത് തന്റെ മുന്നിലേക്കായിരുന്നുവെന്നും ശ്രീകാന്ത് പറയുന്നു. ‘ചേട്ടാ, ദിലീഷ് പോത്തന്റെ ഒരു ഗംഭീര കഥ കേട്ടു, ഞാനതിൽ ഒരു മുഴുനീള കഥാപാത്രത്തെ അവതരിപ്പിക്കുന്നത്, എബിയുടെ സെറ്റിൽ വെച്ചായതുകൊണ്ട്ആദ്യം ചേട്ടനോട് പറയണമെന്ന് തോന്നി.." എന്നൊക്കെ പറഞ്ഞപ്പോൾ സന്തോഷം തോന്നി. 

srikanth-murali-5

ഇൻസ്‌പെക്ടർ റോൾ ചെയ്ത ദിലീഷ് പോത്തൻ എബിയുടെ സെറ്റിൽ നിന്ന് പോകാൻ നേരത്ത് പറഞ്ഞു, ചേട്ടനും ഒരു സംഭവമുണ്ട്, ഡീറ്റെയിൽസ് പിന്നെപ്പറയാം, വിളിയ്ക്കും, വരണം.." എന്ന്. എന്നാൽ എന്ത് കഥാപാത്രമാണെന്ന് പറഞ്ഞുമില്ല. അങ്ങനെ ആ കഥാപാത്രം സംഭവിച്ചു. പ്രസാദിന്റെ കൂട്ടുകാരനായ മുരളിയേട്ടൻ എന്ന കഥാപാത്രം.–ശ്രീകാന്ത് മുരളി പറഞ്ഞു.

ദിലീഷ് തന്നെയാണ് ഈ കഥാപാത്രത്തിലേക്ക് ശ്രീകാന്തിനെ പരിഗണിച്ചതെന്ന് സിനിമയുടെ തിരക്കഥാകൃത്ത് സജീവ് പാഴൂർ പറയുന്നു. പോത്തന്റെ ഷാര്‍പ്പ് കാസ്റ്റിങ് തന്നെയാണ് സിനിമയെ കൂടുതൽ വേറിട്ടതാക്കുന്നത്, കൂടാതെ ഈ കഥാപാത്രത്തോട് അദ്ദേഹത്തിന് പ്രത്യേക ഇഷ്ടവുമുണ്ടായിരുന്നു.

srikanth-murali-6

ആദ്യം സംവിധാനം െചയ്ത മഹേഷിന്റെ പ്രതികാരത്തിൽ ചെറിയ വേഷത്തില്‍ ദിലീഷ് അഭിനയിച്ചിരുന്നു. തൊണ്ടിമുതലിൽ അഭിനയിക്കുന്നില്ലെന്ന് ദിലീഷ് പറഞ്ഞിരുന്നു. എന്നാൽ അഭിനയിച്ചിരുന്നെങ്കിൽ ഏത് വേഷം െചയ്യുമെന്ന് എന്റെയൊരു ആകാംക്ഷയ്ക്കുവേണ്ടി  ദിലീഷിനോട് ചോദിക്കുകയുണ്ടായി. അപ്പോൾ അദ്ദേഹം പറഞ്ഞത് മുരളിയേട്ടന്റെ കഥാപാത്രമാണ്.–സജീവ് പാഴൂർ പറഞ്ഞു.

തൊണ്ടിമുതലും ദൃക്സാക്ഷിയും കൂടാതെ വിജയചിത്രങ്ങളായ ഒരു സിനിമാക്കാരൻ, സൺഡേ ഹോളിഡേ, ഇപ്പോൾ ചിത്രീകരണം പുരോഗമിക്കുന്ന കുട്ടൻ പിള്ളയുടെ ശിവരാത്രി, ലാൽ ജോസ് സംവിധാനം ചെയ്യുന്ന വെളിപാടിന്റെ പുസ്തകം എന്ന   മോഹൻലാൽ ചിത്രം, എന്നീ സിനിമകളിലും ശ്രീകാന്ത് അഭിനയിച്ചിട്ടുണ്ട്.