Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മാസ്റ്റർ മണി വരുന്നു അനു മോളുടെ നായകനായി

mani-anumol

ആദ്യചിത്രത്തിൽ തന്നെ സംസ്ഥാന അവാർഡ് വാങ്ങിയ ആദിവാസി ബാലൻ ഉടലാഴം എന്ന ചിത്രത്തിലൂടെ നായകനാവുന്നു. ഫൊട്ടോഗ്രഫർ എന്ന സിനിമയിൽ മോഹൻലാലിന്റെ കയ്യിൽ തൂങ്ങി നടന്ന ആദിവാസി ബാലനെ ഓർമയില്ലേ? അതെ, മാസ്റ്റർ മണി. 

ആദ്യചിത്രത്തിൽ തന്നെ സംസ്ഥാന അവാർഡ് വാങ്ങിയ ബാലൻ 12 വർഷത്തിനു ശേഷം വീണ്ടും വെള്ളിത്തിരയിൽ എത്തുന്നു; അതും നായകനായി. കോഴിക്കോട് മെഡിക്കൽ കോളജിൽ പഠിച്ച ഡോക്ടർമാരുടെ കൂട്ടായ്മയായ ഡോക്ടേഴ്സ് ഡിലമ നിർമിക്കുന്ന പ്രഥമ ഫീച്ചർ സിനിമയായ ഉടലാഴത്തിലൂടെയാണു മണി സിനിമയിലേക്കു രണ്ടാമതു ചുവടുവയ്ക്കുന്നത്. നിലനിൽപ്പുതന്നെ ചോദ്യചിഹ്നമായ ആറു നാടൻ കോളനിയിലെ  ഭിന്നലിംഗക്കാരനായ 24 വയസുള്ള യുവാവായ ഗുളികന്റെ കഥയാണ് ഉടലാഴം പറയുന്നത്. 

mani-anumol-1

‌ഉപജീവനത്തിനായി അട്ടയെ പിടിച്ചു ജീവിക്കുന്ന യുവാവു പുതിയ ജോലിക്കായി ശ്രമിക്കുമ്പോൾ സമൂഹത്തിന്റെ പെരുമാറ്റമാണു പ്രമേയം. പ്രകൃതി, വന്യജീവികൾ, ആദിവാസികൾ, പൊതുസമൂഹം എന്നിവയുടെ കാൻവാസിലാണു സംവിധായകനും തിരക്കഥാകൃത്തുമായ ഉണ്ണിക്കൃഷ്ണൻ ആവള, ഉടലാഴം ഒരുക്കുന്നത്. ജോയ് മാത്യു, ഇന്ദ്രൻസ്, സജിത മഠത്തിൽ എന്നിവരും അഭിനയിക്കുന്നു. അനുമോളാണു നായിക. ബിജിബാൽ പശ്ചാത്തല സംഗീതവും സിതാര, മിഥുൻ ജയരാജ് എന്നിവർ സംഗീത സംവിധാനവും നിർവഹിക്കുന്നു.