Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലോകസിനിമയിലേക്കൊരു ടേക്ക്ഓഫ് ദൃക്‌സാക്ഷിയായി മലയാളസിനിമ; ബോക്സ്ഓഫീസ് റിപ്പോർട്ട്

2017-movies

തെന്നിന്ത്യന്‍ അഭിനേത്രിയും മലയാളിയുമായ യുവതിക്കു നേരെയുണ്ടായ ലൈഗിംക അതിക്രമം മലയാള സിനിമക്കു മേല്‍ തീരാകളങ്കം ചാര്‍ത്തിയ വര്‍ഷമാണ് 2017. സംഭവത്തിനു പിന്നിലെ ക്രിമിനല്‍ ഗൂഢാലോചനയും നടന്‍ ദിലീപിന്റെ അറസ്റ്റും അക്ഷാരാര്‍ത്ഥത്തില്‍ മലയാള സിനിമാലോകത്തെ പിടിച്ചുലച്ചു. നടനെ അനുകൂലിച്ചും പ്രതികൂലിച്ചും സോഷ്യല്‍ മീഡിയയില്‍ യുദ്ധം തുടരുകയാണ്. കേസുമായി ബന്ധപ്പെട്ട മാധ്യമ വിചാരണയും വിവാദങ്ങളും ഇനിയും കെട്ടടങ്ങിയിട്ടുമില്ല. നിര്‍ഭാഗ്യവശാല്‍ പ്രതിഭാധനരായ ഒരുപറ്റം ചലച്ചിത്ര പ്രവര്‍ത്തകരുടെ ധീരമായ ചില ശ്രമങ്ങള്‍ വിവാദങ്ങള്‍ക്കിടയില്‍ അപ്രസക്തമായി പോയി എന്ന് പറയാതെ വയ്യാ. കഴിഞ്ഞ ആറുമാസം മലയാള സിനിമ നടത്തിയ ചുവടുവയ്പ്പുകളെ വിവാദകൊടുങ്കാറിനിടെ കാണാതെ പോകരുത്.

ലോകസിനിമ ക്ലാസിക്കുകളോട് കിടപിടിക്കുന്ന ദിലീഷ് പോത്തന്റെ തൊണ്ടിമുതലും ദൃക്‌സാക്ഷിയും, ഇറാക്കിലെ തീവ്രവാദികളുടെ ക്യാംപില്‍ അകപ്പെട്ടുപോയ ഇന്ത്യന്‍ നേഴ്‌സുമാരുടെ ദുരിതജീവിതത്തിന്റെ നേര്‍കാഴ്ച സ്‌ക്രീനിലേക്ക് പകര്‍ത്തിയ ടേക്ക് ഓഫ്, എണ്‍പതിലേറെ പുതുമുഖങ്ങളെ അണിനിരത്തി ലിജോ ജോസ് പല്ലിശേരി ഒരുക്കിയ കട്ട ലോക്കല്‍ പടം അങ്കമാലി ഡയറീസ്, 50 കോടി ക്ലബില്‍ ഇടം കണ്ടെത്തിയ, മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍, എസ്ര, ദി ഗ്രേറ്റ് ഫാദര്‍, മലയാള സിനിമയിലെ ആണാധികാരത്തെപ്പറ്റിയുള്ള ചര്‍ച്ചകള്‍ ചൂടുപിടിക്കുമ്പോള്‍ പെണ്‍കരുത്തില്‍ ബോക്‌സ് ഓഫീസില്‍ പ്രേക്ഷകരെ മലര്‍ത്തിയടിച്ച ഗോദ, ടേക്ക് ഓഫ്, C/o ഓഫ് സൈറാ ബാനു, രാമന്റെ ഏദന്‍ത്തോട്ടം, സമകാലിക രാഷ്ട്രീയ സാമൂഹ്യ വിഷയങ്ങളെ പ്രശ്‌നവത്ക്കരിച്ച കാടു പൂക്കുന്ന നേരം, സിഐഎ തുടങ്ങി പ്രേമയത്തിലും ആവിഷ്‌കാരത്തിലും വ്യത്യസ്തത പുലര്‍ത്തുന്ന ഒരുപിടി നല്ലചിത്രങ്ങളാല്‍ സമ്പുഷ്ടമായിരിന്നു 2017ന്റെ ആദ്യപകുതി. ജനുവരി മുതല്‍ ജൂണ്‍ 30 വരെ പുറത്തിറങ്ങിയ സിനിമകളില്‍ നിന്ന് തിരഞ്ഞെടുത്ത 12 ചിത്രങ്ങള്‍. സിനിമയുടെ വിപണി വിജയത്തെ മാത്രം മുന്‍നിര്‍ത്തിയുള്ളതല്ല ഈ തിരഞ്ഞെടുപ്പ് മറിച്ച് സിനിമയുടെ മേക്കിങ്, കഥാപാത്ര പരിചരണം, പങ്കുവെക്കുന്ന രാഷ്ട്രീയം, ടോട്ടലിറ്റി എന്നീ ഘടകങ്ങളെ കൂടി മുന്‍നിര്‍ത്തിയാണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്.

പ്രേക്ഷകരുടെ മനസ്സ് കവര്‍ന്ന് പോത്തേട്ടന്‍ വീണ്ടും

മഹേഷിന്റെ പ്രതികാരത്തിലൂടെ വരവറിയിച്ച സംവിധായകനാണ് ദിലീഷ് പോത്തന്‍. പ്രേക്ഷക-നിരൂപക പ്രശംസക്കൊപ്പം പോയവര്‍ഷത്തെ ദേശീയ പുരസ്‌കാര വേദിയിലും മഹേഷിന്റെ പ്രതികാരം സാന്നിധ്യം അറിയിച്ചു. മികച്ച തിരക്കഥക്കും മികച്ച മലയാള ചിത്രത്തിനുമുള്ള പുരസ്‌കാരമാണ് മഹേഷിനെ തേടിയെത്തിയത്. മേക്കിങിലെ വ്യത്യസ്തതയും സൂക്ഷ്മതയും ദിലീഷ് പോത്തന്‍ എന്ന സംവിധായകനെ ഈ കാലഘട്ടത്തിലെ ഏറ്റവും പ്രതിഭാശാലിയായ ചലച്ചിത്ര പ്രവര്‍ത്തകനാക്കി മാറ്റുന്നു. പോത്തേട്ടന്‍സ് ബ്രില്യന്‍സ് എന്നൊരു പുതുപ്രയോഗം തന്നെ ചലച്ചിത്ര നിഘണ്ടുവില്‍ ഇടം കണ്ടെത്തി കഴിഞ്ഞു. മേല്‍പ്പറഞ്ഞ കാരണങ്ങളെല്ലാം ദിലീഷിന്റെ രണ്ടാമാത്തെ ചിത്രമായ തൊണ്ടിമുതലും ദൃക്‌സാക്ഷിയേയും പ്രതീക്ഷയുടെ വാനോളം ഉയര്‍ത്തി. ശ്യാം പുഷ്‌കരനും ദിലീഷ് പോത്തനും ഫഹദ് ഫാസിലും ബിജിബാലും ഉള്‍പ്പെടുന്ന ടീം മഹേഷിന്റെ പ്രതികാരത്തിനൊപ്പം രാജീവ് രവി കൂടി അണിചേര്‍ന്നപ്പോള്‍ പ്രതീക്ഷകള്‍ പിന്നെയും ഉയര്‍ന്നു.

പ്രേക്ഷകരുടെ പ്രതീക്ഷകള്‍ക്കും അപ്പുറത്തായിരുന്നു തൊണ്ടിമുതലും ദൃക്‌സാക്ഷിയുടെയും വരവ്. ഒരു റിയലിസ്റ്റിക്ക് കഥാപശ്ചാത്തലത്തെ സ്വാഭാവികത നഷ്ടപ്പെടുത്താതെ അവതരിപ്പിക്കുന്നതിനൊപ്പം സമകാലിക രാഷ്ട്രീയ സാമൂഹ്യ വിഷയങ്ങളെ പ്രശ്‌നവത്ക്കരിക്കാനും ചിത്രത്തിനു കഴിയുന്നു. മിശ്രവിവാഹം, ഐഡന്ററി, വിശപ്പിന്റെ രാഷ്ട്രീയം തുടങ്ങി സിനിമ ചര്‍ച്ച ചെയ്യുന്ന ഓരോ വിഷയവും ഓരോ സംഭാഷണവും രംഗങ്ങളും സൂക്ഷമതയോടെയും പൂര്‍ണ്ണതയോടെയും പ്രേക്ഷകരിലേക്ക് സന്നിവേശിപ്പിക്കാന്‍ പോത്തേട്ടന്‍സ് ബ്രില്ല്യന്‍സിലൂടെ ദിലീഷിനു കഴിയുന്നു. സുരാജ് വെഞ്ഞാറമൂട്, ഫഹദ് ഫാസില്‍, അലന്‍സിയര്‍, പുതുമുഖ നായിക നിമിഷ സഞ്ജയന്‍, വെട്ടുകിളി പ്രകാശ്, സിബി തോമസ് തുടങ്ങി സ്‌ക്രീനില്‍ തലകാണിച്ചു ഓരോ അഭിനേതാക്കളും അവരുടെ മികവാര്‍ന്ന പ്രകടനം കൊണ്ട് സിനിമയെ ധന്യമാക്കുന്നു. സജീവ് പാഴൂര്‍, ശ്യാം പുഷ്‌കരന്‍, രാജീവ് രവി, ബിജിബാല്‍ തുടങ്ങി ചിത്രത്തിന്റെ പിന്നണിയില്‍ അണിനിരന്ന ഓരോരുത്തരും അവരുടെ റോളുകള്‍ ഭംഗിയാക്കുന്നു. കൊമേഴ്ഷ്യല്‍-ആര്‍ട്ട് സിനിമകളുടെ അതിര്‍വരമ്പുകളെ ക്രാഫിറ്റിലൂടെ മറികടക്കുന്നു തൊണ്ടിമുതലും ദൃക്‌സാക്ഷിയും. ഇന്ത്യന്‍ സിനിമയിലെ ഏറ്റവും മികച്ച സംവിധായകരുടെ പട്ടികയിലേക്ക് ദിലീഷ് പോത്തന്റെ നാമം നിസംശയം എഴുതി ചേര്‍ക്കാം.

അതിജീവനത്തിന്റെ, പോരാട്ടത്തിന്റെ ടേക്ക്ഓഫ്...

ചിത്രസംയോജകന്‍ എന്ന നിലയില്‍ മലയാള സിനിമയില്‍ തന്റെ സാന്നിധ്യം അറിയിച്ചിട്ടുള്ള മഹേഷ് നാരായാണന്റെ ആദ്യചലച്ചിത്ര സംവിധാന സംരഭമായിരുന്നു ടേക്ക്ഓഫ്. ഇറാക്കിലെ തീവ്രവാദികളുടെ ക്യാംപില്‍ അകപ്പെട്ടുമായ ഇന്ത്യന്‍ നഴ്‌സുമാരുടെ അതിജീവനത്തിന്റെ നേര്‍കാഴ്ചയായിരുന്നു ഈ ചലച്ചിത്ര കാവ്യം. കേവലം ഇറാക്കിലെ സംഭവങ്ങളിലേക്ക് സിനിമയെ പരിമിതപ്പെടുത്താതെ സമീറയെന്ന പെണ്‍കുട്ടിയുടെ പോരട്ടത്തിന്റെ കഥ കൂടിയായി ടേക്ക് ഓഫ്. അന്തരിച്ച സംവിധായകന്‍ രാജേഷ് പിള്ളക്കുള്ള അദ്ദേഹത്തിന്റെ സമര്‍പ്പണം കൂടിയായി മാറി ഈ ചിത്രം.

മിനിമം വേതനത്തിനായി ആയിരക്കണക്കിനു നേഴ്‌സുമാര്‍ സമരം നയിച്ച കാലഘട്ടത്തില്‍ ടേക്ക് ഓഫിനു സമകാലിക പ്രസക്തിയുമുണ്ട്. സമീറമായി സ്‌ക്രീനില്‍ നിറഞ്ഞുനിന്ന പാര്‍വതിയുടെ പ്രകടനം തന്നെയാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. കുഞ്ചാക്കോ ബോബനും ഫഹദ് ഫാസിലും അവരവരുടെ വേഷങ്ങളും മികവുറ്റതാക്കി. സംവിധായകന്‍ മഹേഷ് നാരായണനൊപ്പം കൊച്ചിയിലും ഹൈദ്രബാദിലും റസാല്‍ഖൈമയിലുമായി സെറ്റിട്ട് ഇറാക്കിനെ പുനഃസൃഷ്ടിച്ച പ്രൊഡക്ഷന്‍ ഡിസൈനര്‍ സന്തോഷ് രാമനും പ്രത്യേക പ്രശംസ അര്‍ഹിക്കുന്നു. നിരൂപക പ്രശംസക്കൊപ്പം ബോക്‌സ് ഓഫിസ് കളക്ഷനിലും ടേക്ക്ഓഫ് മുന്നേറ്റം നടത്തി. മലയാളത്തിലെ ലേഡി സൂപ്പര്‍സ്റ്റാര്‍ എന്ന വിശേഷണത്തിനു പാര്‍വ്വതി എല്ലാ അര്‍ത്ഥത്തിലും അര്‍ഹയാണെന്നു അടിവരയിടുന്ന വിജയം കൂടിയായി മാറുന്നു ചിത്രത്തിനന്റേത്. 25 കോടിയാണ് സിനിമയുടെ ബോക്സ്ഓഫീസ് കലക്ഷൻ.

അങ്കമാലിയിലെ പ്രധാനമന്ത്രിയും പിള്ളേരും

ഒരുപക്ഷേ ഇന്ത്യന്‍ സിനിമയില്‍ ഏറ്റവും വിലക്കുറച്ചു മതിക്കുന്ന (underrated) സംവിധായകനാണ് ലിജോ ജോസ് പല്ലിശേരി. എന്നാല്‍ കൊട്ടിഘോഷിക്കപ്പെടുന്ന പല സംവിധായകരെകാളും മേലെയാണ് ലിജോയുടെ സ്ഥാനം. മലയാളത്തിന്റെ ഇന്റര്‍നാഷണല്‍ സംവിധായകനാണ് അദ്ദേഹം. തനിക്ക് ഇഷ്ടമുള്ള സിനിമ തനിക്ക് ഇഷ്ടമുള്ള രീതിയിലേ ചെയ്യു എന്നു വാശിയുള്ള സംവിധായകന്‍. പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നതല്ല മറിച്ച് പ്രതീക്ഷിക്കാത്തത് കൊടുക്കുന്നവനാകണം സംവിധായകന്‍ എന്നു വിശ്വസിക്കുന്ന കലാകാരന്‍. സിനിമ വിജയിച്ചാലും പരാജയപ്പെട്ടാലും എട്ടിന്റെ പരീക്ഷണം വിട്ടൊരു കളിയില്ല ജൂനിയര്‍ പല്ലിശേരിക്ക്.

അങ്കമാലിയിലും പതിവ് പരീക്ഷണം തുടരുന്നു. മാജിക്കല്‍ റിയലിസത്തില്‍ നിന്ന് റിയലിസ്റ്റിക്ക് മാജിക്കിലേക്കുള്ള യാത്രായാകുന്നു അങ്കമാലിക്കാരന്റെ ഡയറി. അങ്കമാലികാരന്റെ നിത്യജീവിതകാഴ്ചകളെ തീവ്രത നഷ്ടപ്പെടാതെ പോര്‍ക്കിറച്ചിയില്‍ വഴറ്റിയെടുക്കുന്നു ലിജോയും തിരക്കഥാകൃത്ത് ചെമ്പന്‍ വിനോദും. എണ്‍പതിലെറേ പുതുമുഖങ്ങളെ അണിനിരത്തിയാണ് അങ്കമാലി ഡയറീസ് പ്രദര്‍ശനശാലകളില്‍ കയ്യടി നേടിയതെന്ന പ്രത്യേകതയും ഉണ്ട്. സിനിമ കണ്ടിറങ്ങുമ്പോഴും വിന്‍സെന്റ് പെപ്പെ, അപ്പാനി രവി, ലിച്ചി, 10 എംഎല്‍ തുടങ്ങി ഒരുപ്പറ്റം കഥാപാത്രങ്ങള്‍ പ്രേക്ഷകനൊപ്പം യാത്ര തുടരുന്നു. ഒരു പ്രദേശത്തിന്റെ ചരിത്രത്തെയും സംസ്‌കാരത്തെയും നിത്യജീവിതകാഴ്ചകളെയും ഇത്രയും മനോഹരമായി സന്നിവേശിപ്പിച്ച ചിത്രങ്ങള്‍ വിരളമായിരിക്കും. ഗിരീഷ് ഗംഗാധരന്റെ ക്യാമറകാഴ്ചകളും പ്രശാന്ത് പിള്ളയുടെ പാട്ടും പശ്ചാത്തല സംഗീതവും അങ്കമാലിക്കു കൂടുതല്‍ മിഴിവേകുന്നു.

മമ്മൂട്ടി ദി ഗ്രേറ്റ് ഫാദര്‍

പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ നിരന്തരം ലൈഗിംക ചൂഷണത്തിനു വിധേയമാകുന്ന സമകാലിക കേരള പശ്ചാത്തലത്തില്‍ ഏറെ പ്രസക്തിയുളള ചിത്രമായിരുന്നു നവാഗതനായ ഹനീഫ് അദേനിയുടെ മമ്മൂട്ടി ചിത്രം ദി ഗ്രേറ്റ് ഫാദര്‍. വെറുമൊരു പ്രതികാരകഥയായി പരിമിതപ്പെടുപോകമായിരുന്ന പ്ലോട്ടിനെ കയ്യടക്കത്തോടെ മികച്ചൊരു ആക്ഷന്‍ സൈക്കോളജിക്കല്‍ ത്രില്ലറാക്കി മാറ്റാന്‍ സംവിധായകനു കഴിഞ്ഞിട്ടുണ്ട്. പ്രായം തളര്‍ത്താത്ത മമ്മൂട്ടിയുടെ യുവത്വം തുളുമ്പുള്ള ഗെറ്റപ്പ് തന്നെയാണ് സിനിമയുടെ ഹൈലൈറ്റ്. തെന്നിന്ത്യന്‍ യുവതാരം ആര്യക്കൊപ്പം സ്‌ക്രീനില്‍ അഭിനയത്തിലൂടെയും സ്റ്റെലിലൂടെയും മമ്മൂട്ടി കിടപിടിക്കുന്നു. പ്രതിനായക വേഷത്തില്‍ സന്തോഷ് കീഴാറ്റൂറും മഞ്ഞപത്രത്തിന്റെ റിപ്പോര്‍ട്ടറായി കലാഭവന്‍ ഷാജോണും മികവാര്‍ന്ന പ്രകടനം പുറത്തെടുക്കുന്നു. ബാലതാരം അനിഘ ഒരിക്കല്‍കൂടി സ്‌ക്രീനില്‍ തന്റെ സാന്നിധ്യം അറിയിക്കുന്നു. റോബി വര്‍ഗ്ഗീസ് രാജിന്റെ ഛായാഗ്രാഹണവും സുശിന്‍ ശ്യാമിന്റെ പശ്ചാത്തല സംഗീതവും ഗ്രേറ്റ് ഫാദറിനു പൂര്‍ണത നല്‍കുന്നു. 60 കോടിയാണ് ചിത്രം കലക്ട് ചെയ്തത്.

ജനപ്രിയനായകന്‍ ബിജു മേനോന്‍ ഒപ്പ്

രണ്ടാം വരവില്‍ ഹ്യൂമര്‍ റോളുകളിലേക്ക് ട്രാക്ക് മാറ്റിയ നടനാണ് ബിജു മേനോന്‍. അദ്ദേഹത്തിന്റെ അനായാസമായ അഭിനയ ശൈലിയും ടൈമിങും ഹ്യൂമര്‍ റോളുകള്‍ക്കു കരുത്തേകുന്ന കാഴ്ചയായിരുന്നു പിന്നീടങ്ങോട്. വെള്ളിമൂങ്ങ, അനാര്‍ക്കലി, റോമന്‍സ്, ഓര്‍ഡിനറി തുടങ്ങി ഒരുപറ്റം സിനിമകളിലൂടെ അദ്ദേഹം സ്‌ക്രീനില്‍ നിറസാന്നിധ്യമായി. പയവര്‍ഷം പുറത്തിറങ്ങിയ സ്വര്‍ണ്ണകടുവയിലെ നെഗറ്റീവ് ടച്ചുള്ള കഥാപാത്രത്തെയും അദ്ദേഹം ഗംഭീരമാക്കി. ഒരു നാട്ടുപുറത്തുകാരന്റെ ഓര്‍മ്മപുസ്തകമായി ഒതുങ്ങി പോകാമായിരുന്ന രഞ്ചന്‍ പ്രമോദ് ചിത്രത്തെ ഈ വര്‍ഷത്തെ മികച്ച ഹിറ്റുകളുടെ കൂട്ടത്തിലേക്ക് എഴുതിചേര്‍ക്കുന്നത് ബിജുമോനോന്റെ സോളോ പെര്‍ഫോമന്‍സാണെന്ന് നിസംശയം പറയാം. വികസനം വരുമ്പോള്‍ നഷ്ടപ്പെട്ടു പോകുന്ന ഇടങ്ങളിലേക്കും ചങ്ങാതികൂട്ടങ്ങളിലേക്കുമാണ് രക്ഷാധികാരി ബൈജു പ്രേക്ഷക ശ്രദ്ധ ക്ഷണിക്കുന്നത്. ചിത്രം പത്തുകോടി വാരിക്കൂട്ടി.

പ്രേക്ഷകരെ മലര്‍ത്തിയടിച്ച് ഗോദ

ഗുസ്തിയുടെ പശ്ചാത്തലത്തില്‍ യുവസംവിധായകന്‍ ബേസില്‍ ജോസഫ് ഒരുക്കിയ ഗോദ തിയറ്ററുകളില്‍ പ്രേക്ഷകരെ മലര്‍ത്തിയടിച്ചു. അതിഥി സിങ് എന്ന പഞ്ചാബി പെണ്‍കുട്ടിയായിരുന്നു ചിത്രത്തിന്റെ ന്യൂക്ലിയസ്. കണ്ണാടിക്കല്‍ എന്ന ഗ്രാമത്തിന്റെ ഗുസ്തി പാരമ്പര്യത്തിനൊപ്പം പെണ്‍കുട്ടിയുടെ സ്വാതന്ത്ര്യം, വിദ്യാഭ്യാസം എന്നീ വിഷയങ്ങളെയും നര്‍മ്മത്തിന്റെ അകമ്പടിയോടെ ചിത്രം പ്രശ്‌നവത്ക്കരിച്ചു. പഞ്ചാബി അഭിനേത്രി വാമിഖ ഗാബി കേന്ദ്രകഥാപാത്രമായ ഗോദയുടെ വിജയം സ്ത്രീ കേന്ദ്രീകൃത സിനിമകള്‍ക്കു കൂടുതല്‍ ഊര്‍ജ്ജം പകരും. ഒരു മെക്‌സിക്കന്‍ അപാരതയുടെ ത്രസിപ്പിക്കുന്ന വിജയത്തിനു ശേഷം മറ്റൊരു സൂപ്പര്‍ഹിറ്റുകൂടി സ്വന്തം പേരില്‍ എഴുതി ചേര്‍ക്കുന്നു ടൊവിനോ തോമസെന്ന യുവനായകന്‍. 14 കോടി കലക്ഷൻ നേടി.

എബി

പ്രമുഖ പരസ്യസംവിധായകനും ആക്‌ഷൻ ഹീറോ ബിജുവിലെ വക്കീൽ വേഷത്തിലൂടെ അഭിനയരംഗത്തെത്തുകയും ചെയ്ത ശ്രീകാന്ത് മുരളിയുടെ ആദ്യസംവിധാനസംരംഭമായിരുന്നു എബി. വിനീത് ശ്രീനിവാസന്റെ അഭിനയപ്രകടനവും ചിത്രത്തെ വേറിട്ടതാക്കി. മലയാള സിനിമയ്ക്ക് മറ്റൊരു നവ്യാനുഭവമാണ് എബി സമ്മാനിച്ചത്.

എബ്രഹാം എസ്ര റീലോഡഡ്

മലയാളത്തിലെ ഹൊറര്‍ സിനിമകള്‍ക്കു പുതിയമാനം നല്‍കിയ ചിത്രമായിരുന്നു നവാഗതനായ ജെകെയുടെ പൃഥ്വിരാജ് ചിത്രം എസ്ര. ജൂത പശ്ചാത്തലത്തില്‍ കഥ പറഞ്ഞ എസ്ര സാങ്കേതിക തികവിലൂടെയാണ് കയ്യടി നേടിയത്. ആദ്യപകുതിയില്‍ പുലര്‍ത്തിയ കയ്യടക്കം രണ്ടാം പകുതിയില്‍ ആവര്‍ത്തിക്കാന്‍ സംവിധായകനു കഴിഞ്ഞില്ല. എന്ന് നിന്റെ മൊയ്തീനു ശേഷം 50 കോടി ക്ലബില്‍ ഇടം കണ്ടെത്തിയ പൃഥ്വിരാജ് ചിത്രം എന്ന ബഹുമതിയും എസ്ര സ്വന്തമാക്കി. പൃഥ്വിരാജിനൊപ്പം പ്രിയ ആനന്ദ്, ടൊവീനോ തോമസ്, സുദേവ് നായര്‍, സുജിത് ശങ്കര്‍ എന്നിവരും മികവ് പുലര്‍ത്തി. സുശിന്‍ ശ്യാമിന്റെ പശ്ചാത്തല സംഗീതവും സുജിത് വാസുദേവിന്റെ ഛായാഗ്രഹണവും എസ്രയെ കൂടുതല്‍ മികവുറ്റതാക്കി. 50 കോടി ക്ലബിൽ ഇടം നേടിയ ചിത്രം കൂടിയാണിത്.

ഒരു മെക്സിക്കൻ അപാരത

എഴുപതുകളുടെ കാമ്പസുകള്‍ പശ്ചാത്തലമാക്കി ടോം ഇമ്മട്ടി സംവിധാനം ചെയ്ത രാഷ്ട്രീയ സാമൂഹ്യ ചിത്രമായ 'ഒരു മെക്സിക്കന്‍ അപാരത' തിയറ്ററുകളെ ഇളക്കി മറിച്ചു.ടോവീനോ തോമസിന്റെ താരോദയം കൂടിയായിരുന്നു ഈ ചിത്രം‍. രൂപേഷ് പീതാംബരന്റെ പ്രതിനായകവേഷവും ശ്രദ്ധേയമായി. 15 കോടിയാണ് ചിത്രം കലക്ട് ചെയ്തത്.

സഖാവ്

ഹിറ്റുകളുടെ നീണ്ട നിരയ്ക്കു ശേഷം ഒരു വർഷത്തെ ഇടവേള കഴിഞ്ഞെത്തിയ നിവിൻ പോളി ചിത്രമാണ് സഖാവ്. സിദ്ധാർത്ഥ് ശിവ തിരക്കഥ എഴുതി സംവിധാനം ചെയ്ത ചിത്രത്തിൽ രാഷ്ട്രീയക്കാരനായാണ് നിവിന്‍ എത്തിയത്. കേരളത്തിൽ നിന്ന് അഞ്ച് കോടി എൺപത് ലക്ഷം ഉൾപ്പടെ ആറു കോടി അറുപതു ലക്ഷമാണ് ചിത്രം മൊത്തത്തില്‍ വാരിയത്. നാലരക്കോടി രൂപയ്ക്കാണ് സിനിമയുടെ സാറ്റലൈറ്റ് അവകാശം വിറ്റത്.

വസന്തം തീര്‍ത്ത് ഏദന്‍ത്തോട്ടം

പോസ്റ്റീവ് സിനിമകളുടെ വക്താവായ രഞ്ചിത്ത് ശങ്കറിന്റെ ചലച്ചിത്രകാവ്യമാണ് രാമന്റെ ഏദന്‍ത്തോട്ടം. സ്ത്രീയെ പ്രകൃതിയുമായി കൂട്ടി ഇണക്കി അവളുടെ സ്വത്വത്തെ ഹൃദ്യമായി അവതരിപ്പിക്കുന്നു സംവിധായകന്‍. ഏദന്‍ത്തോട്ടം രാമന്റേതാണെങ്കിലും അനു സിത്താര അവതരിപ്പിച്ച മാലിനിയെന്ന നര്‍ത്തകിയാണ് സിനിമയുടെ കേന്ദ്രബിന്ദു. മാലിനിയുടെ സ്വപ്‌നങ്ങളിലേക്കും സ്വതന്ത്ര്യത്തിലേക്കുമാണ് ഏദന്‍തോട്ടം ചിറകുവിടര്‍ത്തുന്നത്. ഏദന്‍തോട്ടത്തിലെ കാവല്‍ക്കാരനായ രാമന്റെ വേഷത്തെ ഹൃദ്യമാക്കി കുഞ്ചാക്കോ ബോബന്‍ മറ്റൊരു ഹിറ്റുകൂടി തന്റെ പേരിലേക്കു എഴുതി ചേര്‍ക്കുന്നു. നെഗറ്റീവ് ഛായയുള്ള നിര്‍മ്മാതാവ് എല്‍വിസിനെ അവീസ്മരണീയമാക്കുന്നു ജോജു ജോര്‍ജ്. മധു നീലകണ്ഠന്റെ ക്യാമറകാഴ്ചകള്‍ ഏദന്‍ത്തോട്ടത്തെ അനുഭവമാക്കി മാറ്റുന്നു. ബിജിപാലിന്റെ പാട്ടുകളും പശ്ചാത്തല സംഗീതവും പതിവുപോലെ മികവ് പുലര്‍ത്തുന്നു.

C/o ഓഫ് സൈറാ ബാനു

തിരിച്ച് വരവില്‍ മഞ്ജു വാരിയരെന്ന അഭിനേത്രിയുടെ ക്ലാസ് അടയാളപ്പെടുത്തിയ ചിത്രമായി മാറി നവാഗതനായ ആന്റണി സോണിയുടെ C/o ഓഫ് സൈറാ ബാനു. ദീര്‍ഘകാലത്തെ ഇടവേളക്കു ശേഷം അമലാ അക്കിനി അഭിനയത്തിലേക്ക് തിരിച്ചു വരവ് നടത്തിയ ചിത്രത്തിന്റെ തിരക്കഥ ആര്‍ജെ ഷാനിന്റെതായിരുന്നു. നിയമവാഴ്ചയേയും മേല്‍വിലാസത്തെയും പ്രശ്‌നവത്ക്കരിച്ച ചിത്രം അമ്മമ്മാരുടെ പോരാട്ടത്തിന്റെ കഥ പറഞ്ഞു. മലയാളത്തിന്റെ മഹാനടന്‍ മോഹന്‍ലാല്‍ ശബ്ദസാന്നിധ്യത്തിലൂടെ പീറ്റര്‍ ജോര്‍ജ്ജായപ്പോള്‍ അകാലത്തില്‍ പൊലിഞ്ഞു പോയ മലയാള മനോരമ ചീഫ് ഫോട്ടോഗ്രാഫാറായ വിക്ടര്‍ ജോര്‍ജ്ജിനുള്ള സമര്‍പ്പണം കൂടിയായി അത് മാറി.

കാടു പൂക്കുന്ന നേരം

രാജ്യന്തരതലത്തില്‍ ഒട്ടെറെ പുരസ്‌കാരങ്ങള്‍ നേടി ഡോ. ബിജുവെന്ന സംവിധായകനെ മലയാളികള്‍ വേണ്ടവിധത്തില്‍ അംഗീകരിച്ചിട്ടില്ല. ഫെസ്റ്റിവല്‍ സിനിമ മൂഡില്‍ കഥ പറയുന്ന ഡോ. ബിജു ചിത്രങ്ങള്‍ കൃത്യമായ രാഷ്ട്രീയവും പങ്കുവെക്കാറുണ്ട്. കാടും പൂക്കുന്ന നേരവും സമകാലിക രാഷ്ട്രീയ സാമൂഹിക വിഷയങ്ങളെ പ്രശ്‌നവത്ക്കരിക്കുന്നു. ഭരണകൂട ഭീകരതയുടെയും
വ്യാജ ഏറ്റുമുട്ടലുകളുടെയും യുഎപിഎ ചുമതലിന്റെയും സമകാലിക പശ്ചാത്തലത്തില്‍ ഏറെ പ്രസക്തിയുള്ള ചിത്രമാണിത്. മലയാളിയുടെ പൊതുബോധത്തില്‍ ഉള്ളിഞ്ഞു കടക്കുന്ന പല തെറ്റായ ധാരണകളെയും വിശ്വാസങ്ങളെയും ചിത്രം ചോദ്യം ചെയ്യുന്നു. ഇന്ദ്രജിത്ത്, റിമാ കല്ലിങ്കല്‍, ഇന്ദ്രന്‍സ്, പ്രകാശ് ബാരെ തുടങ്ങിയ അഭിനേതാക്കളെല്ലാം മികവ് പുലര്‍ത്തുന്നു. എം.ജെ. രാധകൃഷ്ണന്റെ ഫ്രെയിമുകള്‍ സിനിമയെ ജീവസുറ്റതാകുനനു. തല്‍സമയ ശബ്ദസന്നിവേശിപ്പിക്കലിന്റെ സാധ്യതകളും സിനിമ ഫലപ്രദമായി വിനിയോഗിച്ചിട്ടുണ്ട്.

ഇടതുപക്ഷ മനസ്സുള്ള അജിപ്പാന്‍

സിനിമയില്‍ ഇപ്പോള്‍ ചെകൊടിയും ചെഗുവേരയും മാര്‍ക്കറ്റ് ചെയ്യപ്പെടുന്ന കാലമാണ്. ഇതാണ് സഖാവ്, ഇതാവണമെടാ സഖാവ് എന്ന് നിലവിളിച്ച സിനിമകള്‍ക്കിടയില്‍ അമല്‍ നീരദ് ചിത്രം സിഐഎ വ്യത്യസ്ത ചലച്ചിത്ര അനുഭവമായി മാറി. ദുല്‍ഖര്‍ സല്‍മാന്‍ എന്ന നായക കഥാപാത്രത്തിനു സിഎംഎസ് കോളജിലെ പഴയ എസ്എഫ്‌ഐക്കാരന്റെ കുപ്പായം നല്‍കി അമല്‍ നീരദ് പതിവു പോലെ ഹീറോയിസത്തെ ആഘോഷിക്കുന്നുണ്ട് ഈ ചിത്രത്തിലും. എന്നാല്‍ സിഎംഎസ് കോളജില്‍ അജിപ്പാനെ തളച്ചിടാതെ അയാളുടെ യാത്രയിലും പ്രണയത്തിലും തീരുമാനങ്ങളിലും ഇടതുപക്ഷ മനസ്സുള്ള കഥാപാത്രമായി വികസിപ്പിച്ചെടുക്കുന്നതില്‍ സംവിധായകന്‍ അഭിനന്ദനം അര്‍ഹിക്കുന്നു.

പ്രാദേശിക രാഷ്ട്രീയത്തില്‍ തുടങ്ങി രാജ്യന്തര വിഷയങ്ങള്‍ വരെ സിഐഎ ചര്‍ച്ചക്കു വിധേയമാക്കുന്നു. കേരളത്തിലും ലോകാമെമ്പാടും ഇടതുപക്ഷത്തിനു ഇന്നും പ്രസക്തിയുണ്ടെന്ന ഓര്‍മപ്പെടുത്തല്‍ കൂടിയാകുന്നു ചിത്രം. ജോമന്റെ സുവിശേഷത്തിനു ശേഷം സിഐഎയിലൂട ദൂല്‍ക്കര്‍ വിജയം ആവര്‍ത്തിക്കുന്നു. ക്ഷുഭിത യൗവനം തുളുമ്പുന്ന നായകനായി ദുല്‍ഖര്‍ തിളങ്ങുമ്പോള്‍ കേരള കോണ്‍ഗ്രസുകാരനായി സിദ്ദിഖ് സ്‌ക്രീനില്‍ നിറഞ്ഞു നില്‍ക്കുന്നു. യുവാക്കളെ ഹരം പിടിപ്പിക്കുന്ന പശ്ചാത്തല സംഗീതമൊരുക്കി ഗോപി സുന്ദര്‍ വീണ്ടും സ്‌കോര്‍ ചെയ്യുന്നു. 20 കോടിയാണ് ചിത്രം വാരിയത്.

ജോമോന്റെ സുവിശേഷങ്ങൾ

തിയറ്റർ സമരം മൂലമുണ്ടായ പ്രതിസന്ധികൾക്ക് ശേഷം 2017ൽ റിലീസ് ചെയ്ത ആദ്യ മലയാളചിത്രമാണ് ജോമോന്റെ സുവിശേഷങ്ങൾ. കുടുംബപ്രേക്ഷകരുടെ പ്രിയപ്പെട്ട സംവിധായകൻ സത്യൻ അന്തിക്കാടും ദുൽക്കറും ആദ്യമായി ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ഉണ്ടായിരുന്നു. സിനിമ 30 കോടി നേടി.

അഡ്വഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടന്‍

രോഹിത്ത് വി.എസ.എന്ന നവാഗത സംവിധായകന്റെ സാഹസികമായ ചലച്ചിത്രയാത്രയുടെ സാക്ഷിപത്രമായിരുന്നു അഡൈ്വഞ്ചേഴ്‌സ് ഓമനക്കുട്ടന്‍. തമിഴിലെ നവതരംഗ സിനിമകളോട് മേക്കിങില്‍ സാദ്യശ്യമുള്ള ഓമനക്കുട്ടന്‍ 2017 മികച്ച ചലച്ചിത്ര പരീക്ഷണങ്ങളിലൊന്നായി. ഫാന്റസിയും ഫിക്ഷനും ഇടം കലര്‍ത്തി ഒരുക്കിയിരിക്കുന്ന ഓമനക്കുട്ടന്‍ മള്‍ട്ടിപ്ലെക്‌സ് ഓഡിയന്‍സിന്റെ അഭിരുചികളോട് ചേര്‍ന്നു നില്‍ക്കുന്നു. കളര്‍ ടോണില്‍ തുടങ്ങി കഥപറച്ചിലിലും കഥാപാത്ര പരിചരണത്തിലും ഓമനക്കുട്ടന്‍ വ്യത്യസ്ത പുലര്‍ത്തി. ഏറെകാലത്തിനു ശേഷം ആസിഫ് അലിയിലെ നടനെ ചൂഷണം ചെയ്യാനും സിനിമക്കായി.