Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആ നടുക്കം ഇപ്പോഴും മാറിയിട്ടില്ല; കനിഹയുടെ അനുഭവം

kaniha-post

വാഹനാപകടത്തിൽ ഗുരുതരമായി പരുക്കേറ്റ തമിഴ്നാട് സ്വദേശി മുരുകന് ചികിത്സ നിഷേധിച്ച് മരണത്തിനിടയാക്കിയ സംഭവം ഉണ്ടായത് ഈ അടുത്താണ്. അപകടത്തില്‍ പെട്ട് റോഡില്‍ ജീവന് വേണ്ടി പിടയുന്നവരെ രക്ഷിക്കാൻ ശ്രമിക്കുന്നവർ വളരെ കുറച്ചാണ്. ഇവരെ രക്ഷിച്ച് ആശുപത്രിയിലെത്തിച്ചാൽ ഉണ്ടാകുന്ന പ്രശ്നങ്ങളും മറ്റും ഇവരെ പിന്‍തിരിപ്പിക്കുന്നു. അങ്ങനെയൊരു അനുഭവത്തെക്കുറിച്ചാണ് നടി കനിഹ പറയുന്നത്.

റോഡ് അപകടത്തില്‍ പരുക്കേറ്റ് രക്തത്തില്‍ കുളിച്ചു കിടക്കുന്ന ആളെ ആശുപത്രിയില്‍ എത്തിച്ച തന്റെ അനുഭവം നടി ഫെയ്സ്ബുക്കിലൂടെ പങ്കുവച്ചു. അപകടം നടന്ന ആളുടെ ചോര തന്റെ കാറില്‍ വീണുകിടക്കുന്ന ചിത്രത്തിനൊപ്പമാണ് കനിഹയുടെ ഫെയ്സ്ബുക്ക് കുറിപ്പ്. 

കനിഹയുടെ കുറിപ്പ് വായിക്കാം–

നിങ്ങളിലെത്രപേര്‍ക്ക് ഒരു ജീവന്‍ രക്ഷിക്കാനുള്ള അവസരം കിട്ടാറുണ്ട് എന്നെനിക്കറിയില്ല. ഇന്ന് മകന്‍ റിയാഹിയെ സ്‌കൂളില്‍ വിട്ടു വരുന്ന വഴി എനിക്ക് അങ്ങനെ ഒരു അവസരം ലഭിച്ചു.

എന്റെ കണ്മുന്നിൽവച്ചാണ്, രണ്ട് ബൈക്കുകള്‍ കൂട്ടിയിടിച്ച് അപടകമുണ്ടാകുന്നത്. അപകടത്തിൽ പ്രായം ചെന്ന ഒരാള്‍ വീണു കിടക്കുന്നു. സംഭവം കണ്ടവര്‍ ഒന്ന് വന്ന് നോക്കി പോകുന്നു. കാറുകൾ പതുക്കെ നിർത്തി എല്ലാം കണ്ട ശേഷം അയാളെ ഉപേക്ഷിച്ച് പോകുന്നു. ഞാന്‍ അടുത്ത് പോയി നോക്കി. അയാൾ പതുക്കെ അനങ്ങി റോഡിന്റെ അരികിൽ ഇരുന്നു.

ഇടത് കാല്‍ ഒടിഞ്ഞിരുന്നു. രക്തത്തില്‍ കുളിച്ചു കിടക്കുകയാണയാള്‍. രക്തം ഒരുപാട് വാർന്നുപോയിരിക്കുന്നു. വേറെ ഒന്നും ആലോചിച്ചില്ല, അയാളെ എന്റെ കാറില്‍ കയറ്റി അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചു. യാത്രയിൽ ഞാൻ അയാളോട് സംസാരിച്ചുകൊണ്ടേയിരുന്നു. ആശുപത്രിയിലെത്തിച്ചതും അവിടെ അടിയന്തരചികിത്സാസഹായം കിട്ടാൻ കുറച്ച് കഷ്ടപ്പെടേണ്ടിവന്നു. 

പൊലീസിനെയും ബന്ധുക്കളെയും വിവരമറിയിച്ചു. പൊലീസ് ഉടൻ തന്നെ എത്തി. എഫ് ഐ ആര്‍ ഫയല്‍ ചെയ്തു. പൊലീസുകാർ ഞാൻ ചെയ്ത പ്രവൃത്തിയിൽ എന്നെ അഭിനന്ദിച്ചു. അപടകത്തിൽപ്പെടുന്നുവരെ ഭയത്താല്‍ രക്ഷിക്കാതിരിക്കരുതെന്നും രക്ഷിക്കുന്നവരെ ആരെയും കുറ്റപ്പെടുത്തില്ലെന്നും അവർ പറഞ്ഞു. അദ്ദേഹം ഇപ്പോള്‍ സുഖം പ്രാപിച്ചു വരുന്നു

ഈ സംഭവം എന്നെ പിടിച്ചു കുലുക്കി. ഒരു യാഥാര്‍ത്ഥ്യം എന്റെ കണ്‍ മുന്നില്‍. ആ സംഭവത്തിന്റെ നടുക്കം ഇപ്പോഴുമുണ്ടെങ്കിലും, ഒരു ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞ സന്തോഷത്തിലാണ് ഞാന്‍. ഒരാള്‍ക്കെങ്കിലും ഈ പോസ്റ്റ് കണ്ട് പ്രചോദനമാകട്ടെ എന്ന് കരുതിയാണ് ഇക്കാര്യം ഇവിടെ കുറിക്കുന്നത്.