Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒടിയൻ ലുക്കിൽ ജയസൂര്യയ്ക്കൊപ്പം മോഹന്‍ലാൽ

odiyan-jayasurya

മലയാളത്തിലെ ഏറ്റവും ചെലവേറിയ സിനിമയെന്ന വിശേഷണവുമായി എത്തുന്ന മോഹൻലാലിന്റെ ‘ഒടിയൻ’ തുടങ്ങി. വാരണാസിയിലും ബനാറസിലുമായാണ് ആദ്യഘട്ട ചിത്രീകരണം. മോഹൻലാൽ ചിത്രത്തിൽ ഇന്നലെ ജോയിൻ ചെയ്തു. സിനിമയിൽ വേറിട്ട ലുക്കിലാണ് മോഹൻലാൽ‍ എത്തുന്നത്. ഇപ്പോഴിതാ മോഹൻലാലിന്റെ ‘ഒടിയൻ’ ലുക്ക് വെളിപ്പെടുത്തി ജയസൂര്യ. കാശിൽ ഒടിയന്റെ ലൊക്കേഷനിൽ എത്തിയപ്പോൾ മോഹൻലാലിനൊപ്പമുള്ള ഒരു ചിത്രവും ജയസൂര്യ പങ്കുവച്ചു. ഒടിയനോടൊപ്പം കാശിൽ എന്നായിരുന്നു ചിത്രത്തിന്റെ അടിക്കുറിപ്പ്.

സിനിമയുടെ ലൊക്കേഷൻ ദൃശ്യങ്ങൾ സംവിധായകൻ ശ്രീകുമാര്‍ മേനോൻ ട്വിറ്ററിലൂടെ പങ്കുവക്കുന്നുണ്ട്. ദേശീയ അവാർഡ് ജേതാവും, മാധ്യമപ്രവർത്തകനുമായ ഹരി കൃഷ്ണൻ ആണ് ചിത്രത്തിന്റെ തിരക്കഥ നിർവ്വഹിക്കുന്നത്. വി എഫ് എക്‌സിനും ആക്ഷനും പ്രാധാന്യമുള്ള ഫാന്റസി ത്രില്ലറായാണ് ചിത്രം ഒരുക്കുന്നത്. ഏകദേശം 35 കോടിയോളം മുതല്‍മുടക്കിലുള്ള സിനിമയില്‍ ഏഴ് കോടിയോളം രൂപാ വിഎഫ്എക്‌സ് മികവിന് മാത്രമായി ചെലവഴിക്കുന്നു. 

പ്രകാശ് രാജ് വില്ലൻ വേഷത്തിലെത്തുന്നു. മഞ്ജു വാരിയർ ആണ് നായിക. ബോളിവുഡില്‍ നിന്നും ഒരു സൂപ്പർതാരം ചിത്രത്തിൽ എത്തുന്നുണ്ട്. പുലിമുരുകന് ശേഷം പീറ്റര്‍ ഹെയ്ൻ ആക്​ഷൻ കൊറിയോഗ്രഫി നിർവഹിക്കുന്ന മലയാളചിത്രം കൂടിയാണിത്. മൂന്ന് കാലഘട്ടങ്ങളിലെ തേങ്കുറിശി ഗ്രാമത്തിന് പാലക്കാട് കൂറ്റന്‍ സെറ്റ് ഒരുക്കിയിരിക്കുകയാണ്. പ്രശാന്ത് മാധവ് ആണ് കലാസംവിധായകന്‍. അടുത്ത വർഷം മാർച്ച് 30ന് ചിത്രം തിയറ്ററുകളിലെത്തും. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി െപരുമ്പാവൂർ ആണ് നിർമാണം.

ആരാണ് ഒടിയൻ? രാവിരുട്ട് വിരിച്ച കമ്പളത്തിലൂടെ നടന്നുവരുന്ന രാത്രിയുടെ രാജാവ് എന്നു മാത്രമാണ് മോഹൻലാൽ പറഞ്ഞത്. സിനിമാപ്രേമികള‍ുടെ സംശയങ്ങൾക്ക് സംവിധായകൻ വി.എ. ശ്രീകുമാർ മേനോൻ മറുപടി പറയുന്നു... 

ഐതിഹ്യവും ചരിത്രവും കൂടിക്കലർന്ന ഒരു കഥാപാത്രമാണ് ഒടിയൻ. അതുകൊണ്ടുതന്നെ, കേട്ട കഥകളിൽനിന്നു യാഥാർഥ്യത്തെ വേർതിരിച്ചെടുക്കാനാവാതെ നാം കുഴയും: രാത്രിയിരുട്ടിൽ ഒടിയൻ ഒരു പാതിയിൽ മനുഷ്യൻ, മറുപാതിയിൽ മൃഗം. പൂർണഗർഭിണിയുടെ ഭ്രൂണം മുളങ്കമ്പുകൊണ്ട് കുത്തിയെടുത്തുള്ള നിഗൂഢകർമം ഒടിവിദ്യയുടെ അടിസ്ഥാനമായി പഴങ്കഥകളിലുണ്ട്. 

കേരളത്തിൽ വൈദ്യുതി വരുന്നതിനു മുൻപുള്ള കാലത്ത് ഗ്രാമങ്ങളിലെ വലിയ പേടിസ്വപ്നങ്ങളിലൊന്നായിരുന്നു ഒടിയന്മാർ. വേലിപ്പുറത്ത്, പാടവരമ്പത്ത്, മരക്കൊമ്പിൽ ഒക്കെ ഒടിയന്റെ സാന്നിധ്യം എപ്പോഴുമുണ്ടാകാം. ഒടിയനെ നേരിൽക്കണ്ടവരാരും ഇപ്പോൾ ഇല്ല. പക്ഷേ, കഥകൾ ഉറപ്പോടെ പറയുന്നു: ഒടിയൻ ഉണ്ട് ! അത്തരത്തിൽ ഒരു ഒടിയനാണു മോഹൻലാൽ അവതരിപ്പിക്കുന്ന മാണിക്കൻ എന്ന കഥാപാത്രം.

ഭൂമിയിലെ അവസാനത്തെ ഒടിയൻ.

ഒടിയനു പല സിദ്ധികളുമുണ്ട്. നല്ല കായികശേഷി, ഇരുട്ടിലെ കൺകാഴ്ച. ഒരേസമയത്തു പല വേഷങ്ങളിൽ, പല ഭാവങ്ങളിൽ ഒടിയൻ എത്തുന്നു. കേരളത്തിൽ വൈദ്യുതി വ്യാപകമായ കാലത്ത് ഇരുട്ടിന്റെ മറ നഷ്ടപ്പെട്ടതോടെ ഒടിയന്മാർ എവിടെയോ പോയ്മറഞ്ഞു. 1950 മുതൽ 2000 വരെയുള്ള 50 വർഷക്കാലത്തെ ഒരു പാലക്കാടൻകഥയാണ് ഒടിയൻ എന്ന സിനിമ പറയുന്നത്.

ചിലപ്പോൾ നാലുകാലിൽ ഓടുന്ന, പാടവരമ്പിൽ ഇഴയുന്ന ഒടിയനാണു മാണിക്കൻ. മാണിക്കന്റെ പല സിദ്ധികളിലൊന്നാണത്. അതുകൊണ്ടുതന്നെ, മാണിക്കനാകാൻ മോഹൻലാൽ 15 കിലോ കുറയ്ക്കുന്നുണ്ട്. ‘പുലിമുരുകനി’ലൂടെ മലയാളത്തിനും പരിചിതനായ പീറ്റർ ഹെയ്ൻ എന്ന പ്രസിദ്ധ ആ‌ക്‌ഷൻ കൊറിയോഗ്രഫറാണു മോഹൻലാലിനെ കായികസിദ്ധികൾ പരിശീലിപ്പിക്കുന്നത്. മാണിക്കന്റെ 65 വയസ്സുവരെയുള്ള ജീവിതകാലഘട്ടം വിവിധ പ്രായപരിണാമങ്ങളിലൂടെ, വേഷപ്പകർച്ചകളിലൂടെ ഒടിയനിൽ കാണാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.