Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

താരങ്ങളൊഴിഞ്ഞ ആഘോഷരാവിൽ തലശ്ശേരി പറഞ്ഞു; ഇവരാണു താരങ്ങൾ

kerala-film-award.jpg.image.784.410

നിറമുള്ള നക്ഷത്രങ്ങളിലല്ല, കറുപ്പിലും വെളുപ്പിലുമുള്ള മനുഷ്യരിലാണു മലയാള സിനിമയുടെ പ്രതീക്ഷയും പ്രത്യാശയുമെന്നു പ്രഖ്യാപിച്ചു സംസ്ഥാന ചലച്ചിത്ര പുരസ്കാര സമർപ്പണം. തലശ്ശേരിയിലെയും പരിസരത്തെയും സാധാരണ മനുഷ്യർ സ്വന്തം ഉത്സവമായി ഏറ്റെടുത്ത ആഘോഷരാവിൽ, മലയാള സിനിമയുടെ സമകാലിക മുഖ്യധാരയിലെ താരങ്ങളേറെയും വിട്ടുനിന്ന ചടങ്ങിൽ, മുഖ്യമന്ത്രി പിണറായി വിജയൻ പുരസ്കാരങ്ങൾ വിതരണം ചെയ്തു.

വിനോദ വ്യവസായത്തിലെ വർണാഭമായ വിസ്മയക്കാഴ്ചകളിൽ നിന്നു മനഃപൂർവം മുഖം തിരിച്ച അവാർഡ് ജൂറി, കീഴാളരുടെയും കറുത്തവരുടെയും ജീവിതം ചിത്രീകരിച്ച സിനിമകളെ അംഗീകരിച്ചത് ആശാവഹമാണെന്നു മുഖ്യമന്ത്രി പറഞ്ഞു. പുരസ്കാര വിതരണത്തെ സിനിമാലോകം അവഗണിച്ചതിനെ മുഖ്യമന്ത്രി രൂക്ഷമായി വിമർശിച്ചു. സിനിമയെ പ്രോത്സാഹിപ്പിക്കാൻ വേണ്ടി നടത്തുന്ന ഇത്തരം പരിപാടികളിൽ, അവാർഡ് വാങ്ങാനുള്ളവർ മാത്രം വരുന്ന രീതി ശരിയല്ലെന്നു മുഖ്യമന്ത്രി കുറ്റപ്പെടുത്തി. മന്ത്രി എ.കെ.ബാലൻ അധ്യക്ഷത വഹിച്ചു. സമഗ്രസംഭാവനയ്ക്കുള്ള ജെ.സി.ഡാനിയൽ പുരസ്കാരം സംവിധായകൻ അടൂർ ഗോപാലകൃഷ്ണനു സമർപ്പിച്ചു.

മികച്ചനടൻ വിനായകൻ, നടി രജിഷ വിജയൻ, സംവിധായിക വിധു വിൻസന്റ്, സഹനടൻ മണികണ്ഠൻ ആചാരി, സഹനടി കാ​ഞ്ചനാമ്മ, ബാലതാരങ്ങളായ ചേതൻ‌ ജയലാൽ, അബനി ആദി, സംഗീത സംവിധായകൻ എം.ജയചന്ദ്രൻ, ഛായാഗ്രാഹകൻ എം.ജെ.രാധാകൃഷ്ണൻ, തിരക്കഥാകൃത്ത് ശ്യാം പുഷ്കരൻ എന്നിവരുൾപ്പെടെ നാൽപതിലേറെ സിനിമാപ്രവർത്തകർ 2016ലെ സംസ്ഥാന അവാർഡ് ഏറ്റുവാങ്ങി. ഗാനരചനയ്ക്കുള്ള പുരസ്കാരം അന്തരിച്ച കവി ഒ.എൻ.വി.കുറുപ്പിനു വേണ്ടി മകൾ മായ ഏറ്റുവാങ്ങി. മലയാള സിനിമയുടെ വിവിധ മേഖലകളിലെ സംഭാവന കണക്കിലെടുത്തു ബി.വസന്ത, നിലമ്പൂർ ആയിഷ, കുട്ട്യേടത്തി വിലാസിനി, ഐ.വി.ശശി, സീമ, കെ.പി.കുമാരൻ, ടി.വി.ചന്ദ്രൻ, രാഘവൻ, പി.വി.ഗംഗാധരൻ, പൂവച്ചൽ ഖാദർ, ശ്രീധരൻ ചമ്പാട് എന്നിവരെ ആദരിച്ചു.

മന്ത്രിമാരായ ഇ.ചന്ദ്രശേഖരൻ, കെ.കെ.ശൈലജ, രാമചന്ദ്രൻ കടന്നപ്പള്ളി, ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ, സെക്രട്ടറി മഹേഷ് പഞ്ചു, സാംസ്കാരിക വകുപ്പു സെക്രട്ടറി റാണി ജോർജ്, ജൂറി ചെയർമാൻ എ.കെ.ബിർ, സംഘാടക സമിതി ചെയർമാൻ എ.എൻ.ഷംസീർ എംഎൽഎ, ജനറൽ കൺവീനർ പ്രദീപ് ചൊക്ലി എന്നിവർ പ്രസംഗിച്ചു. സംഗീതനാടക അക്കാദമി അധ്യക്ഷ കെപിഎസി ലളിത, നടൻ മുകേഷ് എംഎൽഎ എന്നിവരും പങ്കെടുത്തു. മുഖ്യാതിഥികളായി ക്ഷണിക്കപ്പെട്ട നടൻ മധു, ഷീല, മഞ്ജു വാരിയർ, ആദരം ഏറ്റുവാങ്ങേണ്ടിയിരുന്ന നടൻ ശ്രീനിവാസൻ എന്നിവർ എത്തിയില്ല.