Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വരണം; പ്രേക്ഷകരെ കാണണം

vinayakan-k-g-geeorge

സംസ്ഥാന ചലച്ചിത്ര പുരസ്കാര വിതരണ ചടങ്ങ് എന്നെ സംബന്ധിച്ചടത്തോളം ഏറെ സന്തോഷത്തിന്റെ അവസരമാണ്. ചലച്ചിത്ര പ്രവർത്തകരെയും കൂട്ടുകാരെയും നേരിൽ കാണാനും ബന്ധം പുതുക്കാനുമെല്ലാമുള്ള അവസരമായാണ് ഇത്തരം പരിപാടികളെ ഞാൻ കാണുന്നത്. കഴിഞ്ഞവർഷം ജെ.സി. ഡാനിയേൽ പുരസ്കാരം എനിക്കായിരുന്നു. ഇത്തവണ അടൂർ ഗോപാലകൃഷ്ണനു പുരസ്കാരം സമ്മാനിക്കുന്നതു കാണാനെത്തുമ്പോൾ പഴയകാല സുഹൃത്തുക്കളെ കാണാമെന്നു കരുതിയാണ്, ആരോഗ്യസ്ഥിതി മെച്ചമല്ലെങ്കിലും കൊച്ചിയിൽ നിന്നു തലശ്ശേരി വരെ കാറിൽ സഞ്ചരിച്ചത്. ചടങ്ങിനു ക്ഷണമുണ്ടെങ്കിലും ഇല്ലെങ്കിലും ഇത്തരം ചടങ്ങുകളിൽ പങ്കെടുക്കണമെന്നു തന്നെയാണ് എന്റെ പക്ഷം.

സിനിമയിലെ പുതിയ തലമുറ ഇത്തരം പരിപാടികൾക്കു വരാതിരിക്കാൻ കാരണം പഴയ സ്നേഹമോ ആത്മാർഥതയോ ചലച്ചിത്ര പ്രവർത്തകർക്കിടയിൽ ഇല്ലാത്തതാണെന്നു തോന്നുന്നു. പഴയകാലമല്ല ഇന്ന്. പണ്ട് നടീനടൻമാരും നിർമാതാവും സംവിധായകരുമെല്ലാം ഒരു കുടുംബം പോലെയായിരുന്നു. വലിയ ഒരു കൂട്ടായ്മയായിരുന്നു സിനിമ. എല്ലാവർക്കും മനഃസാക്ഷിയുണ്ടായിരുന്നു. ഇന്ന് അങ്ങനെയല്ല. സ്വന്തം കാര്യം സിന്ദാബാദ് എന്ന നിലയിലാണ് ഇപ്പോൾ കാര്യങ്ങൾ. കാണുമ്പോൾ ഹലോ പറയുന്നതിൽ ഒതുങ്ങുകയാണ് ഇപ്പോഴത്തെ ബന്ധങ്ങൾ. വ്യക്തിബന്ധങ്ങൾ കുറഞ്ഞുവരികയാണ്.

നടീനടൻമാർക്കും സംവിധായകൻമാർക്കും സാങ്കേതിക പ്രവർത്തകർക്കുമെല്ലാം വെവ്വേറെ സംഘടനകളുമുണ്ട്. താരങ്ങളുടെ ടിവി പരിപാടികൾ ഏറെയുണ്ടെങ്കിലും അവരെ നേരിട്ടു കാണാനാണു ജനം ടിക്കറ്റെടുത്തു പുരസ്കാര വിതരണച്ചടങ്ങുകൾക്കു വരുന്നത്. തലശ്ശേരിയിലെ ജനങ്ങൾക്കു കഴിഞ്ഞദിവസത്തെ പുരസ്കാര രാവ് നിരാശ സമ്മാനിച്ചിരിക്കാം.

ക്ഷണിച്ചാലും ഇല്ലെങ്കിലും സിനിമാരംഗത്തെ പ്രതിഭകൾ ഇത്തരം ചടങ്ങുകളിൽ എത്തണമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ വാക്കുകൾ പ്രസക്തമാണ്. പണ്ടത്തെ പുരസ്കാര വിതരണ ചടങ്ങുകളുടെ ആരവവും തിരക്കുമൊന്നും ഇപ്പോൾ കാണാനില്ലെന്നതാണു വാസ്തവം. പ്രേക്ഷകരെ താരങ്ങൾക്കും മറിച്ചും കാണാനുള്ള താൽപര്യം കുറഞ്ഞു വരികയാണോ? സിനിമാതാരങ്ങളുടെ പങ്കാളിത്തം കുറയുന്നത്, വരുംവർഷങ്ങളിലെ പുരസ്കാര വിതരണത്തിന്റെ മാറ്റു കുറയ്ക്കുമെന്നാണു മന്ത്രി എ.കെ. ബാലന്റെ വാക്കുകൾ സൂചിപ്പിക്കുന്നത്. അടുത്തവർഷം മുതൽ ഇത്രയും ആർഭാടത്തിൽ പരിപാടി നടത്തേണ്ടതുണ്ടോയെന്നു സർക്കാർ ആലോചിക്കുമെന്നാണു മന്ത്രി പറഞ്ഞത്.

പുരസ്കാരം നൽകപ്പെടുന്ന മേഖലയിലെ ആർക്കും താൽപര്യമില്ലെങ്കിൽ എന്തിനാണു വെറുതെ കോടികൾ ചെലവഴിക്കുന്നതെന്ന ചിന്ത ന്യായമാണ്. പുരസ്കാര ദാന ചടങ്ങുകളിൽ ജേതാക്കൾ മാത്രമേ വരൂ എന്ന സ്ഥിതി മാറണം. ഇതു നമ്മുടെ ചടങ്ങാണെന്നും സംസ്ഥാന സർക്കാർ മലയാള സിനിമയ്ക്കു മുഴുവനുമായി നൽകുന്ന ആദരവാണ് ഈ പുരസ്കാരങ്ങളെന്നുമുള്ള തിരിച്ചറിവ് ചലച്ചിത്ര പ്രവർത്തകർക്കുണ്ടാകണം.