Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദൃശ്യത്തിന് അപൂർവ റെക്കോർഡ്; ചിത്രം ഇനി ചൈനയിൽ തിളങ്ങും

drisham-chineese

മലയാളത്തിലെ എക്കാലത്തെയും മികച്ച ബോക്സ്ഓഫീസ് വിജയം നേടിയ ചിത്രങ്ങളിലൊന്നാണ് മോഹൻലാൽ–ജീത്തു ജോസഫ് കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ദൃശ്യം. മലയാളത്തിൽ മാത്രമല്ല ചിത്രം മറ്റനേകം ഭാഷകളിൽ റീമേക്ക് ചെയ്തിരുന്നു. തമിഴില്‍ കമല്‍ഹാസന്‍, ഹിന്ദിയില്‍ അജയ് ദേവ്ഗണ്‍ എന്നിവരായിരുന്നു പ്രധാന വേഷം ചെയ്തത്. റീമേയ്ക്ക് ചെയ്ത ഭാഷകളിലെല്ലാം ചിത്രം വലിയ വിജയം നേടി.

ഇപ്പോഴിതാ ചിത്രത്തിന് മറ്റൊരു നേട്ടം കൂടി. ഇന്ത്യയിലെ ഒരു പ്രാദേശിക ഭാഷയില്‍ ഇറങ്ങിയ ചിത്രത്തിന്റെ തിരക്കഥഅവകാശം ഒരു ചൈനീസ് നിര്‍മാണ കമ്പനി സ്വന്തമാക്കി എന്ന റെക്കോര്‍ഡ് ആണ് ദൃശ്യം നേടിയത്. സംവിധായകന്‌ ജീത്തു ജോസഫ് ആണ് ഈ വിവരം പുറത്തു വിട്ടത്.

അദ്ദേഹത്തിന്റെ കുറിപ്പ് വായിക്കാം–

മോഹൻലാലിനെ നായകനാക്കി, ആന്റണി പെരുമ്പാവൂർ നിർമ്മിച്ച് ഞാൻ സംവിധാനം ചെയ്ത് 2013ൽ പുറത്തു വന്ന ദൃശ്യം ഞങ്ങൾക്കേറെ ഹൃദയത്തോട് ചേർന്ന് നിൽക്കുന്ന ഒരു സിനിമയാണ്. ദൃശ്യത്തെ സംബന്ധിച്ചു ഒരു സന്തോഷകരമായ വാർത്ത നിങ്ങളോട് പറയാനുള്ളത് കൊണ്ടാണ് ഇതെഴുതുന്നത്, കാരണം ദൃശ്യത്തെ ഇത്രയും വലിയ ഒരു മഹാവിജയമാക്കിയത് നിങ്ങളാണ്, പ്രേക്ഷകർ. 

ദൃശ്യത്തിന്റെ തിരക്കഥയുടെ റൈറ്റ്സ് ഒരു ചൈനീസ് പ്രൊഡക്ഷൻ കമ്പനി വാങ്ങിയിരിക്കുകയാണ്, ഇന്ത്യയിലെ ഒരു റീജിയണൽ ഭാഷയിലെ സിനിമയുടെ റൈറ്റ്സ് ഇതാദ്യമായിയാണ് ഒരു ചൈനീസ് പ്രൊഡക്ഷൻ ടീം വാങ്ങുന്നത്. ഏറെ സന്തോഷമുണ്ട്,കൂടെ നിന്ന നിങ്ങളോരോരുത്തരോടും പിന്നെ ഈ ഒരു അവസരം ഒരുക്കിത്തന്ന സുരേഷ് ബാലാജി സാറിനും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി !! 

സന്തോഷത്തിന്റെ വസന്തകാലങ്ങൾ ഇനിയും വന്നുചേരട്ടെ എന്ന പ്രാർത്ഥനയോടെ, ജീത്തു ജോസഫ്.