Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദിലീപ് കേസ്; അന്വേഷണം രണ്ടാഴ്ചകൂടി

Actor Dileep arrest

രണ്ടാഴ്ചയ്ക്കുള്ളിൽ കേസന്വേഷണം തീർക്കുമെന്നു പ്രോസിക്യൂഷൻസ് ഡയറക്ടർ ജനറൽ അറിയിച്ചു. അന്വേഷണം എന്നു തീരുമെന്ന കോടതിയുടെ ചോദ്യത്തിനായിരുന്നു മറുപടി. കേസ് അന്വേഷണമാണോ സിനിമാ തിരക്കഥയാണോ നടക്കുന്നതെന്നു വാദത്തിനിടെ കോടതി ചോദിച്ചു. ഫെബ്രുവരിയിൽ തുടങ്ങിയ അന്വേഷണമല്ലേ? ഏഴു മാസമായി എങ്ങുമെത്തിയില്ലേ? ഓരോ മാസവും ഓരോരുത്തരെ മാറിമാറി ചോദ്യം ചെയ്യുകയാണോ? സുനിൽകുമാറിനെതിരെ (പൾസർ സുനി) കുറ്റപത്രം നൽകിയിട്ടും അനന്തമായി ചോദ്യം ചെയ്യുകയാണോ? – കോടതിയുടെ ചോദ്യങ്ങൾ തുടർന്നു. 

ഗൂഢാലോചന അന്വേഷിക്കാൻ കോടതിയുടെ അനുമതി വാങ്ങിയതാണെന്നു പ്രോസിക്യൂഷൻ മറുപടി നൽകി. കേസ് അന്വേഷണം ക്രിമിനൽ നടപടിച്ചട്ടമനുസരിച്ചാണു മുന്നേറേണ്ടതെന്നു വാദത്തിനിടെ കോടതി ഓർമപ്പെടുത്തി. ടവർ ലൊക്കേഷൻ നോക്കിയാണു പൊലീസിന്റെ അന്വേഷണം. ഹെൽമറ്റ് വേട്ടയും വാഹനപ്പിടിത്തവുമാണു പ്രധാനമായി നടക്കുന്നത്. കുറ്റകൃത്യങ്ങളിൽ ബുദ്ധിപരവും ശാസ്ത്രീയവുമായ അന്വേഷണമല്ല ഉണ്ടാകുന്നതെന്നും പറഞ്ഞു. 

പ്രോസിക്യൂഷൻ ഉദ്ദേശിക്കുന്ന തരത്തിൽ മൊഴി നൽകിയില്ലെങ്കിൽ കേസിൽ പ്രതിചേർക്കുമെന്നു ഭീഷണിയുള്ളതായി ആരോപിച്ചാണു നാദിർഷാ മുൻകൂർ ജാമ്യത്തിനെത്തിയത്.

യുവനടിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച സംഭവത്തിലെ ഗൂഢാലോചനക്കേസിൽ നടൻ ദിലീപിന്റെ സുഹൃത്തും സംവിധായകനുമായ നാദിർഷാ നാളെ അന്വേഷണ ഉദ്യോഗസ്ഥൻ മുൻപാകെ ഹാജരാകണമെന്നു ഹൈക്കോടതി. നാദിർഷാ കേസിൽ പ്രതിയല്ലെന്നും ചില വസ്തുതകളിൽ വ്യക്തത വരുത്താൻവേണ്ടിയാണു ചോദ്യം ചെയ്യുന്നതെന്നും പ്രോസിക്യൂഷൻസ് ഡയറക്ടർ ജനറൽ അറിയിച്ചു. ഈ ഘട്ടത്തിൽ അറസ്റ്റ് ഉദ്ദേശിക്കുന്നില്ലെന്നും പറഞ്ഞു. 

നാദിർഷ നൽകിയ മുൻകൂർ ജാമ്യഹർജി കോടതി 18നു വീണ്ടും പരിഗണിക്കും. അതുവരെ അറസ്റ്റ് ഉണ്ടാവില്ല. ചോദ്യം ചെയ്യലിനു ഹാജരാകാൻ തയാറാണെന്നു ഹർജിഭാഗം അറിയിച്ചു. നാളെ രാവിലെ പത്തുമണിക്കു ഹാജരാകണമെന്നും അന്വേഷണവുമായി സഹകരിക്കണമെന്നും കോടതി നിർദേശിച്ചു. സഹകരിച്ചില്ലെങ്കിൽ പൊലീസിന് അക്കാര്യം കോടതിയെ അറിയിക്കാം.