Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സൗബിനെ എടുത്ത് പെരുമാറുന്നതുകണ്ടപ്പോൾ വിഷമമായി; ബാലചന്ദ്രമേനോൻ

soubin-balachandramenon

ഇന്ന് പറവ കണ്ടു ...കേരളത്തിനും ഇന്ത്യക്കും പുറത്തു പലതവണ യാത്രചെയ്തിട്ടുള്ള എനിക്ക് മട്ടാഞ്ചേരി എന്ന കേരളത്തിനകത്തുള്ള ഭൂപ്രദേശത്തിന്റെ അന്തരീക്ഷം ആദ്യമായി മനസ്സിലാക്കുവാനുള്ള അവസരമുണ്ടായി എന്നതാണ് ആദ്യം പറയേണ്ടത് .ഇടുങ്ങിയ ഇടവഴികളിലൂടെ , മുഷിഞ്ഞ വീടുകളിലൂടെ, മുഖം മൂടിയില്ലാത്ത മനുഷ്യരിലൂടെ അത് ഞാൻ അനുഭവിച്ചറിഞ്ഞു .....

പ്രാവാണ് ഇതിലെ താരം . സമാന്തരങ്ങൾ എന്ന സിനിമയുടെ തിരക്കഥ എഴുതുമ്പോൾ കൊല്ലം ഗസ്റ്റ് ഹൗസിലെ ഏകാന്ത താമസക്കാരനായിരുന്നു ഞാൻ .ഉച്ചയൂണിനു മുൻപ് എന്നും എവിടെ നിന്നോ വന്നു കൂടുകൂടിയിരുന്ന ഒരു പ്രാവുണ്ടായിരുന്നു. പ്രാവിന്റെ വരവ് സ്ഥിരമായപ്പോൾ അത് വരാതെ ഉണ്ണാൻ പറ്റാത്ത അവസ്ഥയായി എനിക്ക്.. അന്ന് ആ പ്രാവിനോട് തോന്നിയ പ്രണയം 'പറവ' കണ്ടപ്പോൾ വീണ്ടും പുനജനിച്ചു . 

എന്നാൽ ഇന്നിതുവരെ , പ്രാവ് എന്നുവെച്ചാൽ ഈ ചിത്രം തുടങ്ങുമ്പോൾ കേൾക്കുന്ന ആസ്മാരോഗിയുടെ കഫം കലർന്ന ശബ്ദമായി വിശ്വസിച്ചിരുന്ന എന്റെ കണ്മുന്നിൽ ദൈവത്തിന്റെ മനോഹരമായ ഒരു സൗന്ദര്യസൃഷ്ടിയാണെന്നു തെളിയിച്ച സംവിധായകൻ സൗബിനെ ഞാൻ പ്രത്യേകം അഭിനന്ദിക്കുന്നു .തലയ്ക്കു സ്ഥിരതയുള്ള മനുഷ്യരെ മെരുക്കാനുള്ള പാട് അറിയാവുന്ന ഒരാൾ എന്ന നിലയിൽ പ്രാവുകളുടെ പ്രണയവും ഇണചേരലുമൊക്കെ കണ്ണിൽ എണ്ണയൊഴിച്ചു കാത്തിരുന്ന പകർത്തിയ ക്യാമറാമാനും എന്റെ പ്രത്യേക അഭിനന്ദനങ്ങൾ !

ഇത്‌ ഒരു ന്യൂജൻ സിനിമയാണെങ്കിൽ ഒരു കുടുംബസിനിമാ സംവിധായകൻ എന്ന നിലയിൽ ഞാൻ ശ്രദ്ധിച്ച മറ്റൊരു സവിശേഷത കൂടി പറയാം . ന്യൂ ജൻസിനിമകളിൽ അച്ഛനും അമ്മയുമൊക്കെ കതകിനു പിന്നിൽ നിന്നുയരുന്ന അശരീരിയാണെന്നാണല്ലോ വെയ്പ്പ്. എന്നാൽ ഇവിടെ ആരോഗ്യകരമായ ഒരു മാറ്റം ഞാൻ കണ്ടു .ജീവനുള്ള വാപ്പയെയും ഉമ്മയെയും കണ്ടു എന്നത് മാത്രമല്ല അവരെ ബഹുമാനിക്കണം എന്ന ഒരു സന്ദേശം കൂടി ഈ ചിത്രം നൽകുന്നു .''വാപ്പയുടെ മനസ്സ് നോവിക്കരുതെന്നും നോവിച്ചാൽ പ്രാക്കുണ്ടാകുമെന്നും പറയുന്ന ദുൽക്കർ , വാപ്പയോടു അപമര്യാദ്യയായി പെരുമാറുന്ന മകനോട് തട്ടിക്കയറുന്ന ഉമ്മയും, എന്തിനു അധികം പറയുന്നു സിദ്ദിഖിന്റെ അച്ഛൻ കഥാപാത്രത്തെ പുറത്തു നിന്ന് വരുമ്പോൾ ആദരവോടെ ഇരിപ്പിടത്തിൽ നിന്ന് ചന്തി പൊന്തിക്കുന്ന ഭാര്യയും മകളും ന്യൂജെൻ സിനിമക്ക് ഒരു പുതിയ മാനം നൽകിയിരിക്കുന്നു. നല്ല കാര്യം.

പ്രേമത്തിൽ തുടങ്ങിയുള്ള ഒരു പ്രവണതയാണ് ഈ ഗൃഹാതുരത്വം . ഈ ചിത്രത്തിലും പ്രാവിനൊപ്പം തന്നെ നിഷ്ക്കളങ്കമായ ഒരു ബാല്യം നമ്മുടെ മനസ്സിനെ ആഹ്ലാദിപ്പിക്കുന്നു .ഇതേ കാര്യം മുൻപ് പ്രതിപാദിച്ച ചിത്രങ്ങളേക്കാൾ കുറച്ചു കൂടി സത്യസന്ധതയും വൃത്തിയും ഇവിടെ ഞാൻ കണ്ടു . പ്രാവ് പയ്യന്മാരുടെ സൗഹൃദം രസകരം. ആ പ്രായത്തിലെ വാശിയും ആകുലതയും സങ്കടവും യുക്തി സഹമായ പ്രണയവും അത് അവതരിപ്പിച്ച ചെക്കന്മാരുടെ അയത്ന ലളിതമായ അഭിനയം കൊണ്ട് ഉഷാറായി .ആ കുഞ്ഞു മിടുക്കന്മാർക്കും ഞാൻ മാർക്കിടുന്നു .

സൗബിനെ ഒരു നടനായി കണ്ട ചിത്രങ്ങളിലൊക്കെ ഇഷ്ട്ടപ്പെട്ടതുകൊണ്ടാണോ ക്ലൈമാക്സിലാണെങ്കിലും മറ്റുള്ളവർ ഇത്രകണ്ട് എടുത്തിട്ടു പെരുമാറിയപ്പോൾ വിഷമം തോന്നി. സംവിധായകനെ ബഹുമാനിക്കണം എന്ന എന്റെ മനസ്സിലിരിപ്പാവാം കാരണം , എന്തൊക്കെയാണെലും ഒരു സംവിധായകനെ എടുത്തിട്ടു പെരുമാറുന്നതിനു ഒരു അതിരില്ല? ഹ..ഹ.ഹ !

ഈ കുറിപ്പ് അവസാനിക്കുമ്പോഴും മട്ടാഞ്ചേരിയിലെ സിദ്ദിഖിന്റെ വീട്ടിലെ ആ മുഷിഞ്ഞ വാഷ് ബേസിനും ചെക്കന്മാര്‍ സൈക്കിളിൽ പറക്കുന്ന ഉടുവഴികളും മാനത്തു പറക്കുന്ന ആ മനോഹരമായ പറവകളും മനസ്സിൽ നിൽക്കുന്നു ....

അൽപ്പം കൂടി ബുദ്ധിപൂർവ്വം ഒന്ന് ഒതുക്കിരുന്നെങ്കിൽ എന്ന് ഞാൻ പറയുന്നത് നിരൂപകന്മാരുടെ ജാഡ പ്രയോഗമല്ല മറിച്ചു ഈ ടീമിൽ നിന്നും ഇനിയും പറവകൾ പറന്നുയരട്ടെ എന്ന് ആഗ്രഹിക്കുന്നത് കൊണ്ടാണ് ..