Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാസ്റ്റിങ് കൗച്ചിന് ഇരയായിട്ടില്ല; പത്മപ്രിയ

padmapriya

ഹോളിവുഡ് മുതൽ മലയാളസിനിമാലോകത്തുവരെ കാസ്റ്റിങ് കൗച്ചിനെക്കുറിച്ചാണ് ചർച്ച നടക്കുന്നത്. പല നടിമാരുടെയും തുറന്നുപറച്ചിൽ സിനിമാലോകത്തെ തന്നെ ഞെട്ടിച്ചിരുന്നു. എന്നാൽ ഇതുമായി ബന്ധപ്പെട്ട് തന്റെ പേരിൽ വന്ന വാർത്ത അടിസ്ഥാനരഹിതമാണെന്ന് പത്മപ്രിയ പ്രതികരിച്ചു.

മലയാളത്തില്‍ കാസ്റ്റിങ് കൗച്ച് എന്ന കിടക്ക പങ്കിടല്‍ അനുഭവിക്കേണ്ടിവന്നു എന്ന തരത്തില്‍ താന്‍ പറഞ്ഞുതായുള്ള വാര്‍ത്ത തെറ്റാണെന്ന് പത്രക്കുറിപ്പിലൂടെ പത്മപ്രിയ അറിയിച്ചു. അങ്ങനെയൊരു അനുഭവവും തനിക്കുണ്ടായിട്ടില്ലെന്നും മലയാളവും കേരളവും സ്വന്തം വീടുപോലെയാണെന്നും പത്മപ്രിയ പറയുന്നു.

പത്മപ്രിയയുടെ കുറിപ്പ് വായിക്കാം–

ഒരു നടിയായി കരിയര്‍ ആരംഭിച്ചതുമുതല്‍ കേരളവും മലയാള സിനിമാരംഗവും എനിക്കെന്റെ സ്വന്തം വീട് പോലെയാണ്. ഇവിടുത്തെ പ്രേക്ഷകരും സര്‍ക്കാരും സിനിമാരംഗത്തുള്ള സഹപ്രവര്‍ത്തകരുമെല്ലാം എന്നെ അംഗീകരിക്കുകയും സ്നേഹിക്കുകയും ചെയ്തിട്ടുണ്ട്. ഇതിന് സംസ്ഥാനത്തോടും സിനിമാവ്യവസായത്തോടും എനിക്ക് കടപ്പാടുമുണ്ട്. ഈ സാഹചര്യത്തില്‍ ഒരു കാര്യം വ്യക്തമാക്കാന്‍ ഞാന്‍ ആഗ്രഹിക്കുകയാണ്.

കാസ്റ്റിങ് കൗച്ച് എന്നു വിശേഷിപ്പിക്കാവുന്ന ആ സംഭവത്തിന് ഇതുവരെ എനിക്ക് ഇരയാകേണ്ടി വന്നിട്ടില്ല. ഒരു അഭിനേത്രി എന്ന നിലയില്‍ എന്റെ കഴിവു കൊണ്ടും സിനിമാരംഗത്തെ സഹപ്രവര്‍ത്തകരില്‍ നിന്നുള്ള ബഹുമാനവും കൊണ്ട് മാത്രമാണ് എനിക്ക് അവസരങ്ങള്‍ ലഭിച്ചിട്ടുള്ളത്. ഇത്തരം മാപ്പര്‍ഹിക്കാത്ത ഒരു അതിക്രമം സഹിക്കേണ്ടിവന്നവര്‍ ആരായാലും ഇതിനെതിരെ ശബ്ദമുയര്‍ത്തിയേ പറ്റൂ. എന്റേതല്ലാത്ത, ഞാന്‍ അനുഭവിക്കാത്ത ഒരു കാര്യം സാക്ഷ്യപ്പെടുത്താന്‍ എനിക്കാവില്ല. അതുകൊണ്ട് മാധ്യമങ്ങളില്‍ വന്ന വാര്‍ത്തയില്‍ പ്രതിഫലിച്ചത് ഈ വിഷയത്തിലുള്ള എന്റെ നിലപാടല്ല. അത് വാസ്തവവിരുദ്ധവും കെട്ടിച്ചമച്ചതുമാണ്. ഇത്തരം വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ അതില്‍ നിന്ന് മാധ്യമപ്രവര്‍ത്തകര്‍ പിന്തിരിയണമെന്നാണ് എനിക്കുള്ള അപേക്ഷ.

ഇന്ത്യന്‍ സിനിമയിലെ മൊത്തം അവസ്ഥയെക്കുറിച്ചുള്ള പൊതുവായ ഒരു അഭിപ്രായമാണ് ഞാന്‍ നടത്തിയത്. ഒരു സിനിമാ പ്രവര്‍ത്തക എന്ന നിലയില്‍ കാസ്റ്റിങ് കൗച്ച് പോലുള്ള പ്രവണതകള്‍ക്ക് വിധേയരാകേണ്ടിവന്നുവെന്ന് പറയുന്നവര്‍ക്കും അതിന് വിധേയരാവാന്‍ സാധ്യതയുള്ളവര്‍ക്കും, അവര്‍ ആണുങ്ങളായാലും പെണ്ണുങ്ങളായാലും ശരി, അവര്‍ക്ക് പിന്നില്‍ ശക്തമായി തന്നെ നിലയുറപ്പിക്കും ഞാന്‍. നമ്മള്‍ ഇവിടെയുള്ളത് ജോലി ചെയ്യാനും ഒരു കലാരൂപം സൃഷ്ടിക്കാനുമാണ്. അതില്‍ തുല്ല്യതയും സുരക്ഷിതത്വവും ആശ്രയിക്കാവുന്നതുമാക്കാം.–പത്മപ്രിയ പറഞ്ഞു.