Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മെർസൽ വിവാദത്തിൽ നിരഞ്ജനും കലിപ്പിലാണ്; തോമസ് ഐസക്ക്

vijay-thomas

വിജയ് ചിത്രം മെർസലുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരണവുമായി മന്ത്രി ഡോ. തോമസ് ഐസക്ക്. മനോരമയുടെ പറയാതെ വയ്യ എന്ന പരിപാടിയുടെ പ്രസക്തഭാഗം കടമെടുത്തായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

തോമസ് ഐസക്കിന്റെ കുറിപ്പ് വായിക്കാം–

നിരഞ്ജൻ കലിപ്പിലാണ്. അവന്റെ ആരാധനാപാത്രമായ വിജയ്‌യിക്കും സിനിമയ്ക്കുമെതിരെ ഉയരുന്ന സംഘപരിവാർ ഭീഷണിയോട് സ്വൽപം കടുത്ത ഭാഷയിലായിരുന്നു കക്ഷിയുടെ പ്രതികരണം.

ആളിപ്പോൾ ആറാം ക്ലാസിലാണ്. കുറേക്കൂടി കുഞ്ഞായിരിക്കുമ്പോൾത്തന്നെ പയ്യന്റെ വിജയ് ഭ്രമം എന്നെ അമ്പരപ്പിച്ചിരുന്നു. വിജയ് സിനിമയുടെ പോസ്റ്ററിൽ സ്വന്തം തല വെട്ടി വെച്ച് പോസ്റ്ററുണ്ടാക്കുക, ഒരേ സിനിമ തന്നെ പലതവണ കാണുക; ഡയലോഗു കാണാപ്പാഠം പറയുക; ഇഷ്ടനായകനോടുള്ള ആരാധന മൂത്ത് തമിഴ് പഠിക്കുക; തന്നെ തമിഴ് നാട്ടിലെ ആശുപത്രിയിൽ പ്രസവിക്കാത്തതിന് അമ്മയെ ശകാരിക്കുക.. ഇതൊന്നും എന്നെ സംബന്ധിച്ച് അത്ര സ്വാഭാവികമായിരുന്നില്ല. എന്നാൽ കേരളത്തിലെ കൊച്ചുകുട്ടികളിൽ പലരും ഇതിനേക്കാൾ കടുത്ത വിജയ് ആരാധകരാണെന്നതാണ് സത്യം. കുഞ്ഞുങ്ങളെ ആകർഷിക്കുന്ന എന്തോ ഒരു പ്രത്യേകത ആ നടനുണ്ടായിരിക്കണം. ഏതായാലും ഈ കുഞ്ഞുങ്ങളുടെയൊക്കെ മനസിൽ ബിജെപി നേതാക്കൾക്കിപ്പോൾ സിനിമയിലെ കൊടുംവില്ലന്റെ ഇമേജാണ്.

കുഞ്ഞുങ്ങളുടെപോലും വെറുപ്പു സമ്പാദിക്കുന്ന തരത്തിലാണ് സംഘപരിവാറുകാരുടെ വിഡ്ഢിത്തങ്ങളും വിവരക്കേടും മുന്നേറുന്നത്. കലാസൃഷ്ടികൾക്ക് തീർച്ചയായും രാഷ്ട്രീയമുണ്ടാകും. ആ രാഷ്ട്രീയം എല്ലാവർക്കും ഉൾക്കൊള്ളാൻ കഴിയാത്തിൽ അത്ഭുതവുമില്ല. സിനിമയുടെ പ്രമേയത്തോടും രാഷ്ട്രീയത്തോടുമുള്ള എതിർപ്പുകൾ സാംസ്ക്കാരിക വിമർശനത്തിന്റെ ഉപാധികളിലൂടെയാണ് പ്രകടിപ്പിക്കേണ്ടത്. പക്ഷേ, അതിനുള്ള കോപ്പൊന്നും പരിവാറുകാർക്കില്ല. അത് എഴുത്തിന്റെയും വായനയുടെയും മേഖലയാണ്. 

അവർക്ക് ആകെ അറിയാവുന്നത് എന്തിലും വർഗീയവിഷം തുപ്പാനുള്ള ഉളുപ്പില്ലായ്മയും ആൾക്കൂട്ടത്തിന്റെ തടിമിടുക്കുകൊണ്ട് എല്ലാവരെയും വരുതിയ്ക്കു നിർത്താമെന്നും ആക്രോശങ്ങളിലൂടെ അനുസരണ നിർമ്മിക്കാമെന്നുമൊക്കെയുള്ള വ്യാമോഹങ്ങളാണ്.

സിനിമയിലെ നായകന്റെ ജാതിയും മതവും ഉറക്കെപ്പറഞ്ഞാണ് വിമർശനവിളയാട്ടം. ജിഎസ് ടിയ്ക്കും ഡിജിറ്റൽ ഇന്ത്യയ്ക്കുമെതിരെയുള്ള പരാമർശങ്ങളാണ് അറിഞ്ഞിടത്തോളം സംഘപരിവാറുകാരെ പ്രകോപിപ്പിച്ചിരിക്കുന്നത്. ജിഎസ് ടി സൃഷ്ടിച്ച വിലക്കയറ്റത്തിനും ഡിജിറ്റൽ ഇന്ത്യ സൃഷ്ടിച്ച ബുദ്ധിമുട്ടുകൾക്കും ജാതിമതഭേദമെന്യേ ആണ് ജനം ഇരകളാകുന്നത്. ജിഎസ്ടി മൂലം സൃഷ്ടിക്കപ്പെട്ട വിലക്കയറ്റത്തിൽ നിന്ന് ഏതെങ്കിലുമൊരു മതവിഭാഗത്തിൽപ്പെട്ടവർക്ക് ഇളവൊന്നും ലഭിക്കുന്നില്ല. അപ്പോൾപ്പിന്നെ വിമർശിക്കുന്നവരുടെ ജാതിയും മതവും തിരയുന്നതിന്റെ യുക്തിയെന്ത്...

എന്നാൽ ഇത്തരം ചോദ്യങ്ങളൊന്നും സംഘപരിവാറിന്റെ പരിഗണനാവിഷയമല്ല. വിമർശിക്കുന്നവരെ മതത്തിന്റെ ചാപ്പ കുത്തിയാൽ വിമർശനം അസാധുവായിപ്പോകുമെന്നാണ് അവരുടെ ധാരണ. ഭരണപരാജയത്തിന്റെ തിരിച്ചടികളെ അങ്ങനെ മതവും ജാതിയും വർഗീയതയും ഉപയോഗിച്ച് അതിജീവിക്കാമെന്ന വ്യാമോഹം. അതു തെറ്റാണെന്ന് സംഘപരിവാറുകാർക്ക് താമസിയാതെ മനസിലാകും. വർഗീയതയുടെ ലേബലൊട്ടിച്ച് ആഞ്ഞു വിമർശിച്ചിട്ടും ഒരു തട്ടുപൊളിപ്പൻ കച്ചവടസിനിമയ്ക്ക് ഒരു പോറലുപോലും ഏൽപ്പിക്കാൻ കഴിഞ്ഞില്ലെന്നു മാത്രമല്ല, വമ്പൻ വിജയത്തിലേയ്ക്കാണ് സിനിമ മുന്നേറുന്നത്. അതായത് നാനാജാതി മതസ്ഥർ ഒറ്റക്കെട്ടായി സിനിമയ്ക്കു പിറകിലുണ്ട്. ഏതെങ്കിലും ഒരു മതവിഭാഗം മാത്രമല്ല, ഈ സിനിമയെ വിജയിപ്പിക്കാനിറങ്ങുന്നത്. പ്രബുദ്ധരായ പ്രേക്ഷകരും സിനിമാപ്രവർത്തകരും ഒറ്റക്കെട്ടായി സംഘപരിവാറിനെതിരെ നിലയുറപ്പിച്ചു കഴിഞ്ഞു.

മലയാളത്തിലെ ഏതാണ്ടെല്ലാ മുഖ്യധാരാ മാധ്യമങ്ങളും സംഘപരിവാറിന്റെ അജണ്ടകൾക്കെതിരെ ശക്തമായി നിലയുറപ്പിച്ചിട്ടുണ്ട്. ലല്ലു, ഗോപീകൃഷ്ണൻ, സനീഷ്, ഷാനി തുടങ്ങിയവരെല്ലാം അവരവരുടെ പരിപാടികളിൽ ഈ ഫാസിസ്റ്റ് നീക്കങ്ങൾക്കെതിരെ ശക്തമായ പ്രതികരണങ്ങളാണ് നടത്തുന്നത്. ഉദാഹരണത്തിന് മനോരമയുടെ പറയാതെ വയ്യ എന്ന പരിപാടിയുടെ പ്രസക്തഭാഗം ചുവടെ ചേർക്കുന്നു. സംഘപരിവാർ തെളിക്കുന്നിടത്തേയ്ക്കല്ല, രാജ്യം നീങ്ങുന്നത് എന്നാണ് അവരുടെ മെർസൽ വിമർശനങ്ങളുടെ ഫലശ്രുതി.