Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തിരഞ്ഞെടുപ്പില്‍ മല്‍സരിക്കരുതായിരുന്നു; ജഗദീഷ്

jagadeesh-ganesh

നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചത് അബദ്ധമായിപ്പോയെന്ന് നടൻ ജഗദീഷ്. രാഷ്ട്രീയ പ്രവർത്തനം തനിക്ക് പറ്റിയ പണിയല്ലെന്നും അദ്ദേഹം പറഞ്ഞു. മുംബൈ ഷണ്‍മുഖാനന്ദ ഹാളില്‍ നടന്ന പൊതുപരിപാടിയില്‍ അതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു നടന്‍ ജഗദീഷ്.

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ പത്തനാപുരം മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ആയിട്ടാണ് ജഗദീഷ് ജനവിധി തേടിയിരുന്നത്. ജഗദീഷ് പരാജയപ്പെടുകയും ചെയ്തു.

‘രാഷ്ട്രീയ പ്രവര്‍ത്തനം ഒരു പാര്‍ട്ട് ടൈം ജോലിയായി കാണാനാകില്ല. അതുകൊണ്ട് തന്നെ എനിക്ക് പറ്റിയ പണിയുമല്ലത്. രാഷ്ട്രീയ പ്രവര്‍ത്തകന് സാമൂഹിക പ്രതിബദ്ധത ആവശ്യമാണ്. 24 മണിക്കൂറും ജനസേവകനായിരിക്കണം.’ ജഗദീഷ് പറഞ്ഞു.

2016ലെ നിയമസഭാ തിരഞ്ഞെടുപ്പിലാണ് ജഗദീഷ് പത്തനാപുരം മണ്ഡലത്തില്‍ മല്‍സരിച്ചത്. താരമണ്ഡലമായിരുന്ന പത്തനാപുരത്തെ ആവേശകരമായ മത്സരത്തിൽ ഗണേഷ് വിജയക്കൊടി പാറിച്ചിരുന്നു.  

കോണ്‍ഗ്രസ് പ്രവര്‍ത്തകനായ അദ്ദേഹം യുഡിഎഫ് സ്ഥാനാര്‍ഥി ആയപ്പോള്‍ എല്‍ഡിഎഫ് പിന്തുണ കേരളാ കോണ്‍ഗ്രസ് ബി നേതാവ് ഗണേഷ് കുമാറിനായിരുന്നു. സിറ്റിങ് എംഎല്‍എ ആയ ഗണേഷ് കുമാര്‍ തന്നെ വിജയിക്കുകയും ചെയ്തു.

തിരഞ്ഞെടുപ്പ് പ്രചാരണവേളകളിൽ സ്ഥാനാർത്ഥികളായിരുന്ന ജഗദീഷും ഗണേഷ് കുമാറും പരസ്പരം വാക്പോരുകളുമായി എത്തിയത് വിവാദങ്ങൾ സൃഷ്ടിക്കുകയും ചെയ്തു. ഗണേഷ് കുമാറിനു വേണ്ടി മോഹന്‍ലാല്‍ പ്രചാരണത്തിനിറങ്ങിയത് വലിയ സിനിമാരംഗത്ത് വലിയ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. 

ജഗദീഷും ഗണേഷ് കുമാറും പ്രധാന മുന്നണികള്‍ക്ക് വേണ്ടി ഇറങ്ങിയപ്പോൾ നടന്‍ ഭീമന്‍ രഘുവായിരുന്നു ബിജെപി സ്ഥാനാര്‍ഥി.