Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നായകനെന്തു പിഴച്ചു; രൺജി പണിക്കർ

vijay-renji

നിങ്ങൾ രാവിലെ പത്രം വായിക്കുന്നു. റേഡിയോ കേൾക്കുന്നു. ടെലിവിഷനിൽ വാർത്ത കാണുന്നു. സത്യസന്ധമായ കാര്യങ്ങളാണ് നിങ്ങൾ കേൾക്കുന്നതും കാണുന്നതും. എന്നാൽ സത്യമാണെന്നറിഞ്ഞിട്ടും നിങ്ങളാരും കയ്യടിക്കുന്നില്ല. എന്നാൽ സിനിമയിൽ ഒരു ഡയലോഗ് നിങ്ങളെ രസിപ്പിക്കുമ്പോൾ നിങ്ങൾ കയ്യടിക്കുന്നു. സിനിമ ഫിക്‌ഷനാണ്. നിങ്ങളെഴുതുന്ന സംഭാഷണങ്ങൾ പൂർണമായ സത്യപ്രസ്താവനകൾ ആകണമെന്നില്ല. സത്യത്തിന്റെ ഒരു ഛായ ഉണ്ടായാൽ പോലും മതി.

മെർസൽ

ഏഴു ശതമാനം ജിഎസ്ടി വാങ്ങുന്ന സിംഗപ്പൂരിൽ മെഡിക്കൽ കെയർ സൗജന്യം. 28 ശതമാനം ജിഎസ്ടി വാങ്ങുന്ന ഇന്ത്യയിൽ മരുന്നിനു 12 ശതമാനം ടാക്സ്. ഭാര്യമാരുടെ താലിച്ചരടറുക്കുന്ന മദ്യത്തിന് ജിഎസ്ടി ഇല്ല– ഇതാണല്ലോ മെർസലിൽ വിവാദമായ സംഭാഷണം. എഴുത്തുകാരൻ ഈ സംഭാഷണത്തിൽ എന്താണോ ഉദ്ദേശിച്ചത് അതു പ്രേക്ഷകന് കൃത്യമായി മനസ്സിലായി. അപ്പോൾ അതു വിജയിച്ചു. മദ്യത്തിന് 200 ശതമാനം വാറ്റ് ഉണ്ടെന്നിരിക്കട്ടെ. പാവപ്പെട്ടവൻ കുടിക്കുന്ന മദ്യത്തിന് 200 ശതമാനം വാറ്റോ ?  എന്നാ ഭരണമാടേ ഇത്‌... എന്നു പറഞ്ഞാലും ചിലപ്പോൾ കയ്യടി കിട്ടും. സിനിമയിൽ സത്യം മാത്രമേ പറയാവൂ എന്ന ശഠിക്കാനാകില്ലല്ലോ.

പഞ്ച് വരുന്ന വഴി 

കയ്യടി കിട്ടുമെന്നു കരുതി നമുക്ക് കൃത്യമായി ആസൂത്രണം ചെയ്ത് പഞ്ച് ഡയലോഗ് എഴുതാൻ പറ്റില്ല. കമ്മിഷണറിലെ ‘ഓർമയുണ്ടോ ഈ മുഖം’ എന്ന സംഭാഷണം ഇത്ര ഹിറ്റാകുമെന്ന് ഞാൻ സ്വപ്നത്തിൽ കരുതിയില്ല. മോണ പഴുപ്പുള്ളവൻ നാക്കു വടിച്ചാൽ വായ്നാറ്റം മാറില്ലെന്ന  ടി. ദാമോദരൻ മാഷിന്റെ ‘ആവനാഴി’യിലെ ഒരു സംഭാഷണമുണ്ട്. എത്ര  കുറിക്കുകൊള്ളുന്ന ഡയലോഗാണിത്. കേരളത്തിലെ കമ്യൂണിസ്റ്റ് പാർട്ടിയുടെ പ്രമുഖ നേതാവ് തന്റെ പ്രശസ്തിയുടെ നെറുകയിൽ നിൽക്കുമ്പോൾ ഞാൻ രൗദ്രത്തിൽ എഴുതി – You are a renegade not a communist or comrade. അതു വേണോ എന്നു പലരും എന്നോടു ചോദിച്ചു. പക്ഷേ, സിനിമയിൽ വലിയ കയ്യടി വാങ്ങി.  

നായകനെന്തു പിഴച്ചു

തിരക്കഥാകൃത്ത് എഴുതുന്ന സംഭാഷണം നായകൻ പറയുമ്പോൾ അത് പൂർണമായി മനസ്സിലാക്കിക്കൊള്ളണമെന്നില്ല. ചിലതെല്ലാം അന്നത്തെ രാഷ്ട്രീയത്തോടു ചേർത്തും ചരിത്രപരമായ പശ്ചാത്തലത്തിലുമാകും എഴുതുന്നത്. അതിന്റെ റഫറൻസ് ചിലപ്പോൾ കഥാപാത്രം മനസ്സിലാക്കണമെന്നില്ല. സിനിമയുടെ ടോട്ടാലിറ്റിയുടെ ഭാഗമാകുമ്പോഴാണ് അതിനു പൂർണത വരുന്നത്.