Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആ സംവിധായകൻ ഈ ചിത്രവും തടസ്സപ്പെടുത്താൻ ആവശ്യപ്പെടുന്നു: വിനയൻ

Vinayan

കലാഭവൻ മണിയുടെ ജീവിതവുമായി ബന്ധപ്പെട്ട് വിനയൻ സംവിധാനം ചെയ്യുന്ന ചാലക്കുടിക്കാരൻ ചങ്ങാതി എന്ന സിനിമയുടെ പൂജ കഴിഞ്ഞ ദിവസം നടന്നിരുന്നു. സിനിമാ–രാഷ്ട്രീയ രംഗത്തെ പ്രമുഖർ സന്നിഹിതരായ ചടങ്ങിൽ ചില വെളിപ്പെടുത്തലുകളും നടന്നു. വിനയന്‍ കൈ പിടിച്ച് ഉയര്‍ത്തിയിരുന്നില്ലെങ്കില്‍ പൃഥ്വിരാജും ഇന്ദ്രജിത്തും മലയാള സിനിമയില്‍ ഉണ്ടാകുമായിരുന്നില്ലെന്ന് മല്ലിക സുകുമാരൻ വേദിയിൽ പറഞ്ഞു. വിനയന് വിലക്കേര്‍പ്പെടുത്തിയ സംഭവത്തില്‍ കൂട്ടുചേര്‍ന്നതില്‍ മാപ്പ് ചോദിക്കുന്നുവെന്ന് സംവിധായകൻ ജോസ് തോമസും പറയുകയുണ്ടായി. ഇതിൽ വിനയനും പ്രതികരണവുമായി എത്തി.

വിനയന്റെ കുറിപ്പ് വായിക്കാം–

"ചാലക്കുടിക്കാരൻ ചങ്ങാതി" എന്ന എന്റെ പുതിയ ചിത്രത്തിന്റെ ഇന്നലെ നടന്ന പൂജാവേളയിൽ ബഹുമാന്യയായ മല്ലിക ചേച്ചിയും എന്റെ സഹപ്രവർത്തകനും സംവിധായകനും, ഫെഫ്ക നേതാവുമായ ജോസ് തോമസും നടത്തിയ പ്രസംഗം കേട്ടപ്പോൾ സത്യത്തിൽ മനസ്സിനൊത്തിരി സന്തോഷം തോന്നി. 

ജോസ്തോമസ്സിന്റെ വാക്കുകൾ കേട്ടപ്പോൾ ഉള്ളിൽ വല്ലാത്തൊരു വേദനയുമുണ്ടായി. യാതൊരു തെറ്റും ചെയ്യാത്ത ഒരാളെ ഫെഫ്ക നേതാക്കളും കുറേ സിനിമാ പ്രമുഖരും ചേർന്ന് തേജോ വധം ചെയ്ത് സിനിമയിൽ നിന്നു തന്നെ പുറത്താക്കാൻ ശ്രമിച്ചു എന്ന ജോസ് തോമസ്സിന്റെ വെളിപ്പെടുത്തൽ ഈ സാംസ്കാരിക കേരളത്തിൽ തന്നെയാണ് നടന്നതെന്ന് ഒാർക്കുമ്പോളാണ് വേദനയും, ലജ്ജയും,തോന്നുന്നതോടൊപ്പം കമൽ,സിദ്ദിക്, സിബിമലയിൽ ,ഉണ്ണികൃഷ്ണൻ എന്നീ സംവിധായകരോട് അങ്ങേയറ്റത്തെ സഹതാപവും തോന്നുന്നത്. 

ഇവർക്കെതിരേ കോമ്പറ്റീഷൻ കമ്മീഷന്റെ വിധി നേടിയതിനേക്കാൾ സന്തോഷം ചെയ്ത തെറ്റ് ഒടുവിൽ അവരിലൊരാൾ തന്നെ ഏറ്റു പറഞ്ഞപ്പോൾ തോന്നുന്നു. ശ്രീ ജോഷിയും കോഴിക്കോടു രഞ്ജിത്തും ഒക്കെ ആ വാക്കുകൾ ഒന്നു കേൾക്കുന്നതു നല്ലതാണ്. ഇപ്പോഴും നിങ്ങളുടെ നേതാവ് ഉണ്ണികൃഷ്ണൻ എന്റെ ഈ പുതിയ ചിത്രവും തടസ്സപ്പെടുത്താൻ ടെക്നീഷ്യൻമാരോട് ആവശ്യപ്പെടുന്നുണ്ട്. ഇതേവരെ അങ്ങേർക്കു നിർത്താൻ സമയമായിട്ടില്ല..കഷ്ടം..

ഇത്തരം തേജോവധങ്ങൾക്കിടയിലും കൊച്ചു കൊച്ചു സന്തോഷം പകരുന്ന വാക്കുകൾ പറഞ്ഞ മല്ലികച്ചേച്ചിക്ക് ഹൃദയത്തിന്റെ ഭാഷയിൽ നന്ദി പറയട്ടെ...