Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മിയ വന്നില്ലെങ്കിൽ‍ സണ്ണി വരും !

miya-sunny

മാദകനടിയായ മിയ ഖലീഫ മലയാളത്തിലെത്തുന്നു എന്നു പറഞ്ഞിട്ടെന്തായി? ഹാപ്പി വെഡിങ്, ചങ്ക്സ് എന്നീ ചിത്രങ്ങൾ ഒരുക്കിയ ഒമർ ലുലുവിന്റെ ‘ചങ്ക്സ്2: ദി കൺക്ലൂഷൻ’ എന്ന ചിത്രത്തിലൂടെയാകും മിയ ഖലീഫ ഇന്ത്യൻ സിനിമയിലേക്കുള്ള അരങ്ങേറ്റം നടത്തുക എന്നായിരുന്നു വാർത്ത. ‘മിയ ഖലീഫയെ മലയാളത്തിലെത്തിക്കാൻ ശ്രമിക്കുന്നുണ്ട്’ എന്നു സംവിധായകൻ ഒമർലുലു ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ സ്ഥിരീകരിക്കുകയും ചെയ്തു. എന്നാൽ, തൊട്ടുപിന്നാലെ നടി ഇതു നിഷേധിച്ചു. അവർക്ക് ഇന്ത്യയിലേക്കു വരാൻ താൽപര്യമില്ലെന്നു വ്യക്തമാക്കിയതായും വാർത്തകളെത്തി. ഇത്രയുമായപ്പോൾ സകലർക്കും സംശയമായി; ശരിക്കും എന്താണു സംഭവിച്ചത്? 

അതേക്കുറിച്ച് സംവിധായകൻ ഒമർ ലുലു തന്നെ വ്യക്തമാക്കുന്നു: മിയ ഖലീഫ ‘ചങ്ക്സ്2 എന്ന ചിത്രത്തിന്റെ ഭാഗമാകുമെന്നോ ഇല്ലെന്നോ ഇതുവരെ ഔദ്യോഗികമായി അറിയിച്ചിട്ടില്ല. ചങ്ക്സ് ഒന്നാം ഭാഗം നേടിയ സാമ്പത്തിക വിജയത്തിന്റെ പശ്ചാത്തലത്തിൽ രണ്ടാം ഭാഗം ചെയ്യുന്നതിന് എന്നെ സമീപിച്ച ബോളിവുഡ് നിർമാണ കമ്പനിയാണ് ഇതിനായി ശ്രമം നടത്തുന്നത്. തിരക്കഥയുടെ സംക്ഷിപ്ത രൂപവും കഥാപാത്രത്തിന്റെ ചുരുക്ക വിവരണവും അവർക്ക് അയച്ചു നൽകി. തുടർ ചർച്ചകൾ നടിയുടെ പ്രതിനിധിയുമായി നടക്കുന്നുണ്ട്. ഇനി ഇന്ത്യയിലേക്കില്ലെന്നു മിയയുടെ ഔദ്യോഗിക പ്രതികരണം ലഭിച്ചാൽ സണ്ണി ലിയോണിനെ സമീപിക്കാനാണു തീരുമാനം.’ 2015ൽ ഒരു ടെലിവിഷൻ റിയാലിറ്റി ഷോയുടെ ഭാഗമാകാൻ മിയ ഖലീഫ ഇന്ത്യയിലെത്തും എന്ന പ്രചാരണം ശക്തമായപ്പോൾ അതു നിഷേധിച്ച് അവർ ചെയ്ത ട്വീറ്റാണ് നിഷേധ വാർത്തകളുടെ ആധാരം എന്നും ഒമർ പറഞ്ഞു. 

പരോക്ഷമായി സണ്ണി ലിയോണിനോടു ബന്ധമുള്ള ചിത്രം കൂടിയാണ് ചങ്ക്സ്2. സണ്ണി ലിയോൺ കൊച്ചിയിലെത്തിയ സംഭവവുമായാണ് ബന്ധം. രാജ്യാന്തര തലത്തിൽ പ്രശസ്തയായ മാദകനടി കൊച്ചിയിലെത്തുകയും അവരെ കാണാൻ ഒരു കൂട്ടം ചെറുപ്പക്കാർ യാത്ര തിരിക്കുന്നതും അതിനിടയിൽ സംഭവിക്കുന്ന കോലാഹലങ്ങളുമാണ് ‘ചങ്ക്സ്2’ന്റെ പ്രമേയം.  മിയ കലിസ്റ്റ എന്നുകൂടി പേരുള്ള മിയ ഖലീഫ യുഎസ് പൗരത്വമുള്ള ലബനൻ വംശജയാണ്. വളരെ കുറഞ്ഞകാലം മാത്രമായിരുന്നു മാദകനടിപ്പട്ടം. ഇപ്പോൾ ചില യുട്യൂബ് സ്പോർട്സ് ചാനലുകളിൽ കമന്റേറ്ററായി സജീവമാണ്.