Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കോടികളുടെ സിനിമാ പ്രമോഷൻ

movie-promotion

മലയാളത്തിലെ ഹിറ്റ് ചിത്രം ട്രാഫിക്കിൽ ഒരു രംഗമുണ്ട്. പുതുമുഖ സംവിധായകൻ സൂപ്പർസ്റ്റാറായി അഭിനയിക്കുന്ന റഹ്മാനെ കാണാൻ വരുന്നു: ‘പ്രമോഷന് സാർകൂടി ഉണ്ടായിരുന്നെങ്കിൽ നന്നായിരുന്നു...’ അപ്പോൾ സൂപ്പർസ്റ്റാറിന്റെ മറുപടി ഇങ്ങനെ: ‘നിങ്ങളൊക്കെ കൂടിയങ്ങ് പ്രമോട്ട് ചെയ്താമതി. അങ്ങനത്തെ ഒരേർപ്പാടിനും ഞാനില്ല. ആദ്യത്തെ പടമല്ലേ. മുട്ടിപ്പായി പ്രാർഥിക്ക്...’ സംവിധായകൻ മാത്രം മുട്ടിപ്പായി പ്രാർഥിച്ചാൽ സിനിമ ഓടില്ല. അതിന്റെ കാലവും കഴിഞ്ഞു. അതിന് കയ്യും മെയ്യും മറന്ന് രംഗത്തിറങ്ങാൻ ബോളിവുഡാണ് മാതൃക. 

സിനിമയുടെ റിലീസ് സമയമാണെങ്കിൽ, പ്രമോഷന് അവസരം നൽകിയാൽ ഏതു പൊതുപരിപാടിക്കും ബോളിവുഡ് താരങ്ങൾ റെഡി. 

അഭിനയിച്ചു കഴിയുന്നതോടെ ഹിന്ദി താരങ്ങൾക്ക് സിനിമയുമായുള്ള ബന്ധം അവസാനിക്കുന്നില്ല. അഭിനയിച്ച സിനിമയുടെ പ്രമോഷനും താരങ്ങളുടെ ഉത്തരവാദിത്തമാണ്. എത്ര വലിയ താരമാണെങ്കിലും പ്രമോഷനിൽനിന്നു മാറി നിൽക്കാൻ സാധിക്കില്ല. അതുകൊണ്ടുതന്നെ സിനിമാ പ്രമോഷനുവേണ്ടി ലഭ്യമാകുന്ന ഏല്ലാ സാധ്യതകളും താരങ്ങൾ ഉപയോഗപ്പെടുത്തുന്ന സ്ഥിതിയാണ്. 

സിനിമാ പ്രമോഷന് നൂതന മാർഗങ്ങൾ തേടുകയും വൻ പ്രാധാന്യം നൽകുകയും ചെയ്തതിൽ എക്കാലത്തും മുൻപന്തിയിൽ ബോളിവുഡ് തന്നെ ആയിരുന്നു. സിനിമയുടെ ബജറ്റ് അപ്രതീക്ഷിതമായി വർധിച്ചപ്പോൾ കൂടുതൽ ആളുകളിലേക്കു സിനിമയെ എത്തിക്കുന്നതിന്റെ ഭാഗമായാണ് പരമ്പരാഗതമായ പ്രചാരണ വഴികൾ വിട്ട് പുതിയ വഴികൾ ബോളിവുഡ് അന്വേഷിച്ചു തുടങ്ങിയത്. 2001ൽ ‘ലഗാൻ’ എന്ന ചിത്രത്തിന്റെ പ്രമോഷനുവേണ്ടി കേബിൾ ടിവികൾ ഉണ്ടായിരുന്നിട്ടുപോലും ആമിർഖാൻ ദൂരദർശനെ ഉപയോഗിച്ചു. കേബി‌ൾ ടിവിയെ അപേക്ഷിച്ച് അന്നു ഗ്രാമങ്ങളിൽവരെ ദൂരദർശനുണ്ടായിരുന്ന പ്രചാരം ആയിരുന്നു ഇതിനു കാരണം.  

എന്നാൽ, ഇന്ത്യ അതുവരെ കാണാത്ത തലത്തിലേക്കു സിനിമാ പ്രമോഷനെ കൊണ്ടുപോയത് ഷാറൂഖ് ഖാനാണ്. റാ– വൺ എന്ന ചിത്രത്തിലൂടെ. വിഡിയോ ഗെയിം, മൊബൈൽ ആപ്പ്, സമൂഹ മാധ്യമങ്ങൾ തുടങ്ങി ടെക്നോളജിയെ വൻ തോതിൽ റാ– വണ്ണിനായി ഷാറൂഖ് ഉപയോഗപ്പെടുത്തി. ഫോർമുല വൺ സീരിസ് ഉൾപ്പെടെയുള്ളവയുമായി കൈകോർക്കാനും ഷാറൂഖ് ശ്രമിച്ച വാർത്തകൾ ഉണ്ടായിരുന്നു. 40 കോടി രൂപയോളം റാ–വണ്ണിന്റെ പ്രമോഷനുവേണ്ടി ചെലവഴിച്ചതായാണ് റിപ്പോർട്ട്. 

യുഎസിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള സൂപ്പർ ബോൾ മൽസരത്തിന്റെ ചുവടുപിടിച്ചാണ് ഇന്ത്യയിൽ ക്രിക്കറ്റ് മൽസരം സിനിമാ പ്രമോഷനായി ഉപയോഗിച്ചു തുടങ്ങിയത്. റാ– വൺ സിനിമയുടെ ട്രെയിലർ 2011ലെ ഇന്ത്യ– ഓസ്ട്രേലിയ ലോകകപ്പ് സെമിഫൈനൽ മൽസരത്തിനിടയിലും ചെന്നൈ എക്സ്പ്രസിന്റെ ട്രെയിലർ 2013ലെ ഐപിഎൽ ഫൈനലിനിടയിലും റിലീസ് ചെയ്തു ഷാറൂഖ് ക്രിക്കറ്റിനെ സിനിമയുമായി കോർത്തു. തുടർന്നു ബോംബെ വെൽവെറ്റിന്റെ ട്രെയിലർ റിലീസിനും ക്രിക്കറ്റ് വേദിയായി. ഇന്ത്യ– ന്യൂസീലൻഡ് മൽസരം ‘2.0’ എന്ന ചിത്രത്തിന്റെ പ്രമോഷനുപയോഗിച്ചതാണ് അവസാനത്തേത്. 

വലിയതോതിൽ പണം മുടക്കാതെയുള്ള വ്യത്യസ്തമായ പ്രചാരണ വഴികളും ഇതിനിടയിൽ ബോളിവുഡ് സ്വീകരിക്കുന്നുണ്ടായിരുന്നു. ഉ‍ഡാൻ എന്ന ചിത്രത്തിനായി സെക്സ് സർവേ നടത്തിയതാണ് ഇതിൽ എടുത്തു പറയേണ്ടത്. ജെബ് വി മെറ്റ് എന്ന പേര് പ്രേക്ഷകർക്കിടയിൽ നിന്നാണ് തിരഞ്ഞെടുത്തത്. ക്രിഷിന്റെ പ്രമോഷനായി കളിപ്പാട്ടങ്ങളും മുഖംമൂടികളും വിപണിയിലിറക്കി. 

തീസ് മാർ ഖാൻ എന്ന ചിത്രത്തിന്റെ പാട്ട് ട്രെയിനിൽ റിലീസ് ചെയ്തു. ത്രീ ഇഡിയറ്റ്സിന്റെ പ്രചാരണത്തിനായി ആമിർ വേഷംമാറി ഇന്ത്യയിലുടനീളം സഞ്ചരിച്ചു. സച്ചിനെയും ഗാംഗുലിയെയും വരെ പ്രചാരണത്തിനായി ഉപയോഗിക്കുകയും ചെയ്തു. 

കപിൽ ശർമയുടെ ടെലിവിഷൻ ഷോ ആയിരുന്നു അടുത്തകാലം വരെ ബോളിവുഡിന്റെ ഏറ്റവും വലിയ മാർക്കറ്റിങ് പ്ലാറ്റ്ഫോം. സിനിമയുടെ റിലീസിങ്ങിനോട് അനുബന്ധിച്ച് പ്രമോഷനായി താരങ്ങൾ ഷോയിലേക്ക് ഒഴുകിയെത്തി. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള ടെലിവിഷൻ പ്രോഗ്രാമുകളിൽ ഒന്നായിരുന്നു ഇത്. എന്നാൽ ഷോ നിർത്തിയതോടെ ബോളിവുഡിന് പുതിയ മാർക്കറ്റിങ് തന്ത്രങ്ങൾ തേടിയിറങ്ങേണ്ടി വന്നു. പൊതുപരിപാടികളിലും പ്രമോഷന്റെ ഭാഗമായി താരങ്ങൾ എത്തിത്തുടങ്ങി. രംഗ്ദേ ബസന്തി സിനിമയ്ക്കുവേണ്ടി നർമദാ ബച്ചാവോ ആന്തോളൻ പദ്ധതിയുമായി ആമിർ കൈകോർത്തിരുന്നെങ്കിലും അത് ഒറ്റപ്പെട്ടതായിരുന്നു. 

ആമിർഖാൻ ഇന്ത്യ– ഓസ്ട്രേലിയ ട്വന്റി ട്വന്റി മൽസരത്തിന് എത്തിയതും കൊച്ചിയിലെ ഐഎസ്എൽ ഫുട്ബോളിന്റെ ഉദ്ഘാടനത്തിന് സൽമാൻഖാനും കത്രീന കൈഫും എത്തിയതുമെല്ലാം പ്രമോഷൻ സാധ്യതകൾ മുൻനിർത്തിയാണ്. 

ബോളിവുഡിനെ അപേക്ഷിച്ച് കുറവാണെങ്കിലും പ്രചാരണത്തിനായി നൂതന മാർഗങ്ങൾ തേടുന്നതിൽ പ്രാദേശിക ഭാഷകളും ഒരിക്കലും പിറകിലല്ല. തമിഴാണ് ഇക്കാര്യത്തിൽ മുൻപിൽ. ചിത്രീകരണത്തിലെ രഹസ്യ സ്വഭാവവും ഓഡിയോ ലോഞ്ചിന്റെ സമ്പന്നതയുമാണ് തമിഴിൽ ഏറ്റവും പ്രധാനപ്പെട്ടത്. ബോളിവുഡ്, ഹോളിവുഡ് താരങ്ങളെ പങ്കെടുപ്പിച്ച് വൻ മുതൽമുടക്കിയാണ് ഓഡിയോ ലോഞ്ചുകൾ സംഘടിപ്പിക്കാറുള്ളത്. ജാക്കിചാൻ, അർണോൾഡ്, അമിതാഭ് ബച്ചൻ തുടങ്ങി ഒട്ടേറെ പ്രമുഖർ ഓഡിയോ ലോഞ്ചിൽ പങ്കെടുക്കാൻ എത്തിയിട്ടുണ്ട്. 2.0 യുടെ ദുബായിൽ നടന്ന ഓഡിയോ ലോഞ്ചിന് മാത്രം 12 കോടിയോളം രൂപ ചെലവഴിച്ചതായാണ് റിപ്പോർട്ട്.

തെലുങ്കിൽ സമീപകാലത്ത് പ്രചാരണത്തിൽ ഏറെ ശ്രദ്ധ നേടിയ ചിത്രം ബാഹുബലി ആയിരുന്നു. ഇന്ത്യകണ്ട ഏറ്റവും വലിയ ബജറ്റ് എന്നതായിരുന്നു പ്രധാന മാർക്കറ്റിങ് തന്ത്രം. ഓപ്പൺ മൈതാനത്ത് വൻ ജനാവലിയുടെ മുന്നിൽ ആയിരുന്നു ഓഡിയോ ലോഞ്ച്. വെർച്വൽ റിയാലിറ്റി, ട്രെയ്‌ലർ ലൈവ്, ഗിന്നസ് ബുക്കിൽ വരെ ഇടംതേടിയ ഏറ്റവും വലിയ പോസ്റ്റർ തുടങ്ങി ബഹുവിധ സാധ്യതകൾ ബാഹുബലി ഉപയോഗിച്ചു. ഹിന്ദിയിൽ സിനിമ അവതരിപ്പിക്കാൻ പ്രമുഖ നിർമാതാവായ കരൺ ജോഹറിനെ തന്നെ സമീപിച്ചു. കരൺ ജോഹറിന്റെ ബ്രാൻഡ് വാല്യു നല്ല തുടക്കത്തിനു സഹായിച്ചു. 

റിലീസ് കഴിഞ്ഞിട്ടും ബാഹുബലിയുടെ പ്രമോഷൻ അവസാനിച്ചിട്ടില്ല. മൂന്നുഭാഗങ്ങളായി നോവൽ രൂപത്തിൽ പുറത്തിറക്കാനുള്ള ശ്രമത്തിലാണ്. ആദ്യഭാഗം പുറത്തിറങ്ങി. ആനന്ദ് നീലകണ്ഠനാണ് രചയിതാവ്. നോവലിനെ ആസ്പദമാക്കി മൂന്നു സീസണായി ഒരു മണിക്കൂർ ദൈർഘ്യത്തിൽ 10 എപ്പിസോഡുള്ള സീരിയലായും ബാഹുബലി മാറുന്നു. 

നെറ്റ്ഫ്ലിക്സ് ആണ് സീരിയലിന്റെ നിർമാതാക്കൾ. ഇതുകൂടാതെ ഹൈദരാബാദിൽ നിർമിച്ച കൂറ്റൻ സെറ്റും സന്ദർശകർക്കായി കഴിഞ്ഞ ദിവസം തുറന്നുകൊടുത്തു. 

തെലുങ്കിനെയും തമിഴിനെയും അപേക്ഷിച്ച് മലയാളത്തിൽ സിനിമയുടെ മാർക്കറ്റിങ് കുറവാണ്. ചാനലുകളിലെ വട്ടക്കസേരകൾക്കു ചുറ്റുമിരുന്ന് താരങ്ങൾ നടത്തുന്ന ചർച്ചകളിലും താരങ്ങളും അണിയറ പ്രവർത്തകരും നടത്തുന്ന ഒറ്റപ്പെട്ട തിയറ്റർ സന്ദർശനങ്ങളിലും ഫെയ്സ്ബുക്, വാട്സാപ്പ് തുടങ്ങിയ സമൂഹ മാധ്യമങ്ങളിലും ഒതുങ്ങുന്നു മലയാളത്തിന്റെ മാർക്കറ്റിങ്. ടെലിവിഷൻ പ്രോഗ്രാമുകൾ താരങ്ങളുടെ സ്വയം പുകഴ്ത്തലിനുള്ള വേദിയായതോടെ പ്രേക്ഷകർ ഇതിനോടും മുഖംതിരിച്ച അവസ്ഥയാണ്. ഇതോടെ മലയാളവും സിനിമാ പ്രമോഷന് പുതിയ വഴികൾ തേടാൻ നിർബന്ധിതമായിരിക്കുകയാണ്.