Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മഞ്ജു സാക്ഷി പറയില്ല; ബൈജു കൊട്ടാരക്കര

baiju-manju

ദിലീപിനെതിരെ കുറ്റമറ്റതായ കുറ്റപത്രമാകും പൊലീസ് സമർപിക്കുകയെന്നും അതിൽ പൂർണവിശ്വാസമുണ്ടെന്നും സംവിധായകൻ ബൈജു കൊട്ടാരക്കര. ഇത്രയും നാൾ ദിലീപിനെ സംരക്ഷിച്ചുകൊണ്ടിരുന്നവരൊക്കെ അദ്ദേഹത്തെ നിരപരാധിയാക്കാനുള്ള തത്രപ്പാടിലായിരുന്നെന്നും പൊലീസ് ഇത്രയധികം സാക്ഷികളും മൊഴികളും കൊടുക്കുമ്പോൾ അതിനകത്ത് വ്യക്തമായ കാരണങ്ങൾ ഉണ്ടാകുമെന്നും ബൈജു മനോരമ ന്യൂസിനോട് പറഞ്ഞു.
തുടക്കം മുതൽ കേസ് അട്ടിമറിക്കാൻ ശ്രമം നടന്നിരുന്നെന്നും ദിലീപിന്റെ നീക്കങ്ങളൊന്നും ശരിയായ രീതിയിൽ അല്ലായിരുന്നെന്നും ബൈജു വ്യക്തമാക്കി.

ബൈജു കൊട്ടാരക്കരയുടെ വാക്കുകൾ–

‘ഇത്രയും വലിയ കേസിൽ വാട്ട്സാപ്പ് വഴിയാണോ ഡി.ജി.പിക്ക് പരാതി കൊടുക്കുന്നത്. തൊട്ടടുത്തുള്ള പൊലീസ് സ്റ്റേഷനിൽ ചെന്നല്ലെ നമ്മൾ പരാതി കൊടുക്കുക. ഇതൊന്നും പൊതുസമൂഹത്തിന് മനസ്സിലാകാത്ത കാര്യമാണ്. താൻ പ്രതിയല്ലെന്ന് വരുത്തിതീർക്കാൻ ഇങ്ങനെയുള്ള നിരവധി കാര്യങ്ങൾ ആദ്യം മുതലെ ദിലീപ് ചെയ്തു.

ഇത്രയും പ്രമാദമായ കേസിൽ ദിലീപിനെ വെറുതെ വിടുകയാണെങ്കിൽ കേരള പൊലീസ് തൊപ്പിവച്ച് നടന്നിട്ട് എന്ത് കാര്യം. സർക്കാരിനും നാണക്കേടാണ്. കുറ്റമറ്റരീതിയിൽ എല്ലാ തെളിവുകളും ഉൾപ്പെടുത്തിയായിരിക്കും ഈ കുറ്റപത്രം സമർപ്പിക്കുക.

ഓരോ ദിവസവും ദിലീപിന്റെ ചീട്ടുകീറുകയാണ്. എത്ര വലിയ താരമായാലും കുറ്റം ചെയ്തവൻ ശിക്ഷ അനുഭവിക്കണം. ആ പെൺകുട്ടിയുടെ ഭാഗത്താണ് ഞങ്ങളെല്ലാവരും. അവരെക്കുറിച്ച് എന്താണ് ആരും സംസാരിക്കാത്തത്. പണമുള്ളവരുടെ കൂടെ മാത്രം നിന്ന് മറ്റുള്ളവരെ തെറ്റിദ്ധരിപ്പിക്കാന്‍ നിന്നാൽ അത് കേരളത്തിൽ വിലപ്പോകില്ല. മലയാളസിനിമയിൽ പുട്ടുകച്ചവടം നടത്തിയതാണ് ഇവരെല്ലാം. ആ പുട്ടുകച്ചവടമൊന്നും കേരളത്തിലെ ജനങ്ങളിൽ അടിച്ചേൽപിക്കാന്‍ നിൽക്കണ്ട.

Dileep named eighth accused, Manju Warrier witness: details of charge sheet out

ദിലീപിനെതിരായ സാക്ഷികളിൽ സിനിമാമേഖലയിലുളള എല്ലാവരെയും വിശ്വസിക്കാൻ കഴിയില്ല. അവരെയെല്ലാം ഇവർ വിലയ്ക്കെടുക്കും. മഞ്ജുവിന്റെ കാര്യം തന്നെ നോക്കാം. മഞ്ജു വാരിയർ ദിലീപിന്റെ ഭാര്യയായിരുന്നപ്പോൾ ആ ബന്ധത്തിൽ അവർക്കൊരു കുട്ടിയുണ്ട്. അവർ ഒരു അമ്മയാണ്. ആ കുട്ടിയൊന്ന് കരഞ്ഞ് പറഞ്ഞാൽ, അതിന്റെ മനോവിഷമം മഞ്ജുവുമായി പങ്കുവച്ചാൽ ഈ കേസിൽ ശക്തമായൊരു നിലപെടുക്കാൻ അവർക്ക് കഴിയില്ലെന്ന് ഞാൻ വിശ്വസിക്കുന്നു. മഞ്ജുവിന്റെ സാക്ഷി മൊഴിയിൽ മാത്രമെ ആശങ്കയൊള്ളൂ.

സിനിമയ്ക്ക് അകത്ത് ഇതുപോലുള്ള പ്രവണതകൾ ഇനിയുംവച്ച് പുലർത്താൻ സമ്മതിക്കില്ലെന്ന് ഉറപ്പിച്ച് ദിലീപിനെതിരെ ഒരുകൂട്ടം തന്നെ ഉയർന്നുകഴിഞ്ഞു. ഇവർ പറയുന്നതുപോലെ എല്ലാ സിനിമാക്കാരും കേരളത്തിന്റെ മനസാക്ഷിയുമൊന്നും ദിലീപിന്റെ കൂടെ ഇല്ല. രാമലീല സിനിമ ഓടിയപ്പോൾ ദിലീപ് കിഴക്കുനിന്നോ പടിഞ്ഞാറുനിന്നോ ഉയർത്തെഴുന്നേറ്റുവെന്ന് പറഞ്ഞു.

ജാമ്യം കിട്ടിയപ്പോൾ ദിലീപിനെ കാണാൻ ജയിലിന് മുന്നിൽവന്നവരെല്ലാം ജൂനിയർ ആർടിസ്റ്റുകളാണ്. 500 രൂപയ്ക്കും ആയിരം രൂപയ്ക്കും ഒരുനേരത്തെ ഭക്ഷണം മേടിച്ച് തരാമെന്ന് പറഞ്ഞ് വിളിച്ചുകൊണ്ടുവന്നതാണ്. അവരുടെ പേര് സഹിതമുള്ള വിവരങ്ങൾ ഞങ്ങളുടെ കയ്യിൽ ഉണ്ട്. ഇങ്ങനെയൊക്കെ എത്ര തന്ത്രങ്ങൾ കളിച്ചാലും വിലപ്പോകില്ല.