Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രക്തത്തിൽ അസുഖമുണ്ടെന്ന് അവൻ പറഞ്ഞു: ഹരിശ്രീ അശോകൻ

abi-harisree അബിയുടെ മൃതദേഹം കൊച്ചി എളമക്കരയിലെ വീട്ടിൽ കൊണ്ടുവന്നപ്പോൾ നടന്മാരായ ഹരിശ്രീ അശോകൻ, ജോർജ്, മധുപാൽ തുടങ്ങിയവർ അന്ത്യോപചാരം അർപ്പിക്കുന്നു

ഇത്ര നേരത്തെ യാത്ര പറഞ്ഞു പോകേണ്ടവനായിരുന്നില്ല അബി. അവനു കുറച്ചുകൂടി സമയം ലഭിക്കണമായിരുന്നു. അബിയുടെ മകൻ ഷെയ്ൻ നിഗം മലയാള സിനിമയിൽ ചുവടുറപ്പിക്കുന്നതേയുള്ളൂ. ഇതിനകം നല്ല വേഷങ്ങൾ അവനു ചെയ്യാനായി. ‘പറവ’യിൽ അവന്റെ പ്രകടനം ഞാൻ നേരിട്ടുകണ്ടതാണ്. ആ കുട്ടിക്ക് മലയാള സിനിമയിൽ ഉയർച്ചയുണ്ട്. ആ ഉയർച്ച അബിക്ക് നേരിട്ടു കാണാനായില്ലല്ലോ എന്നതാണെന്റെ സങ്കടം. 

ഏതാനും നാൾമുൻപ് വിമാനത്താവളത്തിൽ കാണുമ്പോൾ ‘‘എന്റെ അസുഖത്തെക്കുറിച്ച് അറിയാമല്ലോ?’’ എന്നവൻ ചോദിച്ചു. കാഴ്ചയിൽ പതിവുപോലെ സുമുഖനും ആരോഗ്യവാനുമാണ്. എന്തു രോഗമെന്ന് ഞാൻ ചോദിച്ചു. രക്തത്തിൽ അസുഖമുണ്ടെന്ന് അവൻ പറഞ്ഞു. മിമിക്സ് പരേഡിന്റെ ആദ്യ തലമുറയിൽപ്പെട്ടവരാണു ഞങ്ങൾ. കലാഭവന്റെ പരിപാടികളിൽ ഗാനമേളയുടെ ഇടവേളയിൽ ഞാൻ മിമിക്രി അവതരിപ്പിരുന്ന കാലം മുതൽ പരിചയമാണ്. അന്ന് അബി മൂവാറ്റുപുഴയിൽ സജീവമാണ്. 

ആമിനത്താത്തയും സ്റ്റാർസിനെ അനുകരിക്കുന്നതുമൊക്കെ ആരാധകരെ സൃഷ്ടിച്ചിരുന്നു. പിന്നീട് അബി ഞങ്ങൾക്കൊപ്പമെത്തി. അമിതാഭ് ബച്ചനെ കൃത്യമായി അനുകരിക്കുന്നവർ അബിക്കു മുൻപും ശേഷവും ആരുമില്ലെന്നു പറയാം. അവന്റ ആദ്യത്തെ ഗൾഫ് പര്യടനത്തിൽ ഞാനുണ്ട്. അന്നു ബച്ചനെ അവതരിപ്പിച്ചതിനു ലഭിച്ച കയ്യടിയുടെ ശബ്ദം ഇന്നും ചെവിയിലുണ്ട്. ബച്ചനുവേണ്ടി മലയാളപരസ്യങ്ങളിൽ അവൻ ശബ്ദം കൊടുത്തിട്ടുണ്ട്. 

മിമിക്രിയിൽ നിന്നു മലയാളസിനിമയിലേക്ക് ആദ്യമെത്തുന്നത് അവനായിരിക്കുമെന്ന് അന്നു ‍ഞങ്ങൾ പറഞ്ഞിരുന്നു. സിനിമയിൽ വന്നെങ്കിലും നായകസ്ഥാനത്തേക്ക് എത്താനായില്ല. അൻപതോളം ചിത്രങ്ങളിൽ വേഷങ്ങൾ പലതും അവൻ െചയ്തിട്ടുണ്ട്. ജീവിതാന്ത്യം വരെ സ്റ്റേജ് മറക്കാതിരുന്ന കലാകാരനായിരുന്നു അബി. കുറച്ചുനാളുകൾക്കു മുൻപു നടന്ന അമേരിക്കൻ സ്റ്റേജ് ഷോയും വൻ വിജയമായെന്ന് അറിഞ്ഞിരുന്നു.