Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആട് എവിടെ പാപ്പാനേ; മിഥുൻ മാനുവലിന്റെ മറുപടി

midhun

ഹാജി മസ്താൻ പോലും സലാമടിക്കുന്ന, ആറ്റം ബോംബ് പോലും ചീറ്റിപ്പോകുന്ന വീരൻ പാപ്പൻ; അതാണു ഷാജി പാപ്പൻ!! മലയാളികൾക്കിടയിൽ ഒരു ‘മിത്ത്’ ആയിക്കഴിഞ്ഞ ഷാജി പാപ്പൻ ദേ വീണ്ടും വരുന്നു. 

‘ആട് ഒരു ഭീകരജീവിയാണ്’ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം ഈ ആഴ്ച തിയറ്ററുകളിലെത്തുമ്പോൾ, പ്രേക്ഷകർ പ്രതീക്ഷയിലാണ്. തിയറ്ററുകളെ ചിരിപ്പിച്ചു കൊന്ന, ഷാജി പാപ്പനായി വേഷമിട്ട ജയസൂര്യയുടെ രണ്ടാം വരവിനായി കാത്തിരിക്കുകയാണു പ്രേക്ഷകർ. 

ആദ്യ സിനിമ വലിയ  ഹിറ്റ് ആയിരുന്നില്ലെങ്കിലും ഒരു ഹിറ്റ് സിനിമയുടെ പോലും രണ്ടാം ഭാഗത്തിനു കിട്ടാത്തത്ര സ്വീകാര്യതയാണ് ആട് 2 ന്റെ ട്രെയിലറിനു ലഭിച്ചിരിക്കുന്നത്.  അതിന്റെ ക്രെഡിറ്റ് ഷാജി പാപ്പനു മാത്രമുള്ളതാണെന്ന് സംവിധായകൻ മിഥുൻ മാനുവൽ തോമസ് പറയുന്നു. 

ശരിക്കും ആരാണ് ഷാജി പാപ്പൻ? അങ്ങനെയൊരാൾ ജീവിച്ചിരുന്നിട്ടുണ്ടോ? മിഥുൻ മാനുവൽ തോമസിനോടു ചോദിച്ചു. മിഥുന്റെ കൂട്ടുകാരിലൊരാളുടെ ജീവിതത്തിൽ സംഭവിച്ച കഥയിൽ നിന്നാണ് ഷാജി പാപ്പൻ എന്ന കഥാപാത്രം പിറവിയെടുത്തത്. വയനാട്ടിൽ ഒരു റോബിൻ ഉണ്ടായിരുന്നു. അതായത്,  ഷാജി പാപ്പന്റെ ഡിറ്റോ. ഒരിക്കൽ റോബിൻ കൂട്ടുകാർകൊപ്പം ഒരു യാത്ര പോയി. യാത്രയ്ക്കിടയിൽ അവരുടെ കൂട്ടുകാരിയായി ഒരാടും എത്തി. 

പിന്നീട് നടന്നതൊക്കെ സിനിമയെ വെല്ലുന്ന യാഥാർഥ്യം. റോബിന്റെ ജീവിതകഥയിൽ മിഥുന്റെയും ജയസൂര്യയുടെയും ഇടപെടലുണ്ടായപ്പോൾ ഷാജി പാപ്പൻ പിറന്നു. മുൻഭാഗത്ത് അൽപം തലമുടി നരച്ച, കൊലകൊമ്പൻ മീശയുള്ള, വടംവലിക്കാരനായ ഷാജിയേട്ടൻ! 

തിയറ്ററിൽ പരാജയപ്പെട്ട ചിത്രത്തിന് രണ്ടാം ഭാഗമിറക്കുന്നത് ഇന്ത്യൻ സിനിമയിൽ ആദ്യമായിട്ടിരിക്കും. തീയറ്ററിൽ പണം വാരിയില്ലെങ്കിലും വലിയ സ്വീകാര്യതയാണ് സിഡി വിൽപനയിലും ഓൺലൈൻ ലോകത്തും ട്രോളൻമാർക്കിടയിലും ‘ആട് ഒരു ഭീകരജീവി’ക്കു ലഭിച്ചത്. ഈ സ്വീകാര്യത നിലനിർത്തുകയാണു ആട് 2 ൽ നേരിട്ട ഏറ്റവും വലിയ വെല്ലുവിളിയെന്നു സംവിധായകൻ പറയുന്നു. 

ആട് 2 ന്റെ ട്രെയിലറിൽ ആടിനെ ‘ആഡ്’ ചെയ്യാൻ മറന്നുപോയോ എന്നതാണ് ആരാധകരുടെ സംശയം. ട്രെയിലറിലേ ആട് ഇല്ലാതുള്ളൂ. സിനിമയിൽ ആട് ഉണ്ടാകുമെന്ന് സംവിധായകന്റെ ഉറപ്പ്. 

ഭീകര ജീവിയിലില്ലാത്ത രണ്ട് പ്രധാനപ്പെട്ട കാര്യങ്ങളാണ് ആട് 2 ൽ ഉള്ളത്. ഒന്ന് പാപ്പന്റെ ബുള്ളറ്റ്.  പിന്നൊന്ന് ഷാജി പാപ്പന്റെ മുണ്ടാണ്. അഴിച്ചിടുമ്പോൾ ഒരു നിറം. മടക്കിക്കുത്തുമ്പോൾ വേറെ നിറം. ജയസൂര്യയുടെ ഭാര്യ സരിതയാണ് ഈ കോസ്‌റ്റ്യൂം ഡിസൈൻ ചെയ്‌തത്. 

വർഷങ്ങൾ കൊണ്ട് ഷാജിപാപ്പന്റെ ജീവിതത്തിലും മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. അതിന്റെ പ്രതിഫലനം ആട് 2 ലും ഉണ്ടാകുമെന്നു മിഥുൻപറയുന്നു. പാപ്പന്റെയും കൂട്ടുകാരുടെയും വാൻ, ഭീകര ജീവിയുടെ ഷൂട്ടിങ് കഴിഞ്ഞ് ഇടുക്കിയിൽ തന്നെ ഉണ്ടായിരുന്നു. അതേ വാൻ തന്നെയാണു ആട് 2 ലും ഉപയോഗിച്ചിരിക്കുന്നത്.