Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നടിയെ ആക്രമിച്ച കേസിൽ പ്രമുഖരുടെ മൊഴികൾ പുറത്ത്

നടിയെ ആക്രമിച്ച കേസിൽ കാവ്യ മാധവൻ, റിമി ടോമി, കുഞ്ചാക്കോ ബോബൻ, മഞ്ജു വാര്യർ, മുകേഷ് എന്നിവർ അന്വേഷണസംഘത്തിനു നൽകിയ മൊഴികൾ പുറത്ത്. ദിലീപും കാവ്യയുമായുള്ള ബന്ധം തന്നെ അറിയിച്ചത് ആക്രമിക്കപ്പെട്ട നടിയാണെന്നാണ് മഞ്ജു വാര്യരുടെ മൊഴി. റിമിക്കും ഇൗ ബന്ധം അറിയാമെന്നും നടിയെ പല സിനിമകളിൽ നിന്നും ദിലീപ് ഒഴിവാക്കിയെന്നും മഞ്ജുവിന്റെ മൊഴിയിൽ പറയുന്നു. 

നടി ഉള്ളതും ഇല്ലാത്തതും ‘ഇമാജിന്‍’ ചെയ്തു പറയുന്നയാളാണെന്നാണ് കാവ്യ പറഞ്ഞത്. ദിലീപും മഞ്ജുവുമായുളള പ്രശ്നങ്ങള്‍ക്ക് നടിയും കാരണമായി. അമ്മ റിഹേഴ്സല്‍ ക്യാംപിലടക്കം ദിലീപിനെയും തന്നെയും കുറിച്ച് നടി പറഞ്ഞു. താനും ദിലീപും ഒരുമിച്ച് നൃത്തം ചെയ്യുന്ന ഫോട്ടോയെടുത്ത് നടി മഞ്ജുവിന് അയച്ചുകൊടുത്തു. 2012-ലാണ് പ്രശ്നം രൂക്ഷമായത്. അതിന് നടിയും കാരണമായിട്ടുണ്ട്. തന്നെക്കുറിച്ചും ദിലീപിനെക്കുറിച്ചും ബിന്ദു പണിക്കരോടും കൽപനയോടും പറ‍ഞ്ഞിട്ടുണ്ട്. ദിലീപും മഞ്ജുവും തമ്മിലുള്ള വിവാഹമോചനത്തിന് കാരണം താനാണെന്ന് നടി പലരോടും പറഞ്ഞു. ഇക്കാര്യം ബിന്ദു പണിക്കരാണ് ദിലീപിനെ അറിയിച്ചത്.

‘അമ്മ’ ക്യാംപിലെ സംഭവത്തിനു ശേഷം നടിയുമായി ദിലീപ് സംസാരിച്ചിട്ടില്ല. പക്ഷേ ക്യാംപിലെ സംഭവത്തെപ്പറ്റി നടൻ സിദ്ദീഖിനോടു പരാതി പറഞ്ഞിരുന്നു. ഇനി ആവശ്യമില്ലാത്ത വർത്തമാനം പറയരുതെന്ന് സിദ്ദീഖ് നടിയെ ശാസിക്കുകയും ചെയ്തു.

നടി ആക്രമിക്കപ്പെട്ട സംഭവം ദിലീപ് അറിഞ്ഞത് രാവിലെയാണ്. തലേന്നു രാത്രി നിർമാതാവ് ആന്റോ ജോസഫ് വിളിച്ചിരുന്നു. എന്നാൽ സംസാരിക്കാനായില്ല. രാവിലെ മിസ്ഡ് കോൾ കണ്ടു തിരിച്ചു വിളിച്ചപ്പോഴാണ് ആക്രമണ വിവരം അറിഞ്ഞത്. തുടർന്ന് ലാലിനെ വിളിച്ചു. രമ്യ നമ്പീശന്റെ ഫോണിൽ വിളിക്കാൻ ശ്രമിച്ചു. പിന്നീട് നടിയുടെ അമ്മയുമായി സംസാരിച്ചു. എന്താവശ്യത്തിനും കൂടെയുണ്ടാകുമെന്ന് ദിലീപ് ഉറപ്പു നൽകിയതായും കാവ്യ മൊഴിയിൽ പറയുന്നു.

ആക്രമണവിവരം താനറിഞ്ഞത് രാവിലെ റിമി ടോമി വിളിച്ചപ്പോഴാണ്. പൾസർ സുനിയെക്കുറിച്ച് അറിയില്ല. വീട്ടിൽ വന്നിട്ടുണ്ടോയെന്നും അറിയില്ല. എന്നാൽ പ്രതികളിലൊരാളായ വിഷ്ണു കാക്കനാട്ടെ ‘ലക്ഷ്യ’യുടെ ഓഫിസിൽ വന്നിരുന്നു. തന്റെ ഡ്രൈവർ സുനീറിനോട് അച്ഛന്റെയോ അമ്മയുടെയോ നമ്പർ ആവശ്യപ്പെട്ടു. എന്നാൽ കയ്യിലെ മുറിവും നെറ്റിയിലെ കെട്ടും കണ്ടപ്പോൾ പന്തികേടു തോന്നി നമ്പർ കൊടുത്തില്ല. ‘ലക്ഷ്യ’യിൽ സിസിടിവി ക്യാമറയുണ്ട്. അതിലെ ദൃശ്യങ്ങൾ പൊലീസിനു കൈമാറിയിട്ടുണ്ട്. ഭീഷണിപ്പെടുത്തി ചിലർ പണം വാങ്ങാൻ ശ്രമിച്ചതായി ദിലീപ് ഡിജിപി ലോക്നാഥ് െബഹ്റയെ വിളിച്ചറിയിച്ചിരുന്നു. തുടർന്ന് പൊലീസിൽ പരാതിയും നൽകിയതായി കാവ്യ മൊഴി നല്‍കി.

പൾസർ സുനി ഏല്‍പിച്ച  ഡ്രൈവര്‍ ഒരുലക്ഷം രൂപ മോഷ്ടിച്ചെന്നാണ് നടൻ മുകേഷ് കൊടുത്ത മൊഴിയിൽ പറയുന്നത്. സഹോദരിയുമായി തൃശൂരില്‍ പോയപ്പോഴാണ് മോഷണം നടന്നത്. ആക്രമണത്തെക്കുറിച്ച് അറിഞ്ഞശേഷം നടിയെ വിളിച്ചിരുന്നുവെന്നു മുകേഷ് പറഞ്ഞു. പിന്നീട് നടി 'നീതി കിട്ടണം' എന്ന് പറഞ്ഞതായി അറിഞ്ഞപ്പോഴും വിളിച്ചു. പരാതികള്‍ ഒന്നും ഇല്ലെന്നാണ് അറിഞ്ഞത്. സുനിയെ പറഞ്ഞുവിട്ടത് വാഹനം ഒരു ലോറിയുമായി തട്ടിയശേഷമായിരുന്നു. 

നടിയും ദിലീപും തമ്മിലുള്ള പ്രശ്നം അറിഞ്ഞിരുന്നു. പക്ഷേ സംഭവത്തില്‍ ഒരിക്കലും ഇടപെട്ട് സംസാരിച്ചിട്ടില്ല . അമ്മ ഷോ നടക്കുമ്പോള്‍   പള്‍സര്‍ സുനിയാണ് ഡ്രൈവര്‍ . സുനിക്ക് പരിപാടിയുടെ വിവിഐപി ടിക്കറ്റ് കൊടുത്തിട്ടില്ല. ദിലീപിനെ ആവശ്യമില്ലാതെ വിളിക്കാറില്ല. മുകേഷ് പറയുന്നു. 

അമേരിക്കൻ യാത്രയിൽ കാവ്യയും ദിലീപും അടുപ്പം പലുർത്തിയെന്നാണ് റിമി ടോമിയുടെ മൊഴി. മഞ്ജു വര്യർ നായികയായ ഹൗ ഒാൾഡ് ആർ യുവിൽ നിന്ന് പിന്മാറാൻ ദിലീപ് തന്നോട് പറയാതെ പറഞ്ഞുവെന്നാണ് കുഞ്ചാക്കോ ബോബന്റെ മൊഴി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.